എൻ്റെ രാഷ്ട്രീയം

ആനവണ്ടി തൻ പച്ച സീറ്റിനടിയിൽ 
ഒളിപ്പിച്ചു വച്ചൊരു വടിവാളുമോങ്ങി 
നീയൊരു വെളിച്ചപ്പാട് പോൽ ഓടിയതായിരുന്നെന്‍റെ രാഷ്ട്രീയം.

ഓടുന്ന തീവണ്ടി തൻ ഏതോ
ബോഗിയിൽ തിരഞ്ഞു നീയന്നേതോ 
ഒരു തല തല്ലിപ്പൊളിച്ചതായിരുന്നെന്‍റെ രാഷ്ട്രീയം.

ഇല്ലാത്ത ക്ലാസുകൾ ഇല്ലെന്നു
ചൊല്ലിയാ ജാഥ തന്നറ്റത്ത് നീ
കൊടികൾ പിടിച്ചു, കൈ ജയ്കൾ 
വിളിച്ചതായിരുന്നെന്റെ രാഷ്ട്രീയം

ചുവപ്പും നീലയും കാവിയും കൊടികൾ തൻ
യുദ്ധത്തിനവസാനം വെള്ള പുതപ്പിച്ചു
കിടത്തിയൊരെൻ പ്രാണനെ കണ്ട നാൾ അവസാനിച്ചതാണെന്‍റെ രാഷ്ട്രീയം!!

മണ്ണിൽ കുഴഞ്ഞ ബാല്യവും
പ്രണയത്തിൽ കുതിർന്ന കൗമാരവും
നൽകാത്തതെന്തു നൽകി നിനക്കീ 
ചോരയിൽ കുളിച്ച യൗവനം?

നിനക്കായ് കാത്തുവച്ചതോ 
മരണമെന്നറിയാതെ നീ,
കൈകളിൽ കൊടികളും
ചുണ്ടുകളിൽ ജയ് വിളികളുമായ്.

പ്രണയവും മരണവും,
ഒരമ്മ പെറ്റ മക്കളെപ്പോലെ!
ഇടവഴികളിൽ ഒളിഞ്ഞിരുന്നു 
നമ്മെ കൊന്നു തള്ളുന്നു.  

മരിക്കുന്നവർക്കറിയുമോ,
കൊല്ലുന്നവർക്കറിയുമോ,
കൂടെ മരിച്ചില്ലാതെയാവുന്ന
കുറെ ആത്മാക്കളുണ്ടിവിടെ.

കാത്തിരിപ്പിൻ്റെ മണം 
സ്നേഹത്തിൻ്റെ മണം 
ഇന്ന് മരിപ്പിൻ്റെ മണമായിരിക്കുന്നു.

ഇന്ന് ഞാനറിയുന്നു പ്രണയമേ,
നീ കൂടെയില്ലാത്തതാണെൻ്റെ മരണം...
നീയുദിക്കാത്ത പുലരികൾ
എനിക്കസ്തമയങ്ങളാകുന്നു.

നിന്നോളമെത്താത്തോരായിരം 
വാക്കാലിന്നെന്റെ നെഞ്ചകം വിങ്ങവേ
നിന്നോളമെത്താത്തോരായിരം 
നോക്കാലിന്നെന്റെ കണ്ണുകൾ പൊള്ളവേ
മിഴിയിണകളിലെയീറൻ 
തുവർത്താതെ നിന്നെയെൻ
ഹൃദയത്തിൻ കല്ലറയിലടക്കി ഞാൻ...

Comments

Popular posts from this blog

ചിലന്തി മനുഷ്യർ

Little Stories Of Love

A souvenir of love - Chapter 1