ചെമ്മരിയാടും ഞാനും
അന്ന് പതിവിലും താമസിച്ചാണ് ഓഫീസിൽ നിന്നും ഇറങ്ങാൻ സാധിച്ചത്. ബാംഗ്ലൂർ നഗരത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഫ്ലാറ്റിൽ തിരിച്ചെത്തി.വിരലുകൾ യാന്ത്രികമായി കാളിംഗ് ബെല്ലിലമർന്നു. വാതിൽ തുറക്കുമ്പോൾ ചെറുപുഞ്ചിരിയോടെ അമ്മ, ഓടി വന്നു കെട്ടിപ്പിടിക്കുന്ന രണ്ടര വയസ്സായ മകൾ. ഭർത്താവ് കമ്പ്യുട്ടറിൽ ജോലിതിരക്കിലാണ്. ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മനസ്സിനും ശരീരത്തിനും ഒരുപോലെ ക്ഷീണം തോന്നി.ഭക്ഷണം കഴിച്ചെന്നു വരുത്തി,ഒരാഴ്ചയുടെ ക്ഷീണം മുഴുവനും തീർക്കാനെന്ന പോലെ കിടക്കയിലേക്ക് വീണതും ഉറങ്ങിപോയതറിഞ്ഞില്ല. ഉറക്കത്തിന്റെ ആഴങ്ങളിലെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഒരു കരച്ചിൽ...! ഉറക്കച്ചടവിന്റെ ആലസ്യത്തിൽ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടുവാൻ വൃഥാ ഒരു ശ്രമം നടത്തി. സാധിച്ചില്ല,വീണ്ടും ആ കരച്ചിൽ എന്നെ അലോസരപെടുതിക്കൊണ്ടിരുന്നു. ഞാൻ എഴുന്നേറ്റു ജനലിനരികിലേക്ക് നീങ്ങി. തണുത്ത കാറ്റിന്റെ അദൃശ്യ ഹസ്തങ്ങൾ എന്നെ തലോടുന്നത് പോലെ. അരണ്ട വെളിച്ചത്തിൽ ക്ലോക്കിലെ സൂചി വ്യക്തമായി കാണാം. സമയം അതിരാവിലെ നാലര മണി. തിരികെ പോകാൻ മടിച്ചു നില്ക്കുന്നത് പോലെ തോന്നി, അപ്പോഴും ആകാശത്ത് തിളങ്ങി നില്ക്കുന്ന പൌർണമിയെയും നക്