ഒരു ശോഭാ രാത്രി


ഇന്നലെ രാത്രി ഒരു 11.45 ന് ഉറക്കം വരാതെ കിടന്നപ്പോൾ വെറുതെ ഒന്ന് നടക്കാനിറങ്ങിയാലോ എന്നൊരു തോന്നൽ. അസമയത്തു ആവശ്യമില്ലാത്ത ഓരോരോ തോന്നലുകൾ കേറി വന്നോളും. ആ ഒരൊറ്റ തോന്നലിൽ ഇറങ്ങി അങ്ങ് പോന്നു. പാതി ഉറക്കത്തിലും സ്നേഹ സമ്പന്നനായ ഭർത്താവ്, "ഈ പാതിരാത്രി നടക്കാൻ പോണോ മോളെ?" എന്ന് നൂറു വട്ടം ചോദിച്ചതാ... കേട്ടില്ല. "വരുന്നുണ്ടെലേ വാ മനുഷ്യാ" എന്നും പറഞ്ഞ് ചാടിതുള്ളി ഇറങ്ങി. 

17th wing ന്റെ പടിയും കടന്ന് പാർക്കിന്റെ സൈഡിലൂടെ തണുത്ത കാറ്റത്ത് മൂളിപ്പാട്ടും പാടി നടക്കുമ്പോൾ "ശ്ശെടാ... അങ്ങേരിത് മിസ്സ് ചെയ്തല്ലോ" എന്നോർത്ത് ഉള്ളിൽ ചിരി പൊട്ടി. നടക്കാൻ അധികം ആളില്ല ഇന്ന്. ഒന്നോ രണ്ടോ പേർ വായുഗുളിക വാങ്ങാനെന്ന പോലെ പാഞ്ഞു പോയി. കിഴക്കു ഭാഗത്തുളള ഇല്ലിമുളം കാടും കടന്നു മുന്നോട്ട് പിന്നെയും നടന്നു. സെക്യൂരിറ്റി ചേട്ടനെ അടുത്തെങ്ങും കാൺമാനില്ല. അത് പിന്നെ ആവശ്യത്തിനു നോക്കിയാൽ കിട്ടുന്ന ഒന്നല്ലല്ലോ ശോഭയിൽ! പതിമൂന്നാം wing ലേക്ക് കടന്നപ്പോൾ മുതൽ നല്ല ഒരു സുഗന്ധം നാസാദ്വാരങ്ങളിലേക്ക് ഇരച്ചു കയറി. ഈ പാതിരാത്രി ഇതാരണപ്പാ പെർഫ്യൂം കട തുറന്നു വച്ചിരിക്കണത്! ആസ്വദിച്ചു നടന്നു പതിനാലിന്റെ മുന്നിൽ എത്തിയപ്പോ ദാണ്ടെ നിക്കണ് പഴയ കൂട്ടുകാരി മുന്നിൽ!! "എടീ... നീ ഇവിടെ ആണോ താമസം? " എന്ന് തുടങ്ങി പിന്നെ കുറച്ച് അല്ല ഇച്ചിരി അധികം നേരം പാതിരാ സൊറ പറഞ്ഞു ചിരിച്ചു. ഇയ്യോ! സമയം പന്ത്രണ്ടര കഴിഞ്ഞു. അങ്ങേരിപ്പോ രണ്ടുറക്കം കഴിഞ്ഞു കാണും. പോണെന് മുന്ന് നമുക്കൊരു സെൽഫി എടുത്താലോ? രണ്ടു പെണ്ണുങ്ങൾ ഒരുമിച്ച് കൂടിയാൽ സെൽഫി എടുക്കാണ്ട് പൂവാന്നെച്ചാ അതിൽ കൂടുതൽ സങ്കടം വേറെന്തുണ്ട്! തൊട്ടടുത്ത് കണ്ട മരത്തിന്റെ ചോട്ടിൽ നിന്ന് ഒരു സെൽഫീം എടുത്തു അവളോട് ടാറ്റാ പറഞ്ഞു തിരിച്ചോടി വീട്ടിൽക്കേറി. 

കൂട്ടുകാരിയെ കണ്ട വിശേഷം പറയാൻ ഉറങ്ങിക്കിടന്ന കണവനെ കുത്തി എണീപ്പിച്ചു മൊബൈലിലെ സെൽഫി കാണിക്കാൻ എടുത്തതും എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി!! എന്റെ പൊന്നും കുരിശു മാതാവേ... സെൽഫിയിൽ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഭാഗത്ത് വെറും വായു മാത്രം! ഇവളെവിടെപോയി?!! എനിക്ക് കയ്യും കാലും വിറക്കാൻ തുടങ്ങി. ദേ, മനുഷ്യനേ ഇങ്ങോട്ട് നോക്കിക്കേ... അങ്ങേർക്ക് ഒറങ്ങാൻ കണ്ട നേരം. കണ്ണും തിരുമ്മി എണീറ്റ് ഫോട്ടോ നോക്കി അങ്ങേരു പറഞ്ഞത് കേട്ട് ഞാൻ, പടച്ചോനെ... ഇങ്ങള് കാത്തോളീന്നും പറഞ്ഞു കട്ടിലേന്നൊരു ചാട്ടം. എന്താ പുള്ളി പറഞ്ഞെന്ന് കേൾക്കണോ? "പാതിരാത്രി പാലമരത്തിന്റെ ചോട്ടിൽ നിന്ന് തന്നെ വേണം സെൽഫി എടുക്കാൻ. അല്ലാ, കൂട്ടുകാരി എവിടെ പോയി?" !!! അപ്പോ അത് യക്ഷിമണം ആയിരുന്നോ എന്റെ ഭഗവതീ!! 
അവളെ ഫോൺ വിളിച്ച് ചോദിക്കാം എന്ന് വച്ചാ, ഫോൺ നമ്പർ പോയിട്ട് ഒരു തേങ്ങാക്കൊലേം എന്റെ കയ്യിൽ ഇല്ല. അപ്പോഴേ, ആ വഴി നടക്കുമ്പോ നിങ്ങളൊക്കെ തോടിന്റെ വക്കത്ത് പൂത്തു നിൽക്കണ പാല ചേച്ചിയെ ഒന്ന് സൂക്ഷിക്കണത് നല്ലതാ..!

ഏഴിലം പാല പൂത്തു ... പൂമരങ്ങൾ കുട പിടിച്ചു... ശോഭ ഡ്രീം ഏകേഴ്‌സിൽ! 13, 14 wing-ലുള്ളവർക്ക് ഒരു യക്ഷി മണം അടിക്കുന്നുണ്ടോ?

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ