പ്രണയത്തിൻ്റെ ചാവുകടൽ

സൂര്യനും താമരയും പ്രണയത്തിലായിരുന്നു.
എങ്കിലും ഒരിക്കൽ പോലും നേർക്കുനേർ നിന്ന് കൺ നിറയെ കണ്ടിട്ടില്ല, അടുത്തിരുന്നിട്ടില്ല,
വിരലുകൾ കോർത്തിട്ടില്ല,
കവിളുകളിൽ തലോടിയിട്ടില്ല,
പ്രണയത്തിൻ്റെ ഉച്ചകോടിയിൽ 
ഒന്നു ചുംബിച്ചിട്ടില്ല...
എങ്കിലും അവർ ആകാശത്തും
ഭൂമിയിലും ഇരുന്ന് അഗാധമായി
സ്നേഹത്തെ പറ്റി വാ തോരാതെ
പറഞ്ഞു കൊണ്ടേയിരുന്നു.
തൻ്റെ വെളിച്ചം അവളുടെ ഇതളുകളിൽ
തട്ടി ചുവക്കുന്നത് കാണുവാൻ
അവൻ ഓരോ രാത്രിയും പകലാക്കി മാറ്റി.
നക്ഷത്രദൂരങ്ങൾക്കപ്പുറം
വിരഹത്തിൻ്റെ കടലിൽ
പ്രണയത്തിൻ്റെ ആഴങ്ങളിൽ 
അവരങ്ങനെ മുങ്ങിയും പൊങ്ങിയും
പ്രണയം മാത്രം ശ്വസിച്ച്
പ്രണയത്തിൽ ജീവിച്ചു മരിച്ചു...

************************************

കനലടങ്ങിയ എൻ്റെ പ്രണയത്തെ
വീണ്ടും ഊതി ചുവപ്പിച്ചത് നീയാണ്,
കത്തിയെരിഞ്ഞ എൻ്റെ ഹൃദയത്തിലേക്ക്
കനിവിൻ്റെ നീരൊഴുക്കിയതും നീയാണ്,
മരവിച്ച ചുണ്ടുകളിൽ സ്നേഹത്തിൻ്റെ 
നനുത്ത തേൻ പകർന്നതും നീ...
പെയ്തൊഴിയാത്തൊരെൻ മിഴികളിൽ
പുഞ്ചിരി വിരിയിച്ചതും നീ...
നീ മാത്രമാണ്, നീ മാത്രമാണ്
എൻ്റെ അവസാനത്തെ
പ്രണയവും പ്രതീക്ഷയും...

************************************

നമ്മൾ തമ്മിൽ ഒരിക്കലും കാണില്ലായിരിക്കാം,
ചിലപ്പോൾ ഇനി മിണ്ടില്ലായിരിക്കാം,
നിന്നെ നഷ്ടപ്പെട്ടെന്ന് ഞാനും
എന്നെ കളഞ്ഞു പോയെന്ന് നീയും
വിശ്വസിച്ചേക്കാം...
പക്ഷേ നിനക്കറിയുമോ, നിൻ്റെ പ്രണയം എൻ്റെ
ഹൃദയത്തിൽ എന്നേ ഒട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.
നീ തന്ന ഓർമ്മകൾ ഒരിക്കലും 
അടർത്തിയെടുക്കാനാവാത്ത വിധം എന്നിൽ കലർന്നിരിക്കുന്നു.
നീ തന്ന നിമിഷങ്ങളോരോന്നും, 
നമ്മൾ കണ്ടു തീർത്ത ചിത്രങ്ങൾ പോലെ, 
വാ തോരാതെ പറഞ്ഞ കഥകൾ പോലെ, എഴുതി തീരാത്ത കവിതകൾ പോലെ, 
നീ സ്നേഹിച്ച കടലു പോലെ, 
ജനാലയിലൂടെ നാം ഒരുമിച്ചു കണ്ട രാത്രികൾ പോലെ, കാത്തിരിപ്പിൻ്റെ പകലുകൾ പോലെ,
എന്നോട് സംസാരിച്ചിരുന്ന നിൻ്റെ പ്രൊഫൈൽ ചിത്രങ്ങൾ പോലെ,
നിനക്കായ് മാത്രം ഞാൻ പാടിയ പാട്ടുകൾ പോലെ,
അത്രയും തന്നെ ഭംഗിയോടെ എൻ്റെയുള്ളിൽ
തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു എന്ന് നീയറിയുന്നുണ്ടോ...

*****************************

നീയെൻ്റെ കടലാണ്,
പ്രണയത്തിൻ്റെ ചാവുകടൽ!
കടലോളം സ്നേഹം
ഉള്ളിലുള്ളവളുടെ
പ്രണയത്തെ പിന്നെ
കടലെന്നല്ലാതെ
വേറെന്തു വിളിക്കും!
എന്നെ പ്രണയത്തിൽ
മുക്കി കൊല്ലുന്ന
ചാവുകടൽ!

********************************

എന്നോട് മിണ്ടാത്ത, എന്നെ ഓർത്തിട്ടും 
ഓർക്കാത്ത, കടലോളം ഓർമ്മകളാണ്
നെഞ്ചകം നിറയെ!
 





 













Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ