സുചിയുടെ ഓണം, മമ്മൂട്ടിയുടെയും...

ഓണം പ്രവാസി മലയാളിക്ക് രണ്ടു മാസത്തോളം വരെ ആഘോഷിക്കാം എന്നാണല്ലോ. ഞങ്ങൾ ബാംഗ്ലൂർ മലയാളികൾ മാസാവസാനം വരെ പോയുള്ളൂ എന്ന് സമാധാനിക്കാം. ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്ന് പറയുന്ന പോലെ ഒരു സംഭവമാണ് ഞാൻ അവതരിപ്പിക്കാൻ പോകുന്നത്. 

തിരുവാതിര ഇല്ലാതെ എന്തോണം അല്ലേ? അങ്ങനെയൊക്കെ ഓർത്താണ് ഞാനും തിരുവാതിര എടുത്ത് തലയിലേറ്റിയത്. ഈ പെണ്ണുങ്ങളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമല്ല എന്നറിയാമല്ലോ.അതും പത്ത് പെണ്ണുങ്ങൾ! ഒരു മണിക്കൂർ പ്രാക്ടീസിൽ മുപ്പതു മിനിറ്റ് വർത്തമാനം, ഇരുപത് മിനിറ്റ് ചിരി ഒക്കെ കഴിഞ്ഞ് പത്ത് മിനിറ്റ് കളിക്കാൻ കിട്ടിയാലായി. വഴക്കും കുശുമ്പും അടിയും ഒക്കെ കഴിഞ്ഞ് അവസാനം എത്ര പേർ കാണുമെന്ന് പരിപാടിക്ക് ഒരാഴ്ച മുൻപ് മാത്രമേ അറിയാൻ പറ്റൂ. അങ്ങനെ സുചി എനിക്ക് കൊണ്ടു വന്നു തന്നതാണ് മമ്മൂട്ടിയെ. മമ്മൂട്ടി എന്നത് ഇരട്ടപ്പേരാണെന്ന് മനസ്സിലായല്ലോ. എൻ്റെ ഗ്രൂപ്പിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ ഉണ്ട്. അവരുടെ നൃത്ത ശൈലി പിന്തുടരുന്നത് കൊണ്ടാണ് ഇവർക്കങ്ങനെ ഒരു വിളിപ്പേര് വന്നത്. കുറ്റം പറയരുതല്ലോ വളരെ കഷ്ടപ്പെട്ടാണെങ്കിലും മമ്മൂട്ടി തിരുവാതിര എന്ന കീറാമുട്ടി പഠിച്ചെടുത്തു. 

മമ്മൂട്ടിയെ പറ്റി കൂടുതൽ അറിയും തോറും ഞങ്ങൾക്കെല്ലാം ഒരുൾ ഭയം. കൂടോത്രം ഒക്കെ അറിയാത്രെ! സുചിയുടെ മകളുടെ മുടി കണ്ടിട്ട് ഒരിക്കൽ പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി. "ഈ കുട്ടീടെ ജനിച്ചപ്പോ ഉള്ള മുടിയല്ലേ? ഈ മുടിയെങ്ങാനും ഞങ്ങടെ നാട്ടിൽ കിട്ടിയാൽ അത് മതി, കൂടോത്രം ചെയ്യാൻ ബെസ്റ്റ് ആണ്."
സുചി അതോടു കൂടി അടുത്ത ആഴ്ച തന്നെ മുടി വെട്ടാൻ ഉറച്ച തീരുമാനമെടുത്തു. മമ്മൂട്ടിക്ക് വേറെയും ഒരുപാട് സ്വഭാവ സവിശേഷതകൾ ഉണ്ട്. അതെല്ലാം കൂടെ എഴുതാൻ എനിക്കൊരു നോവൽ തന്നെ എഴുതേണ്ടി വരും എന്നത് കൊണ്ട് അതിനു ഞാൻ മുതിരുന്നില്ല.

അങ്ങനെ കാത്തു കാത്തിരുന്നു ഓണാഘോഷം ഇങ്ങെത്തി. ഫസ്റ്റ് പെർഫോർമൻസ് ഞങ്ങളുടെ. അതും ഏതു നേരത്താണോ എനിക്ക് ഫസ്റ്റ് നമ്പർ വാങ്ങാൻ തോന്നിയത്. ഒരുത്തി ഉടുക്കാൻ കൊണ്ടുവന്ന സാരി മാറിപ്പോയപ്പോൾ, വേറൊരുത്തി മുടി കെട്ടാൻ കൈയും വീശി വന്നിരിക്കുന്നു. കുത്താൻ സ്ലൈഡില്ല, പിന്നില്ല. ഒരുത്തിക്ക് ലിപ്സ്റ്റിക് വേണ്ട, വേറൊരുത്തിക്ക് കണ്ണിന് വാലെഴുതണ്ട!  നീയൊക്കെ തിരുവാതിരക്കു തന്നെയാണോ വന്നതെന്ന് ഞാൻ അലറി. ഭാഗ്യത്തിന് മേക്കപ്പ് ചെയ്യാൻ മമ്മൂട്ടി റെഡി ആണ്. ഫാഷൻ ഡിസൈനിംഗ് പഠിച്ചിട്ടുണ്ടത്രെ. ഹോ! മുഖമെങ്കിലും വൃത്തിക്കിരിക്കുമല്ലോ...! 

ഫുൾ മേക്കപ്പ് കിറ്റും ആയിട്ടാണ് കക്ഷി വന്നിരിക്കുന്നത്. കണ്ടു പഠിക്കെടെയ് എന്ന് ഞാൻ ബാക്കിയുള്ള തരുണീമണികളോടായി മൊഴിഞ്ഞു. മമ്മൂട്ടി സ്വന്തം ഒരുക്കം പോലും മാറ്റി വച്ച് മറ്റുള്ളവരെ ഓരോരുത്തരെ ആയി മേക്കപ്പ് ഇട്ടു കൊണ്ടിരിക്കുന്നു. എത്ര ആത്മാർഥത! മനസ്സ് കൊണ്ട് മമ്മൂട്ടിയെ തെറ്റിദ്ധരിച്ചതിൽ ഞാൻ ഖേദിച്ചു. എല്ലാവരും സുന്ദരികളായിരിക്കുന്നു. സമ്മാനം കിട്ടില്ലെന്ന് ഉറപ്പിച്ച് കളിച്ചത് കൊണ്ട് പിന്നെ മത്സരത്തിൽ തോറ്റതിൽ ആർക്കും മനോവിഷമം തീരെ ഇല്ലായിരുന്നു.

അങ്ങനെ രണ്ടു ദിവസത്തെ ഓണാഘോഷം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് വാട്ട്സ്ആപ്പിൽ സുചിയുടെ കളകളാരവം. ഇവളുമാർക്ക് തിരുവാതിര കഴിഞ്ഞാലെങ്കിലും ഒന്ന് വായടച്ചിരുന്നൂടെ എന്ന് ഞാനോർത്തു. "നിൻ്റെ കണ്ണിന് കുഴപ്പമൊന്നും ഇല്ലല്ലോ?" ലവളുടെ ചോദ്യം. ഇതെന്ത് കൂത്ത്! എൻ്റെ കണ്ണിനെന്ത് കുഴപ്പം? ഇനി ചാറ്റ് മാറി ഇട്ടതാണോ? ഞാൻ തിരിച്ച് ഒരു 'കൺഫ്യൂഷൻ തീർക്കണമേ' ഇമോജി ഇട്ടു കൊടുത്തു. അപ്പോഴാണ് ഒരുത്തി കഥയുടെ ചുരുളഴിക്കുന്നത്. മമ്മൂട്ടി കൊണ്ട് വന്ന മേക്കപ്പ് ഐറ്റംസ് എല്ലാം എക്സ്‌പയറി ഡേറ്റും കഴിഞ്ഞ് അങ്ങ് പരലോകത്തെത്തേണ്ടിയിരുന്നവയായിരുന്നത്രെ!! മമ്മൂട്ടിയുടെ കണ്ണിൽ ഇൻഫെക്ഷൻ.  അപ്പോഴാണ് ഈ സത്യകഥകൾ ലവൾ സുചിയോട് തുറന്നു പറയുന്നത്. കാജൽ ആണ് മെയിൻ വില്ലൻ. കണ്ണിനുള്ളിൽ എഴുതാൻ മമ്മൂട്ടിയുടെ കൺമഷി എടുത്തവർക്കൊക്കെ പണി കിട്ടിക്കാണണം. ഇന്ന് രാവിലെ മുതൽ സുചിയുടെ കണ്ണിനും ആകെ ഒരു പിരുപിരുപ്പ്. 

ഇത്രയും കേട്ടതും ഞാൻ മൊബൈലും വലിച്ചെറിഞ്ഞ് കണ്ണാടിയുടെ മുന്നിലേക്കോടി. കണ്ണുരുട്ടിയും കോങ്കണ്ണ് പോലെ ഇരു വശത്തേക്ക് ദൃഷ്ടി ചലിപ്പിച്ചും കണ്ണിന് കുഴപ്പമൊന്നുമില്ല എന്നുറപ്പിച്ചു. രണ്ടു ദിവസത്തോളം എനിക്ക് കണ്ണിനെന്തോ കുഴപ്പമില്ലേ എന്നൊരു തോന്നൽ. ഇടക്കിടെ കണ്ണ് തിരുമ്മിയും കണ്ണാടി നോക്കിയും കഴിച്ചു കൂട്ടി. പിന്നെയാണോർത്തത്, കണ്ണിനുള്ളിൽ ഞാൻ എൻ്റെ സ്വന്തം കാജൽ തന്നെയാണ് ഉപയോഗിച്ചത്. പുറമേ എഴുതാൻ വേറൊരു കുട്ടിയുടെയും. ഹൊ! ഞാൻ ദീർഘനിശ്വാസമിട്ടു.

എല്ലാം കഴിഞ്ഞ് ഗ്രൂപ്പിൽ സുചിയുടെ ഗദ്ഗദം, "എനിക്കിത് തന്നെ വേണം!" 
ചിരിയുടെ ഇമോജി ഇട്ടാൽ ലവൾ നാളെ എന്നെ വീട്ടിൽ വന്നു തല്ലുമോ എന്ന് ഭയന്ന് ഞാൻ വീട്ടിലിരുന്ന് ചിരിച്ചു മറിഞ്ഞു.

വാൽക്കഷ്ണം : ഈ കഥ ഓണം കമ്മിറ്റി ഗ്രൂപ്പിൽ ഇട്ടപ്പോൾ ദാ വരുന്നു ബാക്കി. എൻ്റെ ഭാര്യക്കും തിരുവാതിര കഴിഞ്ഞത് മുതൽ കണ്ണിനു സുഖമില്ലായിരുന്നു എന്ന് ഒരാൾ! അവളും എൻ്റെ തിരുവാതിര ടീമിൽ ഉണ്ടായിരുന്നു. അതോടെ മമ്മൂട്ടി കഥ അവിടന്നും മുന്നോട്ട് പോയിരിക്കുന്നു. പിന്നീട് മമ്മൂട്ടിയുടെ പല പല കഥകളും കേട്ട് ഏതെഴുതും ഏതെഴുതണ്ട എന്നുള്ള ശങ്കയിൽ ഞാൻ അവസാനിപ്പിക്കുകയാണ്.
എന്താ കഥ! ശിവ ശിവ!Comments

Popular posts from this blog

Why am I against religion?

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1