കോഴിക്കഥകൾ !!

എല്ലാവർക്കും  എന്തെങ്കിലും ഒരു പേടി കാണില്ലേ... ചിലർക്ക് പാറ്റ പേടി...ചിലർക്ക് പട്ടി പേടി... ചിലർക്ക്  പാമ്പ് പേടി... വേറെ ചിലർക്ക് വെള്ളം, ഉയരം അങ്ങനെ അങ്ങനെ... എനിക്ക് പക്ഷെ അധികം കേൾവിപെടാത്ത ഒരു പേടിയാണ്‌. കോഴി പേടി!! അതെ നമ്മുടെ വീടുകളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന പക്ഷി... നമുക്ക് മുട്ട തരുന്ന, ചിക്കൻ കറിയും ബിരിയാണിയും ഒക്കെ ഉണ്ടാക്കുവാൻ അനിവാര്യ ഘടകമായ കോഴി തന്നെ വില്ലൻ. ഇത് ജീവനുള്ള കോഴികളെ മാത്രം ഉദ്ദേശിച്ചുള്ള പേടിയാണ് കേട്ടോ... ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ ഈ പേടി ഒട്ടും തന്നെ ഇല്ല എന്നുള്ളതാണ് അത്ഭുതകരമായ വസ്തുത! അപ്പോൾ പറയാൻ പോകുന്നത് കുറച്ചു കോഴി കഥകളാണ്. കോഴി കാരണം നാണവും മാനവും നഷ്ടപെട്ട... ഇപ്പോഴും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു പാവം കുട്ടിയുടെ കഥ...

Story-1
ഈ കോഴി പേടി എന്ന് മുതൽ തുടങ്ങി എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ എനിക്കോർമ്മ വച്ച കാലം മുതൽ ഈ പേടിയുണ്ട്. ജന്മസിദ്ധമായ കിട്ടിയ പേടിയാണെന്ന് തോന്നുന്നു. ഈ ജീവി കാരണം ഞാൻ നാണം കെടാത്ത സ്ഥലങ്ങളില്ല. ഈ സാധനം എന്റെ വീട്ടിലും നാട്ടിലുള്ളവരുടെ വീട്ടിലും ഒക്കെ സുലഭമായി കാണപ്പെടുന്നത് കൊണ്ട് ഞാൻ എപ്പോളും റെഡ് അലേർട്ട് ആയിരിക്കും. സ്വന്തം നാട്ടില് മുഴുവൻ പാട്ടാണ് എന്റെ കോഴി പേടി. പലപ്പോഴും അമ്മയുടെ അടിയും പിച്ചും വിലപ്പോവാതെ വരുന്ന സന്ദർഭങ്ങളിൽ പതിനെട്ടാമത്തെ അടവായി പരീക്ഷിക്കുന്നത് ഞാനും കോഴിയും ഒരുമിച്ചു സ്റ്റോർ റൂമിൽ എന്നതാണ്! ഒരു മൂലയിൽ ഞാൻ കോഴിയെ പേടിച്ചു ഇരിക്കുമ്പോൾ വേറൊരു മൂലയിൽ കോഴി എന്നെ പേടിച്ചിരിപ്പുണ്ടാവും. അങ്ങനെ കുറെ നേരം ഇരുന്നു കഴിയുമ്പോൾ ഞാൻ നന്നാവും. അന്നേരം സ്റ്റോർ റൂമിന്റെ വാതിലുകൾ തുറക്കും.

കോളേജിൽ പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. ഒരിക്കൽ ഒരു കൂട്ടുകാരിയുടെ വീട്ടിൽ വിരുന്നിനു പോയി. അവിടെ ചെന്ന് അകത്തു കേറി ഇരിക്കുമ്പോൾ അതാ കോഴികൾ അകത്തു ഉലാത്തുന്നു. ഉള്ളിൽ കൊള്ളിയാൻ മിന്നി. ആരോട് പറയും... നാണക്കേടല്ലേ ... പേടിച്ചു മിണ്ടാതെ ഇരിപ്പാണ്. ഞാനിരിക്കുന്നത് മുന്നിലെ മുറിയിൽ ഇട്ടിരിക്കുന്ന ഒരു കട്ടിലിന്റെ അറ്റത്താണ്. അങ്ങനെ കൈയിൽ ചായയും പിടിച്ചു ഇരിക്കുമ്പോഴാണ് തൊട്ടു പുറകിൽ ഒരനക്കം. തിരിഞ്ഞു നോക്കിയപ്പോളുണ്ട് ...വില്ലൻ പുറകിൽ!! എന്റെ പൊന്നോ... പിന്നെ ഒരലർച്ചയായിരുന്നു... ഞാനും, ഒപ്പം കോഴിയും. ആകപ്പാടെ ഒരു ബഹളമയം. ഇടക്കിടെ ഞാൻ കട്ടിലിനു മുകളിലും കോഴി താഴെയും... പിന്നെ തിരിച്ചും... അവസാനം അലറി വിളിച്ചു കൊണ്ട് പുറത്തേക്കോടുന്ന എന്നെ കണ്ടു അയൽപക്കക്കാർ അടക്കം അടുത്ത വീട്ടില് പണിക്കു നിന്നിരുന്ന പണിക്കാര് വരെ ഓടിക്കൂടി. കൂടെ വന്ന കൂട്ടുകാർ സംഭവം മനസ്സിലാവാതെ വായും പൊളിച്ചിരുന്നു! പിന്നീട് വിശദമായി ഞാൻ കഥ മുഴുവൻ പറഞ്ഞു കൊടുത്തപ്പോൾ അവർ വീണ്ടും വാ പൊളിച്ചു!! സ്വന്തം നാട്ടില് പോട്ടെ... വല്ല നാട്ടിലും പോയി നാണം കെടേണ്ട അവസ്ഥ!

Story- 2 
അടുത്തത് കേരളം വിട്ടുള്ള കളിയാണ്. ഇത്തവണ ചെന്നൈയിലുള്ള കൂട്ടുകാരിയുടെ കല്യാണം. ബാംഗ്ലൂർ നിന്നും ടീം മൊത്തം ട്രെയിൻ പിടിച്ചു ചെന്നൈയിലെത്തി. താമസിക്കുന്നത് അവിടെയുള്ള വേറൊരു കൂട്ടുകാരിയുടെ വീട്ടിൽ. അവിടത്തെ വീടുകൾ ഒരു അഗ്രഹാരം പോലെയാണ്. ഒരു കോളനിയിൽ കുറെ വീടുകൾ രണ്ടു സൈഡിലും വരി വരിയായി... നടുക്കുള്ള നടപ്പാതയിലൂടെ നടന്നു ചെന്ന് കേറുന്നത് അവളുടെ വീട്ടിൽ. അവളുടെ വീട് കുറച്ചൊരു കേരള സ്റ്റൈൽ ആണ്. കുറച്ചു പറമ്പും മറ്റും ഉണ്ട്. ഗേറ്റ് കടന്നു വലതുകാൽ വച്ച് അകത്തോട്ടു കയറുമ്പോൾ അതാ ഒരു തടിമാടൻ പൂവൻ കോഴി കാത്തു നില്ക്കുന്നു. എന്റെ പരുങ്ങലും കള്ളത്തരവും കണ്ടിട്ടാവണം അതിനത്ര പിടിച്ചില്ല. എന്റെ നേരെ ചീറി വരുന്ന കോഴിയെ കണ്ടു കയിലിരുന്ന ബാഗ് വലിച്ചെറിഞ്ഞു രണ്ടും കല്പിച്ചു തിരിഞ്ഞൊരോട്ടം. അഗ്രഹാര തെരുവിലൂടെ ഞാനും കോഴിയും നടത്തിയ ഓട്ട മത്സരം കണ്ടു തമിഴൻമാർ കണ്ണ് മിഴിച്ചു. ആ ഓട്ടം എവിടെയൊക്കെയോ പോയി നിന്നു. കോഴി തോറ്റു പിന്മാറി എന്ന് തോന്നുന്നു. പിന്നല്ലാ... അമ്മാതിരി ഓട്ടമല്ലേ ഓടിയത്. ഈ ഓട്ടം ഞാൻ വല്ല ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ എന്തായേനെ എന്റെ കൃഷ്ണാ...!!
തിരിച്ചു പോവാൻ വഴിയും അറിയില്ല, ധൈര്യവുമില്ല. അങ്ങനെ മിഴുങ്ങസ്യാ നിൽക്കുമ്പോൾ കൂട്ടുകാരിയും കുറെ തമിഴന്മാരും കൂടി വരുന്നു. അത്രയും നാൾ തമിഴ് വെള്ളം പോലെ സംസാരിച്ചിരുന്ന എനിക്ക് അന്നവർ പറഞ്ഞ ഒരു വാക്ക് പോലും മനസ്സിലായില്ല... ഒരു കണക്കിന് ആ കാവൽ കോഴിയുടെ കണ്ണ് വെട്ടിച്ചു വീട്ടിനകത്ത് കേറിയപ്പോളുണ്ട് തമിഴത്തിയുടെ കുമ്പസാരം. ആ കോഴിയാണത്രേ അവിടത്തെ ആസ്ഥാന പട്ടി! കള്ള ലക്ഷണം ഉള്ള ആരെ കണ്ടാലും കോഴി ഓടിച്ചിട്ട്‌ കൊത്തും! എനിക്കവളോട് അന്ന് പറയാൻ വായിൽ വന്നത് നല്ല തമിഴ് ആയിരുന്നു... പക്ഷേ, കോഴി അപ്പോഴും പുറത്തുണ്ട് എന്നും ഞാൻ ഇപ്പോഴും അവളുടെ വീട്ടിൽ തന്നെ ആണെന്നും ഉള്ള കാര്യം ഓർത്തപ്പോൾ പറയാൻ വന്ന തമിഴ് വീണ്ടും ഞാനങ്ങു മറന്നു...!

Story-3
പഠിത്തം കഴിഞ്ഞു... ജോലി കിട്ടി... ഇനി കല്യാണം. അതും കഴിഞ്ഞു കിട്ടി. കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ വിരുന്നുകളും അമ്പലങ്ങളും കയറി ഇറങ്ങുക എന്നതാണല്ലോ നമ്മുടെ ആചാരം. അത് ഞങ്ങളും മുടക്കിയില്ല. അങ്ങനെ, ചേർത്തലയിലുള്ള ഒരു അമ്പലത്തിൽ നേർച്ചയുണ്ടെന്നു പറഞ്ഞു ഭർത്താവും വീട്ടുകാരുമായി ഭക്തി പുരസ്സരം അമ്പലത്തിൽ എത്തി. കാറിൽ നിന്നിറങ്ങി നേരെ അമ്പലത്തിന്റെ പടി കടന്നു. അപ്പോഴേ എന്തോ ഒരു പന്തികേട്‌ തോന്നി. തോന്നിയതല്ല, ശരിക്കും ഉള്ളത് തന്നെ എന്ന് രണ്ടടി മുന്നോട്ടു വച്ചപ്പോൾ മനസ്സിലായി. അമ്പലത്തിന്റെ കോമ്പൌണ്ട് മൊത്തം പല നിറത്തിലും തരത്തിലുമുള്ള കോഴികൾ ഉലാത്തുന്നു!! എന്താ കഥ!! എന്റെ ദേവീ... എന്നെ ഇങ്ങനെ പരീക്ഷിക്കണോ?! ആരോട് പറയാൻ... ഭർത്താവും വീട്ടുകാരും ഒരു കൂസലുമില്ലാതെ ദാണ്ടെ അകത്തോട്ടു വെച്ചടിച്ചു കയറുന്നു. ഞാൻ ഒരുകണക്കിന് എല്ലാരുടെയും ഇടയിൽ കയറിപ്പറ്റി കോഴിയുടെ അടുത്തെങ്ങും എത്തുന്നില്ലെന്ന് ഉറപ്പു വരുത്തി ഒരു കണക്കിന് അകത്തു കേറി. ഹോ! നാലമ്പലത്തിലെ അവസ്ഥ അതിലും ഭീകരമായിരുന്നു. ദേവിയുടെ നടയിലും എന്ന് വേണ്ട സകലയിടത്തും കോഴികൾ മാത്രം. എന്റെ കണ്ണ് നിറഞ്ഞു പോയി.
ഭർത്താവിനോട് പതുക്കെ ഒന്നുമറിയാത്ത പോലെ ചോദ്യം ഉന്നയിച്ചു, "ഇതെന്താ ഇവിടെ നിറയെ കോഴികൾ?"
"നീയിവിടെ ഇതിനു മുൻപ് വന്നിട്ടില്ലേ? ഇവിടത്തെ പ്രധാന വഴിപാട്  കോഴികളാണ്" അദ്ദേഹത്തിന്റെ മറുപടി.
കുറച്ചു നേരത്തേക്ക് എനിക്ക് സ്ഥലകാല ബോധം ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. ഇക്കാര്യം ഇങ്ങേർക്ക് നേരത്തെ പറഞ്ഞൂടാർന്നോ!! പ്രാർത്ഥിക്കാൻ പോയിട്ട് ഒരു നിമിഷം പോലും അവിടെ നില്ക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. എന്റെ വെപ്രാളം കണ്ടിട്ട് അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്നു തോന്നിയിട്ടാവണം പുറത്തിറങ്ങാം എന്ന് പറഞ്ഞു. സന്തോഷത്തോടെ ജീവനും കൊണ്ടോടി പുറത്തേക്കിറങ്ങാൻ കാലെടുത്തു പുറത്തു വെച്ചതും ചെവിയിൽ ഒരു കോഴിയുടെ ചിന്നം വിളി...അതെ,എനിക്കിതു ചിന്ന വിളിയായിട്ടേ തോന്നാറുള്ളൂ. അത് കേട്ട് ഉറക്കെ കൂവി വിളിച്ചു കൊണ്ട് പുറത്തേക്ക് ഞാനും. ഇതെല്ലാം കണ്ടു അന്തം വിട്ട് നില്ക്കുന്ന ഭർത്താവും വീട്ടുകാരും! അന്നത്തോടെ അക്കാര്യത്തിൽ ഒരു തീരുമാനമായി. ഇന്നിപ്പോൾ എന്ത് പറഞ്ഞാലും, പതിനെട്ടാമത്തെ അടവാണ് ആദ്യം... അമ്മായി അമ്മയും ഭർത്താവും കോഴി വളർത്തൽ ബിസിനസ് തുടങ്ങുമത്രേ!! അങ്ങനെ തുടങ്ങിയാൽ അന്ന് ഈ ഭാര്യ പോസ്റ്റ്‌ റിസൈൻ ചെയ്തിരിക്കും എന്ന് ഞാനും...
ഓഫീസിൽ  ചെന്നാൽ അവിടെയും ഇത് തന്നെ അവസ്ഥ. കോഴി എന്ന പക്ഷിയെ വച്ച് എന്നെ ഇത്രയൊക്കെ ബ്ലാക്ക്മെയിൽ ചെയ്യാൻ പറ്റുമെന്ന്‌ ഞാനിപ്പോ ഇവിടെ വിളിച്ചു കൂവുകയാണെന്ന് എനിക്കറിയാം... അറിയാത്തവർ ഇപ്പോൾ അറിയും... അറിയുന്നവർ ഊറിച്ചിരിക്കും... എന്നിട്ട് എനിക്കിട്ട്  അടുത്ത പണി എങ്ങനെ തരും എന്നാലോചിക്കുന്നുണ്ടാവും ഇപ്പോൾ. എന്റെ കൃഷ്ണാ... ഈ കോഴികളിൽ നിന്നെന്നെ കാത്തോണേ...!! 

Comments

Popular posts from this blog

Why am I against religion?

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1