കള്ളൻ നായകനായ കഥ !
ഫിലോ ടീച്ചറുടെ ഒറ്റ നിർബന്ധം കാരണമാണ് കുട്ടാപ്പു നാടകത്തിനു ചേരാൻ സമ്മതിച്ചത്. അതും ഇംഗ്ലീഷ് നാടകം! ഫിലോ ടീച്ചർ ആറാം ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചറാണ്. ടീച്ചർക്ക് കുട്ടാപ്പുവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ടീച്ചറുടെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മാത്രമേ പറയാവു എന്നാണ്. പക്ഷെ,ടീച്ചർ ആ നിയമം ഒരിക്കലും കുട്ടികളിൽ അടിച്ചേൽപ്പിക്കാറില്ല. കുട്ടികൾ അറിയാതെ തന്നെ ഇംഗ്ലീഷ് സംസാരിച്ചു പോകും ടീച്ചറുടെ ക്ലാസ്സുകളിൽ. അതാണവരുടെ വിജയവും. ഇപ്പൊ ആനിവേഴ്സറിക്കുള്ള നാടകമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിൽ ഒരു കള്ളന്റെ വേഷമാണ് കുട്ടാപ്പുവിന്. താൻ ജീവിതത്തിൽ ഇന്നേ വരെ സ്റ്റേജിൽ കയറിയിട്ടില്ല എന്നുള്ള പരമസത്യം അവൻ ടീച്ചറോട് പല തവണ ഇംഗ്ലീഷിൽ പറഞ്ഞു നോക്കി. ഇനി ഇംഗ്ലിഷിന്റെ കുഴപ്പമാണോ അതോ തന്റെ കുഴപ്പമാണോ എന്നവനു മനസ്സിലായില്ല, ടീച്ചർ കേട്ട ഭാവമില്ല. അങ്ങനെ രണ്ടും കല്പിച്ചു കള്ളനെങ്കിൽ കള്ളൻ എന്ന് പരിതപിച്ചു കൊണ്ട് റിഹേഴ്സലുകൾ പൊടി പൊടിച്ചു. കള്ളനാണെങ്കിലും വിശപ്പ് സഹിക്കാൻ കഴിയാതെ കള്ളനായതാണ് ട്ടോ. ഒരു പ്രൊഫസ്സറുടെ വീട്ടിൽ നിന്നും ഭക്ഷണം കട്ട് കഴിക്കുന്ന കള്ളനായിട്ടാണ് തട്ടകത്തിൽ കയറേണ്ടത്. അങ്ങനെ കാത്തിരുന്ന ആ സുദിനം...