കറന്റ് ബില്ല്

**Based on a true incident**

"എടീ കത്രീനാമ്മോ...എടിയേ..." പോത്തമറുന്ന പോലെയുള്ള വർക്കിച്ചായന്റെ വിളി കേട്ട് അടുക്കളയിൽ തേങ്ങാ ചിരവിക്കൊണ്ടിരുന്ന കത്രീനാമ്മയുടെ കയ്യിൽ നിന്നും തേങ്ങ, ഒന്ന് ഞെട്ടി കാലിടറി പാത്രത്തിലേക്ക് വീണു.

തേങ്ങാ വീണതറിയാതെ ചിരവയിൽ ഈണമിട്ടു കൊണ്ടിരുന്ന കത്രീനാമ്മയുടെ കൈയ്യും ചെറുതായൊന്ന് ഞെട്ടി പൊട്ടി. ചോര കിനിയുന്ന തള്ളവിരൽ വായിലിട്ട് കൊണ്ട് അവർ ഓടി ഉമ്മറത്തെത്തി.
"എന്നതാ മനുഷ്യനേ നിങ്ങളീ കിടന്നു കാറുന്നേ?എന്റെ കൈയ്യും പോയി."

"നിന്റെ കൈയല്ലേ പോയുള്ളൂ. എന്റെ നല്ല ജീവനാടി പോയത്. നീയിത് കണ്ടാ? കഴിഞ്ഞ മാസത്തെ കറന്റ് ബില്ലാ. നീയൊക്കെ കൂടെ കറന്റാണോ ഇവിടെ നാല് നേരം വച്ച് തിന്നണത്?"

"ഓ...ഇതാണാ. എല്ലാ മാസോം നിങ്ങളീ ബില്ലും പിടിച്ചു എണ്ണിപ്പെറുക്കണതല്ലേ. ഞാൻ കരുതി വേറെന്തോ ഗുലുമാലാണെന്ന്."

"ആ...നിനക്കൊക്കെ അത് പറയാം. പൈസാ ഉണ്ടാക്കി അത് കൈയീന്ന് പോവുന്നവനേ അതിന്റെ വെല അറിയൂ. ഇതെല്ലാ തവണേം പോലല്ല. നീയേ ഈ ബില്ലൊന്നു നോക്ക്." വർക്കിച്ചന്റെ കയ്യിലെ ബില്ലിലേക്ക് ഇടം കണ്ണിട്ട് നോക്കിയ കത്രീനാമ്മയുടെ കണ്ണടിച്ചു പോയി.

"എന്റെ കറന്റ് പുണ്യാളാ... പതിനായിരം രൂപായോ!!"

"ഇതെന്റെ ബില്ലല്ലാ... എന്റെ ബില്ലിങ്ങനല്ലാ..." ജഗതിയെ പോലെ ഉറക്കെ വിളിച്ചു കൂവണമെന്ന് തോന്നി കത്രീനാമ്മക്ക്. ഷോക്കടിച്ച പോലിരുന്ന വർക്കിച്ചായൻ കലി തുള്ളി അകത്തേക്ക് പോയി. രണ്ട് മിനിറ്റ് കഴിഞ്ഞില്ല, ഒറ്റ മോളായ സൂസൻ അന്തം വിട്ട് വായും പൊളിച്ചു ഓടി വന്നു.

"അമ്മച്ചീ, ഈ അപ്പച്ചനിതെന്നാ പറ്റി? കറന്റ് ബില്ല് വന്നാ? എന്നാലും ഇത്രേം ഭൂമി കുലുക്കം ഇണ്ടാവാറില്ലല്ലോ! ആണ്ടെ... എല്ലാ മുറീലും കേറി ഫാനിന്റെ റെഗുലേറ്റർ ഒക്കെ വലിച്ചൂരുന്നുണ്ട്."

തലയിൽ കൈ വച്ച് മുറ്റത്തോട്ടു നോക്കി നോക്കുകുത്തി പോലിരിക്കുന്ന കത്രീനാമ്മ അവസാനം മകളോട് ഉരിയാടി.

"എടീ പെണ്ണേ, പതിനായിരം രൂപായാ ബില്ല് വന്നേക്കണത്. അപ്പച്ചൻ നമ്മളെ വച്ചേക്കൂല. എന്നാലും ഇത്രേം പൈസ എങ്ങനായീന്നാ!! ഞങ്ങളറിയാണ്ട് നീ വല്ല ബിസിനസ്സും തുടങ്ങിയാടീ?" ഇരുപത്തിനാലു മണിക്കൂറും കംപ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന മകളെ അവരൊന്നു തറപ്പിച്ചു നോക്കി.

"ആ...ഇനി എന്റെ മണ്ടക്ക് കേറിക്കോ. ഇവിടെ വർക്ക് ഫ്രം ഹോം എടുത്തു വീട്ടുപണീം ഓഫീസ് പണീം എടുത്ത് നടുവൊടിഞ്ഞ എനിക്കിത് വേണം. എന്റെ തച്ചോളി വർഗീസ് ചേകവരാണെ സത്യം, ഇത് ഞാൻ കണ്ടു പിടിച്ചിരിക്കും. ആഹാ..."

"അതേടീ... ഞാനും കണ്ടു പിടിച്ചിട്ടേ ഉള്ളൂ. KSEB വരെ പോയിട്ട് വരട്ടെ. എന്നിട്ടാവാം ബാക്കി. എല്ലാത്തിനേം ഞാനിന്ന് ശരിയാക്കും. മുടിപ്പിക്കാനായിട്ട്, എന്റെ കർത്താവേ എന്തിനീ കുരിശുകളെ നീയെനിക്ക് തന്നു?!"

"ഓ, നിങ്ങള് പോയി കണ്ടു പിടിക്ക് മനുഷ്യാ. എനിക്കും അറിയാണല്ലോ ആരാ കുരിശെന്ന്." കത്രീനാമ്മ സാരി മടക്കി കുത്തി ഭൂമി കുലുങ്ങും മട്ടിൽ അടിവച്ചടിവച്ചു അടുക്കളയിലോട്ടു മടങ്ങി. വർക്കിച്ചൻ ദേഷ്യം കൊണ്ട് ചുക്കി ചുളിഞ്ഞ മുഖവുമായി ചാടിത്തുള്ളി ഇലെക്ട്രിസിറ്റി ആപ്പീസിലേക്കും. ഇന്നിവിടെ എന്തേലും ഒക്കെ നടക്കും എന്നുറപ്പിച്ചു സൂസൻ ഉമ്മറത്ത് കുത്തിയിരുന്നു.

ഒരു മണിക്കൂറിന്റെ നിശ്ശബ്ദതക്ക് വിരാമമിട്ടുകൊണ്ട് വർക്കിച്ചന്റെ പതിഞ്ഞ കാലടിയൊച്ച കേട്ട് സൂസൻ ഓടി ഉമ്മറത്തെത്തി. പോയപ്പോളുള്ള ചുക്കിച്ചുളിഞ്ഞ മുഖമല്ല ഇപ്പോൾ അപ്പച്ചന്റേതെന്നു സൂസന് തോന്നി.

"എന്നതാ അപ്പച്ചാ? കിട്ടിയോ കുരിശിനെ? ഇയ്യോ... അപ്പച്ചൻ ബില്ലടച്ചോ? എന്നാ പറ്റി? അമ്മച്ചീ, ദാണ്ടെ അപ്പച്ചൻ മിണ്ടുന്നില്ല. ബില്ലടച്ചമ്മച്ചീ..."

"ങേ...ബില്ലടച്ചോ ആര്? ഇങ്ങേരാടക്കാൻ ഒരു വഴീം ഞാൻ കാണണില്ല. എടീ, ഇനി കൂട്ടീന്ന് ബ്രൂണോ എങ്ങാനും പുറത്തു ചാടിയോന്നു നോക്കിയേടീ..." കത്രീനാമ്മ വാതിൽക്കലേക്ക് ഓടിക്കിതച്ചെത്തി.

"അമ്മച്ചീ... ഒരാൾക്ക് ഏനക്കേട്‌ വരുമ്പളാന്നോ ഇങ്ങനൊക്കെ പറയണേ? മിണ്ടണില്ലാന്നേ..."

"എന്നാ മനുഷ്യാ നിങ്ങക്ക് പറ്റിയെ? വാ തൊറന്ന് പറ." ഒരു റോബോട്ടിനെ പോലെ കസേരയിൽ നിന്നും എണീറ്റ് അടുക്കളയിലേക്ക് നടന്നു പോകുന്ന വർക്കിച്ചന്റെ പുറകെ ഭാര്യയും മകളും വെച്ചു പിടിച്ചു. അടുക്കളയിലെ ഒരു മൂലയിൽ ഒതുങ്ങി കൂടി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ പതുങ്ങിയിരിക്കുന്ന ഗ്രില്ലിങ് മെഷീന് നേരെ വിരൽ ചൂണ്ടി നിൽക്കുന്ന വർക്കിച്ചനെ കണ്ട് ആദ്യം അവരൊന്ന് ഞെട്ടി.

"ഇത് നിങ്ങ കഴിഞ്ഞ മാസം ഓൺലൈൻ വാങ്ങീതല്ലേ? കോഴി പുതിയ മോഡലിൽ ഗ്രിൽ ചെയ്ത് തിന്നാണ്ട് എന്തായിരുന്നു വെഷമം! തീർന്നില്ലേ... അല്ലാ എന്നാലും ഇത്രേം ബില്ല് വരാൻ വഴീല്ലാലോ"

"എന്റമ്മച്ചീ, ഇതേതോ ലോക്കൽ ഐറ്റം ആണെന്നേ. ഷോർട് സർക്യൂട്ട് അടിച്ചു കാണും. വാങ്ങുമ്പോ നല്ല സാധനം നോക്കി വാങ്ങണം. അപ്പച്ചനോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഓൺലൈൻ ഷോപ്പിംഗ് പറ്റിക്കൽസ് ഇഷ്ടം പോലെ ഇണ്ടെന്ന്. എന്നെ കാണിച്ചിട്ടേ വാങ്ങാവൂന്ന്."

"എല്ലാ മാസോം 200 രൂപാ കൂടുമ്പോളേക്കും ഇവിടെ കൊടുവാളെടുത്തു തുള്ളാറുള്ളതല്ലേ മനുഷ്യാ നിങ്ങള്. ഇപ്പോ എന്നാ പറ്റി? മുണ്ടാട്ടം മുട്ടി പോയാ? എന്തൊക്കെയാർന്ന്... കുരിശിനെ കണ്ടു പിടിക്കാൻ പോയതല്ലേ. കിട്ടിയല്ലോ, തൃപ്പതിയായല്ലോ! നിങ്ങളോട് ആവശ്യമില്ലാത്ത സാധങ്ങള് ഈ കംപ്യൂട്ടറീക്കൂടെ ഓർഡർ ചെയ്യരുതെന്ന് ഞാൻ പറഞ്ഞതാണാ? ഈ വീട്ടില് നിങ്ങടെ ഓൺലൈൻ ഷോപ്പിംഗ് സാധങ്ങള് തട്ടി നടക്കാൻ പറ്റാണ്ടായി. കസേര,മേശ,പെട്ടി,പട്ടി ഇനി കുട്ടീനേം കൂടിയേ വാങ്ങാനുള്ളൂ!" എല്ലാം കേട്ട് തറയിലേക്ക് കണ്ണും നട്ടു നിന്ന വർക്കിച്ചൻ പെട്ടെന്ന് എന്തോ വെളിപാട് വന്ന പോലെ തല പൊക്കി രണ്ടു പേരെയും തറപ്പിച്ചു നോക്കി.

എന്നിട്ട് ഉറക്കെ ഒരു കാരണവരുടെ ധാർഷ്ട്യത്തോടെ തലയുയർത്തി പ്രസ്താവിച്ചു. "വീട്ടിലെ കാർന്നോർക്ക് അടുപ്പിലും ആവാം... ഇനിയിവിടെ ഒരൊറ്റയെണ്ണം മിണ്ടിപ്പോവരുത്." സൂസനും കത്രീനാമ്മയും കുരിശു തറച്ച പോലെ തരിച്ചു നിന്നു! ഒരു നിമിഷത്തേക്ക് പുരുഷമേധാവിത്വത്തിനെതിരേ പോരാടുന്ന വനിതാ വിമോചകരായിരുന്നെങ്കിൽ എന്നവർക്ക് തോന്നിപ്പോയി. പിന്നെ അത് വേണ്ടെന്ന് വച്ച് ബാക്കി കിടക്കുന്ന വീട്ടുപണികളിലേക്ക് മുങ്ങിത്താഴ്ന്നു.

Comments

Popular posts from this blog

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1

Why am I against religion?