നിന്നോളമെത്താത്തോരായിരം നോക്കാലിന്നെന്റെ കണ്ണുകൾ പൊള്ളവേ
മിഴിയിണകളിലെയീറൻ തുവർത്താതെ നിന്നെയെൻ
ഹൃദയത്തിൻ കല്ലറയിലടക്കി ഞാൻ...
*******************************************
ഹൃദയം ഓട്ടയായത് കൊണ്ടാവണം എന്റെ പ്രണയം മുഴുവനും ചോർന്നു പോയിരിക്കുന്നു.
********************************************
ഹൃദയത്തിൻ്റെ നിറമെന്താണ്?
ചുവപ്പ് ... അല്ലേ?
അല്ലാ, കറുപ്പ്!
അതെങ്ങനെ??
പ്രണയത്തിൻ്റെ അന്ധതയിൽ മുങ്ങി ഹൃദയം മുഴുവനും ഇരുട്ടിൻ്റെ കറുപ്പായിരിക്കുന്നു...
********************************************
ആഹാരവും വെള്ളവും കഴിഞ്ഞാൽ മനുഷ്യന് പരമപ്രധാനം സ്വാതന്ത്ര്യം തന്നെ! അതില്ലാത്തിടത്തോളം കാലം ഒരു ഹൃദയവും ഒരു രാജ്യവും ഇന്നേ വരെ അധിക കാലം ഒന്നിനെയും അതിജീവിച്ചിട്ടില്ല...
********************************************
യുഗമേതായാലും കഥ ഒന്നുതന്നെ! : ചോരയുണങ്ങാത്ത മണ്ണും, കണ്ണീരുണങ്ങാത്ത പെണ്ണും...
********************************************
കഥ മതിലുകൾ!
ഓരോ മനുഷ്യന് ചുറ്റും ഓരോ കഥ മതിലുണ്ടാവും. ജനിച്ച്, വളർന്ന് വന്ന വഴികളിൽ കണ്ടതും കേട്ടതും സാങ്കല്പികവും അനുഭാവികവും ഒക്കെ ആയ കുറെ ചെറുതും വലുതുമായ കഥകൾ കൊണ്ട് കെട്ടിപ്പൊക്കിയ മതിലുകൾ. ആ മതിലുകളാണ് ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത്. ഓരോ മനുഷ്യനെയും അറിയണമെങ്കിൽ ആദ്യം ആ കഥ മതിലിലുള്ള ഇഷ്ടിക കഥകൾ ഓരോന്നായി ഇളക്കി എടുക്കണം. അങ്ങനെ എത്ര മതിലുകൾ നിങ്ങൾ പൊളിച്ചിട്ടുണ്ടാവും? എത്ര പേരെ നിങ്ങളുടെ മതിൽക്കെട്ടിനകത്തേക്ക് കയറാൻ അനുവദിച്ചു കാണും? കഥ മതിലുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി ഒറ്റപ്പെടാതെ ഓരോരോ കഥകളും പറഞ്ഞു പറഞ്ഞു ... മതിലുകളില്ലാത്ത ഒരു ലോകം നമുക്ക് തീർക്കാം. പറഞ്ഞു തീർക്കാത്ത കഥകൾ ചെകുത്താനെ പോലെയാണ്. അവ നിങ്ങളെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കും...
********************************************
ഞങ്ങളുടെ ചില്ലകൾ മേഘ പുതപ്പിനുള്ളിൽ എന്നെന്നേക്കുമായി കൈ കോർത്തിരിക്കുന്നു. ഞങ്ങളുടെ വേരുകൾ പിരിക്കാനാവാത്ത വിധം മണ്ണിനടിയിൽ കെട്ടു പിണഞ്ഞു കിടക്കുന്നു. എങ്കിലും പേടിയാണ് ഞങ്ങൾക്ക്...നിങ്ങളെ! നിങ്ങളെ മാത്രം!!
********************************************
മഴയൊരു കുളിരായ്
വെയിലൊരു തണലായ്
നീയെന്നരികിൽ...
ഞാനൊരു പൂവിതളായ്
മഴയായ് നിൻ പ്രണയം
കാറ്റായെൻ ഹൃദയം,
ഒരുമിച്ചങ്ങൊരു ദൂരം
മിണ്ടാതെ മിണ്ടി
കണ്ണിൽ കഥയൊഴുകി
ഒരു മനസ്സായ് നമ്മൾ
സ്വപ്നക്കടൽ താണ്ടി...
********************************************
മരണം ഒരിക്കലേയുള്ളു, പക്ഷേ പ്രണയം പലപ്പോഴായി വന്ന് നമ്മെ കൊന്നു കൊണ്ടിരിക്കും.
********************************************
നീയില്ലായിടങ്ങളിൽ നിന്നാണ് ഞാൻ എന്നെ കണ്ടെടുത്തത്.
********************************************
ഹൃദയം കീറി മുറിക്കാൻ നിങ്ങൾ നല്ലൊരു സർജൻ ആവണമെന്നില്ല, അത്യാവശ്യം മൂർച്ചയുള്ള നാവുണ്ടായാൽ മതി.
********************************************
പ്രണയത്തിന്റെ ആഴം കൂടും തോറും കാഴ്ച മങ്ങുന്നു. മഞ്ഞു വന്നു മൂടുന്ന പോലെ...
********************************************
എന്റെയും നിന്റെയും സ്വപ്നങ്ങളിൽ മാത്രം ജീവിക്കുന്ന ചില നമ്മളുണ്ട്. അവർ ആകാശത്തെ നക്ഷത്രങ്ങളെ പോലെയാണ്. ഒരിക്കലും സ്വപ്നങ്ങളിൽ നിന്നും പുറത്തിറങ്ങാതെ ആകാശത്തിരുന്നു നമ്മെ സ്നേഹിച്ചു കൊതിപ്പിക്കും...
********************************************
പണ്ടേതോ വഴിയിൽ കളഞ്ഞു പോയ ഹൃദയം തിരിച്ചു കിട്ടാത്തത് കൊണ്ട് പിന്നീടങ്ങോട്ട് ഹൃദയമില്ലാത്തവളായി... പിന്നെ ഹൃദയശൂന്യത കൊണ്ട് തല തിരിഞ്ഞവളും.
********************************************
എനിക്കറിയാവുന്നതിൽ നിന്നും ഒരു സൂചിമുനയോളം നീ മാറിയിട്ടില്ലെങ്കിലും, ഒരു കുന്നോളം മാറി നീയല്ലാതായതായി നീ അഭിനയിക്കുന്നു, അതിലും നന്നായി ഞാനും!
********************************************
എന്റെ പ്രണയം ഭയപ്പെടുത്തുന്ന കൊടുങ്കാറ്റ് പോലെയാണ്. ഏറ്റവുമധികം ശക്തിയോടെ വന്നു അത് നിങ്ങളെ മുഴുവനോടെ കശക്കിയെറിഞ്ഞു പതിയെ ഇല്ലാതാവും. അത് താങ്ങാനാവാത്തതിനാലാവാം എന്റെ പ്രണയങ്ങളൊന്നും വെളിച്ചം കാണാതെ പോയത്. അതുകൊണ്ട്, ഇനിയുമൊരു കൊടുങ്കാറ്റടിക്കാതിരിക്കാൻ നിന്നിലവസാനിപ്പിക്കട്ടെ എന്റെ പ്രണയം. നീ വരുമെന്ന പ്രതീക്ഷയിൽ എന്റെ പുലരികൾ അസ്തമിക്കുന്നു.
********************************************
പ്രണയവും മരണവും എപ്പോഴും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്ത വഴികളിൽ ഒളിഞ്ഞിരിപ്പുണ്ടാവും.
********************************************
നമുക്കാരോടും ദേഷ്യമില്ല, ആരും മരിക്കണമെന്നും ആഗ്രഹിക്കുന്നില്ല. പക്ഷേ, അത് തിരിച്ചറിയണമെങ്കിൽ മരണം മുന്നിൽ വന്നു നിൽക്കണം.
********************************************
എല്ലാ വഴികളും നിന്നിൽ അവസാനിച്ചിരുന്നെങ്കിൽ മരിക്കും വരെ ഞാൻ തളരാതെ നടന്നേനെ...
********************************************
നീയില്ലാതാവാതെയിരിക്കാനായിരുന്നു നിന്നിൽ നിന്നും എന്നെ ഇല്ലാതാക്കിയത്.
********************************************
നീ കൂടെയില്ല എന്നതാണെന്റെ മരണം..
********************************************
നീയില്ലായിടങ്ങളിൽ നിന്നാണ് ഞാൻ എന്നെ കണ്ടെടുത്തത്.
********************************************
ഒരു തിരയായ് തുടങ്ങി, ഒടുക്കം കടലായ് മാറി നിന്നോടുള്ള പ്രണയം!
********************************************
ഒരിക്കലെനിക്കായ് ഞാനൊരു കാടുണ്ടാക്കി,
സന്തോഷത്തിൻ്റെ കാട്
സ്നേഹത്തിൻ്റെ കാട്
സമാധാനത്തിൻ്റെ കാട്
ഏകാന്തതയുടെ കാട്
ഒരുമയുടെ കാട്
പുതുമയുടെ കാട്
സൗഹൃദത്തിൻ്റെ കാട്
എൻ്റെ ഭ്രാന്തമായ
സ്വപ്നങ്ങളുടെ കാട്
ആ കാടിൻ്റെ ഹൃദയത്തിലടക്കി
ഞാനെന്നെ എന്നെന്നേക്കുമായ്,
ഒടുക്കം അലയുന്നു ഞാൻ
ഇന്നെന്നെ തിരഞ്ഞെങ്ങും...
Using so less words, you have expressed billions of emotions.😍 Each mini strorylets are in itself a novel. Brilliant work Sree!
ReplyDeleteThank youy dear for the constant motivation!
Delete