കുറൂരമ്മ
"അമ്മമ്മ ഇതെങ്ങട്ട് പൂവാനാ ഒരുങ്ങനേ?" സുജക്കുട്ടിക്ക് ഈ വരുന്ന സെപ്റ്റംബറിൽ ആറ് വയസ്സാവും. ഇത്രയും വർഷങ്ങൾക്കിടക്ക് ഒരിക്കൽ പോലും അമ്മമ്മ ആ വീട് വിട്ടു പുറത്തിറങ്ങി അവൾ കണ്ടിട്ടില്ല. അതു മാത്രമല്ല, അമ്മമ്മയുടെ ഇത്രയും ചിരിച്ച ഒരു മുഖം അവൾ ആദ്യമായി കാണുകയാണ്. സുജക്കുട്ടിയുടെ അമ്മ പറയാറുള്ളത് അമ്മമ്മക്ക് സുഖല്ല്യാന്നാണ്. എന്താ അസുഖംന്ന് ചോയ്ച്ചാ പറയും, തലക്കാണ്ന്ന്. എന്തോ വല്ല്യ അസുഖം ആവും. അല്ലെങ്കില് പിന്നെ അമ്മമ്മ എല്ലാരേം പോലെ ചിരിക്കാതേം മിണ്ടാതേം ഇരിക്ക്യോ? അമ്മമ്മേടെ മുറി എപ്പളും പുറത്തൂന്ന് പൂട്ടീട്ടുണ്ടാവും. താക്കോല് അമ്മേടെ കൈയ്യിലാവും. ഭക്ഷണം കൊടുക്കാൻ മാത്രമേ ആ വാതിൽ തുറക്കാറുള്ളൂ. ജനാലയിൽ കൂടി പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ടാവും. മുക്കാലോളം നരയിൽ കുളിച്ചിറങ്ങിയ മുടിയിഴകളിൽ പഴയ മരജനാലയിലൂടെ അരിച്ചു വരുന്ന സൂര്യൻ സ്വർണ്ണനിറം വാരി വിതറിയിട്ടുണ്ടാവും, സ്വർണ്ണകിരീടം ചൂടിയ ഒരു റാണിയാണവർ എന്ന് തോന്നിക്കും വിധം. ചിലപ്പോളൊക്കെ അമ്മ വാതിൽ പൂട്ടാൻ മറക്കുന്ന ദിവസങ്ങളിൽ അമ്മമ്മ ആരും കാണാതെ പുറത്തിറങ്ങും. എന്നിട്ട് പതുക്കെ ഫ്രിഡ്ജ് തുറന്നു വെക്കും. പക്ഷേ ഫ്രിഡ്ജിൽ നിന്ന് ഒന്ന