മാണിക്യം
"ഈ കള്ളന്മാർ കഴിക്കണ അപ്പാണോ അച്ഛമ്മേ കള്ളപ്പം?" ആറ് വയസുകാരി പാപ്പുവിൻ്റെ ചോദ്യം കേട്ട് അച്ഛമ്മക്ക് ചിരി പൊട്ടിയെങ്കിലും, പൊട്ടിയ ചിരി പുറത്തേക്ക് ചാടാതെ വായ്ക്കുള്ളിലേക്ക് തന്നെ തിരിച്ചിട്ടു കൊണ്ട് അവർ പറഞ്ഞു. "ഓരോരോ പൊട്ട ചോദ്യം ചോയ്ക്കാണ്ട് പോയി കള്ള് വാങ്ങീട്ട് വാ ക്ടാവേ..." പാപ്പുവിന് കള്ളന്മാരെ പേടിയാണ്. കള്ളന്മാർ എന്ന് വച്ചാൽ കള്ള് കുടിക്കുന്നവർ എന്നാണ് അവളുടെ അർത്ഥശാസ്ത്രം. പക്ഷേ കള്ളന്മാരെ നേരിട്ടു കാണാനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല, അച്ഛമ്മ കള്ള് വാങ്ങാൻ ആദ്യമായി കള്ളുഷാപ്പിൽ കൂടെ കൊണ്ടു പോയ ദിവസം വരെ. ഇപ്പോ വീട്ടില് കള്ളപ്പം ഉണ്ടാക്കണമെങ്കിൽ പാപ്പു വേണം. പൊക്കത്തുള്ള വീടിൻ്റെ ഇറക്കത്തിൽ തന്നെയാണ് റോഡ് സൈഡിലെ ഓടിട്ട ആ കൊച്ചു കള്ളുഷാപ്പ്. ഗേറ്റ് വഴി പുറത്ത് കടക്കാതെ തന്നെ കമ്മ്യൂണിസ്റ്റ് പച്ചയേയും ചേമ്പിലകളെയും വകഞ്ഞു മാറ്റി, കുഞ്ഞു മുക്കുറ്റികളെ ചവിട്ടിയരച്ചു കൊണ്ട് പറമ്പിൻ്റെ ഒരറ്റം ചേർന്ന് നടന്ന് കുട്ടൻ പെലയൻ കെട്ടിയ വേലി ചാടി കടന്നാൽ എളുപ്പത്തിൽ കള്ള്ഷാപ്പിൽ ചെന്നു കേറാം. പാപ്പുവിനെ എല്ലാവർക്കും പരിചയമാണ് അവിടെ. കള്ളുഷാപ്പിൽ പോയി തുടങ്ങിയപ്പോളല്ലേ മനസ്...