ഇരുട്ട് എന്ന വരം
സ്വതന്ത്രമായൊരു രാത്രി ! കുറെ നാളുകളായി ആഗ്രഹിക്കുന്ന ഒന്നാണ്. ആരെയും പേടിക്കാതെ എവിടെ വേണമെങ്കിലും ഇറങ്ങി നടക്കാം എന്നുള്ള വരം ... അങ്ങനെയാണെങ്കിൽ ആദ്യം എവിടെ പോകും ? അതൊരു ചോദ്യമാണ് !
ആദ്യം എനിക്ക് രാത്രിയിലെ കടല് കാണണം, കടലിനു മുകളിലെ ആകാശത്തിൽ നിറഞ്ഞു നില്ക്കുന്ന നിലാവും നക്ഷത്രങ്ങളും കാണണം ... ഒറ്റയ്ക്ക് കടൽത്തീരത്ത് അങ്ങനെ കുറച്ചു നേരം.
പകല് കാണുന്ന കടലമ്മയല്ല രാത്രി എന്നാണ് കേട്ടിട്ടുള്ളത് . സാധാരണ കടല് കാണാൻ പോയാൽ ഇരുട്ട് വീണു തുടങ്ങുമ്പോഴേക്കും എല്ലാത്തിനേം ആട്ടിതെളിച്ച് തിരിച്ചു വീട്ടിലേക്കു മടക്കും. രാത്രി അവിടം സുരക്ഷിതമല്ലത്രേ... പ്രത്യേകിച്ച് സ്ത്രീകൾക്ക്. അന്ന് മുതൽ മനസ്സിൽ കൊതിയാണ് രാത്രിയുടെ ഇരുട്ടിലും നിലാവിന്റെ പട്ടുടുത്ത് സുന്ദരിയായിരിക്കുന്ന കടലെന്ന പെണ്ണിനെ കാണാൻ. ഒരു പെണ്ണിന് വേറൊരു പെണ്ണിനെ കാണാനും വേണം സമയവും കാലവും !
രാത്രിയുടെ മറവിൽ പുരുഷന്മാർ സഞ്ചരിക്കുന്നയിടങ്ങളിലൊക്കെ ഒന്നെത്തി നോക്കണമെന്നുണ്ട് . ബാറുകളും കഫെകളും ചുവന്ന തെരുവുകളും... വേറൊന്നിനുമല്ല, ഈ രാത്രികൾ ഇവർക്ക് നല്കുന്നതെന്താണോ അത് തന്നെയാണോ നമുക്കും വച്ചു നീട്ടുക എന്നറിയാൻ ഒരു കൗതുകം. പകൽ വെളിച്ചത്തിൽ കാണുന്ന വഴികൾ രാത്രിയുടെ ഇരുട്ടിലും അതുപോലെയാണോ ? അല്ലെന്നറിയാം...
പകൽ മുഴുവനും വെയിൽ കൊണ്ട് പിച്ചയെടുത്ത ആ അമ്മയും കുഞ്ഞും എവിടെയാണ് കിടന്നുറങ്ങുന്നുണ്ടാവുക ? പലയിടങ്ങളിൽ പണിക്കു നില്ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കിടന്നുറങ്ങുന്നത് നഗരത്തിലെ ട്രാഫിക് സിഗ്നലിനു കീഴെയോ അതോ ബസ് സ്റ്റാന്റിലെ കടത്തിണ്ണയിലോ... എത്ര മുഴുക്കള്ളന്മാർ ? എത്ര അരക്കള്ളന്മാർ ? ഏതൊക്കെ വീടുകളിലാണ് ഇന്നവർക്ക് ഡ്യൂട്ടി ... അങ്ങനെ ഒത്തിരി കുഞ്ഞു വലിയ കാര്യങ്ങൾ .
വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂർ നഗരത്തിലെ രാത്രികൾ കണ്ടിട്ടുണ്ട് ... അവിടെ പക്ഷേ നിലാവെളിച്ചമില്ല ,പകരം മിന്നുന്ന ഇലക്ട്രിക് ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമാണ് . അതിനിടയിൽ മദ്യമൊഴിച്ച ഗ്ലാസ്സുകൾ പിടിച്ച് എല്ലാം മറന്നു നൃത്തം ചെയ്യുന്നവർ ... കാതടപ്പിക്കുന്ന വെസ്റ്റേൺ മ്യൂസിക് ... അന്ന് പബ്ബുകൾക്കും ഡിസ്കുകൾക്കും തോന്നിയിരുന്ന ഭംഗി ഇന്നെന്തു കൊണ്ട് തോന്നുന്നില്ല ?! ഇന്നെനിക്കു ഏതു പാതിരാക്കും തുറന്നിരിക്കുന്ന കൊച്ചിയിലെ കൊച്ചു തട്ടുകടകളിൽ കയറി കട്ടനും ഓം ലെറ്റും കഴിക്കാനാണ് ആഗ്രഹം . എന്നിട്ട് മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു മുകളിൽ നിന്ന് കായല് കാണണം . അവിടന്ന് പിന്നെ കൊച്ചു വള്ളത്തിൽ കായലിലെക്കൊരു യാത്ര ... രാത്രിയും നിലാവും കായലും നക്ഷത്രങ്ങളും ചേർന്നൊരുക്കുന്ന സ്വർഗത്തിൽ കുറച്ചു നേരം അങ്ങനെ ... എന്റെയെന്നോ എന്റെതെന്നോ പറയാൻ ആരുമില്ലാതെ , ഒന്നുമില്ലാതെ എല്ലാം മറന്നുള്ള കുറച്ചു നിമിഷങ്ങൾ വേണം എനിക്ക് .
ദാർശനികതയും ഭൗതികതയും ഒരുമിക്കുന്ന നിമിഷങ്ങളിലാണ് നമുക്ക് സ്വയം അറിയാൻ കഴിയുന്നത് എന്ന് എവിടെയോ കേട്ടിരിക്കുന്നു.
ഒരു പക്ഷേ , ബാംഗ്ലൂർ ആയിരുന്നെങ്കിൽ എനിക്ക് കുറച്ചു കൂടെ കാര്യങ്ങളുണ്ട് ലിസ്റ്റിൽ . രാത്രികളിൽ ഹോസ്റ്റലുകളിൽ നിന്നും അണിയിച്ചൊരുക്കി കൊണ്ട് പോകുന്ന പെൺകുട്ടികൾ ശരിക്കും എങ്ങോട്ടാണ് പോകുന്നത് ? ഡാൻസ് ബാറുകളിലേക്കോ അതോ ....? അറിഞ്ഞിട്ടെന്തിനാ എന്ന് ചോദിച്ചാൽ , അറിഞ്ഞിട്ടു കാര്യമുണ്ട് . ഒരു കുട്ടിയെ എങ്കിലും ഇതിൽ നിന്നും പുറത്തെത്തിക്കാൻ കഴിയണം എന്നൊരു തോന്നൽ . അതിനുള്ള ധൈര്യം ഉണ്ടോടീ നിനക്ക് എന്നാരെങ്കിലും ചോദിച്ചാൽ , തീർച്ചയായും ഉണ്ട് എന്ന് പറയും ഞാൻ . വീരവാദം മുഴക്കാൻ ആർക്കും പറ്റും അല്ലേ ? പക്ഷേ, അങ്ങനെ ഒരു ഭീതിയുടെ പാരമ്യത്തിൽ നില്ക്കേണ്ടി വരുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്. ധൈര്യമില്ലാത്തവർ രാത്രി തനിച്ചു പുറത്തേക്കിറങ്ങാതിരിക്കുന്നതാണ് നല്ലത്.
പണ്ട് തമിഴ്‌നാട്ടിലെ കോളേജിൽ നിന്നും ഓണാവധിക്ക് വീട്ടിൽ വരാൻ ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ ചെയ്ത ഒരു അതിസാഹസ യാത്ര ഓർമ വരുന്നു.
ലോട്ടറി അടിക്കുന്നത് പോലെയാണ് അവിടെ അവധി പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് ടിക്കറ്റ് ഒക്കെ കിട്ടാക്കനിയായിരുന്നു. ടീ ഗാർഡൻ എക്സ്പ്രസ്, ബോംബെ ജയന്തി ഈ രണ്ടു ട്രെയിനുകളായിരുന്നു ആകെയുള്ള പ്രതീക്ഷ. പക്ഷേ, അന്നത്തെ തിരക്ക് കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നോക്കി നിൽക്കാനേ കഴിഞ്ഞുളളൂ.
ജനറൽ കമ്പാർട്ട്മെന്റിലൊന്നും സൂചി കുത്താൻ ഇടമില്ല. അങ്ങനെ നോക്കി നിന്ന് നിന്ന് അന്നത്തെ അവസാനത്തെ ട്രെയിനും കടന്നു പോകാൻ തുടങ്ങി. കൂടെ ഉണ്ടായിരുന്ന LLB കഴിഞ്ഞ് MBA പഠിക്കാൻ വന്ന വക്കീലമ്മയുടെ കൈയും വലിച്ചു നേരെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ ചാടിക്കയറി. കൈയിൽ കഷ്ടിച്ച് വീട്ടിൽ എത്താനുള്ള പൈസയുണ്ട്. TTR വന്നാൽ എന്ത് ചെയ്യും ? ഫൈൻ അടിച്ചാൽ ? ഒന്നാമത് TTR മാർക്ക് സ്റ്റുഡന്റ്സ് നെ അത്ര മതിപ്പില്ല. എങ്ങനെ ഉണ്ടാവാനാ! അമ്മാതിരി കന്നം തിരിവാണല്ലോ ഓരോരുത്തൻമാര് വണ്ടിയിൽ കേറിയാൽ കാണിക്കുന്നത്. അടി, ഇടി, കുത്ത്, വെട്ട് എന്ന് വേണ്ട ഒരു ടോളിവുഡ് സിനിമക്ക് വേണ്ട എല്ലാം ഈ വണ്ടികളിൽ കയറിയാൽ കാണാം.
രണ്ടും കല്പിച്ചു തറയിൽ പത്രക്കടലാസ് വിരിച്ച് കുത്തിയിരുന്നു . പ്രതീക്ഷിച്ച പോലെ തന്നെ TTR വന്നു , ഫൈൻ അടിച്ചു . പൈസ ഇല്ലെന്ന് കൈ മലർത്തിയപ്പോൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കോളണം എന്നായി. കരഞ്ഞു കാലു പിടിച്ചു നോക്കി. ഞങ്ങൾ പാവം പെൺകുട്ടികളല്ലേ എന്ന് ഡയലോഗും. അതേറ്റു. ഞങ്ങൾ രണ്ടു പെൺകുട്ടികളെ ഈ പാതിരാക്ക് ഏതെങ്കിലും കാട്ടുമുക്കിൽ അങ്ങനെ ഇറക്കി വിട്ടാൽ അതിന്റെ ക്ഷീണം അങ്ങേർക്കും കൂടെ ആണെന്ന് തോന്നിയത് കൊണ്ടാവണം , ഇനി വരുന്ന വലിയ സ്റ്റേഷനിൽ ഇറങ്ങണം എന്നാക്കി.
പക്ഷേ, ഞങ്ങൾ ഉറപ്പിച്ചു, അങ്ങനെ ഇറങ്ങാനൊന്നും പോണില്ല. തൃശൂർ എത്തുമ്പോൾ വക്കീലമ്മ ഇറങ്ങും , കൂടെ ഞാനും. വൃത്തികെട്ട ടോയ്ലറ്റിലും മറ്റുമായി ഒളിച്ചും പാത്തും തൃശൂർ വരെ എത്തിച്ചു. സമയം ഏകദേശം 3 - 3.30 AM ആയിക്കാണും. ട്രെയിനിൽ നിന്നിറങ്ങാൻ വയ്യാത്ത അവസ്ഥ, TTR വാതില്ക്കൽ. നേരെ പുറകിലത്തെ വാതിലിലൂടെ ചാടിയിറങ്ങി . കണ്ടു ...അങ്ങേരത് കണ്ടു. പുറകെയുണ്ട്... ഞങ്ങൾ ആ ഇരുട്ടിന്റെ മറവിലൂടെ നേരെ റയിൽവേ ട്രാക്കിലൂടെ എങ്ങോട്ടെന്നില്ലാതെ വെച്ചടിച്ചു. ഒരു സൈഡിൽ ട്രെയിൻ , ഒരു സൈഡിൽ കുറ്റിക്കാട്. ഒന്നേ മനസ്സിലുണ്ടായിരുന്നുള്ളൂ കള്ള വണ്ടി കയറി എന്നൊരു ചീത്തപ്പേര് വരരുത്. അല്പനേരം നടന്നതിനു ശേഷം രണ്ടും കല്പിച്ചു തിരിഞ്ഞു നോക്കി . ഇല്ല , ആരുമില്ല... ഇരുട്ടാണ്, നല്ല കരിമഷി പോലത്തെ ഇരുട്ട്. ട്രെയിൻ പോകുന്നത് വരെ ആ കുറ്റിക്കാടിന്റെ മറയിൽ ഞങ്ങൾ രണ്ടു പെൺകുട്ടികൾ !
ട്രെയിൻ പോയതും അവിടന്നിറങ്ങി സ്റ്റെഷനിലേക്കൊരോട്ടം ആയിരുന്നു . കള്ളന്മാരെ പോലെ പേടിച്ച് , അവിടെ ഉണ്ടായിരുന്ന പോലീസുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തു കടക്കുമ്പോൾ എന്തോ ഭയത്തിന്റെ കൊടുമുടിയിൽ നിന്ന് ആശ്വാസത്തിന്റെ നീരൊഴുക്കിലേക്ക് വന്നു വീണത് പോലെ തോന്നി . അന്നാദ്യമായി രാത്രിയുടെ ഇരുട്ട് ഒരു സുരക്ഷാകവചമായി ഞങ്ങളെ പൊതിഞ്ഞത് പോലെ തോന്നി . ഇരുട്ട് പുതപ്പിച്ചു ഞങ്ങളെ രക്ഷപെടുത്തിയ രാത്രിയോട് നന്ദി പറഞ്ഞിറങ്ങുമ്പോൾ പകലിന്റെ സ്വർണവെളിച്ചം കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു .
ഇനിയൊരു രാത്രി കിട്ടിയാൽ, എന്റെ എല്ലാ പെൺ സുഹൃത്തുക്കളെയും കൂട്ടി ഒരു യാത്ര പോവും... ചിലപ്പോൾ തൊട്ടടുത്ത്... ചിലപ്പോൾ അങ്ങ് ദൂരെ... ഒന്നും നമ്മൾ തീരുമാനിക്കുന്നില്ല , എല്ലാം സംഭവിക്കുകയാണ്... ഇതും സംഭവിക്കട്ടെ !
Comments
Post a Comment