Monday, March 30, 2020

ഓർമകളും സ്വപ്നങ്ങളും

'നോ' എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ലാതിരുന്ന കാലം . വളർന്നതും വളർത്തിയതും  അങ്ങനെയാണ് . എന്ത് കിട്ടിയാലും സ്വീകരിക്കും , എവിടെ കൊണ്ടിട്ടാലും ആരുടെ കൂടെയായാലും ജീവിക്കും എന്ന അവസ്ഥ. ആരെന്ത് പറഞ്ഞാലും ശരി എന്ന് മാത്രം പറഞ്ഞു ശീലിച്ച നാളുകൾ . അതുകൊണ്ട് തന്നെ സ്നേഹമെന്ന മുഖം മൂടിയുമായി വന്ന പലരെയും അന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല . വീട്ടിനകത്തെ ചെന്നായകളെ ആയിരുന്നു എനിക്ക് ഭയം. ഏതൊരു പെണ്‍കുട്ടിയുടെ ജീവിതത്തിലും ഒരിക്കലെങ്കിലും ഉണ്ടാവാൻ ഇടയുള്ള കാര്യങ്ങളാണ് . പക്ഷേ , ഭയവും നാണക്കേടും കൊണ്ട് ആരും മിണ്ടാറില്ല. 

സ്നേഹത്തോടെ ചുണ്ടിൽ ഉമ്മ വെക്കാൻ നിർബന്ധിച്ചിരുന്നു ഒരു അങ്കിൾ. വെറുപ്പോടെയാണെങ്കിലും, നോ പറഞ്ഞു ശീലമില്ലാത്തതുകൊണ്ടും അങ്കിളിന് വീട്ടിലുള്ള സ്ഥാന മാനങ്ങളെ ഓർത്തും പറഞ്ഞാൽ എന്ത് സംഭവിക്കും എന്ന പേടി കൊണ്ടും മിണ്ടാതെ സഹിച്ചു പോന്നു. വേറൊരാൾ വകയിലൊരു തല മൂത്ത കാരണവരായിരുന്നു. വയസ്സ് 70 നടുത്ത് ഉണ്ടെങ്കിലും കയ്യിലിരിപ്പ് അത്ര ശരിയല്ല . വന്നാലുടനെ സ്നേഹത്തോടെ തലോടിക്കൊണ്ട് മടിയിൽ പിടിച്ചിരുത്തും. അയാളുടെ കൈകളെ തടുത്തു നിർത്താനുള്ള ശക്തി ഇല്ലാതെ വരുമ്പോൾ കുതറി ഇറങ്ങി ഓടും . അതേ ഉള്ളൂ രക്ഷ. പിന്നീട്  അയാളുടെ കഴുകൻ കണ്ണുകളിൽ നിന്ന് രക്ഷപെടാൻ ചായ്പ്പിൽ കയറി ഒളിച്ചിരിക്കുമായിരുന്നു. എല്ലാം ചത്ത്‌ മണ്ണടിഞ്ഞു . മരിച്ചവരെ പറ്റി കുറ്റം പറയരുത് എന്നാണ് . പക്ഷേ ... ഇത് കുറ്റമല്ലല്ലോ , സത്യമല്ലേ ! ഞാനെന്റെ എല്ലാ വിചാരങ്ങളും വികാരങ്ങളും എഴുത്തിലൂടെയും പാട്ടിലൂടെയും നൃത്തത്തിലൂടെയും തീർക്കാൻ തുടങ്ങി . ഏതൊരു പെണ്‍കുട്ടിയേയും പോലെ കൃഷ്ണൻ എന്റെയും കളിക്കൂട്ടുകാരനായി . മാധവിക്കുട്ടിയെ ഞാൻ ആരാധിച്ചു തുടങ്ങി. ആരാധിക്കുമ്പോളും അവരെ അനുകരിക്കാതിരിക്കാൻ ശ്രമിക്കുന്നു . നമ്മുടെ ജീവിതം മറ്റുള്ളവരെ സ്വാധീനിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് എഴുതുന്നതിൽ എന്താണ് തെറ്റ് ? അവരെ പോലെ ഭയത്തെ മറികടന്ന് എഴുതാൻ വേറെ ആർക്ക് കഴിയും ! 

അക്ഷരങ്ങളുടെ ഒടുങ്ങാത്ത തിരകൾക്കിടയിൽ ഞാൻ എന്റേത് മാത്രമായ ലോകം തീർത്തു. എന്നെക്കൊണ്ട് കഴിയാത്തതൊക്കെയും എന്റെ കഥാപാത്രങ്ങളിലൂടെ ചെയ്തു വിജയശ്രീലാളിതയായി ഞാൻ ഉള്ളിന്റെ ഉള്ളിൽ ഉറക്കെ ഉറക്കെ ചിരിച്ചു.  തന്റേടമില്ലാത്ത ഒരു മിണ്ടാപൂച്ചയിൽ നിന്നും , തന്റേടിയും അഹങ്കാരിയും എന്ന് ആളുകളെക്കൊണ്ട് പറയിക്കുന്ന വിധത്തിൽ ഞാൻ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും എന്നെ വേദനിപ്പിച്ച എന്റെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച പലർക്കും ഉള്ളതാണ് . എന്റെ മൗനത്തെ എല്ലാവരും സമ്മതമായെടുത്തു . എനിക്കെന്തു വേണമെന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥയിൽ അവർ കാണിച്ചു തന്ന വഴികളിലൂടെയൊക്കെ ഞാൻ നടന്നു. പലപ്പോഴും അറിയാത്ത വഴികളിൽ എന്നെ തനിച്ചാക്കി പോയി ചിലർ ... ചിലരെന്റെ വഴികളിൽ കല്ലും മുള്ളും കുപ്പിച്ചില്ലുകളും വിതറി. നമ്മൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നാം പലരെയും കണ്ടു മുട്ടുന്നു. അതിൽ ചിലർ നമ്മളെ വല്ലാതെ സ്വാധീനിക്കുന്നു , നമ്മളെ തന്നെ മാറ്റി മറിക്കുന്നു. വ്യക്തികളും , യാത്രകളും , എഴുത്തും , സിനിമയും മനുഷ്യനെ മാറ്റി മറിക്കാൻ പോന്നവയാണ് . അത് ചിലപ്പോൾ  നമുക്ക് നമ്മളെ തന്നെ അറിയാനുള്ള, നമുക്കെന്താണ് വേണ്ടതെന്നു പറഞ്ഞു തരാനുള്ള ഒരു മീഡിയം ആയി വർത്തിക്കുന്നു . കല്യാണം കഴിഞ്ഞതോടെ എന്റെ കഥ മാറിത്തുടങ്ങി . ഒരിക്കലും ചേർന്ന് പോകില്ലെന്ന് കരുതിയ ഒരാളുടെ കൂടെ 7 വർഷമായിരിക്കുന്നു ഇപ്പോൾ! എന്റെ സ്വന്തം വീട്ടിൽ കിട്ടാത്ത സന്തോഷവും മനസമാധാനവും ഈ വീട്ടിൽ  എനിക്കുണ്ട് . എന്നെ സ്വന്തം മകളായി കരുതുന്ന അച്ഛനും അമ്മയും ഉണ്ട്. വർഷങ്ങളായിരുന്നു ഞാൻ പേന തൊട്ടിട്ട് . എന്നെക്കൊണ്ട് കഴിയില്ലെന്ന് തോന്നിയ നിമിഷങ്ങൾ. ഒരു ദിവസം ഫെയ്സ് ബുക്കിലൂടെ കണ്ണോടിച്ചപ്പോൾ ഒരു ചെറിയ കഥ വായിക്കാനിട വന്നു. ആ കഥ മനസ്സിൽ  മായാതെ കിടന്നു കുറച്ചു നാൾ. എന്തോ ...അതൊരു ഊർജമായിരുന്നു . 

ആ കഥ എഴുതിയത് പ്രശസ്ത എഴുത്തുകാരൊന്നുമായിരുന്നില്ല , അന്നേ വരെ ഞാൻ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു അഭിനേത്രിയുടെ വാക്കുകൾ . അതിൽ നിന്നും ഊർജം ഉൾക്കൊണ്ടു ആദ്യ കഥ എഴുതി , ഒരു മഞ്ഞു മൂടിയ ദിവസം പുലർച്ചെ  4 മണിക്ക് . എന്നെക്കൊണ്ട് എന്തിനു കൊള്ളാം എന്ന് കരുതി ഇരിക്കുമ്പോൾ അത് വായിച്ച്  എന്റെ ഭർത്താവ് എന്നോട് ബ്ലോഗ്‌ തുടങ്ങാൻ പറഞ്ഞു. അന്ന് തുടങ്ങിയ ബ്ലോഗിൽ  ഇപ്പോൾ 25 ഓളം കഥകൾ നിറഞ്ഞു നില്ക്കുന്നു. അതിനിടയിൽ എഴുത്തിന്റെ ലോകത്ത് നിന്ന് കിട്ടിയ ചില സൗഹൃദങ്ങൾ ... അതെല്ലാം ഒരുപാട് സ്വാധീനിച്ചിരിക്കുന്നു. സമയം ഇല്ല എന്ന് പരാതി പറയുന്നവരാണ് നമ്മൾ പലരും. സമയം ഇല്ലാത്തതല്ല, സമയം നമ്മൾ കണ്ടെത്താത്തതാണ് പ്രശ്നം. ഇതെല്ലാം എനിക്ക് തന്ന ആത്മവിശ്വാസം, പോസിറ്റിവ് എനർജി... കുറച്ചൊന്നുമല്ല. പല പല ജോലികൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോളും രണ്ടു കുട്ടികളുടെ കാര്യങ്ങൾ, അവരുടെ പഠിത്തം അതിനെല്ലാം സമയം കണ്ടെത്തുന്നുണ്ട് . ഇഷ്ടമുള്ളത് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷവും സംതൃപ്തിയും വേറെയല്ലേ ... ഇനിയുള്ള സ്വപ്നം സിനിമയാണ് ! ഒരിക്കൽ എന്റെ സിനിമയും വരും എന്ന സ്വപ്നം ... 

വെള്ളിത്തിരയിൽ  ' A film by Lakshmi & crew ...' എന്നെഴുതിക്കാണാനായി ... ഇവിടെ തുടങ്ങട്ടെ ! 

ഒരു ചെറിയ സംഭവം പറയാം. ചെറുതാണ് പക്ഷേ,  അതിൽ നിന്ന് കിട്ടിയ ധൈര്യം വളരെ വലുതാണ്‌. രാവിലെ 8 മണിക്ക് വീട്ടിൽ  നിന്നിറങ്ങുന്ന ഞാൻ തിരിച്ചെത്തുമ്പോൾ വൈകിട്ട് 7.30-8 മണി . എറണാകുളം ടൌണിൽ ഇറങ്ങി അടുത്ത ബസ്‌ പിടിക്കാൻ നടക്കുന്ന വഴി ഒരു ചെറിയ കടയുണ്ട്. ആ സമയത്ത് അവിടെ സ്ത്രീകൾ കുറവാണ് . എങ്കിലും നല്ല തിരക്ക് കാണും . ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി അവിടെ കയറി ചായ കുടിക്കുന്നത് എന്തോ പോലെ തോന്നിയത് കൊണ്ട് പല ദിവസങ്ങളിലും ചായയും പഴം പൊരിയും നോക്കി വെള്ളമിറക്കി വിശപ്പ്‌ സഹിച്ചു പോന്നു. ഒരു ദിവസം രണ്ടും കല്പിച്ചു ഞാൻ ആ കടയിലേക്ക് കാലെടുത്തു വച്ചു . ഒരു നിമിഷം ! അവിടെയുള്ളവർ എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കി . ഞാനെന്തോ അപരാധം ചെയ്ത പോലെ . തീർത്തും അവജ്ഞയോടെ അവരെനിക്ക് ചായ തന്നു . ഉള്ളിലെ ഭയവും ചമ്മലും പുറത്തു കാട്ടാതെ താനെന്തിനും പോന്നവളാണെന്ന ഭാവത്തിൽ ചായയും പഴംപൊരിയും കഴിച്ചു. അന്ന് മുതൽ അതൊരു പതിവായി . 

പിന്നീട് മനസ്സിലായി , അവിടെ സ്ത്രീകളും വരാറുണ്ട്  പക്ഷെ ഒറ്റക്കല്ലെന്നു മാത്രം. അതുകൊണ്ടായിരിക്കണം  ഞാൻ ഒറ്റയ്ക്ക് കയറി ചെന്നപ്പോൾ അവരെന്നെ തുറിച്ചു നോക്കിയതും . ഇപ്പോൾ അവിടത്തെ സ്ഥിരം കസ്റ്റമർ ആയി മാറിയിരിക്കുന്നു ഞാൻ. എന്നെക്കണ്ടിട്ടാണോ എന്നറിയില്ല ഇപ്പോൾ ഒരുപാട് പെണ്‍കുട്ടികൾ അവിടെ ഒറ്റയ്ക്ക് വന്നു ചായ കുടിച്ചിട്ട് പോകുന്നുണ്ട് . അന്നെനിക്ക് മനസ്സിലായ വേറൊരു കാര്യമുണ്ട് . നമ്മൾ ഒറ്റക്കായാൽ ഏതു കാട്ടിലായാലും ഉള്ളിലുള്ള ഭയം പുറത്തു കാട്ടാതെ ധൈര്യം അഭിനയിച്ചു നോക്കുക. ആരെയും കൂസാതെ നടക്കുക . അങ്ങനെയുള്ള സ്ത്രീകളുടെ അടുത്ത് വരാൻ ഏതാവനായാലും ഒന്ന് മടിക്കും . മാത്രമല്ല ധൈര്യം അഭിനയിച്ചഭിനയിച്ചു ശരിക്കും ധൈര്യവതികൾ ആയി മാറും നമ്മൾ ! നമ്മുടെ നാട്  പുരോഗമിക്കുന്നുണ്ട് , പക്ഷേ നാട്ടുകാരുടെ മനസ്സോ ?? ഒരു പെണ്ണ് ഒറ്റയ്ക്ക് യാത്ര ചെയ്താലോ , ഒറ്റയ്ക്ക് ഹോട്ടലിൽ കയറിയാലോ , ഒരു ആണ്‍ സുഹൃത്തിനൊപ്പം ചായ കുടിച്ചാലോ , മനസ്സിലുള്ളത് തുറന്നെഴുതിയാലോ അവൾ അഹങ്കാരിയും തന്റേടിയും കൊള്ളരുതാത്തവളും ആണെന്ന് കരുതുന്നവരാണ് പലരും . മറ്റുള്ളവർ പറയുന്നതാവരുത് നിങ്ങൾ ...  നിങ്ങളെന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് .  

ഇപ്പോൾ എന്നെ കൊണ്ട് കഴിയാത്തതായി ഒന്നുമില്ലെന്ന തോന്നലാണ്. അതിന്  അഹങ്കാരം എന്ന് വിളിക്കാമോ എന്നറിയില്ല . അങ്ങനെ ആണെങ്കിൽ എന്റെ മകളെ ഞാൻ വളർത്തുന്നത്  അഹങ്കാരിയായിട്ടാണ്. 'എന്താടി ' എന്ന് ചോദിച്ചാൽ 'എന്താടാ ' എന്ന് തിരിച്ചു ചോദിക്കാനുള്ള ധൈര്യം ഉണ്ടാവണം ഇന്നത്തെ കുട്ടികൾക്ക് . നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്താൻ പഠിച്ചു . പറ്റില്ലെങ്കിൽ മുഖത്ത് നോക്കി പറ്റില്ലെന്ന് പറയാനുള്ള തന്റേടം ഉണ്ടായിരിക്കുന്നു . അനുഭവങ്ങളുടെ തീച്ചൂളയിൽ ഇട്ടു പരുവപ്പെടുത്തിയതാണ് ഇന്നത്തെ ഞാൻ. എന്നെ ഞാനാക്കാൻ സഹായിച്ച എല്ലാവരെയും ഇപ്പോൾ ഓർക്കുന്നു . 
 Yes!  I  am bold  and  beautiful ...

No comments:

Post a Comment

Mission Impossible : The Maid Hunt

Yes! This is an impossible mission to achieve. Getting that perfect maid in your dreams! In case anyone has made this 'Mission Maid'...