കടം കഥയുടെ ഉത്തരം

സൂര്യരശ്മികളുടെ പ്രഭാവം ഉച്ചസ്ഥായിയിൽ എത്തി നില്ക്കുന്നു. കായലിനരികിലൂടെ ഉള്ള കോണ്‍ക്രീറ്റ് നടപ്പാതയുടെ ഇരുവശങ്ങളിലും നിറയെ ഗുൽമോഹർ മരങ്ങളാണ് . ഈ തണൽ മരങ്ങളാണ് ചൊരിഞ്ഞു നില്ക്കുന്ന ചൂടിൽ ഒരേ ഒരു ആശ്വാസം. നടപ്പാത മുഴുവനും കൊച്ചു കുഞ്ഞാറ്റ കുരുവികൾ കൈയടക്കി കഴിഞ്ഞിരിക്കുന്നു. ഗുൽമോഹർ മരങ്ങളുടെ തണുത്ത തണലിൽ തുള്ളിച്ചാടി കിന്നാരം പറഞ്ഞു നടക്കുന്ന അവയെ നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല. 

നടപ്പാതയുടെ ഒരു വശത്ത് ശാന്തമായ കായലാണെങ്കിൽ, മറുവശം മനുഷ്യരുടെ വേലിയേറ്റവും വേലിയിറക്കവും കൊണ്ട് അശാന്തമായ കടൽ പോലെ മാളുകൾ ആണ്. മാളുകൾ ഇന്ന് പട്ടണ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു. ഈ മാളുകളിൽ ഒന്നിലാണ് സാനുവിന്റെ ഓഫീസും. ഊണ് കഴിഞ്ഞുള്ള വിശ്രമ വേളകളിൽ ഒന്ന് കാറ്റ് കൊള്ളാൻ ഇറങ്ങുന്നത് അവന്റെ പതിവാണ്. നടപ്പാതയിലൂടെ കടന്നു പോകുന്ന ഓരോ മുഖങ്ങളെയും നിരീക്ഷിക്കുക എന്നത് അവനൊരു നേരം പോക്കായിരിക്കുന്നു. എത്രയെത്ര മുഖങ്ങൾ ! എത്രയെത്ര ഭാവങ്ങൾ ! ഈ സമയം കാണുന്ന കാഴ്ചകളിൽ മുഴുകി പലപ്പോഴും ഓഫീസിൽ തിരിച്ചു കയറാൻ വൈകുന്നത് ഒരു സ്ഥിരം പ്രശ്നമായിരിക്കുന്നു. പൊതുവെ നിരീക്ഷണം അല്പം കൂടുതലാണെന്നാണ് കൂട്ടുകാർക്കിടയിൽ സാനുവിനെപ്പറ്റിയുള്ള അഭിപ്രായം. അത് ശരിയാണെന്ന് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അവനും തോന്നാറുണ്ട്. അന്നും പതിവ് പോലെ നേരം പൊക്കുമായി ഇരിക്കുമ്പോഴാണ് തൊട്ടപ്പുറത്തെ മരത്തണലിൽ ഒറ്റക്കിരിക്കുന്ന ആ പെണ്‍കുട്ടിയെ അവൻ ശ്രദ്ധിക്കുന്നത്. അന്നാണ് അവളെ ആദ്യമായിട്ടും അവസാനമായിട്ടും അവൻ കാണുന്നത്. ചുമ്മാ ഒരു വായ്നോട്ടം എന്ന് കരുതിയെങ്കിൽ തെറ്റി. അവളെ ശ്രദ്ധിക്കുവാൻ കാരണമുണ്ട്. അവൾ ഗർഭിണിയാണ്. ഏഴോ എട്ടോ മാസം തോന്നും കണ്ടാൽ. പ്രായം ഇരുപതിനപ്പുറം തോന്നില്ല. ഒരു ചെറിയ പെണ്‍കുട്ടി. മലയാളിയാണെന്ന് തോന്നുന്നില്ല. ജീൻസും ടോപ്പുമാണ്‌ വേഷം. നമ്മുടെ നാട്ടിൽ ജീൻസും ടോപ്പുമിട്ട ഒരു ഗർഭിണി, അതും ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുന്നത് കാണാൻ തരമില്ല. അതാണ്‌ പറഞ്ഞത് അവളെ ശ്രദ്ധിക്കുവാൻ കാരണം ഉണ്ടെന്ന്‌. 

സാനു അവളുടെ മുഖഭാവം ശ്രദ്ധിച്ചു. വെയില് കൊണ്ട് ആകെ വാടി തളർന്ന ഒരു പൂവ് പോലെ ... ആരെയും പ്രതീക്ഷിചിരിക്കുകയല്ല . അത് മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്. ഒരു വിഷാദ ഭാവം നിഴലിക്കുന്നുണ്ടോ? എന്തായാലും സന്തോഷമില്ല ആ കണ്ണുകളിൽ. കൈയിൽ ഒരു ഹാൻഡ് ബാഗും മൊബൈലും മാത്രം. രണ്ടും ആധുനികത നിറഞ്ഞു നില്ക്കുന്നവ തന്നെ. കണ്ടിട്ട് നല്ല ഏതോ കുടുംബത്തിൽ പെട്ടതാണെന്ന് ഉറപ്പ്. എന്തിനായിരിക്കും ഇവിടെ ഒറ്റയ്ക്ക് വന്നിരിക്കുന്നത് ? താൻ മാത്രമല്ല, വഴിയിലൂടെ കടന്നു പോകുന്നവരെല്ലാം തന്നെ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന് സാനുവിന് മനസ്സിലായി. അല്ലെങ്കിലും നമ്മുടെ നാട്ടുകാർക്ക്‌ അസാധാരണമായ എന്ത് / ആരെ കണ്ടാലും ഒരു ചളുപ്പും ഇല്ലാതെ നോക്കി നില്ക്കുന്ന സ്വഭാവം ഉണ്ടല്ലോ. താനും ഇപ്പോൾ അത് തന്നെയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത് എന്നോർത്തപ്പോൾ അവൻ കണ്ണുകൾ പിൻവലിച്ചു. പക്ഷെ, സാധിക്കുന്നില്ല. കണ്ണുകൾ വീണ്ടും അവളെ ചുറ്റിപറ്റി തന്നെ നിന്നു. അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ടോ ? സാനു വേഗം തല ചൊറിഞ്ഞുകൊണ്ട് മൊബൈലെടുത്ത് ആരെയോ വിളിക്കുന്നത്‌ പോലെ ഭാവിച്ചു. 

ഏയ് ...തന്നിക്ക് തോന്നിയതാവും. അവൾ വേറെ ഏതോ ലോകത്തിലെന്ന പോലെ ഒരേ ഇരുപ്പാണ് . തന്റെ ചുറ്റിനും നടക്കുന്നതൊന്നും തന്നെ അവൾ അറിയുന്നില്ല . കാര്യമായ എന്തോ പ്രശ്നം അവളെ അലട്ടുന്നുണ്ട് എന്നവനു തോന്നി . ഒരു പക്ഷെ, വല്ല കള്ളക്കാമുകനും ചതിച്ചതാവുമോ? കായലിൽ ചാടി ജീവനൊടുക്കാനുള്ള ആലോചന വല്ലതും ആണോ ? സാനുവിന്റെ മനസ്സ് കഥകൾ മെനഞ്ഞു തുടങ്ങി. കല്യാണം കഴിഞ്ഞതാണെന്ന് തോന്നുന്നു. സിന്ദൂരരേഖയിൽ മിന്നായം പോലെ കണ്ടു ചുവപ്പിന്റെ സൗന്ദര്യം. പക്ഷെ, പൊട്ട് ഇല്ല. ഒരു ഉത്തരേന്ത്യൻ ഛായ. ഇനി ചിലപ്പോൾ ഭർത്താവ്‌ ഉപേക്ഷിച്ചതാവുമോ? എന്തായാലും ഗർഭിണിയായ ഇവളെ ഈ നഗര മധ്യത്തിൽ, കൊടും വെയിലത്ത്‌  ഉപേക്ഷിച്ചവർ ആരായാലും അവർ കണ്ണിൽചോരയില്ലാത്തവർ തന്നെ. 

ഇതിനിടക്ക്‌ രണ്ടു കൈനോട്ടക്കാരികൾ ഇരകളെ തിരഞ്ഞു പിടിക്കാൻ മത്സരിച്ചു കൊണ്ട് രംഗത്തേക്ക് കടന്നു വന്നു. അതിലൊരുവൾ തന്റെ നേർക്ക്‌ വരുന്നത് കണ്ട്‌ സാനു 'വേണ്ട' എന്ന് ആംഗ്യം കാണിച്ചു. ഒരു ഇരയെ നഷ്ടപെട്ട വിഷമത്തിൽ നടന്നു നീങ്ങുമ്പോഴാണ് അവൾ അവരുടെ കണ്ണിൽ പെട്ടത്. നല്ലൊരു ഇരയെ കിട്ടിയ സന്തോഷത്തിൽ രണ്ടു പേരും അവളുടെ അടുത്തേക്ക് ആഞ്ഞു പിടിച്ചു. "കൈ നോക്കണോ മോളെ? " അതിലൊരുത്തി ചോദിച്ചു. അവൾ ഒന്നും മനസ്സിലാകാത്തത് പോലെ അവരുടെ മുഖത്തേക്ക് നോക്കി. അവർ ആംഗ്യഭാഷയിൽ പിന്നെയും ചോദിച്ചു. അവർ വല്ലാത്ത ഒരു മുഖഭാവത്തോടെ അവളെ നോക്കിക്കൊണ്ട്‌ വീണ്ടും ചോദിച്ചു. "മലയാളം... ?? മലയാളം ..? " ' അറിയില്ല ' എന്നവൾ മുദ്ര കാണിച്ചു. അവർ അവളെ വിടാൻ ഭാവമില്ല. "ഗർഭിണിയാാ? " എന്നവർ. അവളുടെ മുഖത്ത് നീരസം തെളിഞ്ഞു കാണാം. കണ്ണ് കണ്ടൂടെ എന്ന മട്ടിൽ അവൾ അവരെ രൂക്ഷമായി നോക്കി. 

ഇനി നിന്നാൽ ശരിയാവില്ല എന്ന് തോന്നിയിട്ടാവണം ചോദ്യശരങ്ങൾ അവസാനിപ്പിച്ചു കൊണ്ട് , 'കഷ്ടം' എന്നവളെ നോക്കി പരിതപിച്ചു കൊണ്ട് അവർ നടന്നു നീങ്ങി. ഇതേതോ കേസ്കെട്ടാണെന്ന് പുച്ഛവും പരിഹാസവും ഒപ്പം അല്പം സഹതാപവും കലർന്ന സ്വരത്തിൽ അവർ കുശുമ്പ് പറയുന്നുണ്ടായിരുന്നു. അവർ വീണ്ടും അതേ ഇരിപ്പ് തുടർന്നു. ഓ! സമയം പോയതറിഞ്ഞില്ല. സാനു വാച്ചിലേക്ക് നോക്കി. തനിക്കു ഓഫീസിൽ കയറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പോകുന്നതിനു മുൻപ് അവളോട്‌ എന്തൊക്കെയോ ചോദിക്കണമെന്ന് അവനു തോന്നി. പക്ഷേ, കഴിയുന്നില്ല. ആരാണെന്നോ എന്താണെന്നോ അറിയാത്ത തന്നോട് ഭാഷ പോലുമറിയാത്ത അവൾ എന്തിനു സംസാരിക്കണം? അങ്ങനെ ഒരു പെണ്ണും സംസാരിച്ചെന്ന് വരില്ല. ഇനി ചിലപ്പോൾ അവൾ ഊമയാണെങ്കിലോ.... അങ്ങനെയും സംശയിക്കാം. അതുകൊണ്ട് ഈ കടം കഥയെ ഇവിടെ ഉപേക്ഷിച്ചു പോകുന്നതായിരിക്കും നല്ലത്. ഉത്തരം കിട്ടാത്ത ഒരു കടം കഥയായി ഇവൾ മനസ്സിലിരിക്കട്ടെ. സാനു തിരിഞ്ഞു നടന്നു. 

********************************************************************************************************** 

അരുണിമക്ക്  ചിരിയടക്കാൻ കഴിഞ്ഞില്ല. കാറിലേക്ക് കയറിയതും അവൾ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവളുടെ പേരിനെ അന്വർഥമാക്കും പോലെ മുഖം ചുവന്നു തുടുത്തിരുന്നു. തൊട്ടടുത്തിരുന്ന അമ്മ അവളെ നോക്കി അമ്പരന്നു.

"എന്തു പറ്റി? "പെണ്ണേ, നിനക്ക് വട്ടായോ? എന്തോ എവിടെയോ ഒപ്പിച്ചു വച്ചിട്ടുള്ള വരവാണല്ലോ. മുഖം കണ്ടാലറിയാം. " അവൾ ചിരിയടക്കാൻ പാട്പെട്ടു കൊണ്ട് പറഞ്ഞു. 

" പറയാമ്മേ ....ഒരു മിന്ട്ട്." അവൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു. ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് മുഖത്ത് ശാന്തഭാവം വരുത്താൻ ശ്രമിച്ചു. പക്ഷേ ആ ശ്രമം വിഫലമായി. മുഖത്ത് വീണ്ടും ചിരിയുടെ അലകൾ തിരയടിച്ചു. " അമ്മേ... ഇന്നൊരു രസമുണ്ടായി.കുറച്ചു പേരെ ശരിക്കും ഒന്ന് വടിയാക്കി. " 

"നിന്റെ കുട്ടിക്കളി മാറ്റാൻ സമയമായി ട്ടോ. ഒരു കൊച്ചിന്റെ അമ്മയാവാൻ പോണു. എന്നിട്ടും ഇപ്പോഴും കുട്ടി ആണെന്നാണ് വിചാരം. ഡെലിവറി ബാംഗ്ലൂർ വച്ച് മതിയെന്ന് പറഞ്ഞതാ. ആര് കേൾക്കാൻ? ഇവിടെ വന്നു ഓരോന്ന് ഇതുപോലെ ഒപ്പിച്ചു വയ്ക്കും. എനിക്ക് ഒറ്റയ്ക്ക് നിന്നെ നോക്കാനാവില്ല കുട്ടീ... പത്തു മുപ്പതു വയസ്സായി നിനക്ക്. അതെങ്കിലും ഓർത്ത്‌ ഒന്ന് സീരിയസ് ആയിക്കൂടെ ? " അമ്മ പരിഭവിച്ചു. 

 "ശോ! ഈ അമ്മ. ഇത് കൊണ്ടോക്കെയാ നിങ്ങളൊക്കെ തല നരച്ചു വേഗം വയസ്സായി അമ്മൂമ്മയായത്. എന്നെ കണ്ടാൽ ആരെങ്കിലും പറയോ മുപ്പതു വയസ്സുണ്ടെന്നു? മനസ്സ് ചെറുപ്പം ആയിരിക്കണം അമ്മേ... ഇതൊക്കെയല്ലേ ജീവിതത്തിലൊരു രസം." എന്ത് പറഞ്ഞാലും അവളുടെ ഈ ഫിലോസഫി കേൾക്കുമ്പോൾ അമ്മ തോൽവി സമ്മതിക്കും. 'ഇവളോട്‌ ഒന്നും പറഞ്ഞു ജയിക്കാൻ പറ്റില്ല. പണ്ടേ ഇവളിങ്ങനാ...' എന്ന് ആത്മഗതം. 

 "ആട്ടെ , ഇന്നെന്താ നീ ഒപ്പിച്ചത് ? അത് പറ. " 

 "അമ്മ കടയിൽ പോയ അത്രയും സമയം ഞാൻ കായലിനരികിൽ ഒറ്റക്കിരിക്കുകയായിരുന്നല്ലോ. ഈ വയറും വച്ച് ഒരു ചെറിയ പെണ്ണ് ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാൽ നമ്മുടെ നാട്ടുകാർ തുറിച്ചു നോക്കുമെന്ന കാര്യത്തിൽ വല്ല സംശയവും ഉണ്ടോ? അത് തന്നെ ഇവിടെയും സംഭവിച്ചു. പോകുന്നവരെല്ലാം എന്നെ തന്നെ നോക്കുന്നു. എങ്കിൽ പിന്നെ ഞാനായിട്ടെന്തിന് കുറക്കണം ? ഞാൻ വല്ലാത്ത വിഷാദ ഭാവത്തിൽ അവിടെ തന്നെ ഇരുന്നു. രണ്ടു കൈ നോട്ടക്കാരികൾ വന്നു കൈ നോക്കണോ എന്ന് ചോദിച്ചു. ഞാൻ ഭാഷ അറിയാത്ത പോലെ ഇരുന്നു. അവരെന്നോട് ആംഗ്യ ഭാഷയിൽ 'ഗർഭിണിയാണോ? മലയാളം അറിയില്ലേ? ' എന്നൊക്കെ ചോദിയ്ക്കാൻ തുടങ്ങി. ഞാനവരെ രൂക്ഷമായൊന്നു നോക്കി. അവസാനം ഞാൻ ഏതോ ഒരു കേസ് കെട്ടാണെന്ന നിഗമനത്തിൽ, സഹതാപവും പുച്ഛവും കലർന്ന സ്വരത്തിൽ 'പാവം! കഷ്ടം!' എന്നൊക്കെ പറഞ്ഞിട്ട് പോയി. 
പിന്നെ തൊട്ടപ്പുറത്ത് , സിമന്റു ബഞ്ചിൽ ഒരു പയ്യൻസ് എന്നെ കുറെ നേരം നിരീക്ഷിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. അവനെന്നോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. പക്ഷേ, ചോദിച്ചില്ല. മനസ്സില്ലാ മനസ്സോടെ എന്നെ സഹതാപം കൊണ്ട് ഉഴിഞ്ഞിട്ടു അവനും പോയി. അങ്ങനെ കുറെ ആളുകൾ... അവരുടെയൊക്കെ മനസ്സില് ഞാനുണ്ടാവും, കുറച്ചു നാളത്തേക്ക്  അല്ലെങ്കിൽ കുറച്ചു നേരത്തേക്കെങ്കിലും ... ഒരു നൊമ്പരമായി ...ശരിക്കും പറഞ്ഞാൽ ഒരു കടം കഥയായി. അതുറപ്പ്‌ !" അവൾ പറഞ്ഞു നിർത്തി. 

അമ്മയുടെ പരിഭവങ്ങൾക്കിടയിൽ അവളുടെ കൊലുസിട്ട ചിരി ജനാലയിലൂടെ വന്ന കാറ്റിനോട് കൂട്ടു കൂടി പുറത്തേക്കൊഴുകി.

Comments

Popular posts from this blog

A souvenir of love - Chapter 1

ചിലന്തി മനുഷ്യർ

Why am I against religion?