ഒരു വിശുദ്ധ പ്രണയത്തിൻ്റെ കുഴിമാടം
അഞ്ച് വർഷങ്ങൾക്ക് ശേഷം നിൻ്റെ കുഴിമാടത്തിനു മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയിരിക്കുന്നു. എവിടെ നിന്ന് എന്ന് നീ ആലോചിക്കുന്നുണ്ടാവും. അറിയില്ല... എന്തിന് വന്നു, അതും നീ ചോദിക്കും. അതിന് എനിക്ക് ഉത്തരമുണ്ട്. എൻ്റെ മന:ശാന്തിക്ക്. ഞാനെത്ര സ്വാർത്ഥയാണല്ലേ? ആയിരിക്കും, അല്ലെങ്കിൽ പിന്നെ മറ്റാരോ പറഞ്ഞ കഥകൾ കേട്ട് നിന്നെ എൻ്റെ ഹൃദയത്തിൽ നിന്നും ഒരു വാക്കു പോലും ചോദിക്കാതെ ഇറക്കി വിടില്ലല്ലോ... അന്ന് ഞാൻ അതു ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ഇന്നു നിനക്കിവിടെ ഇങ്ങനെ മണ്ണിൽ ചേർന്നു കിടക്കുന്നതിന് പകരം, എൻ്റെ നെഞ്ചിൽ ചേർന്ന് കിടക്കാമായിരുന്നു. അങ്ങനെ നോക്കിയാൽ ഞാനല്ലേ നിൻ്റെ മരണത്തിന് ഉത്തരവാദി? ശാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ സെബാസ്റ്റ്യൻ്റെ കുഴിമാടത്തിന് മുന്നിൽ മുട്ടിലിരുന്ന്, ഇലകൾ അടർന്നു പോയ ഒരു ചുവന്ന റോസാപ്പൂ മണ്ണിലേക്ക് ചേർത്തു, കൂടെ വെള്ളക്കടലാസിൽ അവൾ എഴുതിയ അവസാനത്തെ ഒരു പ്രണയലേഖനവും. പണ്ട് എഴുതിക്കൂട്ടിയ കത്തുകൾക്ക് എണ്ണമില്ല. എന്നും ഒരു കത്ത് എന്നുള്ളത് അവർക്കിടയിലെ ഒരു നിയമം തന്നെ ആയിരുന്നു. സെബിക്ക് എഴുതാൻ മടിയായിരുന്നു. പക്ഷേ, അവൾ പേജ് കണക്കിന് എഴുതും. ഒരേ കോള...