തിരുപ്പതികാരം

കഴിഞ്ഞ തവണ തിരുപ്പതി പോകാൻ ബാഗ് വരെ റെഡി ആക്കി വെച്ചതിൻ്റെ, തലേന്നാണ് വല്യമ്മാവൻ മരിച്ചതും ആ യാത്ര മുടങ്ങിയതും. അതിനു മുൻപും ഇതുപോലെ ഒരു മുടക്കമുണ്ടായിട്ടുണ്ട്. എൺപതുകളുടെ തുമ്പത്ത് ഊഞ്ഞാലാടി നിൽക്കുന്ന മുത്തശ്ശിക്ക് ഇതൊരു ലാസ്റ്റ് ചാൻസ് ആണെന്ന് വേണമെങ്കിൽ പറയാം. വയസ്സ് ഇത്രയും ആയെങ്കിലും പുള്ളിക്കാരി ഒരു ജഗജില്ലി ആണേ. ഒരു കൊച്ചു മമ്മൂട്ടി! പ്രായത്തിൻ്റേതായ ചെറിയ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ പ്രത്യേകിച്ച് ഒരു കുഴപ്പവും മുത്തശ്ശിക്കില്ല തന്നെ. മക്കളും കൊച്ചുമക്കളും ഒക്കെ അങ്ങ് ഇന്ത്യക്ക് പുറത്താണെങ്കിലും എല്ലാവരും ഇടക്കൊക്കെ വന്നു സ്നേഹാന്വേഷണം നടത്തുന്ന ഒരു വാത്സല്യം കുടുംബമാണ് മുത്തശ്ശിയുടേത്. മുത്തശ്ശി അവരുടെ മമ്മൂട്ടിയും.

അങ്ങനെയിരിക്കുമ്പോളാണ് ദുബായിലുള്ള മകളും കുടുംബവും അവധിക്ക് നാട്ടിൽ വരുന്നത്. അവർക്കും തിരുപ്പതി പോകണമെന്ന കഠിനമായ ആഗ്രഹം. അങ്ങനെ ഒരു തവണയെങ്കിലും വെങ്കടാചലപതിയെ നേരിട്ട് കാണണമെന്നുള്ള അത്യുൽക്കടമായ മോഹത്തിൽപ്പെട്ട് ഉഴലുന്ന മുത്തശ്ശിക്ക് അതിനുള്ള വഴി ഇതാ ഒത്തു വന്നിരിക്കുന്നു. ദൈവങ്ങൾ വിചാരിച്ചാൽ മാത്രമേ അവരെ കാണാൻ ചെല്ലാനുള്ള ഭാഗ്യം ഉണ്ടാവുള്ളൂ എന്നാണല്ലോ വിശ്വാസം. മുത്തശ്ശിക്ക് ആ ഭാഗ്യം ഇതാ വീടിൻ്റെ മുന്നിൽ ഉബർ കാറിൽ വന്നു നിൽക്കുന്നു. ഇറങ്ങുന്നതിന് മുൻപ് മുത്തശ്ശി ആകാശത്തേക്ക് കൈകൾ കൂപ്പി കണ്ണുകൾ ഇറുക്കിയടച്ചു ഇങ്ങനെ പ്രാർത്ഥിച്ചു. 
"എൻ്റെ തിരുപ്പതി വെങ്കടസ്വാമീ, മരിക്കണേന് മുന്ന് എനിക്കൊന്നു കാണണം. ഈരേഴു പതിന്നാലു ലോകങ്ങളും കാണുന്നതിന് തുല്യമാണല്ലോ അതും.ഇത്തവണ തടസ്സമൊന്നും വരുത്തരുതേ..."

ഉബറിൽ നിന്നിറങ്ങി ഫ്ലൈറ്റ് എടുത്ത് നേരെ  തിരുപ്പതിയിലേക്ക്. യാതൊരു മുടക്കവും കൂടാതെ ഇത്തവണ തൊഴുതിറങ്ങി. തിക്കിലും തിരക്കിലും പെട്ട് മുത്തശ്ശിയെ തിരിച്ച് പെട്ടിയിൽ പാക്ക് ചെയ്യേണ്ടി വരുമോ എന്ന് സംശയിച്ച ബന്ധുക്കളെയെല്ലാം ഞെട്ടിപ്പിച്ചുകൊണ്ട് മുത്തശ്ശി പുല്ല് പോലെ തൊഴുതിറങ്ങി. മുത്തശ്ശിയുടെ പെർഫോമൻസ് കണ്ട് സാക്ഷാൽ വെങ്കടാചലപതി പോലും ഒരു നിമിഷത്തേക്ക് അനുഗ്രഹം ചൊരിയുന്നത് നിർത്തി മുത്തശ്ശിയെ അതിശയത്തോടെ നോക്കിനിന്നുത്രേ! അങ്ങനെ നുഴഞ്ഞിറങ്ങി പുറത്തെത്തിയപ്പോൾ നല്ല മഴചാറ്റൽ. ഡ്രൈവർ പയ്യനെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. മഴ നിർത്താതെ പെയ്യുന്നു. ഡ്രൈവറെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. കാറ്റും മഴയും കാരണം വഴിയിൽ എവിടൊക്കെയോ മരം വീണെന്നോ ആന ഇറങ്ങാൻ സാധ്യത ഉണ്ടെന്നോ അതുകൊണ്ട് റോഡ് ബ്ലോക്ക് ആണെന്നോ ഒക്കെ പറയുന്നത് കേട്ടു. 

വണ്ടികൾ എല്ലാം പിടിച്ചിട്ടിരിക്കുകയാണത്രേ. ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരുന്ന പോലീസുകാരുടെ മഴയിൽ കുതിർന്ന ഇളം പച്ച യൂണിഫോമുകൾ കടും പച്ചയിലേക്ക് നിറം മാറി തുടങ്ങി. രാത്രി പതിനൊന്ന് മണി മുതൽ തുടങ്ങിയ വിളിയാണ്. ഇപ്പോ ഏതാണ്ട് മൂന്നു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഒരു വിവരവുമില്ല. എല്ലാവരുടെയും ക്ഷമയുടെ നെല്ലിപ്പലകയൊക്കെ പൊളിഞ്ഞടുങ്ങി തുടങ്ങി. വേറെ വണ്ടി പോയിട്ട് ഒരു സൈക്കിൾ പോലും കിട്ടുന്നില്ല. വിളിച്ച്  വിളിച്ച് വിളിയുടെ ഏതോ ഒരു യാമത്തിൽ വിളി കെട്ടിട്ടെന്ന പോലെ എവിടെ നിന്നോ അവൻ പ്രത്യക്ഷപ്പെട്ടു. 'എവിടാരുന്നെടാ ചെറുക്കാ' എന്നും ചോദിച്ച് മുത്തശ്ശി അവൻ്റെ നേരെ രണ്ട് ചാട്ടം.
രാവിലെ വന്ന വണ്ടി കേടായെന്നും ഇനിയിപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഏതൊക്കെയോ ഭാഷയിൽ അവൻ പ്രസംഗിച്ചു. 
അവനാകെ ടെൻഷൻ അടിച്ച് എന്തോ കഞ്ചാവടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്. എന്തോ ഭയങ്കരമാന ചിന്ത. ഓരോരുത്തരായി മാറി മാറി അവനെ തോണ്ടി വിളിക്കുന്നുണ്ട്, "ടാ, പൂവാടാ...". എവിടന്ന്!! ആരോട് പറയാൻ, ആര് കേൾക്കാൻ! ഇതെന്തൊരു കൂത്ത്!
മുത്തശ്ശിയുടെ കൂടെയുള്ളവർ പൊലീസുകാരോട് വിവരം പറഞ്ഞു, എന്തെങ്കിലും വഴി കാണുമായിരിക്കും. എങ്ങനെയെങ്കിലും ഒരു വണ്ടി ശരിയാക്കി തരണമെന്ന് അപേക്ഷിച്ചു. അവർ നോക്കട്ടെ എന്ന് പറഞ്ഞതല്ലാതെ വലിയ പ്രതീക്ഷയൊന്നും കൊടുത്തില്ല. പിടിച്ചിട്ടിരുന്ന വണ്ടികൾ എല്ലാം പതുക്കെ നീങ്ങി തുടങ്ങി. മുത്തശ്ശിയുടെ ക്ഷമ കെട്ടു. ഇന്നിനി ഇവിടെ ഈ തണുപ്പത്ത് വല്ലോം കിടക്കേണ്ടി വരുമോ!

അങ്ങനെ ത്രിശങ്കുവിൽ നിൽക്കുമ്പോളാണ് ഡ്രൈവർ ഉലാത്ത് നിർത്തി ഓടി വന്നു പറയുന്നത്, ഒരു വണ്ടി ഒത്തു വന്നിട്ടുണ്ട്. പക്ഷേ കുറച്ചു മാറിയാണ് പാർക്കിംഗ്. വേറെ ഡ്രൈവർ ആയിരിക്കും. നിങ്ങൾ അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെ. ഇതിൽ കൂടുതൽ ഇനി എന്തോ അഡ്ജസ്റ്റ് ചെയ്യാനാന്നും പറഞ്ഞ് മുത്തശ്ശി മുന്നിൽ ഡ്രൈവറുടെ കൂടെ നടന്നു . പിറകേ അണികളെ പോലെ ബാക്കി എല്ലാവരും.
എല്ലാവരും ഒരു കണക്കിന് മണിച്ചിത്രത്താഴിലെ പപ്പുവിനെ പോലെ ചാടി ചാടി വണ്ടിയുടെ അടുത്തെത്തി. മുത്തശ്ശി വഴി നീളെ പിറുപിറുത്തു കൊണ്ട് ഡ്രൈവറെ അറഞ്ചം പുറഞ്ചം ചീത്ത വിളിച്ചു കൊണ്ടാണ് നടപ്പ്. അങ്ങനെ അതാ വണ്ടി കണ്ടുപിടിച്ചിരിക്കുന്നു. വണ്ടി കണ്ടവർ കണ്ടവർ കാണാത്തവരെ വിളിച്ചു കാണിച്ചു. എല്ലാവരും ഒന്നു ഞെട്ടി മുഖത്തോട് മുഖം നോക്കി. വണ്ടി എന്നു പറഞ്ഞാൽ ഒരൊന്നൊന്നര വണ്ടി. മുത്തശ്ശിയെക്കാൾ പ്രായം ഉണ്ടാവും. ശകടം എന്നു പറയുന്നതാവും നല്ലത്. നല്ല പഴക്കമുള്ള ഒരു നീല ജീപ്പ്. 

ഇപ്പോ നിങ്ങള് വിചാരിക്കും, ജീപ്പിനെന്താ കുഴപ്പം? അടിപൊളി വണ്ടിയല്ലേ എന്ന്. അതെ, ജീപ്പ് കിടു വണ്ടി തന്നേടേയ്. പക്ഷേ, ഇത് ജീപ്പിന് ആമവാതവും കഷണ്ടിയും ഒരുമിച്ച് വന്നത് പോലത്തെ ഒരു ഐറ്റം. പുറകിൽ ഓപ്പൺ ടെറസ്. മഴ ആസ്വദിച്ച് പോകാം. ഫ്രൻ്റ് സീറ്റിൽ നിന്നും തെറിച്ചു വീഴാതിരിക്കാൻ ആവണം, ഒരു നേരിയ കമ്പി വലിച്ചു കെട്ടിയിട്ടുണ്ട്. കമ്പി എന്നൊന്നും പറയാൻ പറ്റില്ല, കാട്ടുവള്ളി പോലത്തെ ഒരു സാധനം. അത് പുറകിലത്തെ സീറ്റ് വരെ നീണ്ടു കിടപ്പുണ്ട്. എന്തിനാണോ എന്തരോ! മഴ നനയാതിരിക്കാൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വണ്ടിക്ക് മുകളിലൂടെ പുതച്ചിട്ടുണ്ട്. പണ്ട് ജാംബവാൻ ഓടിച്ചിരുന്നതാണെന്ന് തോന്നുന്നു. കണ്ടാൽ അത്രയും തന്നെ പഴക്കമുണ്ട്. തകര പാട്ട കൊണ്ടുണ്ടാക്കിയത് പോലെ. 

പല ഭാഗങ്ങളും പൊളിഞ്ഞും തൊലിഞ്ഞും ഒക്കെ ഇരിക്കുന്നത് കണ്ട് ചൊറിഞ്ഞു കേറി വന്ന
മുത്തശ്ശി ഇതിൽ കേറുന്ന പ്രശ്നമില്ല എന്ന് കട്ടായം പറഞ്ഞു. കൂടെ വന്ന മക്കളും ചെറുമക്കളും ഉറപ്പിച്ചു, ഇത് ശരി ആവില്ല. മരുമകൻ ഉടനെ ഹോട്ടൽ മുതലാളിയെ വിളിച്ചു കാര്യം ബോധിപ്പിച്ചു. അപ്പോഴുണ്ട് അങ്ങേര് പറയുവാ, സാറേ ആ വണ്ടിയേ ഉള്ളൂ. ഒന്നും പേടിക്കേണ്ട, ഡ്രൈവർ നിങ്ങളെ സുരക്ഷിതമായി താഴെ എത്തിച്ചിരിക്കും എന്ന വാക്കിൻമേൽ എല്ലാവരും രണ്ടും കല്പിച്ച് ശകടത്തിൽ കയറാൻ തീരുമാനിച്ചു. താഴേക്കിറങ്ങാൻ തൽക്കാലം വേറെ വഴിയൊന്നും കാണുന്നില്ല. വണ്ടികളുടെ നീണ്ട ക്യൂ ആണ്. പോരാത്തതിന് കൂറ്റാ കൂരിരുട്ടും. സമയം രാത്രി മൂന്ന് മണി. ഇപ്പോ കേറിയാൽ നാളെ രാവിലെ എങ്കിലും താഴെ എത്താം. 

ഇനിയാണ് നമ്മുടെ കഥയിലെ നായകൻ, അതോ വില്ലൻ എന്ന് പറയണോ എന്ന് നിശ്ചയമില്ല, രണ്ടാമത്തെ ഡ്രൈവർ രംഗപ്രവേശം ചെയ്യുന്നത്. താമസിക്കുന്ന ഹോട്ടലിലെ മുതലാളി ഒപ്പിച്ചു തന്നതാണ് കുരിപ്പിനെ. പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു തെലുങ്കൻ.  വളരെ ചെറുപ്പമാണ്. വലിയ വർത്തമാനമൊന്നുമില്ല. പേര് ഒരു മാതിരി വായിൽ കൊള്ളാത്ത പേരാണ്, ഉലഗപ്പ തങ്കസ്വാമി തിരുജ്ഞാനം. ആ... അതന്നെ. ഇതിലേത് പേര് വിളിക്കണം എന്ന് ഓർത്ത് "കൺഫ്യൂഷൻ തീർക്കണമേ" പാടി ഇരുന്ന എല്ലാവരുടെയും കൺഫ്യൂഷൻ തീർത്തുകൊണ്ട് മുത്തശ്ശി അവന് പേരിട്ടു. കുട്ടപ്പൻ! അതേ, അതാണ് എളുപ്പം. ഇനി ആർക്കും കൺഫ്യൂഷൻ വേണ്ട.

അങ്ങനെ വലതുകാൽ വച്ച് ശ്രീ വെങ്കടാചലപതിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് എല്ലാവരും ശകടപ്രവേശം ചെയ്തു.
ഇതിനിടയിൽ വണ്ടിയുടെ അകത്തെ ഡെക്കറേഷൻസ് പറയാൻ വിട്ടു പോയി സൂർത്തുക്കളേ. ഒരു ഡി ജെ പാർട്ടിക്ക് കയറിയ ഫീൽ. വണ്ടി മൊത്തത്തിലും ചില്ലറയായും ലൈറ്റിങ്സ് ആണ്. വണ്ടി സ്റ്റാർട്ട് ആയതും ഏതോ ഡബ്ബാംകൂത്ത് തെലുങ്ക് പാട്ടും. ആകെ മൊത്തം ഒരു ജിൽ ജിൽ ഫീൽ. വേറെ വഴിയില്ല, കയറിയില്ലേ ഇനി ഇറങ്ങണ്ട. 

വണ്ടികളുടെ നീണ്ട നിരയുടെ ഏറ്റവും പിറകിൽ ശകടം ഇടം പിടിച്ചു. മുന്നിലിരുന്നത് കൂട്ടത്തിലെ ഏറ്റവും ധൈര്യശാലിയും മൂത്തവളുമായ ദുബായിൽ നിന്ന് ലീവിന് വന്ന മകൾ നല്ലിയും ഭർത്താവ് രുദ്രനും. (നളിനി എന്ന പേരിന് ഫാഷൻ പോരാത്തത് കൊണ്ട് ചുരുക്കി നല്ലി ആക്കിയ കഥ വേറെ). പുറകിൽ നല്ലിയുടെ എട്ട് വയസ്സുള്ള മകൻ, മുത്തശ്ശി, രണ്ടാമത്തെ മകൾ ദീപ, ദീപയുടെ പത്താം ക്ലാസുകാരിയായ മകൾ, പിന്നെ ഇളയ മകൻ ലാലു. ലാലുവിൻ്റെ ഭാര്യ അംബിക. ഇത്രയും പേർ "കേരം തിങ്ങും കേരളനാട്" എന്ന പോലെ തിങ്ങി നിറഞ്ഞിരിക്കുന്നു. ട്രാഫിക് പതുക്കെ നീങ്ങി തുടങ്ങി. പോലീസുകാർ പതിയെ പതിയെ പുറകിലായി തുടങ്ങിയതും കുട്ടപ്പൻ്റെ ശകടത്തിന് വേഗവും കൂടി തുടങ്ങി. ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്ന ഓരോരോ വണ്ടികളെയും കുട്ടപ്പൻ പുഷ്പം പോലെ ഓവർടേക്ക് ചെയ്തു കൊണ്ടിരുന്നു. ഓരോ വളവ് കഴിയും തോറും വേഗത കൂടിക്കൂടി വന്നു. വളവെന്ന് പറഞ്ഞാൽ നല്ല ഗമണ്ടൻ ഹെയർപിൻ വളവുകൾ. പിന്നീടങ്ങോട്ട് നടന്നത് ഒരു മിന്നായം പോലെ മാത്രമേ ഓർമ്മയുള്ളൂ. വീഴാതിരിക്കാൻ എല്ലാവരും കാട്ടുവള്ളിയിൽ മുറുകെ പിടിച്ചു. മുൻസീറ്റിൽ ധൈര്യശാലി ചമഞ്ഞിരുന്ന നല്ലിയുടെ നിലവിളികളാണ് ആദ്യം ഉയർന്നു കേട്ടത്. 

"എടാ, ചെറുക്കാ നീ ഞങ്ങളെ കൊക്കയിൽ തള്ളി കൊല്ലാൻ കൊണ്ടുപോവാണോ? സ്പീഡ് കുറയ്ക്കടാ" അവൾ അലറി. 

കുട്ടപ്പനാണെങ്കിൽ ഏതോ കൂടിയ സാധനം വലിച്ചു കേറ്റിയിരിക്കുന്ന മട്ടാണ്. ഒരു കൂസലുമില്ല. ചിരിച്ചു കൊണ്ട് കുട്ടപ്പൻ പറഞ്ഞു. "നിങ്ങള് പേടിക്കണ്ടന്നെ. ഇതൊക്കെ ഒരു സ്പീഡ് ആണോ. ഞാൻ വളരെ നാളുകളായി ഈ റൂട്ടിൽ ഓടിക്കുന്നതാ. വെരി വെരി എക്സ്പീരിയൻസ്ഡ്."

മുത്തശ്ശിയാണെങ്കിൽ ജീവനും കയ്യിൽ പിടിച്ച് രാമനാമ ജപം തുടങ്ങി. കുട്ടപ്പൻ്റെ വാചകമടി കേട്ട് മുത്തശ്ശി ചോദിച്ചു, "എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെന്ന് ചോയ്ക്കടാ രുദ്രാ."

രുദ്രൻ ട്രാൻസ്ലേറ്റർ ആയി മാറി. ഹിന്ദിയിൽ കുട്ടപ്പനോട് ചോദ്യം ആവർത്തിച്ചു. കുട്ടപ്പൻ്റെ മറുപടി കേട്ട് ഹാർട്ട് അറ്റാക്ക് വന്നത് പോലെ എല്ലാവരും ഒന്ന് നടുങ്ങി. "ആറ് മാസം മുൻപാണ് ലൈസൻസ് കിട്ടീത്. രണ്ട് മാസമായി ഞാൻ ഇതോടിക്കാൻ തുടങ്ങീട്ട്, അറിയാമോ? നിങ്ങളൊന്നു കൊണ്ടും പേടിക്കണ്ട. നിങ്ങളായിരിക്കും ആദ്യം താഴെ എത്തുക."
ഇങ്ങനെ പോകുവാണേൽ എത്രയും പെട്ടന്ന് താഴേക്കല്ല, മുകളിലോട്ടെടുക്കാം എന്ന് മുത്തശ്ശി.
അവൻ്റെ പൊലിപ്പിക്കൽ കേട്ടപ്പോ മിനിമം ഒരഞ്ചു വർഷം എങ്കിലും പ്രതീക്ഷിച്ചു. അപ്പോഴാ രണ്ടു മാസം! അതും എന്തോരഭിമാനം.

മുന്നിലുണ്ടായിരുന്ന ട്രാൻസ്പോർട്ട് ബസും, കാറുകളും ഒക്കെ എവിടെ?! എല്ലാരും പുറകിൽ വരുന്നുണ്ടമ്മച്ചി. കുട്ടപ്പൻ ഫുൾ എനർജി. പുറകിലുള്ള കാട്ടുവള്ളിയുടെ ഉപയോഗം ഇപ്പൊ പിടി കിട്ടി. അതേൽ പിടിച്ചില്ലാർന്നെങ്കിൽ ഇപ്പോ  അനിക്സ്പ്രേയുടെ പരസ്യം പോലായേനെ. 'പൊടി പോലുമില്ല കണ്ടുപിടിക്കാൻ'! ഇതിനിടക്ക് മഴക്ക് ശക്തി കൂടി. പരീക്ഷണമാണോ ഭഗവാനേ എന്ന് മുത്തശ്ശി. ഈ വയസ്സാം കാലത്ത് ഭഗവാൻ്റെ അടുത്ത് കിടന്ന് അന്ത്യശ്വാസം വലിക്കാനാവും വിധി. ഇതിനാണോ ഇത്രയും വർഷം കാത്തിരുന്ന് വെങ്കടാചലപതി ഇങ്ങോട്ട് വരുത്തിയത്!

ഓരോ വണ്ടിയേയും ഓവർടേക്ക് ചെയ്യുമ്പോഴും, ഓരോ വളവ് തിരിയുമ്പോഴും വണ്ടിയിൽ നിന്ന് പല ഫ്രീക്വൻസിയിലുള്ള സൈറണുകൾ പോലെ പല വിധത്തിലുള്ള അലർച്ചകൾ ഒരുമിച്ച് കേട്ടു.

"അയ്യോ...! അമ്മേ...! അമ്മച്ചീ...!"
"എൻ്റെ തിരുമാന്ധാംകുന്ന് ഭഗവതീ..."
"എൻ്റെ ഗുരുവായൂരപ്പാ..."
"രാമ രാമ രാമ..."
"ശിവനേ... കാത്തോളണേ"
"കർത്താവേ...ഈശോയേ..." (അത് ദീപയുടെ കോൺവെൻ്റ് സ്കൂളിൽ പഠിക്കുന്ന മകളാണ്).
എന്നിങ്ങനെ ഓരോരോ ദൈവനാമങ്ങൾ ഡി ജെ പാട്ടുകളുടെ ഇടയിലൂടെ ഉയർന്നു കേട്ടു.

ശകടം തിരിയുന്നതിനൊപ്പിച്ച്, പാട്ടിനൊപ്പിച്ച് വണ്ടിയിലുള്ള ഓരോരുത്തരേയും എടുത്തമ്മാനമാടുന്ന കാഴ്ച. കുട്ടികൾ കരച്ചിലായി. "മമ്മീ...ലെറ്റ്സ് ഗോ ബാക്ക് റ്റു ദുബായ്." ധൈര്യം സംഭരിച്ചിരുന്ന നല്ലി അതാ അലറിക്കൊണ്ട് കാട്ടുവള്ളിയിൽ തൂങ്ങിയാടുന്നു. ഒരു കൈ കൊണ്ട് രുദ്രൻ അവളെ മുറുക്കെ പിടിച്ചിട്ടുണ്ട്. മഴയുടെ ശക്തി കൂടി കൂടി മുന്നിലുള്ള കാഴ്ചകളെ മറക്കുന്നുണ്ട്. വണ്ടിയെ പുതപ്പിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് കാറ്റത്ത് അനുസരണയില്ലാതെ പറന്നുയർന്ന് കളിക്കുന്നത് കൊണ്ട് അകത്തിരിക്കുന്നവർക്കൊക്കെ മഴ നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്. മഴ...കൊക്ക...ജോൺസൺമാസ്റ്റർ അല്ല, തെലുങ്ക് മാസ്റ്റർ എന്നൊക്കെ കാവ്യാത്മകമായി പറയാം. 

ഇതിനിടക്കാണ് കുട്ടപ്പൻ്റെ അടുത്ത അടവ്. മുത്തശ്ശി നോക്കുമ്പോഴുണ്ട് ലവൻ ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് പിടിച്ച് മറ്റേ കൈയിൽ ഒരു കീറതുണി എടുത്ത് പകുതി ദേഹം വണ്ടിയിൽ നിന്നും പുറത്തേക്കിട്ട് ചില്ലിൻ്റെ മുൻഭാഗം തുടക്കുന്നു. അപ്പോഴാണ് എല്ലാവർക്കും മറ്റൊരു നഗ്നസത്യം മനസ്സിലായത്. വണ്ടീടെ ഒരു വൈപ്പർ പണി മുടക്കാണ്. കൂറ്റാകൂരിരുട്ടും കോരിച്ചൊരിയുന്ന മഴയും ഹെയർപിൻ വളവുകളും! എത്ര ഭയാനകമായ കോംബിനേഷൻ. ഇനിയൊരിക്കലും നമ്മൾ ദുബായ് കാണില്ലല്ലോ രുദ്രേട്ടാ എന്നും പറഞ്ഞ് നല്ലി തല തല്ലി കരഞ്ഞു. മരണത്തോട് മുഖാമുഖം കാണുക എന്ന് പറയുന്നത് ഇതാണോ എന്ന് ദീപ.

ഇതെല്ലാം കണ്ട് പെരുവിരലിൻ്റെ  തുമ്പത്ത് നിന്ന് കേറി വന്ന തരിപ്പിനോട് അടങ്ങിയിരിക്കാൻ പറഞ്ഞു കൊണ്ട് മുത്തശ്ശി കുട്ടപ്പൻ്റെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തിട്ട് പറഞ്ഞു, "ഗാഡി ടീക് സെ ചലാവോ സാമദ്രോഹി..." എല്ലാവരും ഒരു നിമിഷത്തേക്ക് വാ പൊളിച്ച് മുത്തശ്ശിയെ നോക്കി. ഹിന്ദി സീരിയൽ കാണുന്നതിൻ്റെ ഗുണമാടാ എന്ന് മുത്തശ്ശി.
 
പിന്നീടങ്ങോട്ട് എങ്ങനെയൊക്കെയോ മുന്നിലുള്ള സകലവണ്ടികളെയും പിന്നിലാക്കിക്കൊണ്ട് ഇക്കണ്ട ഹെയർപിൻ വളവുകളും താണ്ടി നമ്മുടെ ശകടം വലിയ കേടുപാടുകൾ ഇല്ലാതെ ഏറ്റവുമാദ്യം താഴെ ലാൻഡ് ചെയ്തു. നടു ഒരു കണക്കിന് നിവർത്തി ജീവനോടെ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം എല്ലാവരും ശകടത്തിൽ നിന്നും ജീവനും കൊണ്ട് ചാടി പുറത്തിറങ്ങി. നീണ്ട ട്രാഫിക്കിൻ്റെ ഏറ്റവും പിറകിൽ നിന്ന് ഒരു ഫോർമുല വൺ റേസിൽ എന്ന പോലെ ഓടിച്ച് ഏറ്റവും മുന്നിലെത്തിച്ച ഉലഗപ്പ തങ്കസ്വാമി തിരുജ്ഞാനം Aka കുട്ടപ്പൻ എന്ന  ഡ്രൈവറെ മുത്തശ്ശി കൈ കാട്ടി അടുത്തേക്ക് വിളിച്ചു. കുട്ടപ്പൻ അനുസരണയോടെ അടുത്തേക്ക് വന്നതും മുത്തശ്ശി അവൻ്റെ വലത്തേ ചെവി പിടിച്ച് തിരിച്ചു കൊണ്ട് പറഞ്ഞു, "കോൻ സിഖായ ഡ്രൈവിംഗ് തുമേ? അഗ്‌ലെ ബാർ തും നഹി നഹി. നഹീന്ന് പറഞ്ഞാ നഹി..." 

എൻ്റെ വെങ്കട്ടരാമാ...ജീവനോടെ തിരിച്ച് എത്തിച്ചല്ലോ നീ...! എന്ന പ്രാർത്ഥനയോടെ ഒരു ദീർഘനിശ്വാസത്തോടെ എല്ലാവരും ഹോട്ടലിലേക്ക് കയറുമ്പോൾ ഏറ്റവും മുന്നിൽ പോയിരുന്ന ട്രാൻസ്പോർട്ട് ബസ് അതാ ആടിപ്പാടി വരുന്നത് ദൂരെ നിന്ന് കണ്ടു. നീണ്ട നിരയുടെ അവസാന പൊസിഷനിൽ നിന്നിരുന്ന നമ്മൾ എത്ര വേഗത്തിലാണ് ഒന്നാം സ്ഥാനത്തെത്തിയത് എന്നോർത്ത് കൊച്ചുമക്കൾ എല്ലാം മറന്ന് നിഷ്കളങ്കമായി കൈ കൊട്ടി ചിരിച്ചു. ശരിക്കും അവർക്കിതൊരു ഫോർമുല വൺ റേസിംഗ് തന്നെ ആയിരുന്നു. 

എന്നാലും മുത്തശ്ശിയുടെ പ്രാർത്ഥന അപ്പാടെ കേട്ടെന്ന പോലെ തന്നെ ഈരേഴ് പതിന്നാലു ലോകങ്ങളും ഒറ്റ ദിവസം കൊണ്ട് കാണിച്ചു കൊടുത്തല്ലോ മഹാപ്രഭോ! അങ്ങനെ മുത്തശ്ശിക്ക് മരണം വരെയും മറക്കാതിരിക്കാനും മാത്രമുള്ള ഓർമ്മകൾ സമ്മാനിച്ച തിരുപ്പതികാരം ഇവിടെ അവസാനിക്കുന്നു. 

NB: നടന്ന സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ കഥ. ഈ വണ്ടിയിൽ ഉണ്ടായിരുന്ന എല്ലാവരും ജീവനോടെ പരിക്കുകൾ ഒന്നുമില്ലാതെ  തിരിച്ചെത്തിയെന്ന സന്തോഷ വാർത്ത നിങ്ങളെ അറിയിച്ചു കൊള്ളട്ടെ.



Comments

Post a Comment

Popular posts from this blog

ചിലന്തി മനുഷ്യർ

Mission Mirage - Pursuit Of A Perfect School

A souvenir of love - Chapter 1