Wednesday, November 17, 2021

സുരഭിയുടെ സൂക്ഷിപ്പുകൾ

അടുക്കളയിലെ തെക്കേ അറ്റത്തെ നിലവറ തുറന്നതും വളരെ പുരാതനമായ വസ്തുവകകൾ ഓരോന്നോരോന്നായി പുറത്തേക്ക് വന്നു തുടങ്ങി. മോഹനൻ്റെ കണ്ണ് തള്ളിപ്പോയി.
"നിനക്കെങ്ങനെ സാധിക്കുന്നെൻ്റെ സുരൂ...?!! പദ്മനാഭൻ്റെ നിലവറേ പോലും കാണൂല്ല ഇത്രേം."

"ആ നിങ്ങക്കൊക്കെ കളിയാക്കലാ. എന്നിട്ട് ആവശ്യം വരുമ്പോ സുരൂ... സുരൂ ന്ന് വിളിച്ച് വാ. ഞാനിതൊക്കെ സൂക്ഷിച്ചു വക്കുന്നോണ്ട് ഉപകാരമല്ലേ ഉള്ളൂ?"

"പ്ലാസ്റ്റിക് കവർ, പ്ലാസ്റ്റിക് ഡബ്ബകൾ, പ്ലാസ്റ്റിക് കുപ്പികൾ, പത്താം ക്ലാസ്സിൽ പഠിക്കണ മോൻ ജനിച്ചപ്പോ മുതലുള്ള ഉടുപ്പുകൾ, കളിപ്പാട്ടങ്ങൾ, ചട്ടി, വട്ടി, കൊട്ട, കീറിപ്പറിഞ്ഞ തുണികൾ (തുടക്കാനാണത്രെ), സീ ഡി കൾ, കാസറ്റ്, ഫ്ലോപ്പി ഡിസ്ക്, പഴയ ലാപ്ടോപ്, മൊബൈൽ, വയറുകൾ എന്ന് വേണ്ട മോശയുടെ അംശവടി ഒഴിച്ച് ബാക്കി എല്ലാം നിൻ്റടുത്ത് ഉണ്ടല്ലോ. മിനിമം മൂന്ന് ആക്രിക്കടക്കുള്ള ഐറ്റംസ് ഇണ്ട് ഇത്." മോഹനൻ ശ്വാസം വിട്ടു പറഞ്ഞു നിർത്തി.

സുരഭി മുഖം കൂർപ്പിച്ചു. " നിങ്ങക്കൊന്നും ഇതിൻ്റെ വില മനസ്സിലാവൂലാ. എത്രയെത്ര ഉപയോഗങ്ങളാന്നോ ഇതുകൊണ്ടൊക്കെ. ഇപ്പൊ തന്നെ അപ്പുറത്തേക്ക് കുറച്ചു കറി കൊടുക്കാൻ ഡബ്ബ വേണോ? ഫ്യൂസ് പോയാ കെട്ടാൻ വയറു വേണോ? നനഞ്ഞ കുട ഇട്ടോണ്ട് പോവാൻ ഒരു കവർ വേണോ? ആ.... "
മോഹനൻ പിന്നേം കണ്ണ് തള്ളി നിന്നു പോയി. 

"നിങ്ങടെ ഒരു വീട് വൃത്തിയാക്കല് കാരണം എൻ്റെ പല സാധനങ്ങളും ഇപ്പോ കാണാനില്ല അറിയോ. ഒരു വൃത്തിക്കാരൻ വന്നേക്കണ്." സുരഭി ചുണ്ട് കോട്ടി.

മോഹനൻ പിന്നീട് ഒന്നും ആലോചിച്ചില്ല. ഇതിനിയും അനുവദിച്ചു കൊടുത്താൽ ഇവളെന്നേം കൂടെ ആക്രി ലിസ്റ്റിൽ കയറ്റും. 
"ഇന്നത്തോടെ എല്ലാം നിർത്തിക്കോ. സകല സ്ഥാവര ജംഗമ പുരാവസ്തുക്കളും കെട്ടി പുറത്തോട്ട് വെക്കാൻ പോവാ. ആ ആക്രി കച്ചവടക്കാരൻ മോൺസണെ ഞാൻ വിളിച്ചിട്ടുണ്ട്. അവൻ വന്നെടുത്തോളും."

സുരഭി മൂക്കു ചീറ്റി. "നിങ്ങളൊക്കെ ഇതിനനുഭവിക്കും. നോക്കിക്കോ..."

"ഉവ്വോ, ഞാൻ അനുഭവിക്കാൻ തയ്യാറാണ്. എന്തേ? അങ്ങനേലും കുറച്ചു ചിക്കിലി തടയുമല്ലോ."

മോഹനൻ മൊബൈൽ ഫോണിൽ തോണ്ടി. "ഹലോ മോൺസാ, എപ്പ വരും? നിനക്കുള്ള നിധി ഇവിടെ കാത്തിരിപ്പുണ്ട്ട്ടാ."

ഉച്ച കഴിഞ്ഞു ഉമ്മറത്തിരുന്ന് സുരഭി തൻ്റെ കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അവശേഷിപ്പുകളും ശേഖരങ്ങളും കൺ നിറയെ കണ്ട് ദീർഘശ്വാസമിട്ടു. അതേ സമയം മോൺസൺ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി വരുന്നത് കണ്ട് സുരഭി ഭൂമി കുലുങ്ങും ദേഷ്യത്തോടെ അകത്തേക്ക് കയറി പോയി. ഉച്ചമയക്കത്തിൽ നിന്ന് ഞെട്ടി എണീറ്റ മോഹനൻ ഊഹിച്ച പോലെ തന്നെ മോൺസൺ അതാ ഉമ്മറത്തുണ്ട്. വെറുതെ അല്ല ഭൂമി കുലുങ്ങിയത്. 

അര മണിക്കൂറിനുള്ളിൽ സകലതും വാരിക്കെട്ടി വണ്ടിയിലാക്കി അവൻ സ്ഥലം വിട്ടു. പൈസ പതിനായിരം മോഹനൻ്റെ കൈയിൽ!

"ദേ, നാളെ വിനോദിൻ്റെ വീട്ടിൽ പോവാനുള്ളതാ. പുതിയ വീട് വച്ചിട്ട് ആദ്യായിട്ടാ നമ്മള് പോണെ. ഈ പൈസ വച്ച് എന്തേലും ഗിഫ്റ്റ് വാങ്ങിക്കൊണ്ടു പോവാം." സുരഭി ഓർമിപ്പിച്ചു. 

"ആ ഇപ്പോ പൈസക്ക് ആവശ്യക്കാരുണ്ട്."

"അയ്യടാ, ഞാൻ കൂട്ടി വച്ച സാധനങ്ങൾ വിറ്റ് പൈസ കിട്ടിയപ്പള് എനിക്കില്ല. ഇച്ചിരി പുളിക്കും..."

"ശരി ശരി. ഗിഫ്റ്റൊക്കെ വാങ്ങാം. നിൻ്റെ നിധി വിറ്റ കാശ് നീ തന്നെ വച്ചോ... ഇന്നാ"
അയാൾ പൈസ വച്ചു നീട്ടി.

സുരഭി സന്തോഷത്തോടെ പൈസ വാങ്ങി എണ്ണി നോക്കി. 

"ഓഹോ... ഞാൻ കരുതി നീ പറയും, വേണ്ട മോഹനേട്ടാ നിങ്ങ വച്ചോന്ന്. വിക്കാൻ നേരത്ത് എന്താരുന്ന് കരച്ചിലും പിഴിച്ചിലും. ഞാനത് വിറ്റ് പൈസയാക്കിയപ്പോ എന്താ സന്തോഷം. ഇതിപ്പ ഞാനാരായി?!" 

" ഓ പിന്നേ, നാണമില്ലേ മനുഷ്യാ പറയാൻ. എൻ്റെ എത്ര കാലത്തെ സൂക്ഷിപ്പുകളാണ്. വെറുതെ അങ്ങട് തരോ!" 

പിറ്റേന്ന് വിനോദിൻ്റെ വീട്ടിൽ സമ്മാനവുമായി രാവിലെ എത്തി രണ്ടു പേരും. 
"ഹായ്, എന്ത് ഭംഗിയുള്ള വീട്. പഴമ ഒട്ടും ചോരാതെ നോക്കിയിരിക്കുന്നു." സുരഭി വാ പൊളിച്ചു. പെട്ടെന്ന് ലിവിംഗ് റൂമിൻ്റെ ഒരു മൂലക്ക് ഇരിക്കുന്ന കറങ്ങുന്ന പഴയ പാട്ടുപെട്ടി കണ്ടു. 
"ശോ! ഇതെവിടുന്നാ വിനോദേ ഈ ഗ്രാമഫോൺ?"

"അത് തറവാട്ടിൽ നിന്ന് കിട്ടിയതാ. ഇതിപ്പോ കിട്ടാനില്ല. പിന്നെ ഇത് കണ്ടോ നമ്മുടെ പഴയ സി ഡി കളക്ഷൻ. ഇതും ഞാൻ പലയിടത്തും നടന്നു വാങ്ങിയതാ.  ആകെ ഇരുപത് എണ്ണമേ ഉള്ളൂ. ഒരു സി ഡി ക്ക് മുന്നൂറ്റൻപത് രൂപയാണ് പുറത്ത്. നിങ്ങടെ കൈയിലുണ്ടോ? " വിനോദ്      നാല് ലക്ഷത്തിൻ്റെ പുതിയ സി ഡി പ്ലേയറും സ്പീക്കറും അവർക്ക് മുന്നിൽ അഭിമാനപൂർവം  അവതരിപ്പിച്ചു.

സുരഭി മോഹനനെ നോക്കി പല്ലിറുക്കി. "എൻ്റെ വിനോദേ നിനക്ക് ഇന്നലെ ഒന്ന് വിളിക്കാർന്നില്ലെ. അറുന്നൂറ് സി ഡി കളാണ് ഇങ്ങേരെടുത്ത് ആക്രിക്കാരന് കൊടുത്തത്. ഒരു സി ഡി ക്ക് 350 വച്ച് 600 സി ഡി ക്ക് ... 210000!!! എൻ്റെ മുത്തപ്പാ!! അതുപോലെ വേറെ എന്തൊക്കെ... കാസറ്റ്, ഫ്ലോപ്പി... തൊടാനൊരു പൊട്ട് പോലും ഇങ്ങേരു ബാക്കി വച്ചില്ല. കണ്ടില്ലേടാ, ചേച്ചി പൊട്ട് പോലും വച്ചിട്ടില്ല. സകലതും വാരിക്കെട്ടി കൊടുത്ത്. എന്നിട്ട് ഒരു പതിനായിരം ഉലുവ. മോൺസാ നീ രക്ഷപ്പെട്ടടാ!"

മോഹനൻ ചിരിക്കണോ കരയണോ എന്ന ഭാവത്തിൽ വിനോദിനെ നോക്കി. എന്തോ കുഴപ്പമുണ്ടല്ലോ എന്ന് വിനോദിനും തോന്നി. രണ്ടു പേരും കണ്ണ് കൊണ്ട് കഥകളി കാണിച്ചു. "വരാന്തയിലേക്ക് വാ..."

മോഹനൻ വിനോദിനെ വരാന്തയിലേക്ക് മാറ്റി നിർത്തി, "എൻ്റെ പൊന്നളിയാ നിങ്ങൾക്ക് എന്തിൻ്റെ കേടാർന്ന് ഇപ്പൊ എല്ലാം കൂടെ അങ്ങ് പ്രദർശിപ്പിക്കാൻ. അടുത്ത അഞ്ചു വർഷത്തേക്കിനി എൻ്റെ കാര്യത്തിലൊരു തീരുമാനമായി. തൃപ്പതിയായല്ലോ..."

കഥയെന്താണെന്നറിയാതെ ആട്ടം കണ്ട് വായും പൊളിച്ച് നിന്ന വിനോദിനെ തട്ടി മാറ്റി അകത്തേക്ക് കയറുമ്പോൾ മോഹനൻ സ്നേഹത്തോടെ നീട്ടി വിളിച്ചു, 
"സുരൂ.... മോളേ..."

                           ശുഭം!Mission Impossible : The Maid Hunt

Yes! This is an impossible mission to achieve. Getting that perfect maid in your dreams! In case anyone has made this 'Mission Maid'...