ഒരു കൊറോണക്കാലം


രണ്ടു പ്രളയം,സുനാമി,വസൂരി,പോളിയോ മുതലായ മഹാമാരികളെയെല്ലാം മറികടന്ന് വിജയശ്രീലാളിതയായി പരലോകത്തെ പുൽകാൻ തയ്യാറായി കിടക്കുന്ന മുത്തശ്ശി രാവിലെ മുതൽ നിർത്താതെ ചലിച്ചു കൊണ്ടിരിക്കുന്ന ടെലിവിഷനിൽ നോക്കി ആരോടെന്നില്ലാതെ പിറുപിറുത്തു, "ഇനി ഇതും കൂടെ കണ്ടിട്ട് വന്നാ മതീന്നാരിക്കും ഭഗവാന്റെ നിശ്ചയം. എന്നാ...ലും ഇതുപോലൊരു സാധനം ഇക്കണ്ട കാലത്തൊന്നും ഇണ്ടായിട്ടില്യാ! ആളോളെ കാണാൻ പാടില്ല്യാ, മിണ്ടാൻ പാടില്ല്യാ, മിറ്റത്തോട്ടിറങ്ങാൻ പാടില്ല്യാ...ആരേം കാണാണ്ട് ആരുംല്ല്യാത്തോരെ പോലെ ചാവാനായിരിക്കും ന്റെ വിധി.ന്റെ കൃഷ്ണാ...ഞാനെന്ത് മഹാപാപം ചെയ്തു?!" അവർ ഒഴുകി വീഴുന്ന കണ്ണുനീർ തുടച്ചു മാറ്റുന്നതിനിടയിൽ അടുക്കളയിൽ പാത്രങ്ങളോട് മല്പിടിത്തം നടത്തുന്ന സുമയെ വിളിച്ചു നോക്കി.

പറഞ്ഞു മടുത്ത വാചകങ്ങൾ തന്നേം പിന്നേം ഒരു റേഡിയോ പോലെ വള്ളുവനാടൻ-തിരു കൊച്ചി ഇടകലർന്ന മലയാളത്തിൽ സുമ വീണ്ടും ഉരുവിട്ടു. "എന്റമ്മേ,ഇങ്ങനെ നാഴികക്ക് നാല്പതു വട്ടം പറഞ്ഞോണ്ടിരുന്നിട്ടെന്താ.വരാനൊള്ളത് വണ്ടി പിടിച്ചിങ്ങാട് വരും.നമ്മളെക്കൊണ്ടാവണത് നമ്മള് ചെയ്യാ.അത്രേള്ളൂ.അമ്മ ആദ്യം ആ ടി.വി ഒന്ന് നിർത്തണ്ടോ?എന്തൊരു പുകിലാണപ്പാ!"


ഇതിനിടയിൽ മുറ്റമടിക്കാൻ വന്ന മേരിക്കുട്ടി നയം വ്യക്തമാക്കി. "ചേച്ച്യേ,നാളെ മൊതല് ഞാൻ വരണില്ലാട്ടാ.ആരും വീട്ടീന്ന് പൊറത്തോട്ടിറങ്ങാൻ പാടില്ലാന്ന്.വാരാപ്പുഴ വരെ എത്തീണ്ടെന്നാ കേട്ടെ.സൂക്ഷിച്ചോട്ടാ..."

"ഇതെന്താ ബസ് പിടിച്ചാട്ടെ ആണാ വരണത്? ആ...നിന്റെ ശമ്പളം മുഴുവനും വാങ്ങീട്ട് പോ പെണ്ണേ. കൃഷ്ണൻകുട്ടീനെ കാണാണെങ്കിൽ അവന്റെ സാധന സാമഗ്രികളൊക്കെ എടുത്തിട്ട് പൂവാൻ പറഞ്ഞേക്ക്. ഞങ്ങള് ഗേറ്റ് പൂട്ടാൻ പോണേണ്."

എന്നത്തേയും പോലെ കട്ടനും കുടിച്ചു കാശും വാങ്ങി നടന്നകലുന്ന മേരിക്കുട്ടിയെ നോക്കി സുമ ദീർഘനിശ്വാസമിട്ടു. ഇനി അടുത്ത മാസം ഇവൾക്ക് ഒരു പണീം ഇണ്ടാവില്ലാലോ!

ഒരു മണിക്കൂറായിക്കാണും, കൃഷ്ണൻകുട്ടി ഹാജർ വച്ചു. വകയിലൊരു ബന്ധുവാണ്. കല്യാണോം കഴിഞ്ഞിട്ടില്ല,ഒറ്റത്തടി. വയസ്സ് അമ്പതു കഴിഞ്ഞു. നാടേ വീട് എന്നാണ് പുള്ളീടെ ഒരു ലൈൻ. തുണി അലക്കലും വിരിക്കലും ഒക്കെ ഇവിടാണ്.ഇടക്ക് സുമ ഭക്ഷണവും കൊടുക്കും. ഇല്ലെങ്കിൽ പിന്നെ അമ്പലത്തിൽ തന്നെ.

"സുമേച്ച്യേ...ഇതെന്താണ് എൻ്റെ ഷർട്ടിന്റെ മേലെ ലവ് ലെറ്ററാണാ പിന്ന് കുത്തി വെച്ചേക്കണത്?"

സുമക്കു ചിരി പൊട്ടി "പിന്നേ...പത്തമ്പത് വയസ്സായ നിനക്കിനി ലവ് ലെറ്ററ് തരാൻ ഇന്നാട്ടില് പെണ്ണുങ്ങള് വരി നിക്കല്ലേ. അത് പിന്നേ,ഉച്ച സമയത്താണ് നീ വരണെങ്കില് ഞങ്ങളെല്ലാരും മയക്കത്തിലാരിക്കും. അതോണ്ടാ കാര്യം എഴുതി അവടെ ഒട്ടിച്ചേ. അപ്പോ ഗേറ്റ് പൂട്ടണെണ്. ഇനി ഇരുപത്തൊന്ന് ദീസം കഴിഞ്ഞാലേ തൊറക്കു. അതുവരെ നീ മഠത്തില് നിന്നോള്‌ല്ലേ?"

"ഓ...നമുക്കെന്ത് കൊറോണ വരാനാണ്? ഇങ്ങാടൊന്നും വരൂലാന്നെ. ഇവിടൊന്നും ആരും പുറത്തൂന്ന് വന്നിട്ടില്ലാലോ. പിന്നെ മ്മളെന്തിനാ പേടിക്കണേ? ഞാൻ അമ്പലത്തില് കഴിഞ്ഞോളാ. ശാന്തിമാര്ണ്ടല്ലോ. ഭഗവാന്റടുത്തല്ലേ..."

"വരൂലാ വരൂലാന്ന് പറഞ്ഞോണ്ടിരുന്നിട്ട് ഇവിടൊക്കെ കേറി മുക്കിക്കൊണ്ടു പോയതോർമ്മെണ്ടാ കഴിഞ്ഞ തവണ? അതോടെ ഞങ്ങളൊരു പാഠം പഠിച്ചതാ. ഈ അസുഖത്തിനൊക്കെ കൃഷ്ണനെന്നോ ജോസെഫേന്നോ ഒന്നൂലാ. നീയെന്താന്നു വച്ചാ ചെയ്യാ...പ്രളയം പോലല്ലാട്ടാ ഇത്. മ്മക്കൊക്കെ വയസ്സായി. വയസ്സന്മാർക്കും കുട്ട്യോൾക്കും ആണ് കൂടുതല് പ്രശ്നം." അവസാനത്തെ വാചകം മുത്തശ്ശി കേൾക്കാതിരിക്കാൻ പതിഞ്ഞ ശബ്ദത്തിലാണ് സുമ പറഞ്ഞത്.

എല്ലാവരും ഉച്ചമയക്കത്തിലേക്ക് വീണിട്ടും സുമയുടെ ചിന്തകൾ കറങ്ങുന്ന ഫാനിൽ നിന്നും ചുമരുകളിലേക്കും അവിടെ നിന്നു തിരിച്ചും ചാടിക്കളിച്ചു കൊണ്ടിരുന്നു. ഇതെന്തൊരു കാലമാണ്. ഇങ്ങനെയൊക്കെ അസുഖങ്ങള്ണ്ടാവോ! താൻ വല്ല സ്വപ്നത്തിലോ മറ്റോ ആണോ ഇനി...ഇത്രേം നൂറ്റാണ്ടുകൾക്കിടക്ക് വീട്ടീന്ന് പുറത്തിറങ്ങിയാ പിടിക്കണ ഒരു രാക്ഷസനും ഇണ്ടായിട്ടില്ല, രാവണനല്ലാതെ! ഇതിപ്പോ എവിടന്ന് പൊട്ടിപ്പുറപ്പെട്ടതാണോ ഈ കൊറോണ രാക്ഷസൻ.

സ്നേഹിച്ചു വിവാഹം കഴിച്ചു പൂനെയിൽ സ്ഥിരതാമസമാക്കിയ മൂത്ത മകൾ ഹേമയുടെ കാര്യം ഓർത്തപ്പോൾ അവർക്ക് ആധി കേറി. അവൾ പോയതിന് ശേഷം ഒരിക്കൽ പോലും അവളോട് മിണ്ടാൻ ഭർത്താവായ കരുണാകരൻ പിള്ളക്ക് തോന്നാത്തതിൽ സുമക്ക് അമർഷവും സങ്കടവും ഉണ്ട്. ഇനിയെങ്ങാനും ഈ അസുഖം വന്ന് ചാവാനാണ് വിധിയെങ്കിൽ അതിന് മുൻപ് ഒരിക്കലെങ്കിലും അദ്ദേഹത്തെക്കൊണ്ട് മകളെ ഒന്ന് വിളിപ്പിക്കണം. അല്ലെങ്കിൽ അവൾ വിളിക്കുമ്പോ ഒന്ന് ഫോൺ എടുക്കാനുള്ള മനസ്സുണ്ടായാൽ മതി. രണ്ടാമത്തവളുടെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞു. അത് കാണാനുള്ള ഭാഗ്യം തനിക്കുണ്ടാവില്ലേ എന്ന് ഒരു വട്ടം ഹൃദയസ്തംഭനം വന്നിരിക്കുന്ന സുമക്ക് ഇടയ്ക്കിടെ ഉളിൽ നിന്നൊരു ആന്തലാണ്.

വൈകുന്നേരം ടി.വി ക്കു മുന്നിൽ ചായ കൊണ്ട് വെക്കുമ്പോൾ സുമ മകളുടെ കാര്യം ഭർത്താവിന് മുന്നിൽ എടുത്തിട്ടു.

"നീ ആഴ്ച്ചക്കാഴ്ചക്ക് വിളിക്കണ്ടല്ലോ...അത് മതി. എന്റെ ചാവെടുത്താലും അവളിവിടെ വേണ്ട." എന്നയാൾ മുരണ്ടു.

"നിങ്ങൾക്കാരാണ് മനുഷ്യാ കരുണാകരൻ ന്ന് പേരിട്ടെ?പേരിന്റെ നീളത്തിനൊപ്പം പോലും കരുണയില്ലാലോ. ഒരു കരുണാകരൻ പിള്ള!" സുമയുടെ കണ്ണ് നിറഞ്ഞു.

ടി.വി യിൽ മരിച്ചവരുടെയും മരിക്കാനുള്ളവരുടെയും കണക്കെടുപ്പ് നടക്കുന്നു. പിള്ളക്ക് അതിലാണ് ശ്രദ്ധ. "ഇത് സംഭവം അവന്മാര് മനപ്പൂർവ്വം പടച്ചു വിട്ടേക്കണതാണ്. ഇതല്ല ഇതിന്റപ്പുറം ഇനിം കാണാൻ കിടക്കുന്നു. അമേരിക്കക്കാര് വെറുതെ കൈയും കെട്ടി നോക്കി ഇരിക്കുവോ..." അയാൾ കമെന്ററി പറഞ്ഞു കൊണ്ടിരുന്നു.

"ഹിമേടെ കല്യാണം നടത്താൻ ഇതാർന്നു ബെസ്ററ് ടൈം. ആളോളെ വിളിക്കണ്ടാലോ. പത്തു പൈസ ചെലവില്ലാണ്ട് കല്യാണം നടന്നേനെ!ആ...ഇനീപ്പോ പറഞ്ഞിട്ടെന്താ" അയാൾ ആത്മഗതം പറഞ്ഞു.

പെട്ടെന്ന് മൊബൈൽ അടിച്ചതും സുമ ചാടി എടുത്തതും, കണ്ണന്റെ വായിൽ ഈരേഴുപതിനാലു ലോകവും കണ്ട് പ്രജ്ഞയറ്റ്‌ വീണ യശോദയെ പോലെ ഭൂമിയിൽ പതിച്ചതും എല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കരുണാകരൻ പിള്ള കാര്യമെന്തെന്നറിയാതെ അന്തിച്ചു നിന്നു!*************************************************************************


കഴിഞ്ഞ ഒന്നര ആഴ്ചയായി പതിവിൽ നിന്നും വ്യത്യസ്തമായി ഹോൺ മുഴക്കി ചീത്ത വിളിച്ചു പുക തുപ്പി പോകുന്ന വണ്ടികളുടെ ഓരിയിടലിന് പകരം എന്നും രാവിലെ കേൾക്കുന്നത് കുയിലിന്റേയും കുഞ്ഞാറ്റക്കിളികളുടെയും ഉപ്പന്റെയും എല്ലാം പാട്ടു കച്ചേരിയാണ്. കൊറോണ കൊണ്ട് അങ്ങനെ ഒരു ഉപകാരമുണ്ടായി.

ഭർത്താവിനേം കൊച്ചിനേം അല്ലാതെ വേറൊരു മനുഷ്യജീവിയെ അടുത്ത് കണ്ടു രണ്ടു വർത്തമാനം പറഞ്ഞിട്ട് തന്നെ ദിവസങ്ങളാവുന്നു. ഓരോ കുടുംബവും ഓരോ തുരുത്തുകളായി മാറിയിരിക്കുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കുന്ന അവസ്ഥ എത്ര ഭയാനകമാണ്. ഒരു സാമൂഹ്യജീവിയായ മനുഷ്യന് ഒരു വീട്ടിൽ തന്നെ എത്ര നാൾ അടച്ചിരിക്കാൻ കഴിയും എന്നതാണ് വെല്ലുവിളി. നാട്ടിലാണെങ്കിൽ മുറ്റത്തോട്ടെങ്കിലും ഇറങ്ങാം. ഈ തീപ്പെട്ടിക്കൂട് പോലുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ അവസ്ഥ അത് അവർക്ക് മാത്രമേ അറിയൂ.

ഹേമക്ക് ദിവസം ചെല്ലുംതോറും അസ്വസ്ഥത കൂടി വന്നു. ഇത് തന്റെ മാത്രം അവസ്ഥയല്ലെന്ന് അവൾക്ക് മനസ്സിലാവുന്നത് വാട്സാപ്പ് ഗ്രൂപുകളിൽ കൂട്ടുകാരികളുടെ തുറന്നു പറച്ചിലുകളിലൂടെയാണ്. ഇത്രയും നാൾ അഭിമാനത്തിന്റെ മേലങ്കി അണിഞ്ഞു നടന്നിരുന്ന പല പെണ്ണുങ്ങളുടെയും ചിരിക്കുന്ന മുഖം മൂടികൾ ഈ ഒരാഴ്ച കൊണ്ട് അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഹേമയെ അത്ഭുതപ്പെടുത്തിയത്. ഇത്രയും നാൾ മുടങ്ങാതെ കിട്ടിയിരുന്ന ജോലിക്കാരിയുടെ സഹായം കിട്ടാതെ ആയപ്പോൾ എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്ക്കുന്ന ഒരുപാട് പേർ... വീട് അടിച്ചു തുടക്കാനറിയാത്തവർ, പാചകം അറിയാത്തവർ അങ്ങനെ അങ്ങനെ എത്ര പേർ! എല്ലാം യൂട്യൂബിൽ ഉണ്ടല്ലോ എന്ന് ആശ്വസിപ്പിക്കാനും ആളുണ്ട്. എത്രയായാലും ഒരു പെണ്ണിന് മാനസിക പിരിമുറുക്കത്തിൽ നിന്ന് ഒരല്പം അയവ് കിട്ടുന്നത് തുറന്നു പറച്ചിലുകളിലൂടെയാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

ഇതിനെല്ലാം പുറമേ ഭയം വീട് മുഴുവനും നിറഞ്ഞിരിക്കുന്നു. മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ തീരെ സുഖകരമല്ല. നമ്മുടെ നഗ്ന നേത്രങ്ങൾക്ക് അപ്രാപ്യമായ ഒരിത്തിരിക്കുഞ്ഞൻ രാക്ഷസൻ എങ്ങനെ ഈ ലോകത്തെ നിയന്ത്രിക്കുന്നതെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. അത്യാവശ്യം സാധങ്ങൾ വാങ്ങുവാൻ പോലും വീടിന് പുറത്തിറങ്ങാൻ ഭയമാവുന്നു. എവിടെപ്പോയാലും കൂടെ വരുന്ന രാക്ഷസൻ വാതിലിന്റെ പിടികളിലും ലിഫ്‌റ്റിലും എന്ന് വേണ്ട സകലയിടങ്ങളിലും ഒളിച്ചിരിക്കുന്നുണ്ടെന്ന തോന്നൽ അവളുടെ ഉള്ളിലെ ഭയത്തെ ഇരട്ടിയാക്കി. വീട്ടിലുള്ള കുട്ടികളെ ഓർത്തു മാത്രമായിരുന്നു ഈ ഭയം വളർന്നു പന്തലിച്ചു കൊണ്ടിരുന്നത്.

ഭർത്താവ് റോഷൻ യൂ.എസ് ഇൽ നിന്ന് എത്തിയിട്ട് ഒരാഴ്ച ആവുന്നു. അതുകൊണ്ടു തന്നെ ക്വറന്റൈൻ പീരീഡ് ആണ്. വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാതിലിന് മുന്നിൽ അസോസിയേഷൻ വെക്കും. പക്ഷേ, എത്ര ദിവസം മുൻപ് വിളിച്ചു പറഞ്ഞാലാണെന്നോ സാധനങ്ങൾ കിട്ടുന്നത്. ഇതെല്ലാം പോട്ടെന്നു വെക്കാം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ആരോഗ്യ വകുപ്പിനെ വിളിച്ചറിയിക്കണം എന്നാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് റോഷന് ചെറിയ രീതിയിൽ തൊണ്ടവേദന. ഉള്ളിലെ ഭയം ഇരട്ടിക്കിരട്ടിയായി. ടെസ്റ്റിന് കൊടുത്തതിന്റെ റിസൾട്ട് ഇന്ന് വരും. തന്റെ പത്താം ക്ലാസ് റിസൾട്ടിന് പോലും ഇത്രയും ടെൻഷൻ അടിച്ചിട്ടില്ല. ഇതിപ്പോ ജീവന്മരണ പോരാട്ടം പോലെയാണ് തോന്നുന്നത്.

വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്തകളാണ് സഹിക്കാൻ പറ്റാത്തത്. ഇപ്പോഴേ അസുഖം വന്നവരെ പോലെയാണ് തങ്ങളെ മറ്റുള്ളവർ കാണുന്നത്. എന്തോ കുറ്റം ചെയ്ത പോലെ. അപ്പോൾ പിന്നെ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് കൂടെ ആയാലത്തെ അവസ്ഥ എന്തായിരിക്കും! ഇവനൊക്കെ അമേരിക്കയിൽ തന്നെ നിന്നാൽ പോരായിരുന്നോ, ഇവിടുള്ളവരെ കൂടെ ബുദ്ധിമുട്ടിക്കാൻ എന്തിന് ഇങ്ങോട്ട് കെട്ടിയെടുത്തു എന്ന രീതിയിലാണ് സംസാരം.

വാട്സാപ്പിൽ മെസ്സേജുകളുടെ കുത്തൊഴുക്കാണ്‌. ഒരു കണക്കിന് നോക്കാതിരിക്കുന്നതാണ് നല്ലത്. ഇന്നലെ ദീപ്‌തി ഏതോ മരുന്നിന്റെ കാര്യം ഇട്ടിരുന്നു. ഇന്നേവരെ ഒരു രാജ്യവും ഇതിനൊരു മരുന്ന് കണ്ടു പിടിച്ചതായി ഒരു വാർത്തയും പുറത്തു വിട്ടിട്ടില്ലെന്നിരിക്കേ, ഇവിടെ ആളുകൾ മരുന്നുണ്ടാക്കുകയും അത് വിറ്റു കാശാക്കുകയും ചെയ്യുന്നു. എന്തൊരു പ്രഹസനമാണ്!
ഇത്രയും പഠിപ്പും വിവരവുമുണ്ടായിട്ടും ഇതൊക്കെ കണ്ണുമടച്ചു വാങ്ങാൻ ഗ്രൂപ്പിൽ നിന്നും മിനിമം ഒരു ഇരുപത്തഞ്ച് പേരെങ്കിലും ഉണ്ടായിരുന്നു എന്നുള്ളതാണ് അതിലും വലിയ ഞെട്ടിക്കുന്ന സത്യം. ഹേമ വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ തുറക്കുന്നത് തന്നെ അപൂർവം.

മതമാണ് മറ്റൊരു ചിന്താവിഷയം. തനിക്ക് അച്ഛനില്ലാതെയാക്കിയ മതം. അത് ഉപേക്ഷിച്ചിട്ടിപ്പോൾ വർഷങ്ങളായി. ദൈവത്തിന്റെ പേരിൽ ഓരോരോ മതങ്ങളും ഈ വൈറസിനെതിരെ നടത്തുന്ന കൂട്ടപ്രാർത്ഥനകൾ മനുഷ്യനെ കൊന്നു കൊണ്ടേയിരിക്കുന്നുവെന്ന്‌ എത്ര പേരോട് പറഞ്ഞാലും അവർ സമ്മതിച്ചു തരില്ല. എന്നാണോ ഈ ലോകത്തു നിന്ന് മതം ഇല്ലാതാവുന്നത് അന്നേ മനുഷ്യൻ സ്നേഹം എന്താണെന്ന് പഠിക്കുകയുള്ളു എന്നാണ് ഹേമയുടെ സിദ്ധാന്തം. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ദൈവത്തിന്റെ ഫോട്ടോ പോലും ഹേമ വെച്ചിട്ടില്ല. യാതൊരു വിധ പ്രാർത്ഥനകളും നടത്താറില്ല. മറ്റുള്ളവർക്ക് നമ്മൾ ചെയ്യുന്ന നന്മയാണ് ദൈവം അത് തന്നെയാണ് തന്റെ മതവും എന്ന് സ്വയം വിശ്വസിച്ചും മക്കളെ പഠിപ്പിച്ചും ജീവിക്കുന്ന വളരെ കുറച്ചു മനുഷ്യരുടെ കൂട്ടത്തിൽ പെടുത്താവുന്നവരാണ് ഇവരും. നിരീശ്വരവാദികളെന്ന് പലരും വിളിക്കാറുണ്ട്. അങ്ങനെ വിളിക്കേണ്ടവർക്ക് വിളിക്കാം. ദൈവമില്ലെന്നല്ല, മതമില്ലെന്നാണ് ഞങ്ങൾ പറയുന്നത്, ദൈവം നിങ്ങളുടെ ഉള്ളിലെ നന്മയാണെന്നാണ് ഞങ്ങൾ പറയുന്നത്, അതിന് നിങ്ങൾ എന്ത് പേര് വേണമെങ്കിലും വിളിച്ചോളൂ എന്നാണ് ഹേമയുടെ ഭാഷ്യം.

നാട്ടിൽ നിന്ന് അമ്മ വിളിക്കുന്നു. ഇന്നെന്താണാവോ വാർത്ത!

"എടീ ഹേമേ, നിങ്ങടെ ബാൽക്കണീല് വെയിലുണ്ടോ?" അമ്മ.

"ഇണ്ടല്ലോ, എന്താ വല്ലോം ഒണക്കാനുണ്ടോ?ഹ!നാട്ടിലിപ്പോ വെയിലില്ലേ മ്മേ?" ഹേമ പതിവ് പോലെ പരിഹസിച്ചു.

"അതല്ലെടീ,നല്ല വെയിലത്ത് പോയി കുറെ നേരം നിന്നാലേ കൊറോണ ചത്ത് പൊയ്ക്കോളുംത്രേ. നീയും റോഷനും പിള്ളേരും കൂടെ ദിവസോം കുറച്ചു നേരം വെയില് കൊള്ളണത് നല്ലതാട്ടോ."

"ഹോ! ഒന്ന് നിർത്തണ്ടോ അമ്മേ. അമ്മേം തൊടങ്ങിയോ?ആ വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്യാൻ ഞാൻ ഹിമയോട് പറയണ്ട്. വെയിലത്ത് നിന്ന് ഞാൻ കറുത്ത് കരുവാളിച്ചു പോവുംന്നല്ലാണ്ട് കൊറോണക്കൊന്നും പറ്റാൻ പോണില്ല."

അമ്മ വിളിച്ചു വെച്ചതിന് പുറകേ മോനുറങ്ങിയ സമയം നോക്കി ആകെ കിട്ടിയ ഒരു ഞായറാഴ്ച എന്തെങ്കിലും വായിക്കാമെന്ന് കരുതി ഒരു മലയാളം ആഴ്ചപ്പതിപ്പെടുത്തു മറിച്ചു നോക്കി. ഓരോ ആണ്ടു ചെല്ലുംതോറും കഥകൾക്കും കവിതകൾക്കും എല്ലാം മാറ്റം വന്നിരിക്കുന്നു. എത്ര തവണ തിരിച്ചും മറിച്ചും വായിച്ചിട്ടും പല കഥകളും കവിതകളും മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല. മോഡേൺ ആർട്ട് പോലെയായി ഇപ്പോഴത്തെ എഴുത്തും. ആർക്കും ഒന്നും മനസ്സിലാവരുത് എന്നതാണ് ആദ്യഘടകം. പണ്ടത്തെ മഹാകവികളുടെ എഴുത്തുകൾ പോലും ഏതൊരു സാധാരണക്കാരനും മനസ്സിലാവും വിധമായിരുന്നു. ഇന്നിപ്പോ അങ്ങനെയൊരെഴുത്തില്ല തന്നെ.

റോഷന്റെ മൊബൈൽ അടിക്കുന്നു. റിസൾട്ട്!! ഫോൺ വെച്ചതും റോഷന്റെ മുഖത്ത് തെളിഞ്ഞ ഭയം ഹേമയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു.

"എത്രയും പെട്ടെന്ന് പാക്ക് ചെയ്യണം. അവരിപ്പോൾ എത്തും. നീ ഇങ്ങോട്ട് വരണ്ട" റോഷൻ പെട്ടി റെഡി ആക്കി.

ഹേമ ആകെ വിയർത്തു, കുട്ടികളെ അടുത്ത മുറിയിൽ ഇരുത്തി വാതിലടച്ചു. നിമിഷങ്ങൾക്കുള്ളിൽ ആംബുലൻസ് എത്തി. ഹേമയുടെ കണ്ണുകൾ നിറഞ്ഞു.

"നീ വിഷമിക്കണ്ട. ഒന്നും വരില്ല. നീ ശ്രദ്ധിക്കണം. എന്തെങ്കിലും ലക്ഷണം കണ്ടാൽ ഇവരെ വിളിക്കണം." കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു റോഷൻ ഇറങ്ങി.

അകന്നു പോകുന്ന ആംബുലൻസിനെയും നോക്കി ബാല്കണിയിൽ നിൽക്കുമ്പോൾ ജീവിതം താൽക്കാലികമായി ഏതോ സ്റ്റോപ്പിൽ നിർത്തിയിട്ടത് പോലെ തോന്നി. പെട്ടെന്ന് അവൾ മൊബൈൽ എടുത്ത് അമ്മയെ വിളിച്ചു. ഒരാശ്വാസത്തിന് വിളിച്ചതാണ്, കാര്യം പറഞ്ഞതും ഫോണിന്റെ അങ്ങേത്തലപ്പത്തു കേട്ട വീഴ്ചയുടെയും തുടർന്നുള്ള നിശ്ശബ്ദതയുടെയും ഇടർച്ചയിൽ നിന്ന് അവൾക്ക് കാര്യം അബദ്ധമായെന്ന് മനസ്സിലായി. അൽപ സമയത്തെ നിശ്ശബ്ദതക്ക് ശേഷം അപ്പുറത്തു നിന്ന് അച്ഛന്റെ ശബ്ദം.

"എന്താ നീ പറഞ്ഞെ?"

ഹേമക്ക് ശബ്ദം തൊണ്ടയിൽ കുടുങ്ങിയത് പോലെ തോന്നി. വർഷങ്ങൾക്ക് ശേഷം അച്ഛന്റെ ശബ്ദം തൊട്ടരികിൽ. അവൾ ഒരു കണക്കിന് കാര്യം പറഞ്ഞു.

"ഉം...നീ വിഷമിക്കേണ്ട. ഞാൻ വിളിക്കാം. അമ്മ പേടിച്ചു ബോധം പോയി. ടെൻഷൻ അടിക്കണ്ട." അച്ഛൻ!!

ശബ്ദവീചികൾക്കും മേലെ വാക്കുകൾക്കിടയിൽ നിന്നും ഉയർന്നു കേട്ട നിശ്ശബ്ദതക്ക് എത്ര മാത്രം പറയാനുണ്ടെന്ന് അവൾക്ക് തോന്നി. വർഷങ്ങളോളം പറയാതിരുന്നതെല്ലാം ആ നിശ്ശബ്ദതക്കുള്ളിൽ ഒതുക്കി വച്ചിരുന്നു. തന്നെ മുഴുവനായും വിഴുങ്ങിയ ഭയത്തിനുള്ളിൽ നിന്നും സന്തോഷത്തിന്റെയോ ആശ്വാസത്തിന്റെയോ എന്ന് തിരിച്ചറിയാനാവാത്ത എന്തോ ഒന്ന് ഇറങ്ങി വന്നു തന്നെ മുഴുവനായും മൂടുന്നതായി ഹേമക്ക് തോന്നി...

സ്വാഭിമാനം മനുഷ്യന് സ്നേഹത്തേക്കാൾ വലുതാണ്. എന്നാൽ മരണഭയം നമുക്ക് മനസ്സിലാക്കി തരുന്ന മറ്റൊരു സത്യമുണ്ട്...സ്നേഹമാണ് എല്ലാത്തിനും മുകളിലെന്നുള്ള പരമ സത്യം. അവിടെ ഞാനും നീയുമില്ല,നമ്മൾ മാത്രം. ദൈവവും മതവുമില്ല,മനുഷ്യൻ മാത്രം! മനുഷ്യൻ എപ്പോഴൊക്കെ അത് മറക്കുന്നുവോ അപ്പോഴൊക്കെ ഓർമപ്പെടുത്താൻ പ്രകൃതി ഓരോരോ രാക്ഷസന്മാരെ സൃഷ്ടിച്ചു കൊണ്ടിരിക്കും...ഈ കോറോണക്കാലം കഴിഞ്ഞാലും നമുക്കിതൊന്നും മറക്കാതിരിക്കാൻ കഴിയട്ടെ. പ്രകൃതിയുടെ ഓർമ്മപ്പെടുത്തലുകൾ ഇനിയുമുണ്ടാവാതിരിക്കാൻ മറ്റെല്ലാം ഇവിടെ ഉപേക്ഷിച്ചു കൊണ്ട് ഇനി മുന്നോട്ട് സ്നേഹം മാത്രം നമുക്ക് കൂടെ കൂട്ടാം.

Comments

Popular posts from this blog

Why am I against religion?

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1