ഒരു വിശുദ്ധ പ്രണയത്തിൻ്റെ കുഴിമാടം
അഞ്ച് വർഷങ്ങൾക്ക് ശേഷം നിൻ്റെ കുഴിമാടത്തിനു മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയിരിക്കുന്നു. എവിടെ നിന്ന് എന്ന് നീ ആലോചിക്കുന്നുണ്ടാവും. അറിയില്ല... എന്തിന് വന്നു, അതും നീ ചോദിക്കും. അതിന് എനിക്ക് ഉത്തരമുണ്ട്. എൻ്റെ മന:ശാന്തിക്ക്. ഞാനെത്ര സ്വാർത്ഥയാണല്ലേ? ആയിരിക്കും, അല്ലെങ്കിൽ പിന്നെ മറ്റാരോ പറഞ്ഞ കഥകൾ കേട്ട് നിന്നെ എൻ്റെ ഹൃദയത്തിൽ നിന്നും ഒരു വാക്കു പോലും ചോദിക്കാതെ ഇറക്കി വിടില്ലല്ലോ... അന്ന് ഞാൻ അതു ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ഇന്നു നിനക്കിവിടെ ഇങ്ങനെ മണ്ണിൽ ചേർന്നു കിടക്കുന്നതിന് പകരം, എൻ്റെ നെഞ്ചിൽ ചേർന്ന് കിടക്കാമായിരുന്നു. അങ്ങനെ നോക്കിയാൽ ഞാനല്ലേ നിൻ്റെ മരണത്തിന് ഉത്തരവാദി?
ശാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ സെബാസ്റ്റ്യൻ്റെ കുഴിമാടത്തിന് മുന്നിൽ മുട്ടിലിരുന്ന്, ഇലകൾ അടർന്നു പോയ ഒരു ചുവന്ന റോസാപ്പൂ മണ്ണിലേക്ക് ചേർത്തു, കൂടെ വെള്ളക്കടലാസിൽ അവൾ എഴുതിയ അവസാനത്തെ ഒരു പ്രണയലേഖനവും. പണ്ട് എഴുതിക്കൂട്ടിയ കത്തുകൾക്ക് എണ്ണമില്ല. എന്നും ഒരു കത്ത് എന്നുള്ളത് അവർക്കിടയിലെ ഒരു നിയമം തന്നെ ആയിരുന്നു. സെബിക്ക് എഴുതാൻ മടിയായിരുന്നു. പക്ഷേ, അവൾ പേജ് കണക്കിന് എഴുതും. ഒരേ കോളേജിൽ ആയിരുന്നെങ്കിൽ കൂടി ഒന്നു ശരിക്ക് മിണ്ടാൻ കൂടി പറ്റില്ല. കാരണം, അച്ചൻമാരുടെ കോളജ് ആണേ. പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ അധികം സംസാരം പാടില്ല. ഒരു വലിയ നിയമാവലി തന്നെ ഉണ്ട്. ആകെ ഉള്ള ആശ്വാസം ഈ കത്തുകൾ തന്നെ ആയിരുന്നു. അതുകൊണ്ട് അവനും എഴുതാതിരിക്കാൻ ആവില്ലായിരുന്നു. എന്നിരുന്നാലും ചില മടി പിടിച്ച ദിവസങ്ങളിൽ അവൻ രണ്ടു പേജ് നിറയെ "ഐ ലവ് യു" എന്നെഴുതി കൊടുത്തു വിടുമായിരുന്നു. പിറ്റേന്ന് അവൾ മുഖം കറുപ്പിക്കുമെങ്കിലും, അതവൾക്ക് ഇഷ്ടം തന്നെ ആയിരുന്നു. അവളെ നോക്കി ആയിരം വട്ടം "ഐ ലവ് യു" എന്നവൻ പറയുന്നത് ആ കത്തിൽ നോക്കി അവൾ സ്വപ്നം കാണും. ആൺകുട്ടികൾ പെൺകുട്ടികളെ പോലെ അല്ല, അവർക്ക് നീളമുള്ള കത്തുകൾ എഴുതാൻ പൊതുവേ മടിയാണ്. അല്ലെങ്കിൽ പിന്നെ നിങ്ങൾ സ്നേഹിക്കുന്നത് ഒരു എഴുത്തുകാരനെ ആയിരിക്കണം. എങ്കിൽ പിന്നെ അയാൾ നിങ്ങളെ എഴുതി എഴുതി പ്രണയിക്കും. അയാളുടെ എഴുത്തുകളിൽ കൂടി നിങ്ങൾ ജീവിക്കും, മരണത്തിനും അപ്പുറം. നിങ്ങളൊരിക്കലും മരിക്കുന്നില്ല, കാരണം അയാൾ എഴുതി വച്ചിരിക്കുന്ന വാക്കുകളിൽ നിങ്ങളുടെ ഓരോ ശ്വാസവും, ഓരോ ചിരിയും, ഓരോ കണ്ണുനീരും നിറഞ്ഞു നിൽക്കുന്നുണ്ടാവും. ഓരോ തവണ എഴുതുമ്പോഴും, വായിക്കുമ്പോഴും നിങ്ങൾ പുനർജനിച്ചു കൊണ്ടേയിരിക്കും.
"ഓഹോ! അപ്പോ എൻ്റെ എഴുത്തുകൾ നിനക്ക് ബോറടി ആയിരുന്നല്ലേ?"
സെബിയുടെ ചിരി ഒളിപ്പിച്ച ശബ്ദം!! ശാലിനി ചുറ്റും നോക്കി. തോന്നിയതാവും.
"തോന്നലല്ല, ഞാൻ തന്നെയാ ശാലു. നീ എന്നോട് സംസാരിക്കാനല്ലേ വന്നത്? സംസാരിക്ക്... ജീവിച്ചിരിക്കുമ്പോൾ പറഞ്ഞു തീർക്കാത്തതൊക്കെ ഇന്നത്തോടെ പറഞ്ഞു തീർക്കാം."
"സെബി നീ വെറുതെ കളിക്കല്ല്. ഇതൊക്കെ എൻ്റെ വെറും തോന്നലുകൾ മാത്രമാണ്. നീ പോയേ..." അവൾ ചായം തേച്ച നീണ്ട നഖങ്ങൾ കൊണ്ട് സ്വന്തം കൈത്തണ്ടയിൽ നുള്ളി. "ഔ!!"
"എൻ്റെ ശാലു, വെറുതേ നുള്ളി തൊലി പൊളിക്കണ്ട. നമുക്ക് സംസാരിക്കാം. നിൻ്റെ എല്ലാ സംശയങ്ങളും ഇന്ന് തീർക്കാം."
"എനിക്കെന്ത് സംശയം?" അവൾ കണ്ണുകൾ ചിമ്മി.
"എനിക്കറിയാം. നിൻ്റെ കുറ്റബോധം കൊണ്ടല്ലേ നീ ഇന്നിവിടെ വന്നത്. "
"അതേ. എന്തേ? ഞാനാണ് നിന്നെ വേണ്ടെന്ന് വച്ചത്. എന്നാലും, നീ എന്നെ ഇടക്കെങ്കിലും ഒന്ന് കോൺടാക്ട് ചെയ്തിരുന്നെങ്കിൽ, നീ നിൻ്റെ ഭാഗം ഒന്ന് പറഞ്ഞിരുന്നെങ്കിൽ, നിനക്ക് ഞാനില്ലാതെ പറ്റില്ലെന്ന് ഒരിക്കലെങ്കിലും പറഞ്ഞിരുന്നെങ്കിൽ, ഒരു പക്ഷേ...ഞാൻ...
I had trust issues. അതെൻ്റെ കുഴപ്പം തന്നെയാണ്. പക്ഷേ, നീയോ? നിനക്ക് ഒടുക്കത്തെ ഈഗോ അല്ലാർന്നോ? അതല്ലേ നീ എൻ്റെ പുറകേ വരാതിരുന്നത്?" അവൾ പറഞ്ഞു നിർത്തി.
"നിനക്കെന്നെ ശരിക്കും അറിയാം. അത് തന്നെയാണ് ശാലു നിന്നെ എനിക്ക് മണ്ണടിഞ്ഞിട്ടും മറക്കാൻ പറ്റാത്തത്. നീ എന്നെ മനസ്സിലാക്കിയത് പോലെ ഒരു പെണ്ണും എന്നെ മനസ്സിലാക്കിയിട്ടില്ല. നിന്നോട് ജീവിച്ചിരുന്നപ്പോൾ പറയാൻ പറ്റാത്തതെല്ലാം പറഞ്ഞു തീർക്കണം എന്നുണ്ടായിരുന്നു. ഞാൻ മരിച്ചെന്ന് നീ അറിഞ്ഞ അന്ന് മുതൽ എനിക്ക് യാതൊരു സ്വൈര്യവുമില്ലായിരുന്നു. നീ എന്നെ ഓർത്ത് വിഷമിക്കുമ്പോളൊക്കെ എൻ്റെ കുഴിമാടത്തിൽ കിടന്നു ഞാൻ ഉരുകി. എത്ര രാത്രികളിൽ നിൻ്റെ സ്വപ്നങ്ങളിൽ വന്നു നോക്കി. എത്ര കഷ്ടപ്പെട്ടു നിന്നെ ഒന്നിവിടെ വരെ എത്തിക്കാൻ എന്നറിയാമോ?" അവൻ്റെ ശബ്ദം ഇടറിയിരുന്നു.
അവളുടെ കണ്ണുകളിൽ ഒരു സമുദ്രം അലയടിച്ചു. അവൻ്റെ മരണവാർത്ത അവൾ അറിയുന്നത് ഒരു വർഷത്തിനു ശേഷമാണ്. അറിഞ്ഞ അന്ന് മുതൽ നെഞ്ചിൽ ഒരു നോവാണ്. സ്വപ്നങ്ങളിൽ അവൻ ഇടയ്ക്കിടെ വന്നു പോവും. എന്തോ പറയാൻ ബാക്കി വച്ചത് പോലെ തോന്നും. അങ്ങനെ കുറച്ചു വർഷങ്ങൾ തള്ളി നീക്കി. പക്ഷേ, കുറച്ചു ദിവസം മുൻപ് ഒരു സിനിമ കണ്ടു. ഒരു കലാലയ പ്രണയവും വേർപിരിയലും ഒക്കെ. ഒരുപാട് ആഴമുള്ള ഒരു പടം. ഏതു നാശം പിടിച്ച നേരത്താണോ കാണാൻ തോന്നിയത്. വീണ്ടും എല്ലാം കൂടെ തികട്ടി വന്നു. സിനിമ കഴിഞ്ഞതും കണ്ണുനീർ ഇടുക്കി ഡാം തുറന്നു വിട്ടതു പോലെ അണപൊട്ടി ഒഴുകാൻ തുടങ്ങി. കരച്ചിലടക്കാൻ കഴിയുന്നില്ല. പഴയതെല്ലാം ഓരോന്നായി നെഞ്ചിനകത്ത് കെട്ടിപൂട്ടി വെച്ച പെട്ടിയിൽ നിന്നും പുറത്തേക്ക് ചാടാൻ തുടങ്ങി. ഉടനെ ഫോൺ എടുത്ത് അനൂപിനെ വിളിച്ചു. അവനാണ് ഇവിടെ കൊണ്ടു വന്നാക്കിയത്.
"അപ്പോ നീയാണ് ഇതിൻ്റെ മാസ്റ്റർ മൈൻഡ്. എന്നെ ഇവിടെ എത്തിക്കാൻ വേണ്ടി അല്ലേ? ഒരു കണക്കിന് നന്നായി. എല്ലാം പറഞ്ഞു തീർക്കാമല്ലോ. ഇതും ചുമന്നു കൊണ്ട് നടക്കാൻ ഇനി എനിക്ക് വയ്യ. നിനക്കറിയാമോ, എനിക്ക് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. നിനക്ക് മുന്നും, നിനക്ക് ശേഷവും. പക്ഷേ, ഏറ്റവും മനോഹരമായ എൻ്റെ പ്രണയം ഏതെന്ന് ചോദിച്ചാൽ അത് നീയാണ്. ഏറ്റവും കൂടുതൽ വർഷം നിൻ്റെ കൂടെ തന്നെയായിരുന്നു. ഇരുപതിലേക്ക് എത്തി നോക്കാൻ വെമ്പുന്ന പ്രായത്തിലെ പക്വത ഇല്ലാത്ത ഒരു പ്രണയമായി പിന്നീട് തോന്നിയിട്ടുണ്ടെങ്കിലും ഒരുപാട് നല്ല ഓർമകൾ ഹൃദയത്തിൽ നീ തുന്നി വച്ചിട്ടുണ്ട്. ഓർക്കുമ്പോൾ അടിവയറ്റിൽ ചിത്രശലഭങ്ങൾ പറക്കുന്ന, കണ്ണുകളിൽ നക്ഷത്രത്തിളക്കം നിറയ്ക്കുന്ന, ഉള്ളിൽ മഞ്ഞിൻ്റെ കുളിര് കോരുന്ന, ഓർക്കുമ്പോൾ ഓർക്കുമ്പോൾ ചുണ്ടിൽ ചിരി പടർത്തുന്ന ഓർമകൾ മൂന്ന് വർഷങ്ങൾ കൊണ്ട് നീയെനിക്ക് തന്നിട്ടുണ്ട്. എങ്കിലും ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല നീയായിരിക്കും എൻ്റെ ഏറ്റവും മനോഹരമായ, ഏറ്റവും അധികം എന്നെ നോവിക്കാൻ പോകുന്ന, മരണത്തിനും അപ്പുറം എന്നെ കാത്തിരിക്കുന്ന എൻ്റെ വിശുദ്ധ പ്രണയം എന്ന്! എനിക്കിപ്പോഴും ഓർക്കുമ്പോൾ ചിരി വരും, നീ ആദ്യമായി എന്നോട് ഇഷ്ടം പറഞ്ഞതും, തിരിച്ച് എന്നെക്കൊണ്ട് "ഐ ലവ് യു" എന്ന് ശരിക്കും ഒന്നു പറയിപ്പിക്കുവാൻ വേണ്ടി വന്ദനം സിനിമയിൽ മോഹൻലാലിനെ പോലെ നീ അഭിനയിച്ചതും ഒക്കെ. തിരിച്ചു കിട്ടാത്ത, എന്നാൽ തിരിച്ചു വേണമെന്ന് ആഗ്രഹിക്കുന്ന കുറച്ചു നിമിഷങ്ങളിൽ ഒന്നാണത്. അതൊക്കെ നിന്നെക്കൊണ്ട് മാത്രമേ കഴിയൂ സെബീ..." അവൾ ദീർഘനിശ്വാസമിട്ടു.
"ഹ ഹ! നീയതൊക്കെ ഓർക്കുന്നുണ്ടല്ലേ. എനിക്കേറ്റവും ഓർമയുള്ളത് നിൻ്റെ ഡയറിയാണ്. എൻ്റെ അപ്പൻ തീയിട്ട് കത്തിയെരിച്ച നമ്മുടെ പ്രണയത്തിൻ്റെ മഹാഭാരതം. ഹൊ! നിന്നെ സമ്മതിക്കണം കേട്ടോ. ഒന്നു പോലും വിടാതെ എഴുതി വച്ചിരുന്നു. ആദ്യമായി നിൻ്റെ ചുണ്ടിൽ മുത്തം തന്നതു വരെ. പിന്നെങ്ങനെ എൻ്റപ്പൻ കത്തിക്കാതിരിക്കും!" സെബിക്ക് ചിരി പൊട്ടി.
"ഓ... ആദ്യത്തെ ഉമ്മയൊക്കെ സിനിമയിൽ കാണുന്ന പോലെ വല്യ രസമൊന്നും ഇല്ലാർന്നുട്ടാ. രണ്ടാമത്തെ പിന്നേയും കുഴപ്പമില്ല." അവൾ കണ്ണിറുക്കി ചിരിച്ചു.
"നീ മിണ്ടരുത്. അത് കഴിഞ്ഞ് എനിക്ക് കിട്ടിയ അടി! അല്ലെങ്കിൽ തന്നെ നിനക്കറിയാല്ലോ അപ്പനും ഞാനുമായുള്ള ഉത്തമമായ മഹത്തരമായ ബന്ധം."
"അതു പറഞ്ഞപ്പോഴാണ്, ഓർമയുണ്ടോ ആദ്യമായി ഞാനും അമലയും കൂടെ നിൻ്റെ വീട്ടിൽ വന്നത്? അന്ന് രാത്രി ഞങ്ങൾ കിടന്നിരുന്ന മുറി നിൻ്റപ്പൻ പുറത്ത് നിന്ന് താഴിട്ടു പൂട്ടിയതും, നീ എന്നെ കാണാൻ വന്നു നിരാശയോടെ തിരിച്ചു പോയതും. പിറ്റേന്ന് ഇതറിഞ്ഞ് ഞാനും അമലയും കൂടെ തല തല്ലി ചിരിച്ചു. പക്ഷേ, നിൻ്റെ അമ്മക്ക് എന്നെ ഇഷ്ടപ്പെട്ടിരുന്നുട്ടോ. അതെനിക്കറിയാം. അവരൊരു പാവം സ്ത്രീയാണ്, എൻ്റെ അമ്മയെ പോലെ. എല്ലാ അമ്മമാരും അങ്ങനെയാണ് അല്ലേ? എന്നിട്ട് നീ അവരെ എത്ര മാത്രം വിഷമിപ്പിച്ചിട്ടുണ്ടെടാ... കഷ്ടം!"
"ശരിയാണ്. എൻ്റെ അമ്മയെ ഞാൻ വിഷമിപ്പിച്ചതിൻ്റെ ശിക്ഷയാവും ഇത്. അത്ര ദുഷ്ടനായിരുന്നു ഞാൻ. ദേഷ്യം മുഴുവനും ഞാൻ അവരോടാണ് തീർത്തത്. അവരുടെ കണ്ണീരിൻ്റെ ചൂടിലാണ് ഞാനിന്ന് എരിയുന്നത്. അവരെന്നെ ശപിച്ചില്ലെങ്കിൽ കൂടിയും, ആ കണ്ണീർ മതി എന്നെ നരകത്തിൽ കൊണ്ടെത്തിക്കാൻ."
"അത് പറഞ്ഞപ്പോഴാ, ഈ സ്വർഗവും നരകവും ഉള്ളതാണോടാ?"
"അത് പിന്നേ... എനിക്ക് ഇപ്പോളും അറിയില്ല. നീയൊന്നും എന്നെ ഇവിടന്ന് പോകാൻ വിടുന്നില്ലല്ലോ. ഇങ്ങനെ ഓർത്ത് കരഞ്ഞിരുന്നാൽ ഞാനെങ്ങനെ പോകും? എല്ലാം പറഞ്ഞു തീർത്തിട്ട് വേണം... നരകത്തിലോ സ്വർഗത്തിലോ എങ്ങോട്ടാന്നു വച്ചാൽ പോകാൻ."
"എന്നാ പറ. എനിക്കും കുറച്ചു ചോദിക്കാനുണ്ട്. നീ എൻ്റെ ഡയറി ഹോസ്റ്റലിൽ നിൻ്റെ ആ തല തെറിച്ച കൂട്ടുകാരെ കാണിച്ചോ? നിൻ്റെ ആത്മാർത്ഥ സുഹൃത്ത് അനിൽ, അവനെന്നെ വിളിച്ചു പറഞ്ഞല്ലോ എല്ലാം. അവൻ പറഞ്ഞത്, എനിക്ക് നിന്നോടുള്ളതു പോലെ ആത്മാർത്ഥ സ്നേഹമൊന്നും നിനക്ക് എന്നോടില്ലെന്നാണ്. എൻ്റെ പലപ്പോഴായുള്ള സംശയങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഉത്തരങ്ങളാണ് അന്നെനിക്ക് അവൻ തന്നത്. അന്നത്തെ കത്തുന്ന ദേഷ്യത്തിലും, ഹൃദയം പൊട്ടുന്ന വേദനയിലുമാണ് മറ്റൊന്നും ആലോചിക്കാതെ നിന്നെ ഞാൻ പടിയടച്ച് പിണ്ഡം വച്ചത്. അതിലെനിക്ക് ഒട്ടും കുറ്റബോധം തോന്നിയിരുന്നില്ല, പിന്നീട് നിന്നെ ചാറ്റ് ബോക്സിൽ വീണ്ടും കണ്ടു മുട്ടുന്നത് വരെ. അപ്പോളേക്കും നീ എൻ്റേതല്ലായി മാറിയിരുന്നു. അന്ന് ആ ഇൻ്റർനെറ്റ് കഫേയിൽ ഇരുന്ന് ആരും കാണാതെ നിന്നെ ഓർത്ത് ഞാൻ കരഞ്ഞു. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത്, നീ മറ്റൊരു പെണ്ണിൻ്റെ സ്വന്തമായല്ലോ എന്നോർത്ത്... എന്നിട്ടും നിൻ്റെ വാക്കുകളിൽ എവിടെയൊക്കെയോ ഒളിപ്പിച്ചു വച്ച എന്നോടുള്ള സ്നേഹം ഞാൻ കണ്ടില്ലെന്ന് കരുതരുത്. നീ അവളെ എൻ്റെ പേരു പറഞ്ഞ് അസൂയപ്പെടുത്താറുണ്ടെന്ന് എന്നോട് പറഞ്ഞതെന്തിനായിരുന്നു? ഒരിക്കൽ പോലും നിന്നെ ഇട്ടിട്ട് പോയതിൽ എന്നെ നീ കുറ്റപ്പെടുത്തിയിട്ടില്ല, എന്തു കൊണ്ട്?" ശാലിനി അവൻ്റെ കുഴിമാടത്തിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു, ഇന്നിതിൻ്റെ നെല്ലും പതിരും അറിഞ്ഞിട്ടു തന്നെ കാര്യം.
"നിൻ്റെ സംശയങ്ങൾ മുഴുവനും അസ്ഥാനത്താണെന്ന് ഞാൻ പറയുന്നില്ല. കുറച്ചൊക്കെ സത്യം ഉണ്ട്. നിന്നെ എനിക്കിഷ്ടം തന്നെ ആയിരുന്നു. പക്ഷേ, ചിലപ്പോളൊക്കെ നിൻ്റെ കൊണ്ടു പിടിച്ച പ്രണയം കാണുമ്പോൾ എനിക്ക് വല്ലാത്തൊരു ഉൾഭയം. നിൻ്റെ എഴുത്തിന് തീയുടെ ചൂടാണ്. അതെന്നെ എരിച്ചു കളയുമോ എന്ന് ഞാൻ ഭയന്നിരുന്നു. കൊടുങ്കാറ്റ് പോലെ ഒരു പ്രണയം, അതായിരുന്നു നീ. എൻ്റെ സ്വഭാവം നിനക്കറിയാമല്ലോ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു കലിപ്പൻ. അടി, ഇടി, സസ്പെൻഷൻ അതിനിടയിലാണ് നീ വന്ന് കേറുന്നത്. പിന്നെ നല്ല മാർക്ക് ഉണ്ടായത് കൊണ്ട് മാത്രം ജീവിതം പച്ച പിടിച്ചു എന്ന് മാത്രം. അനിലാണ് എല്ലാത്തിനും കാരണം. അവനുമായി ഞാൻ പിന്നീട് ഉടക്കി. നീ എനിക്ക് ഒട്ടും ചേരാത്ത ഒരു പെണ്ണാണ്, ഞാൻ നിന്നെ ഒട്ടും അർഹിക്കുന്നില്ല എന്ന് അവൻ ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. നീ ഒരു പെർഫെക്റ്റ് വൈഫ് മറ്റീരിയൽ ആണെന്നാണ് അവൻ പറയാറ്. എനിക്ക് ചേരുന്നത് ഒരു ഗേൾഫ്രണ്ട് മറ്റീരിയൽ ആണത്രേ. അതോടെ എൻ്റെ ഉള്ളിൽ ഒരു ചാഞ്ചാട്ടം ആണ്. അവനത് കൊണ്ട് എന്ത് സന്തോഷമാണോ കിട്ടിയിരുന്നത്!"
"പിന്നെ ഞാനൊരു വൈഫ് മറ്റീരിയൽ ആയിരുന്നെങ്കിൽ ഇന്ന് ഡിവോഴ്സ് ആയി ഇവിടെ ഇങ്ങനെ വന്നിരിക്കില്ലായിരുന്നു. നീയും നിൻ്റെ കുറേ തല തിരിഞ്ഞ കൂട്ടുകാരും...ഹും! നിങ്ങടെ ഗാങ്ങിൽ രണ്ടു പെങ്ങന്മാരും ഉണ്ടായിരുന്നല്ലോ എരിതീയിൽ എണ്ണ ഒഴിക്കാൻ. അവളുമാർക്ക് എന്നെ ഒട്ടും പിടിത്തമില്ലായിരുന്നു. അതെനിക്കറിയാമായിരുന്നു. പിന്നെ നിൻ്റെ ദേഷ്യം, ഇന്നായിരുന്നെങ്കിൽ കലിപ്പൻ്റെ കാന്താരി എന്നൊക്കെ പേര് വീണേനെ. വെറുതെ അല്ല നിൻ്റെ ആദ്യ ഭാര്യ ഇട്ടിട്ട് പോയത്. മനുഷ്യരായാൽ കുറച്ചൊക്കെ ദേഷ്യം നിയന്ത്രിക്കാൻ പഠിക്കണം. വായിൽ തോന്നിയത് പറയുമ്പോൾ അത് മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്യും എന്നു കൂടെ ചിന്തിക്കണം." അവൾ കുറ്റപ്പെടുത്തി.
"ശരിയാണ്. പക്ഷേ, കുറച്ചൊക്കെ അവളുടെ തെറ്റും ഉണ്ട്. അത് നിനക്ക് പറഞ്ഞാ മനസ്സിലാവില്ല. അപ്പോ പറഞ്ഞു വന്നത്, നീ എന്നെ വേണ്ടെന്ന് വച്ചപ്പോളും ഞാൻ നിൻ്റെ പുറകേ വരാതിരുന്നതിന് കാരണം ഒരു പക്ഷേ എൻ്റെ ആ അരക്ഷിതത്വബോധം തന്നെയാവണം. എന്നിരുന്നാലും ഒന്നുണ്ട്, നിന്നെ ഞാൻ ചതിച്ചിട്ടില്ല. നീ കൂടെ ഉണ്ടായിരുന്നപ്പോൾ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ...എല്ലാ അർത്ഥത്തിലും. എന്നിട്ടും നീ എന്നെ സ്നേഹിച്ച അത്രയും തീവ്രതയിൽ നിന്നെ തിരിച്ചു സ്നേഹിക്കാൻ എനിക്കാവുമായിരുന്നില്ല. നിന്നെ ഒരിക്കലും വെറുക്കാനും കഴിഞ്ഞിരുന്നില്ല. നിൻ്റെ സ്നേഹത്തിൻ്റെ ആഴം എനിക്കെന്നും അന്യമായിരുന്നു. എന്നാൽ മരണം എനിക്ക് വെളിപാടിൻ്റെ പുസ്തകം തുറന്നു തന്നു. ആത്മാവിനും പ്രണയിക്കാനാവും എന്നെനിക്കറിയില്ലായിരുന്നു, ഇപ്പോൾ അറിഞ്ഞു. നീ എന്നെ മനസ്സിലാക്കിയത് പോലെ വേറാരും എന്നെ അറിഞ്ഞിട്ടില്ല. മരിച്ചു മണ്ണടിഞ്ഞു ഇത്രയും വർഷങ്ങൾക്ക് ശേഷവും എന്നെ ഓർത്ത് സങ്കടപ്പെടാൻ നിനക്ക് എങ്ങനെ സാധിക്കുന്നു ശാലു? ജീവിച്ചിരുന്നപ്പോൾ നിന്നെ ഇത്രയും ആഴത്തിൽ സ്നേഹിക്കാൻ എനിക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല...?!" അവൻ്റെ ശബ്ദത്തിൽ നിരാശയുടെ നിഴൽ വീണു.
"കഴിഞ്ഞത് കഴിഞ്ഞു. ഞാനൊന്ന് പറഞ്ഞോട്ടെ... നിൻ്റെ ഒടുക്കത്തെ ബൈക്ക് റേസിംഗ് ആണ് നിന്നെ ഇവിടെ കൊണ്ടെത്തിച്ചത്. നീ തന്നെ പലപ്പോളും പറഞ്ഞിട്ടുള്ളതാണ് നീ ഏതെങ്കിലും റോഡിൽ കിടന്നാവും ചാവുന്നതെന്ന്. അത് അറം പറ്റിയില്ലേ! ചിലപ്പോൾ എനിക്ക് തോന്നും ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ നീ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന്. ജീവിതം തന്നെ മാറിപ്പോയേനെ അല്ലേ? ആ കുറ്റബോധത്തിൻ്റെ ചൂളയിലെ പൊള്ളുന്ന ചൂടിൽ നിന്നും രക്ഷപ്പെടാനാണ് ഞാനിങ്ങോട്ട് ഓടി വന്നത്. ഇതിപ്പോ ഇവിടെ അതിലും അസഹ്യമായ തീയാണല്ലോ... ഒന്നുകിൽ എല്ലാം പറഞ്ഞു തീർത്ത് നീ എന്നെ ഒന്ന് വെറുതെ വിട്ട് പോ അല്ലെങ്കിൽ എന്നെ കൂടി ഈ കുഴിമാടത്തിലേക്ക് എടുക്കൂ. നിൻ്റെ ഓർമകളിൽ നീറി നീറി സ്വയം ഇല്ലാണ്ടാവാൻ എനിക്കാവില്ല." സെബാസ്റ്റ്യൻ്റെ ശരീരം അഴുകി ചേർന്ന ആ മണ്ണിലേക്ക് അവൾ തൻ്റെ ശരീരം ചേർത്തു വച്ചു.
"ശാലൂ... നമ്മളെല്ലാം പറഞ്ഞു തീർത്തിരിക്കുന്നു. ഇനി ഒരിക്കലും നിൻ്റെ സ്വപ്നങ്ങളിൽ ഞാൻ വരില്ല. എൻ്റെ ഓർമകൾ നിൻ്റെ നെഞ്ചിലെ പൂട്ട് പൊളിച്ച് ഓരോന്നായി ഞാൻ പുറത്തേക്കെടുത്തിരിക്കുന്നു. അവയെൻ്റെ കുഴിമാടത്തിൽ എന്നോടൊപ്പം ഭദ്രമായിട്ടുണ്ടാവും. ഇതിനു വേണ്ടിയാണ് നിന്നെ ഞാനിവിടെ വരുത്തിച്ചത്. എൻ്റെ നശിച്ച ഓർമകളിൽ നീറി നീറി നീ നിൻ്റെ ജീവിതം ഇല്ലാതാക്കുന്നത് എനിക്ക് മരണത്തേക്കാൾ ഭയാനകമായിരുന്നു. അതു വേണ്ട... ഇവിടെ നിന്ന് തിരിച്ചു പോകുമ്പോൾ നീ എന്നെ മറന്നിട്ടുണ്ടാവും. മരണത്തിനും അപ്പുറമിരുന്ന് നിന്നെ പ്രണയിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് ഞാനും സന്തോഷിക്കും. ഇത്തവണ നീ തോറ്റിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ ആഴത്തിൽ നിന്നെ ഞാൻ പ്രണയിക്കുന്നു... അതു തന്നെയാണെൻ്റെ സ്വർഗവും നരകവും എല്ലാം!"
"നോ നോ നോ... പ്ലീസ്! സെബീ... ഇതിനാണോ എന്നെ... വേണ്ടാ... എനിക്കാ ഓർമകൾ തിരികെ തന്നേക്കൂ... നീ തന്നെ ജയിച്ചു എന്ന് ഞാൻ സമ്മതിക്കാം. പക്ഷേ, അതെനിക്ക് തിരിച്ചു താ സെബീ. ഇത് നിൻ്റെ സ്വാർത്ഥതയാണ്. പ്ലീസ്...!" അവൾ മണ്ണിൽ കിടന്നുരുണ്ടും, രണ്ടു കൈകൾ കൊണ്ട് തലയിൽ ആഞ്ഞടിച്ചും ഉറക്കെ എങ്ങലടിച്ചു കരഞ്ഞു. "വരരുതായിരുന്നു...ഞാൻ വരരുതായിരുന്നു..."
വിശുദ്ധ പ്രണയത്തിൻ്റെ കുഴിമാടത്തിന് ചുറ്റും ഒരു മറുപടിക്കായി ത്രസിച്ച അവളുടെ തേങ്ങലുകൾ മാത്രം ഒരശരീരി പോലെ അലയടിച്ചു. അവൾ കൊണ്ടു വന്ന അവസാനത്തെ പ്രണയലേഖനം കാറ്റിൽ പറന്ന് അവനോടൊപ്പം പോയ്ക്കാണണം. അപ്പോളേക്കും അവളുടെ മേഘമിഴികളിൽ നിന്നും പെയ്തൊഴിഞ്ഞ പെരുമഴയിൽ കുതിർന്ന സെബാസ്റ്റ്യൻ്റെ മണ്ണിൽ ഒരു ചുവന്ന റോസച്ചെടി മുള പൊട്ടിയിരുന്നു. പ്രണയത്തിൻ്റെ മണമുള്ള ഒരു റോസച്ചെടി...
OMG! I think every person who has loved and lost would long for such a conversation(maybe not along with death as a factor). As usual your mind blowing writing style and storytelling method. Athimanoharam😍👌
ReplyDeleteOMG! I think all the people who have once loved and lost would crave for such a conversation(maybe not in death as a backdrop) As usual your mind blowing writing style and way of story telling😍 Loved it. Athimanoharam♥️
ReplyDelete