കുറൂരമ്മ

"അമ്മമ്മ ഇതെങ്ങട്ട് പൂവാനാ ഒരുങ്ങനേ?"

സുജക്കുട്ടിക്ക് ഈ വരുന്ന സെപ്റ്റംബറിൽ ആറ് വയസ്സാവും. ഇത്രയും വർഷങ്ങൾക്കിടക്ക് ഒരിക്കൽ പോലും അമ്മമ്മ ആ വീട് വിട്ടു പുറത്തിറങ്ങി അവൾ കണ്ടിട്ടില്ല. അതു മാത്രമല്ല, അമ്മമ്മയുടെ ഇത്രയും ചിരിച്ച ഒരു മുഖം അവൾ ആദ്യമായി കാണുകയാണ്. 
സുജക്കുട്ടിയുടെ അമ്മ പറയാറുള്ളത് അമ്മമ്മക്ക് സുഖല്ല്യാന്നാണ്. എന്താ അസുഖംന്ന് ചോയ്ച്ചാ പറയും, തലക്കാണ്ന്ന്. എന്തോ വല്ല്യ അസുഖം ആവും. അല്ലെങ്കില് പിന്നെ അമ്മമ്മ എല്ലാരേം പോലെ ചിരിക്കാതേം മിണ്ടാതേം ഇരിക്ക്യോ? അമ്മമ്മേടെ മുറി എപ്പളും പുറത്തൂന്ന് പൂട്ടീട്ടുണ്ടാവും. താക്കോല് അമ്മേടെ കൈയ്യിലാവും. ഭക്ഷണം കൊടുക്കാൻ മാത്രമേ ആ വാതിൽ തുറക്കാറുള്ളൂ. ജനാലയിൽ കൂടി പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ടാവും. മുക്കാലോളം നരയിൽ കുളിച്ചിറങ്ങിയ മുടിയിഴകളിൽ പഴയ മരജനാലയിലൂടെ അരിച്ചു വരുന്ന സൂര്യൻ സ്വർണ്ണനിറം വാരി വിതറിയിട്ടുണ്ടാവും, സ്വർണ്ണകിരീടം ചൂടിയ ഒരു റാണിയാണവർ എന്ന് തോന്നിക്കും വിധം. ചിലപ്പോളൊക്കെ അമ്മ വാതിൽ പൂട്ടാൻ മറക്കുന്ന ദിവസങ്ങളിൽ അമ്മമ്മ ആരും കാണാതെ പുറത്തിറങ്ങും. എന്നിട്ട് പതുക്കെ ഫ്രിഡ്ജ് തുറന്നു വെക്കും. പക്ഷേ ഫ്രിഡ്ജിൽ നിന്ന് ഒന്നും എടുക്കില്ല. അതെന്താണെന്ന്  സുജക്കുട്ടിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ചോദിച്ചാൽ പറയും, "നല്ല തണുപ്പാ സൂക്കുട്ടി..." സുജക്കുട്ടിയെ നോക്കി മാത്രമേ  ഒരു കുഞ്ഞു ചിരിയെങ്കിലും ചിരിക്കുള്ളൂ. എന്നിട്ട് ഒരിത്തിരി കുനിഞ്ഞ് അവളെ കൈ കാട്ടി വിളിക്കും. 

"ബാ..."
അവൾ പമ്മി പമ്മി ഒരാട്ടിൻകുട്ടിയെപോലെ അടുത്തു ചെല്ലുമ്പോൾ, അമ്മമ്മ ഒരിടയനെ പോലെ അവളെ ആട്ടിത്തെളിച്ചു അവരുടെ മുറിയിലേക്ക് കൊണ്ടു പോകും. എന്നിട്ട് ഉണ്ണിക്കണ്ണൻ്റെ കുസൃതിക്കഥകൾ ഓരോന്നായി പറഞ്ഞു കൊടുക്കും. അരഞ്ഞാണം എറിഞ്ഞു കൊന്നപ്പൂ വിരിയിച്ച് ഉണ്ണിയെ രക്ഷിച്ചതും, മക്കളില്ലാത്ത കുറൂരമ്മയുടെ കൂടെ കുറുമ്പുകൾ കാട്ടി മകനായി കഴിഞ്ഞതും, മഞ്ജുളയുടെ മാല ചാർത്തലും ഒക്കെ. കഥകൾ മുഴുവനാക്കും മുൻപേ അമ്മ വരും. ആ വരവു കാണുമ്പോഴൊക്കെ കണ്ണനെ ഇങ്ക് കൊടുത്തു കൊല്ലാൻ വരുന്ന പൂതനയെ ഓർമ്മ വരും സുജക്കുട്ടിക്ക്. പിന്നെ ഒരൊറ്റ ഓട്ടമാണ് പുറത്തേക്ക്. 

"ഈ തള്ള കാരണം എൻ്റെ ഫ്രിഡ്ജ് നശിക്കാറായി. ഇവിടുള്ള സാധനങ്ങൾ മുഴുവനും നശിപ്പിക്കുന്നത് ഇവരൊറ്റ ഒരാളാണ്. എൻ്റെ കൊച്ചിനേം കൂടെ നശിപ്പിക്കും ഇവര്."
അലറിക്കൊണ്ട് പാഞ്ഞു വന്ന് അമ്മ മുറിയുടെ വാതിൽ കൊട്ടിയടക്കും. അതോടെ സ്വർണ്ണ കിരീടം ചൂടിയ റാണി അന്തപുരത്തിൽ വീണ്ടും തനിച്ചാവും. 

അമ്മമ്മ പണ്ട് ഈ വീട്ടിൽ ആയിരുന്നില്ല താമസം. വേറെ എവിടെയോ കുറേ അമ്മമ്മമാരുടെ കൂടെ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അവിടന്ന് ഇടക്കിടെ സുജക്കുട്ടിയെ കാണാൻ വരും, കൈ നിറയെ നാരങ്ങാ മിഠായിയും ലഡുവുമായി. അമ്മമ്മ പോയി കഴിയുമ്പോൾ അമ്മ അതെല്ലാം കൂടെ എടുത്തു പറമ്പിലേക്ക് ഒരൊറ്റ ഏറാണ്. മണ്ണിൽ കുഴഞ്ഞു കിടക്കുന്ന ചുവപ്പു നിറം കലർന്ന മഞ്ഞ ലഡുവിനെ നോക്കി സുജക്കുട്ടി എത്ര തവണ വെള്ളമിറക്കിയിട്ടുണ്ടെന്നോ! ഒരെണ്ണം എങ്കിലും കിട്ടിയിരുന്നെങ്കിൽ... പക്ഷേ, അമ്മയോട് ചോദിച്ചാൽ അവർ കലി കൊണ്ട് തുള്ളും. ഒരിക്കൽ ചോദിച്ചതാണ്, അതോടെ അവൾ ചോദ്യങ്ങൾ മടക്കിക്കൂട്ടി മനസ്സിലിട്ടു പൂട്ടി. ഈ വീട്ടിൽ മനസ്സ് തുറക്കുന്നത് അപകടമാണ്.

അങ്ങനെ, കുറെ നാൾ കഴിഞ്ഞാണ് അച്ഛനും അമ്മയും കൂടെ അമ്മമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. വന്ന അന്ന് മുതൽ അമ്മമ്മയെ ആ മുറിയിലിട്ടു പൂട്ടിയതാണ്, സുജക്കുട്ടി മനസ്സ് താഴിട്ടു പൂട്ടിയത് പോലെ. അമ്മമ്മയെ തുറന്നു വിട്ടാൽ ഈ വീട് തന്നെ നശിപ്പിക്കും എന്നാണ് അമ്മ പറയണത്. പക്ഷേ, ഇന്നേ വരെ അമ്മമ്മ ഒന്നും നശിപ്പിക്കുന്നത് സുജക്കുട്ടി കണ്ടിട്ടില്ല. സുജക്കുട്ടിക്ക് അമ്മമ്മയെ വല്യ ഇഷ്ടമാണ്. എത്രയെത്ര കഥകളാണ് അമ്മമ്മ പറഞ്ഞു തരിക. അമ്മയും അച്ഛനും വീട്ടിൽ ഇല്ലാത്ത സമയത്ത് സുജക്കുട്ടി അമ്മമ്മയുടെ അന്തപുരത്തിൻ്റെ താക്കോൽ എടുത്തു തുറന്നു അകത്തു ചെല്ലും, കഥകൾ കേൾക്കാൻ. അമ്മമ്മ ഒരു കഥാറാണി തന്നെ. കഥകൾ മുഴുവനും മനസ്സിലിട്ടു പൂട്ടിയിരിക്കാണ്. സുജക്കുട്ടിക്ക് വേണ്ടി മാത്രമേ ആ പെട്ടി  തുറക്കാറുള്ളൂ. 

ഇങ്ങനെയൊക്കെ ഉള്ള അമ്മമ്മ ഇന്നിപ്പോ കണ്ണാടീടെ മുന്നിൽ നിന്ന് സെറ്റ് മുണ്ടൊക്കെ ഉടുത്ത് ഒരുങ്ങുന്നത് കണ്ടപ്പോൾ സുജക്കുട്ടിക്ക് അത്ഭുതമായി. 

"എങ്കടാ പോനെ?" 

അവൾ വീണ്ടും ആരാഞ്ഞു.

"കണ്ണനെ കാണാൻ പൂവാ... സൂക്കുട്ടി വരണ്ടോ?"

"ആ വരണ്ട്. അമ്മേനോട് ചോയ്ക്കട്ടെ."

അവൾ ഓടി. അടുത്ത നിമിഷം മുഖം വീർപ്പിച്ചു തിരിച്ചു വരികയും ചെയ്തു. 
"അമ്മ പറഞ്ഞു പോണ്ടാന്ന്."

"സാരല്ല്യ സൂക്കുട്ടി. ഇനീം പോവാലോ. അമ്മമ്മ അടുത്ത തവണ കൊണ്ടു പോവാട്ടോ." അവർ അവളെ കെട്ടിപ്പിടിച്ചു നെറുകിൽ ഒരുമ്മ കൊടുത്തു.

അപ്പോഴേക്കും അച്ഛൻ വന്നു. 
"എറങ്ങാം?" 

അച്ഛൻ്റെ മുഖത്ത് പതിവില്ലാത്ത ഒരു വിഷാദ ഭാവം മിന്നുന്നുണ്ടോ? അച്ഛൻ്റെ അമ്മയാണ് അമ്മമ്മ. പക്ഷേ ഒരിക്കലും അച്ഛൻ അമ്മമ്മയെ അമ്മേ എന്ന് വിളിക്കുന്നത് കേട്ടിട്ടില്ല. അവരെ സ്നേഹത്തോടെ ഒന്ന് നോക്കുക പോലുമില്ല. എന്തുകൊണ്ടാണ് അച്ഛനും അമ്മക്കും അമ്മമ്മ വെറുക്കപ്പെട്ടവളായത്? ചെറുപ്പത്തിൽ അച്ഛനെ അമ്മമ്മ വല്ലാണ്ട് തല്ലിക്കാണുമോ? അങ്ങനെ ആണെങ്കിൽ സുജക്കുട്ടിയും വലുതാവുമ്പോൾ അമ്മേടെ അടുത്ത് ഇതുപോലെ തന്നെ ആവണ്ടേ? ഈ മുറിയിൽ തന്നെ അമ്മയേം കിടത്താം. പക്ഷേ ഇപ്പോ ദാ, അമ്മമ്മയെ  അച്ഛൻ കണ്ണൻ്റെ അടുത്ത് കൊണ്ടു പോകുന്നു, ഗുരുവായൂരിൽ. അതെന്താണ് പെട്ടെന്നൊരു മാറ്റം! സുജക്കുട്ടിക്ക് ആകെ മൊത്തം സംശയങ്ങളായി. എന്തായാലും അമ്മമ്മ ഹാപ്പി ആണ്. വർഷങ്ങൾ കൂടി പുറത്തേക്ക് ഒരു യാത്ര. അതും മകൻ്റെ കൂടെ.

"ആ മോനേ...ബാ എറങ്ങാം. നീ ആ മഞ്ഞ ഷർട്ട് ഇട്ടാ മതിയാർന്ന്."
അവർ മകനെ ആദ്യമായി കാണുന്നത് പോലെ, വാത്സല്യത്താൽ മഞ്ഞളിച്ചു പോയ കണ്ണുകൾ കൊണ്ട് ആകെയൊന്നുഴിഞ്ഞു. മകനും ഒരു നിമിഷം അമ്മയെ കൺ നിറയെ നോക്കി. തീർന്നു. അത്രേ ഉണ്ടായുള്ളൂ. പിന്നെ രണ്ടു പേരും കൂടെ ബസ്സ് സ്റ്റോപ്പിലേക്ക് വരിയായി നടന്നു നീങ്ങി. സുജക്കുട്ടി വാതിൽപ്പടിയിൽ നിന്ന് അവർ തൊട്ടടുത്ത ബസ്സ് സ്റ്റോപ്പിൽ നിന്ന് ചുവന്ന ബസ്സിൽ കയറുന്നത് വരെ കണ്ണെടുക്കാതെ നോക്കി നിന്നു. ഇന്നലെ വരെ കണ്ട സ്വർണനിറം പൂശിയ മുടിയിഴകളുള്ള റാണിയല്ല അവരിപ്പോൾ പകരം, കണ്ണനെ കാണാൻ കൊതി പിടിച്ച് ഓടിയകലുന്ന കുറൂരമ്മയാണ് അവരെന്ന് തോന്നിപോയി അവൾക്ക്!

ഉച്ചയുറക്കം കഴിഞ്ഞ് സുജക്കുട്ടി എണീറ്റപ്പോൾ അച്ഛൻ ഉമ്മറത്തുണ്ട്. അവളോടി ചെന്നു. 
"അമ്മമ്മ എബടെ അച്ഛാ? കണ്ണനെ കണ്ടോ?" ഒറ്റശ്വാസത്തിൽ ചോദിച്ചു.

അയാളുടെ കണ്ണുകളിൽ രാവിലെ കണ്ടതിലും വലിയ നിസ്സംഗത. 
"അമ്മമ്മക്ക് കണ്ണൻ്റെ കൂടെ നിന്നാ മതിത്രേ. അവിടെ വേറേം കുറെ അമ്മമ്മമാരുണ്ട് കൂട്ടിന്. അതോണ്ട് അമ്മമ്മ അവിടെ തന്നെ നിന്നു."

"അപ്പോ ഇനി അമ്മമ്മ വരില്ലേ?"

"ഇല്ല സൂക്കുട്ടി..."
അയാളുടെ സ്വരം ഇടറി. 

സുജക്കുട്ടി ഒന്നും മിണ്ടാതെ അമ്മമ്മയുടെ മുറിയിലേക്ക് ചെന്നു. സ്വർണ്ണ നിറം അവിടമാകെ തിങ്ങി നിറഞ്ഞു നിൽക്കുന്നു. പക്ഷേ റാണി മാത്രം ഇല്ല. സുജക്കുട്ടിയുടെ റാണി ഇനി മുതൽ കണ്ണൻ്റെ കുറൂരമ്മയാണ്! ഗുരുവായൂരിൽ ഇതുപോലെ കുറേ കുറൂരമ്മമാരുണ്ടെന്നും അമ്മമ്മ ഒറ്റക്കല്ലെന്നും അമ്മ പറഞ്ഞപ്പോൾ സുജക്കുട്ടി ഉറപ്പിച്ചു, അമ്മേനേം ഞാൻ അവിടെ തന്നെ കൊണ്ടാക്കും വയസ്സാകുമ്പോ...അമ്മക്ക് സന്തോഷാവുംല്ലോ!




Comments

Popular posts from this blog

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1

Why am I against religion?