അങ്ങനെ പല പല സിന്ദാബാദ് !

ഇലക്ഷൻ അടുക്കുമ്പോൾ കൂൺ മുളച്ചു പൊന്തുന്നത്‌ പോലെയാണ് നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികൾ രൂപം കൊള്ളുന്നതും. ആർക്കും പാർട്ടി തുടങ്ങാം, വായിൽ തോന്നുന്ന പേരും ഇടാം. അത് പോലൊരു പാർട്ടി കഥയാണ്‌ ഇതും. ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരൊക്കെയോ ആയി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ... ചിലപ്പോ കാണുമായിരിക്കും എന്ന് പറഞ്ഞ് ഇരുട്ടടി വാങ്ങിക്കൂട്ടാൻ എനിക്ക് യാതൊരു താല്പര്യവും ഇല്ലാത്തത് കൊണ്ട് തല്ക്കാലം ഇതാരെയും ഉദ്ദേശിച്ചല്ല, അങ്ങനെ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രം എന്ന് ഞാൻ വീണ്ടും വീണ്ടും ആണയിട്ടു പറയുകയാണ്‌ കൂട്ടരേ... ആണയിട്ടു പറയുകയാണ്‌...!

അങ്ങനെ ഒരു ഇലക്ഷൻ കാലത്താണ് നമ്മുടെ നായകൻ ഹരിക്ക് നിനച്ചിരിക്കാതെ ഒരു ഫോൺ വിളി വരുന്നത്. പഴയ ഒരു സുഹൃത്താണ്. ഒരു സഹായം വേണമത്രെ. അത്യാവശ്യ ഘട്ടങ്ങളിൽ തന്നെ സഹായിച്ചിട്ടുള്ളവനാണ്. ഒരാവശ്യം പറഞ്ഞാൽ പറ്റില്ലെന്ന് പറയാൻ കഴിയില്ല. അവൻ കാര്യം അവതരിപ്പിച്ചപ്പോളാണ് ഇതിത്തിരി കടുപ്പമായിപ്പോയല്ലോ എന്ന് ഉള്ളാലെ തോന്നിയത്. വേറൊന്നുമല്ല,
കാര്യം ഇത്രേയുള്ളൂ...അവനൊരു പുതിയ പാർട്ടി തുടങ്ങിയിട്ടുണ്ടത്രേ. യുവജനങ്ങളെ മുന്നിൽ കണ്ടു കൊണ്ട് തുടങ്ങിയ പാർട്ടിയാണ്. പാർട്ടി ഉണ്ടാക്കിയത് കൊണ്ടായില്ലല്ലോ, അത് നാലാളറിയണ്ടേ. പാർട്ടിയുടെയും അണികളുടെയും ശക്തി അറിയിക്കണമെങ്കിൽ കുറഞ്ഞത്‌ ഒരു ജാഥയെങ്കിലും നടത്തണം. അങ്ങനെ ഒരു ജാഥയെപ്പറ്റി പറയാനാണ് നേതാവ് സുഹൃത്ത്‌ വിളിച്ചത്. കൊച്ചിയുടെ നഗരമധ്യത്തിലൂടെ ഒരു ജാഥ. പക്ഷേ, അണികൾ കുറവാണ്. ടിയാന് അണികളെ ഒപ്പിച്ചു കൊടുക്കണം. അതാണ്‌ ആവശ്യം.

പിറ്റേന്ന് ഒരുച്ച ഉച്ചര ഉച്ചേമുക്കാൽ ആവുമ്പോളെക്കും അണികളെയും കൊണ്ട് സ്ഥലത്തെത്തണം. നീ ഒന്നു കൊണ്ടും പേടിക്കണ്ട, ജാഥ നമുക്ക് ആഘോഷമാക്കാം എന്ന് നമ്മുടെ നായകൻ കണ്ണുമടച്ചങ്ങേറ്റ്. അണികളെ എവിടന്നൊപ്പിക്കും എന്ന് തല പുകഞ്ഞിരിക്കുമ്പോളാണ് വഴിയിൽ തെണ്ടിത്തിരിഞ്ഞു നടക്കുന്ന കുറെ ഫ്രീക്കന്മാരെ കണ്ടത്. ഒന്നും നോക്കിയില്ല, ഒരു ദിവസത്തെ പുട്ടടി ഓഫർ വെച്ച് നീട്ടിയപ്പോൾ ഫ്രീക്കന്മാർ ഹാപ്പി. കൂടെ വേറെ ഏതെങ്കിലും വേലയും കൂലിയുമില്ലാത്തോന്മാരുണ്ടെങ്കിൽ അവന്മാരെയും കൂട്ടിക്കോളാൻ പറഞ്ഞു. പിറ്റേന്ന് പറഞ്ഞ പോലെ നായകനും ഫ്രീക്കന്മാരും അല്ല, അണികളും സംഭവ സ്ഥലത്തെത്തി. നേതാവ് അണികളെ കണ്ടതും റൊമ്പ റൊമ്പ ഹാപ്പി. പുട്ടടിയുടെ കാര്യം മറക്കണ്ട എന്ന് നായകൻ നേതാവിനെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അതെല്ലാം ഏറ്റു എന്ന് നേതാവും. അപ്പൊ എല്ലാം പറഞ്ഞ പോലെ, ഞാൻ വിട്ടോട്ടെ എന്ന് പറഞ്ഞിറങ്ങാൻ തുടങ്ങിയ നായകനോട് നേതാവ്, "നീ പോയാലെങ്ങനാ... നീ വരണം. നീയില്ലാതെ എന്റെ പാർട്ടിക്കെന്ത് ജാഥ! വാടാ പുല്ലേ..."

"എന്റമ്മച്ചിയേ...ഇത് മാനക്കേടാവൂല്ലോ! കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. അവന്റൊരു ഒണക്ക പാർട്ടി" എന്ന് മനസ്സാലെ പ്രാകിക്കൊണ്ട്‌ നായകൻ സമ്മതം മൂളി. അങ്ങനെ നഗരമധ്യത്തിലൂടെ ജാഥ വെച്ചടി വെച്ചടി മുന്നേറുകയാണ്. നായകൻ വെയില് കൊള്ളാതിരിക്കാനെന്ന വ്യാജേന തലയിലൂടെ സ്കാർഫ് വലിച്ചു കെട്ടിയിട്ടുണ്ട്. ആരേലും കണ്ടാ പിന്നെ ഇത് മതി. നാണം കെടാൻ വേറൊന്നും വേണ്ട. നേതാവ് മുന്നില് തന്നെ ഘോര ഘോരം സിന്ദാബാദ് വിളിച്ചു കൊണ്ട് നയിക്കുകയാണ്. പക്ഷേ, അണികളുടെ ഒച്ച തീരെ പോരാ... തീരെ ആവേശമില്ല. നേതാവ് തിരിഞ്ഞു നോക്കി കണ്ണുരുട്ടി.

ഒന്നാഞ്ഞു വിളിക്കടെയ്...എന്തോന്നെടേയ് ഇതൊക്കെ? അണികളിൽ പലർക്കും പാർട്ടിയുടെ പേരത്ര പിടിയില്ല എന്നതാണ് വാസ്തവം! അതിനിടയിൽ ഒരു ഫ്രീക്കൻ നായകനോട്, "ബ്രോ... ആസ് ലോങ്ങ്‌ ആസ് ദി റീസൺ ഈസ്‌ പോസ്സിബിൾ...ഈ പാർട്ടീടെ പേരെന്താ ചേട്ടാ??"

നായകൻ കണ്ണ് മിഴിച്ചു. ആ അസുലഭ ദുർലഭനിമിഷത്തിലാണ് പാർട്ടീടെ പേര് തനിക്കും അറിയാൻ പാടില്ലെന്ന നഗ്ന സത്യം അവൻ മനസ്സിലാക്കിയത്! അതുകൊണ്ട് ഫ്രീക്കനെ ഇങ്ങനെ പറഞ്ഞ് സമാധാനിപ്പിച്ചു, "മോനേ... ദേ...ദങ്ങാട് നോക്കിയേ. ആ മുന്നില് പോണ നേതാവ് ചേട്ടനെ കണ്ടാ? ആ ചേട്ടന്റെ പാർട്ടിയാണ് ദിത്! തല്ക്കാലം ഇത്രേം അറിഞ്ഞാ മതി. ജയ് വിളിയെടാ..."

"പാർട്ടീടെ പേരറിയാണ്ട് എങ്ങനെ വിളിക്കാനാണ് ബ്രോ? ആ... ചേട്ടന്റെ പാർട്ടി സിന്ദാബാദ്... സിന്ദാബാദ്...!!"

ഹൊ! അവന്റെ സിന്ദാബാദ് വിളി കേട്ട് കുന്തം വിഴുങ്ങിയ പോലെ നില്ക്കുമ്പോളുണ്ട് അപ്പുറത്തുന്ന് വേറൊരു വിളി, "അങ്ങനെ പല പല സിന്ദാബാദ്... അങ്ങനെ പല പല സിന്ദാബാദ്!!"
എന്തോന്നെടേയ്... നീയൊക്കെ കൂടെ എന്നെ കൊലക്കു കൊടുക്കും അല്ലേടാ എന്ന് മുഖത്ത് വരുത്തിക്കൊണ്ട് അവനെ നോക്കിയപ്പോൾ അവന്റെ പരിതാപം, "പാർട്ടിയേതാന്നറിയാൻ മേലാത്തോണ്ടാ ബ്രോ... ക്ഷമി!" അങ്ങനെ ഒരു കണക്കിന് ജാഥ ഒരു വഴിക്കാക്കി അണികൾക്ക് വയറ് നിറച്ച് പുട്ടും വാങ്ങിക്കൊടുത്ത് കൃതാർഥനായി നില്ക്കുന്ന നേതാവ് നായകനെ കണ്ടതും ഓടി വന്ന് കൈ പിടിച്ചു കുലുക്കി കൊണ്ടു ആവോളം നന്ദി പറഞ്ഞു. "നന്ദിയുണ്ടെടാ മോനേ ഹരി, നന്ദിയുണ്ട്. നിന്റെ പിള്ളേരൊക്കെ അസ്സലായി ജയ് വിളിച്ചു. നമുക്ക് കൂടണം ട്ടാ... എന്റെ പാർട്ടിയൊന്നു പച്ച പിടിച്ചോട്ടെ"

ഉവ്വാ...അസ്സലായി ജയ് വിളിച്ചു. വിളിച്ചതിവൻ കേൾക്കാതിരുന്നതെന്റെ ഭാഗ്യം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ നമ്മുടെ നായകന് ഒരു വെളിപാടുണ്ടായി.
അതിതായിരുന്നു..."അപ്പ ദിങ്ങനെയാണ് നമ്മുടെ നാട്ടിലെ പാർട്ടികളും ജാഥകളും ഉണ്ടാവുന്നത്. ദങ്ങനെയാണെങ്കിൽ പിന്നെ തനിക്കും ഒരു പാർട്ടി അങ്ങുണ്ടാക്കിയാലാ?!!
പോയാ കുറച്ചു പുട്ടും കടലേം, കിട്ടിയാ ഒരു സീറ്റ്!!"

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ