ഓർമകളും സ്വപ്നങ്ങളും
'നോ' എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ലാതിരുന്ന കാലം . വളർന്നതും വളർത്തിയതും അങ്ങനെയാണ് . എന്ത് കിട്ടിയാലും സ്വീകരിക്കും , എവിടെ കൊണ്ടിട്ടാലും ആരുടെ കൂടെയായാലും ജീവിക്കും എന്ന അവസ്ഥ. ആരെന്ത് പറഞ്ഞാലും ശരി എന്ന് മാത്രം പറഞ്ഞു ശീലിച്ച നാളുകൾ . അതുകൊണ്ട് തന്നെ സ്നേഹമെന്ന മുഖം മൂടിയുമായി വന്ന പലരെയും അന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല . വീട്ടിനകത്തെ ചെന്നായകളെ ആയിരുന്നു എനിക്ക് ഭയം. ഏതൊരു പെണ്‍കുട്ടിയുടെ ജീവിതത്തിലും ഒരിക്കലെങ്കിലും ഉണ്ടാവാൻ ഇടയുള്ള കാര്യങ്ങളാണ് . പക്ഷേ , ഭയവും നാണക്കേടും കൊണ്ട് ആരും മിണ്ടാറില്ല. സ്നേഹത്തോടെ ചുണ്ടിൽ ഉമ്മ വെക്കാൻ നിർബന്ധിച്ചിരുന്നു ഒരു അങ്കിൾ. വെറുപ്പോടെയാണെങ്കിലും, നോ പറഞ്ഞു ശീലമില്ലാത്തതുകൊണ്ടും അങ്കിളിന് വീട്ടിലുള്ള സ്ഥാന മാനങ്ങളെ ഓർത്തും പറഞ്ഞാൽ എന്ത് സംഭവിക്കും എന്ന പേടി കൊണ്ടും മിണ്ടാതെ സഹിച്ചു പോന്നു. വേറൊരാൾ വകയിലൊരു തല മൂത്ത കാരണവരായിരുന്നു. വയസ്സ് 70 നടുത്ത് ഉണ്ടെങ്കിലും കയ്യിലിരിപ്പ് അത്ര ശരിയല്ല . വന്നാലുടനെ സ്നേഹത്തോടെ തലോടിക്കൊണ്ട് മടിയിൽ പിടിച്ചിരുത്തും. അയാളുടെ കൈകളെ തടുത്തു നിർത്താനുള്ള ശക്തി ഇല്ലാതെ വരുമ്പോൾ കുതറി ഇറങ്ങി ഓടും .