ഉച്ചാടനം
പതിവ് പോലെ ഉച്ചക്കലത്തെ ഊണും കഴിഞ്ഞ് ഒന്നു മയങ്ങാൻ സോഫയിൽ തല തൊട്ടതേയുള്ളൂ, അടുക്കളയിൽ തട്ടും മുട്ടും തുടങ്ങി. ഇതിപ്പോ കുറച്ചു ദിവസായി. ചട്ടീം കലോം ആയാൽ തട്ടീം മുട്ടീം ഇരിക്കും എന്ന് പറയാൻ വരട്ടെ. ആദ്യമാദ്യം ഗീതാജിടെ ആ കറുത്ത് മെലിഞ്ഞ ചാവാലി പൂച്ച, കള്ളിച്ചെല്ലമ്മ ആണെന്നാ രാഗിണി കരുതിയിരുന്നത്. പഠിച്ച കള്ളിയാണാ മാർജാരത്തി. ഒരു സാധനം വീട്ടിൽ വെക്കാൻ പറ്റില്ല. കട്ടു തിന്നുന്നതിൽ പി എച്ച് ഡി എടുത്ത പൂച്ചയാണ്. രാഗിണിയാണ് അതിന് കള്ളിച്ചെല്ലമ്മ എന്ന് പേരിട്ടത്. പക്ഷേ, ഇത് പൂച്ചയും പട്ടിയുമൊന്നുമല്ല. ഒരാഴ്ചയായി രാഗിണി കുറ്റാന്വേഷണം തുടങ്ങിയിട്ട്. പൂച്ചയല്ല ഇതിന് പിന്നിൽ എന്ന് തിരിച്ചറിഞ്ഞ ആ ദിവസം അവൾ ഒരിക്കലും മറക്കില്ല. കുറെ നാളുകളായി തിരിഞ്ഞു നോക്കാതിരുന്ന പാനിക് അറ്റാക്ക് അന്ന് വിശേഷമന്വേഷിക്കാൻ ഓടിയെത്തി. പിന്നെ ഹോസ്‌പിറ്റലായി, മരുന്നായി. ഒന്നും പറയണ്ട...
പകല് മുഴുവൻ ഒറ്റക്ക് ഒരു വലിയ വീട്ടിൽ താൻ മാത്രം. അതാലോചിക്കുമ്പോഴേ രാഗിണിക്ക് ഉള്ളിൽ നിന്നൊരു ആന്തൽ വരും. താനാരെയാണ് ഈ പേടിക്കുന്നത് എന്ന് പല വട്ടം സ്വയം ചോദിക്കും. മരിച്ചു പോയ അമ്മായി അമ്മയെയോ? അമ്മ മരിച്ചിട്ടിപ്പോ പതിനാറ് കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോ തന്നെ വിസിറ്റിംഗ് വിസയിൽ വന്ന വിരുന്നുകാരൊക്കെ അവരവരുടെ ജീവിതത്തിലേക്ക് റ്റാ റ്റാ പറഞ്ഞു പോയി. മക്കളും ഭർത്താവും സ്കൂളിലും ഓഫീസിലും പോയി കഴിഞ്ഞാൽ പിന്നെ അവൾ ഒറ്റക്കാണ്. ഇത്രയും നാൾ അമ്മ വയ്യാതെ കിടക്കുകയായിരുന്നെങ്കിൽ കൂടി, വീട്ടിൽ വേറൊരാൾ ഉണ്ടല്ലോ എന്നൊരാശ്വാസം ഉണ്ടായിരുന്നു. ഇതിപ്പോ ഇത്രയും നാൾ അപ്പുറത്തെ മുറിയിൽ കിടന്നിരുന്ന ആൾ ഇല്ലെന്നോർക്കുമ്പോൾ... ഉറക്കമില്ലാത്ത രാത്രികളിൽ പേടി അങ്ങേയറ്റത്തെത്തുമ്പോൾ വാട്സാപ്പിലെ ഡിഗ്രിക്ക് പഠിച്ച കൂട്ടുകാരികളുടെ ഗ്രൂപ്പിൽ കേറും. അവളുടെ ആകെയുള്ള കുറച്ചു കൂട്ടുകാരാണ്. ഈ ഗ്രൂപ്പ് 24/7 ഉണർന്നിരിക്കും. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഉള്ളവർ ഉള്ളതുകൊണ്ട് തന്നെ ഏതു സമയത്തും ആരെങ്കിലും ഒക്കെ കാണും. അതൊരാശ്വാസമാണ്. പേടിയുടെ മൂന്നാം യാമത്തിൽ ഉറക്കമില്ലാതെ മനസ്സലയുമ്പോൾ പിടിച്ചു നിർത്താൻ ആരെങ്കിലും ഒക്കെ കൂടെയുള്ളത് പോലെ തോന്നും.
ഈ ഭയം ചെറുപ്പം മുതലേ കൂടപ്പിറപ്പാണ്. എല്ലാത്തിനോടും ഭയമാണ്. ഇരുട്ട്, അപരിചിതർ, തനിച്ചാവുന്നത്, പ്രേതങ്ങൾ, തെയ്യക്കോലം, ഉച്ചത്തിൽ സംസാരിക്കുന്നത് അങ്ങനെ അങ്ങനെ... പേടിയുടെ ലിസ്റ്റെടുത്താൽ ഇനിയുമുണ്ട് കുറേ. ഇടക്കിടെ വരുന്ന പാനിക് അറ്റാക്കുകളിൽ നിന്ന് ഒരു താത്കാലിക രക്ഷ ഡോക്ടർ രവിയുടെ മരുന്നുകളായിരുന്നു. മരുന്നുകൾ പക്ഷേ അവളെ കൂടുതൽ ഉറക്കക്കാരിയാക്കി. ഉറങ്ങിയുറങ്ങി മടുക്കുമ്പോൾ അവൾ മരുന്നുകൾക്ക് ഒരു ഇടവേള കൊടുക്കും. പിന്നെ യോഗ, മെഡിറ്റേഷൻ അങ്ങനെ പലതും മാറി മാറി പ്രയോഗിക്കും. മനസ്സിനെ പിടിച്ചു കെട്ടുക എന്നുള്ളതാണല്ലോ ഏറ്റവും ദുഷ്കരമായ ജോലി. ചെറുതായിരിക്കുമ്പോൾ ഈ പേടി അത്ര കുഴപ്പമില്ല, വലുതാവുമ്പോൾ മാറിക്കോളും എന്നൊക്കെ തോന്നും. പക്ഷേ, പോത്ത് പോലെ വളർന്നിട്ടും ഈ പണ്ടാറപേടി മാറിയില്ലെങ്കിൽ ഉള്ള നാണക്കേട് ഒന്നാലോചിച്ചു നോക്കൂ. ഇപ്പോഴും തെയ്യക്കോലത്തെ പേടിച്ച് ഊരിലെ കളിയാട്ടത്തിനും, ഉത്സവത്തിനും ഒന്നും പോകാറില്ലെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?! എള്ളരിഞ്ഞിയിലെ ചോന്നമ്മ ഭഗവതി തന്നോട് പിണക്കത്തിലായിരിക്കും. ചോന്നമ്മക്ക് അറിയാലോ തൻ്റെ പേടി. അപ്പോ പിന്നെ ക്ഷമിക്കാതിരിക്കില്ല എന്നവൾ സ്വയം ആശ്വസിപ്പിക്കും.
ഉദയൻ്റെ അമ്മ നല്ല സ്നേഹമുള്ള അമ്മായിഅമ്മയായിരുന്നു. കല്യാണം കഴിഞ്ഞുള്ള രണ്ടു വർഷത്തെ ഇടപഴകൽ മാത്രം. ആ രണ്ടു വർഷങ്ങൾ സ്വന്തം മകളെ പോലെ തന്നെയാണ് അവർ രാഗിണിയെ കൊണ്ട് നടന്നത്. പിന്നീട് അവരുടെ ഓർമ്മകൾ ഓരോന്നായി നഷ്ടപ്പെടാൻ തുടങ്ങി. ഓർമ്മകൾ ഇല്ലാതായാൽ പിന്നെ നമ്മൾ വെറും യന്ത്രമനുഷ്യനെ പോലെയാവും, കീ കൊടുക്കുന്ന പാവ പോലെയും. ഓരോരോ ഓർമ്മകൾ യാത്ര പറഞ്ഞു പോകുമ്പോഴും അവരുടെ ഓരോരോ അവയവങ്ങളായി തളർന്നു തുടങ്ങി. ഒടുവിൽ അവർ എണീക്കാൻ പോലുമാവാതെ കിടക്കുമ്പോഴും ഒരു കൊച്ചു കുഞ്ഞിനെ പോലെ ചിരിച്ചു കാണിക്കും. എന്നിട്ട് ചോദിക്കും, "എൻ്റെ അമ്മയെവിടെ?"
എന്നിട്ട് രാഗിണിയെ നീട്ടി വിളിക്കും, "അമ്മേ...അമ്മേ..."
രാഗിണി ശരിക്കും അവർക്ക് അമ്മ തന്നെ ആയിരുന്നു. ഒരു കുഞ്ഞിനെ അമ്മ എങ്ങനെ നോക്കുന്നുവോ അതേ കരുതലോടെ അവരെ അവൾ പരിപാലിച്ചു, മരണം വരെ. ഓർമ്മകളില്ലാത്തവർ ജനിച്ചു വീഴുന്ന കുഞ്ഞിനെ പോലെയാണ് എന്നവൾക്ക് തോന്നാറുണ്ട്. ഓർമ്മകളില്ലാതെ മരിക്കേണ്ടി വരിക എന്നത് ഒരേ സമയം എത്ര ഭാഗ്യകരവും നിർഭാഗ്യകരവുമാണ്!
എത്ര സ്നേഹമുള്ള അമ്മയായാലും ശരി, പ്രേതം പ്രേതമല്ലാണ്ടാവോ! പൂച്ചയാണെന്ന് കരുതിയിടത്ത് അമ്മയെ കണ്ട അന്ന് ഉണ്ടായ പുകിലൊന്നും പറയണ്ട! ഹോസ്പിറ്റലിൽ നിന്ന് വന്നതിനു ശേഷം അമ്മപ്രേതവുമായി നേർക്ക് നേർ വരാനിട വരുത്താതെ വളരെ ശ്രദ്ധിച്ചാണ് രാഗിണി ഓരോ പകലുകളും തള്ളി നീക്കിയത്. ഒച്ച കേൾക്കുന്നിടത്തേക്ക് പോകാതിരിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. പക്ഷേ ചില ദിവസങ്ങളിൽ അമ്മക്ക് ബോറടിച്ചിട്ടാവണം തൻ്റെ തൊട്ടടുത്ത് വന്നിരിക്കുന്നത് പോലെ. ശരിക്കും ആ ചൂട് കൈകളിൽ തട്ടും. പാവം, പ്രേതങ്ങൾക്കും ബോറടി ഉണ്ടാവും അല്ലേ? ഈ വീട്ടിൽ അവരും ഒരു കണക്കിന് തനിച്ചല്ലേ. ആരോട് മിണ്ടാനാ? ആര് കാണാനാ അവരെ? മരിച്ചു കഴിഞ്ഞാൽ പിന്നെ അദൃശ്യ ജീവികളായി മാറില്ലേ. തൊട്ടടുത്തിരുന്നിട്ടും കാണാനാകാതെ, കേൾക്കാനാകാതെ എത്ര നാൾ! ഏകാന്തതക്കും ഒരു പരിധിയില്ലേ! അപ്പോഴായിരിക്കണം നമ്മുടെ ശ്രദ്ധ ആകർഷിക്കാൻ അവരീ തട്ടും മുട്ടും ബഹളവുമൊക്കെ ഉണ്ടാക്കുന്നത്. എന്തായാലും ശരി, കാണാൻ പറ്റാത്തിടത്തോളം കാലം അമ്മ അമ്മയല്ല, പ്രേതം തന്നെയായിരിക്കും എന്നവൾ ഉറപ്പിച്ചു. ഇനിയിപ്പോ കാണാൻ പറ്റിയാലോ? അയ്യോ! അതൊട്ടും വേണ്ട. മരിച്ചു പോയവരെ കാണാൻ പറ്റുക എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല. തനിക്ക് കാണുകേം വേണ്ട കേൾക്കുകേം വേണ്ട.
ഇതിനിടയിൽ അയൽപക്കക്കാരുടെ വക എരിതീയിൽ എണ്ണ ഒഴിക്കുന്ന കലാപരിപാടി ഇവിടെയും ഉണ്ട്. കണ്ണൂരിൽ എള്ളരിഞ്ഞിയിലെ തറവാട്ടിൽ നിന്ന് ഉദയൻ്റെ ജോലി സംബന്ധമായാണ് ഗോവയിലേക്ക് വീട് മാറുന്നത്. രാഗിണിക്ക് ഒരുപാടിഷ്ടപ്പെട്ടു ഈ സ്ഥലവും വീടുമൊക്കെ. കണ്ണൂര് പോലെ തന്നെ പക്ഷേ കുറച്ചൂടെ സിറ്റി ഫീൽ ഉണ്ട് താനും. കടലുണ്ട്, അതു കൊണ്ടു തന്നെയാണ് ഒരു കേരള ഫീൽ കിട്ടുന്നതും. ഏകദേശം അതേ കാലാവസ്ഥ തന്നെയാണ്. അയൽക്കാരൊക്കെ സ്നേഹമുള്ളവർ തന്നെ. എന്നിരുന്നാലും രാഗിണിയുടെ പേടിയെ പറ്റി അറിഞ്ഞത് മുതൽ എന്തെങ്കിലും ഒക്കെ എരിവും പുളിയും കൂട്ടി പറഞ്ഞു പേടിപ്പിക്കുന്നത് അവർക്കൊരു നേരം പോക്കായിരുന്നു, പ്രത്യേകിച്ച് ഗീതാജിക്ക്.
ഗീതാജി എന്ന പേര് കേട്ട് അവരൊരു ഹിന്ദിക്കാരി ആൻ്റി ആണെന്ന് കരുതിയെങ്കിൽ തെറ്റി. കൊല്ലത്ത് നിന്ന് വന്ന് ഇവിടെ ഒരു ഗോവാക്കാരനെയും കെട്ടി ജീവിതം സെറ്റ് ആക്കിയ ഒരു പക്കാ മലയാളി മധ്യവയസ്കയാണ് ഈ ഗീതാജി. കാണാനും സുന്ദരി. ഗീതാജിയുടെ അമ്മയ്ക്ക് നാട്ടിൽ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ തൂപ്പായിരുന്നു പണി. അച്ഛനെ പറ്റി ഒരറിവുമില്ല. പതിനാറാം വയസ്സിൽ വീട്ടുപണിക്കായി വന്നതാണ് ഇവിടെ. അപ്പോഴാണ് വീട്ടുപണിക്ക് നിന്നിരുന്ന വീട്ടിലെ സ്ഥിരം അതിഥിയായിരുന്ന വെറ്റിനറി ഡോക്ടർ മിസ്റ്റർ ജെസ്റ്റർ ജോണിനെ കാണുന്നതും ഇഷ്ടത്തിലാവുന്നതും. പിന്നെ ലൈഫ് സെറ്റ്. ജോൺ ഒരു നല്ല മനുഷ്യനാണ്. ഗീതാജിയും നല്ല സ്നേഹമുള്ള സ്ത്രീയാണ്, എങ്കിലും അവർക്ക് ചെറിയ രീതിയിൽ സ്വതസിദ്ധമായ കുശുമ്പും കുന്നായ്മയും ഒക്കെയുണ്ട്.
അമ്മ മരിച്ചതോടെ അവരുടെ വിഷയ ദാരിദ്ര്യവും മാറിക്കിട്ടി. മരിച്ചവർ പെട്ടെന്നൊന്നും വീട് വിട്ട് പോകില്ലെന്നും ഇവിടൊക്കെ തന്നെ കാണുമെന്നും ഒക്കെ പറഞ്ഞു ചുമ്മാ അങ്ങ് പേടിപ്പിക്കലാണ്. ഗീതാജിക്കാണെങ്കിൽ കഥകൾക്കൊരു പഞ്ഞവുമില്ല, മണിച്ചിത്രത്താഴിലെ കെ.പി.എ.സി ചേച്ചിയെ പോലെ. ചില കർമ്മങ്ങൾ ഒക്കെ ചെയ്യണം, വേണ്ടി വന്നാൽ ഉച്ചാടനം. ഇല്ലെങ്കിൽ ഇവർ വീട് വിട്ട് പോവില്ലാത്രെ. മരിച്ചാലും മനുഷ്യന് സ്വന്തവും ബന്ധവും വിട്ടു പോകാൻ മടിയാണെങ്കിൽ പിന്നെ പരലോകം അത്ര മടുപ്പിക്കുന്നതായിരിക്കുമോ? ഒരു പക്ഷേ, മരണാനന്തര ജീവിതം നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ലായിരിക്കും.
"എന്താ മോളേ നീ ആലോചിക്കണേ? ഇന്ന് തോരൻ ഒന്നും ഉണ്ടാക്കീലേ?"
പരിചിത ശബ്ദം കേട്ട് ആലോചനയിൽ നിന്ന് ഞെട്ടി ഉണർന്ന് നോക്കുമ്പോൾ തൊട്ടടുത്ത് അതേ ചൂട്. ശബ്ദവും അമ്മയുടേത് തന്നെ. രാഗിണിക്ക് തൊണ്ട ഉണങ്ങുന്നതും കാലിലെ പെരുവിരലിൽ നിന്ന് ഒരു തണുപ്പ് അരിച്ചു കയറുന്നതും എല്ലാം അറിയുന്നുണ്ടെങ്കിലും ഇരുന്നിടത്ത് നിന്ന് ഒരിഞ്ച് പോലും അനങ്ങാൻ കഴിഞ്ഞില്ല. ഒരു വിധത്തിൽ ധൈര്യം മുഴുവനും സംഭരിച്ച് അവൾ ചോദിച്ചു.
"എന്തിനാ ഇങ്ങനെ എന്നെ പേടിപ്പിക്കാനായിട്ട് പുറകെ നടക്കുന്നത്? അമ്മയ്ക്ക് ഇനിയും പോകാറായില്ലേ?"
"അമ്മ പോയി ചോറ് കഴിക്കട്ടെ. നല്ല വിശപ്പ്." മറുപടിയും വന്നു. ചൂട് അകന്നകന്നു പോയി.
രാഗിണിക്ക് ശ്വാസം കിട്ടാത്തത് പോലെ. തൻ്റെ ചുറ്റുമുള്ള വായുവെല്ലാം അതാ അമ്മയുടെ പിറകേ സാരിത്തുമ്പിൽ പിടിച്ച് ഒരു അനുസരണയുള്ള കുഞ്ഞിനെ പോലെ ഒഴുകിയൊഴുകി പോകുന്നു. തല കറങ്ങുന്നത് പോലെ. വീണ്ടും പാനിക് അറ്റാക്ക് ആണോ?!
രാത്രി കണ്ണ് തുറക്കുമ്പോൾ ഉദയൻ അടുത്തുണ്ട്. നല്ല ദേഷ്യത്തിലാണ്.
"എന്താ രാഗിണി ഇത്? നീ മരുന്ന് മുടക്കിയോ?"
അവൾ ഒന്നും മിണ്ടിയില്ല. ഇടക്കിടെ ആ വൃത്തികെട്ട ഉറക്കമരുന്ന് അവൾ ഒഴിവാക്കിയിരുന്നു എന്നത് സത്യം. പിന്നെ ദിവസം മുഴുവനും ഉറക്കം തൂങ്ങി എങ്ങനെ ജീവിക്കും മനുഷ്യൻ. അത് ഇവർക്കാർക്കും പറഞ്ഞാൽ മനസിലാവില്ല.
"ശരി. ഡോക്ടർ രവി കുറച്ചു മരുന്നുകൾ കൂടെ തന്നിട്ടുണ്ട്. പിന്നെ വേറൊരു കാര്യം കൂടെ. നീ പറയുന്നത് പോലെ അമ്മേടെ പ്രേതമൊന്നും ഇവിടില്ല. അടുക്കളയിൽ കയറി തട്ടും മുട്ടും നടത്തുന്നത് ആ കള്ളി പൂച്ചയാണെന്നേ. ഞാനിന്നതിനെ കൈയോടെ പിടിച്ചു. ഗീതാജിക്കുള്ള ഡോസ് വേറെ കൊടുത്തിട്ടുണ്ട്. അതു കൊണ്ട് ദയവ് ചെയ്ത് ഇനി സമയത്തിന് മരുന്നെടുക്കാതെ കേൾക്കുന്ന ഒച്ചയൊക്കെ മരിച്ചു പോയ എൻ്റെ പാവം അമ്മേടെ തലയിൽ ഇടാതെ നീയൊന്നു സമാധാനമായിട്ടിരിക്ക്."
അവളുടെ നനുത്ത് വിറക്കുന്ന കൈത്തണ്ടയിൽ അയാളുടെ പരുപരുത്ത ഉരുണ്ട വിരലുകൾ തലോടിക്കൊണ്ടിരുന്നു. എങ്കിലും അതവളെ ഒട്ടും തന്നെ ആശ്വസിപ്പിക്കുന്നതായിരുന്നില്ല.
അപ്പോ ആ കള്ളിച്ചെല്ലമ്മയായിരുന്നു എല്ലാം ഒപ്പിച്ചത്. താൻ വെറുതേ ഓരോന്ന് ആലോചിച്ച് കൂട്ടി എന്തൊക്കെ വിഭാവനം ചെയ്തു. തനിക്ക് ശരിക്കും കൂടിയ വട്ട് തന്നെ. മനസ്സിന് എന്തൊക്കെ കഥകൾ മെനഞ്ഞുണ്ടാക്കാം അല്ലേ!
നാളെയാവട്ടെ, ഗീതാജിയോട് ആ പൂച്ചയെ കെട്ടിയിട്ട് വളർത്താൻ പറയണം. ഇനി മേലാൽ ഈ കോമ്പൗണ്ടിൽ കേറ്റരുത്.
"മോനെവിടെ?" അവൾ പൊടുന്നനെ എണീറ്റിരുന്നു.
"അവൻ ആകെ പേടിച്ചിരിക്കുകയാ. ഇതിപ്പോ സെക്കൻ്റ് ടൈം അല്ലേ നിനക്കിങ്ങനെ. നീ ഇങ്ങനെ പേടിത്തൂറി ആയിരുന്നാൽ ശെരി ആവില്ല. നീ മനസ്സു വെച്ചാലേ എന്തെങ്കിലും മാറ്റമുണ്ടാവൂ. ഇല്ലെങ്കിൽ അതവനെ കൂടെ ബാധിക്കും. ഇതെല്ലാം നിൻ്റെ വെറും തോന്നലുകളാണ് രാഗി. എനിക്ക് എപ്പോഴും ഇങ്ങനെ ലീവ് എടുത്ത് ഓടി വരാൻ പറ്റില്ല. താങ്ങാൻ ആളുള്ളപ്പോൾ തളർച്ച കൂടും.അതു തന്നെയാ നിൻ്റെ പ്രശ്നം."
ഉദയൻ്റെ വാക്കുകളിൽ മടുപ്പിൻ്റെ ലാഞ്ചനയുണ്ട്. ഉണ്ടാവും, തെറ്റു പറയാൻ പറ്റില്ല. ആർക്കായാലും മടുക്കും. ഉദയൻ്റെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോൾ അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി. ഇടക്കിടെ തലക്ക് സുഖമില്ലാത്ത ഭാര്യ എന്ന് ചുറ്റുമുള്ളവരിൽ കുറച്ചു പേരെങ്കിലും കളിയാക്കുന്നുണ്ടാവില്ലേ? പക്ഷേ, താനിത് മനപ്പൂർവ്വം ഉണ്ടാക്കിയെടുത്ത അസുഖമല്ലല്ലോ. നമ്മുടെ തോന്നലുകൾ നമ്മുടേത് മാത്രമാണ്, നമ്മുടെ അനുഭവങ്ങളും. മറ്റുള്ളവർക്ക് അത് മനസ്സിലാക്കുന്നതിന് പരിധിയുണ്ട്. അവൾ സ്വയം ആശ്വസിപ്പിച്ചു.
ശരീരത്തിൻ്റെ അസുഖങ്ങൾ എല്ലാവർക്കും സ്വീകാര്യമാണ്, അനുകമ്പയും ആവശ്യത്തിന് ലഭ്യമാണ്. പക്ഷേ, മനസ്സിൻ്റെ അസുഖങ്ങൾ അങ്ങനെയല്ല. അത് സമൂഹത്തിന് ഒട്ടും തന്നെ അഭികാമ്യമുളള ഒന്നല്ല. എത്രയും മറച്ചു പിടിക്കാമോ അത്രയും നല്ലത്. നാലാളറിഞ്ഞാൽ നാണക്കേട്. കുടുംബത്തിന് തന്നെ മാനക്കേട്. സഹാനുഭൂതി പോയിട്ട് ആരും ഒന്നു ആശ്വസിപ്പിക്കുക പോലുമില്ല. എല്ലാം നിൻ്റെ തോന്നലാണ്, നീ വെറുതെ ആലോചിച്ചുണ്ടാക്കുന്നതാണ്, ഒരു പണിയും ചെയ്യാതെ വീട്ടിൽ വെറുതെ ഇരുന്നിട്ടാണ്...അങ്ങനെ അങ്ങനെ പോകുന്നു അവരുടെ കണ്ടുപിടിത്തങ്ങൾ.
ചെറുപ്പത്തിൽ തെയ്യക്കോലം ദൂരെ നിന്ന് വരുന്ന കൊട്ടു കേൾക്കുമ്പോഴേക്കും അവൾ പത്തായപ്പുരയിൽ കയറി ഒളിച്ചിരിക്കും. തെയ്യങ്ങളുടെ നാട്ടിൽ തെയ്യത്തെ പേടിച്ചു ജീവിച്ച പെൺകുട്ടി! നാലുചുറ്റും പരന്നു കാട് പിടിച്ചു കിടക്കുന്ന പറമ്പിൽ മലമ്പാമ്പ് മുതൽ അകാലത്തിൽ മരിച്ചു പോയ മുതു മുത്തശ്ശിയുടെ പ്രേതം വരെ ഉണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതുകൊണ്ട് തസ്കര ശല്യം തീരെ ഇല്ല. ഇരുട്ട് മൂടിയ തട്ടിൻപുറത്തേക്ക് കയറാനുള്ള തടിയുടെ കോണിപ്പടികൾ. അങ്ങോട്ടേക്ക് ഒറ്റക്ക് പോകുന്നവർക്ക് ഏറ്റവും വലിയ ധൈര്യവാനുള്ള പുരസ്ക്കാരം. പ്രത്യേകിച്ച്, മണിച്ചിത്രത്താഴ് സിനിമ ഇറങ്ങിയതിന് ശേഷം ആ ഭാഗത്തേക്കുള്ള പോക്കു വരവ് വല്ലാണ്ടങ്ങ് കുറഞ്ഞു എന്ന് വേണം പറയാൻ. പണ്ട് വീടിൻ്റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. മറ്റേ ഭാഗത്ത് ഏറ്റവും അറ്റത്തെ ഇരുട്ട് മുറിയിലാണ് വിളക്ക് കത്തിച്ചിരുന്നത്. അത് അവളുടെ ജോലിയായിരുന്നു. പേടിയുണ്ടെന്ന് സമ്മതിച്ചു കൊടുക്കാൻ കഴിയാത്തത് കൊണ്ട് മാത്രം അവളാ ജോലി ഏറ്റെടുത്തു. ഈ അറ്റത്ത് നിന്ന് ആ അറ്റം വരെ ഒരൊറ്റ ഓട്ടത്തിൽ എത്തും. എല്ലാ ദൈവങ്ങളെയും വിളിച്ചു കൊണ്ട് എങ്ങനെയൊക്കെയോ വിളക്കും കൊളുത്തി തിരിഞ്ഞു നോക്കാതെ ഓടി ഇപ്പുറത്തെത്തും. രാഗിണിയുടെ ഒരിത് വച്ച് ഈ പ്രേതത്തിനൊന്നും ഹിന്ദു ദൈവങ്ങളെ അത്ര പേടിയില്ല എന്നാണ്. കുരിശുണ്ടെങ്കിലേ കാര്യം നടക്കൂ എന്നാണ് ഡ്രാക്കുള വായിച്ചപ്പോൾ കിട്ടിയ വിലപ്പെട്ട അറിവ്. അതല്ലെങ്കിൽ പിന്നെ മന്ത്രങ്ങളൊക്കെ വശത്താക്കണം. അത് നടക്കുന്ന കാര്യമല്ല. പഠിക്കാനുള്ളത് തന്നെ ഒരു കണക്കിനാണ് മനപ്പാഠമാക്കുന്നത്, അപ്പോഴാ ഇനി മന്ത്രവും തന്ത്രവും. അതുകൊണ്ട് ക്രിസ്ത്യാനിയായ ബെസ്റ്റ് ഫ്രണ്ടിനോട് പറഞ്ഞ് കൊന്ത കൈയിലാക്കിയിരുന്നു. സത്യം പറഞ്ഞാല് കല്യാണം കഴിയുന്നത് വരെ അവളുടെ പേഴ്സിലും തലയണക്കടിയിലും കൊന്തമാല ഒളിപ്പിച്ചു വച്ചിരുന്നു. അത്രക്കും പ്രേതപ്പേടിയുമായി ജീവിച്ച ഒരുത്തിയാണ്. പക്ഷേ, പ്രായമാകും തോറും മനസ്സിലായി, പ്രേതത്തേക്കാൾ പേടിക്കേണ്ടത് മനുഷ്യരെ തന്നെയാണെന്ന്. അതോടെ ആ കൊന്തയെല്ലാം ഒരു കൗതുക വസ്തുവായി, പ്രേതപ്പേടിയുടെ സ്മാരകങ്ങളായി ഒതുങ്ങി.
ഈ പേടി കാരണം എല്ലാവരിൽ നിന്നും അകന്നു. പേടിത്തൂറിയായ ഒരു കൂട്ടുകാരിയെ ആർക്ക് വേണം. ഉദയൻ്റെ ആലോചന വന്നപ്പോഴും ഈ പേടിക്കഥയൊക്കെ പറഞ്ഞിട്ട് തന്നെയാണ് വിവാഹം ഉറപ്പിച്ചത്. പക്ഷേ, കെട്ടു കഴിഞ്ഞ് ആദ്യ രാത്രി ലൈറ്റ് ഓഫ് ചെയ്യാൻ സമ്മതിക്കാഞ്ഞപ്പോഴാണ് പേടിയുടെ വ്യാപ്തി ഉദയന് മനസിലായത്. ഇപ്പോഴും ബെഡ് ലാംപ് ഇല്ലാതെ ഉറങ്ങാൻ അവൾക്ക് പറ്റില്ല. പകൽ ഒറ്റക്കിരിക്കാൻ പേടി കൂടിക്കൂടി, അങ്ങനെ ഒരു ദിവസം ഒരു പാനിക് അറ്റാക്ക്. അന്ന് ഉദയൻ ഡോക്ടർ രവിയുടെ അടുത്ത് കൊണ്ട് പോയി ട്രീറ്റ്മെൻ്റ് തുടങ്ങി വച്ചു. കുറെ നാൾ നല്ല മാറ്റം കണ്ടു. പക്ഷേ, ഇടക്കിടെ വീണ്ടും ഈ പേടി എത്തി നോക്കാൻ വരും. അതോടെ മനസ്സ് ആകെ മടുക്കും, ഡിപ്രഷൻ അടിച്ച് ആകെ വല്ലാണ്ടാവും. ഉദയനും ഏതാണ്ടൊക്കെ മടുത്ത മട്ടാണ്. ഉള്ളിൻ്റെ ഉള്ളിൽ രാഗിക്ക് ചില സംശയങ്ങൾ ഉണ്ട്. തന്നെ വല്ല മാനസികാരോഗ്യ കേന്ദ്രത്തിലും കൊണ്ടാക്കിയാലോ എന്നൊക്കെ. ചിലപ്പോ തൻ്റെ പൊട്ട മനസ്സിൻ്റെ തോന്നലാവും.
ഇതിപ്പോ കുറെ നാളായി ഒരാശ്വാസം ഉണ്ടായിരുന്നു. അമ്മ പോയതോടെ അതില്ലാതായി. ഒരാളോടും മിണ്ടാതെ, പറയാതെ ഒരേക്കറിൻ്റെ നടുവിൽ ഒരു വലിയ വീട്ടിൽ ഒറ്റക്കിങ്ങനെ കഴിയുക എന്നതിൽ പരം ഭയങ്കരം വേറെന്തുണ്ട് എന്നവൾക്ക് തോന്നും. കാട് പിടിച്ചു പരന്നു കിടക്കുന്ന പറമ്പിനു നടുവിലെ ആ പഴയ തറവാട് ഓർമ്മ വരും. മലമ്പാമ്പും മുതുമുത്തശ്ശിയുടെ പ്രേതവും എല്ലാം കൂടെ തൻ്റെ ചുറ്റും പരതി നടക്കും. അതോടെ പഴയ പ്രേതപ്പേടി ഇരട്ടിയായി തിരിച്ചു വരും. എന്തായാലും തനിക്ക് ഒരു മെൻ്റൽ ഹോസ്പിറ്റലിലും പോകണ്ട. ഈ ഡോസ് കൂടിയ മരുന്നുകളും വേണ്ട. അവ തന്നെ ഉറക്കിയുറക്കി കൊല്ലും. ആരോട് പറയാൻ, ആര് കേൾക്കാൻ?! പറയാൻ ഒരുപാടുള്ളവർക്ക് കേൾക്കാൻ ആരുമുണ്ടാവില്ല.
"നീ പറ മോളേ... അമ്മ കേൾക്കാം."
ഒരു നിമിഷത്തേക്ക് ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ദേ, പിന്നേം അമ്മ.
"നീ എന്തിനെയാ കുഞ്ഞേ പേടിക്കണേ? ഈ വയസ്സായ എന്നെയോ? ഞാനും നീയും ഒക്കെ ഒരുപോലെയാണ്. നമ്മളെ ആരും കേൾക്കുന്നുമില്ല, കാണുന്നുമില്ല. ഒരു വ്യത്യാസം മാത്രം; നിനക്ക് ജീവനുണ്ട്, എനിക്ക് ജീവനില്ല. പക്ഷേ, നമുക്ക് പരസ്പരം കാണാം, കേൾക്കാം. അതുകൊണ്ട്, നീ പറ കുഞ്ഞേ... ഞാൻ കേൾക്കാം നിന്നെ. ഉം...വാ, ഇന്ന് ഉച്ചക്ക് എന്താ കറി?" അമ്മ അടുക്കള ഭാഗത്തേക്ക് തിരിഞ്ഞു.
രാഗിണിയുടെ കണ്ണുകളിൽ നിന്ന് ഭയം നീർപളുങ്കുകളായി താഴെ വീണു ചിന്നി ചിതറി. ഒരു കൊച്ചു കുഞ്ഞിനെ പോലെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അനുസരണയോടെ അവൾ ഒഴുകിയൊഴുകി നടന്നു. ഇനി ആരും തന്നെ ഭ്രാന്തിയെന്ന് വിളിക്കില്ല. തൻ്റെയുള്ളിലെ ഭയത്തെ അവൾ എന്നെന്നേക്കുമായി ഉച്ചാടനം ചെയ്തിരിക്കുന്നു.
Ammayiamma aayitula trauma bonding aano😅. Soulmate? Or mental illness? 😄
ReplyDelete