പെൺകനൽ

പെണ്ണേ നീ തീയായിട്,
കാട്ടുതീയായിട്
എരിഞ്ഞു തീർന്ന 
ചങ്കിലെ കനലൂതിയൂതി 
എരിച്ചു ചാമ്പലാക്ക്.

ചെയ്യാപാപങ്ങൾ തൻ
കരിയിലക്കൂട്ടത്തിലേക്ക് നിന്നെ
വലിച്ചെറിഞ്ഞെരിച്ചൊരീ
ലോകമാകെ നീ കരിച്ചു കളഞ്ഞിട്.

പെണ്ണേ നീ കടലായിട്,
ഉയർന്നു പൊങ്ങും തിരയായിട്
നിന്നുയിരെടുത്തൊരീ നശിച്ച 
കരയെ വിഴുങ്ങും കടലായിട്.

വീട്ടിൽ കെട്ടിയിട്ട പട്ടിയാണോ?
അതോ കുപ്പിയിൽ നിന്നും 
വന്ന ഭൂതമാണോ?
അതോ, ചില്ലു പാത്രത്തിലെ 
ഒറ്റ മീനാണോ?

ഘോര ശബ്ദങ്ങൾക്കു കീഴെ
ഞെരിഞ്ഞമർന്നു നിൻ്റെയൊച്ചകൾ. 
നിനക്കു പോലും അറിയാത്തൊരു
നീയാക്കി തീർത്തു നിന്നെയിന്നവർ. 

പേടിയാണവർക്ക് പെണ്ണിനെ,
ലോകം കണ്ട പെണ്ണിനെ
കാലം തളർത്താത്ത പെണ്ണിനെ
പേടിയാണവർക്ക്.

പ്രണയത്തിൻ്റെ രാജകുമാരിയെ
ആണത്തത്തണലിലൊതുങ്ങാത്ത
ചോദ്യങ്ങൾ തൊടുക്കുന്ന
പുസ്തകങ്ങളിൽ ജീവിക്കുന്ന
പെണ്ണിനെ, പേടിയാണവർക്ക്.

മരിച്ചതല്ല നീ, കൊന്നതാണവർ,
നിൻ്റെ ആത്മാവിനെ! 
മിടിക്കുന്നൊരു ഹൃദയത്തിൽ 
ചത്തടിഞ്ഞ ആത്മാവും പേറി 
എത്ര നാളിങ്ങനെ നീ ഓടിയോടി!

ഇനിയൊരു പിറവിയിൽ
നീയൊരാണായിട്,
വേണ്ടാ, ഒരു യക്ഷിയായിട്,
അല്ലാ, ഒരു പൂച്ചയായിട്.
ഒരു ദേശാടന കിളിയെങ്കിലും...

പെണ്ണേ, നീ പറന്നു പോക,
ഈ അധമലോകത്തു നിന്നും.
നിന്നെ നീയായി കാണുന്ന
മറ്റൊരു ലോകം തേടി പറന്നു പോക.

യാത്ര ചൊല്ലേണ്ടിനിയും,
തിരികെ വരല്ലിനിയും.
കാത്തിരിപ്പില്ലിവിടെയാരും
നിനക്കു വേണ്ടിയെൻ 
രാത്രിസഞ്ചാരിയേ...


Comments

Popular posts from this blog

ചിലന്തി മനുഷ്യർ

Little Stories Of Love

A souvenir of love - Chapter 1