പാപഹത്യ - Break the taboos

"എനിക്ക് അമ്പലത്തിൽ പോണം..." ദേവി കണ്ണാടിയിൽ നോക്കി പറഞ്ഞു.

"പൊയ്ക്കോളു...അതിന് എന്നോട് ചോദിക്കണതെന്തിനാ? അല്ലാ...നിനക്കിപ്പോ സുഖമില്ലാതിരിക്കല്ലേ?അപ്പൊ പിന്നെ....എങ്ങനെയാ...!" സേതു സംശയത്തോടെ അവളെ നോക്കി.

"എനിക്കെന്താപ്പോ സൂക്കേട്‌? ഇതൊരു സൂക്കേടാണോ!! ഇത് എല്ലാ പെണ്ണുങ്ങൾക്കും മാസത്തിലൊരിക്കൽ വരുന്ന ഒരു സാധാരണ സംഭവം...അത് വരാതിരിക്കുമ്പോളാണ് സൂക്കേടാവണത്. ഇതുള്ളപ്പോ അമ്പലത്തിൽ കേറരുതെന്ന് എവിടെയാ എഴുതി വച്ചേക്കണേ?പറ..."

ഇവളോട്‌ നാക്ക് കൊണ്ട് മല്ലിട്ട് ജയിക്കാമെന്ന് ആരും കരുതണ്ട. പണ്ടേ ഇങ്ങനെയാണ്. അവൾക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരെതിർത്താലും ചെയ്തിരിക്കും. അതുകൊണ്ടാണല്ലോ തന്റെ കൂടെ ഒരു ലിവിംഗ് റ്റുഗെതർ റിലേഷന് അവൾ ഇറങ്ങി തിരിച്ചതും.

"എന്നാലും ദേവി...അത് ശരിയാണോ? ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാവില്ലേ...? "
"ആരറിയാനാണെന്നേ...ഞാനെന്താ ഇത് വിളിച്ചു കൂവിക്കൊണ്ട് നടക്കുവാണോ? എന്റെ സേതു...എനിക്കറിയാവുന്ന എത്രയോ പെണ്‍കുട്ടികൾ ഉണ്ടെന്നോ ഇങ്ങനെ...! ആരെങ്കിലും അറിഞ്ഞിട്ടാണോ!"
"ഓഹോ...അപ്പൊ നീ ഒറ്റക്കല്ല, കൂട്ടുകാരുമുണ്ട്‌. നമ്മളൊരു സമൂഹത്തിൽ ജീവിക്കുമ്പോൾ ആ സമൂഹത്തിലെ നിയമങ്ങളും രീതികളും കുറച്ചെങ്കിലും അനുസരിക്കണ്ടേ?"
"ആഹാ...ആരാ ഈ പറയണേ?! കല്യാണം കഴിക്കാതെ ഒരു പെണ്ണിന്റെ കൂടെ ജീവിക്കുന്നവനാണ് ഈ പ്രസംഗിക്കുന്നത്..." അവൾ കുലുങ്ങി ചിരിച്ചു.

സേതുവിന് തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. പന്ത് ഇപ്പോൾ അവളുടെ കോർട്ടിലാണ്. സേതു ചമ്മിയ ചിരി എങ്ങനെ ഒളിപ്പിക്കാം എന്നലോചിച്ച് കൊണ്ടിരുന്നു.

"സേതു...നിയമങ്ങളും മാമൂലുകളും എല്ലാം വേണം. പക്ഷെ അത് എന്തിനാണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കിയിട്ട് വേണം. ഇവിടെ  എല്ലാം ഒരു തരം ഐഡിയലിസം ആണ്. എന്ന് നമ്മൾ ഈ  ഐഡിയലിസം ഇല്ലതാക്കുന്നോ അന്ന് നമ്മൾ ജീവിക്കും...അന്ന് നമ്മൾ അറിയും എന്താണ് ജീവിതം എന്ന്. ഇങ്ങനെയുള്ള traditional customs-ന്റെ പുറകിലും ഓരോ കാരണങ്ങളുണ്ട്. അത് അന്നത്തെ കാലത്തെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ഉണ്ടാക്കിയവയാണ്. അതെല്ലാം ഇന്നത്തെ കാലത്ത് റിലവൻ്റ് ആകണമെന്നില്ല. ഞാൻ ചുമ്മാ വാചകമടിക്കുന്നതല്ല, ഇതിനെ പറ്റി നന്നായി സ്റ്റഡി നടത്തി പലയിടത്തും അന്വേഷിച്ചും വായിച്ചും പിന്നെ സ്വന്തം അനുഭവങ്ങളിൽ നിന്നും പറയുന്നതാണ്."

"ശരി. സമ്മതിച്ചു. നിന്നോട് ഒരു വാഗ്വാദത്തിന് ഞാനാളല്ല മോളേ...എന്നാലും അറിയാൻ വേണ്ടി ചോദിക്കുവാ...നീ കണ്ടെത്തിയ കാരണങ്ങളും കഥകളും പഠനങ്ങളും എന്താണെന്ന് പറഞ്ഞു തരൂ...ഞാനും കൂടെ അറിയട്ടെന്നേ!"
"yes.പറഞ്ഞു തരാല്ലോ...പക്ഷെ ഞാനീ പറയുന്ന കാര്യങ്ങൾ കേട്ട് കഴിയുമ്പോൾ എന്നോട് മാത്രമല്ല സേതു ഇനി അമ്മയോടും വീണയോടും വരെ പറയും,എന്താ നിങ്ങൾക്കൊക്കെ അമ്പലത്തിൽ പോയാല്? എന്ന്!"

"ഹ ഹ ഹ...അതെന്തായാലും ഉണ്ടാകാൻ പോണില്ല. നീ പറ..."

"ഇല്ലെങ്കിൽ കാണാം...അപ്പൊ കഥ പറഞ്ഞു തുടങ്ങാം. പുരാണത്തിൽ ഇങ്ങനെ ഒരു കഥയുണ്ട്, അതായത്...ഇന്ദ്രന്റെ ബ്രഹ്മഹത്യ പാപത്തിന്റെ ഒരു പങ്ക് ഏറ്റെടുത്തത് സ്ത്രീകളാണത്രെ! അതാണ്‌ സ്ത്രീകളുടെ ആർത്തവം. സ്ത്രീകളെ കൂടാതെ ഇതിന്റെ പങ്കു പറ്റിയവരാണ് ഭൂമിയും, വെള്ളവും പിന്നെ മരങ്ങളും. അതാണ്‌ മരുഭൂമിയായും, വെള്ളത്തിന്റെ പതയായും പിന്നെ മരങ്ങളുടെ പൊളിഞ്ഞു വീഴുന്ന പുറം തൊലിയായും കാണുന്നത്. ഇത്  വെറും കഥയാണ്‌ ട്ടോ. പഴയ കാലത്ത് sanitary reasons കൊണ്ടാണ് അമ്പലത്തിൽ പോവരുതെന്നൊക്കെ പറഞ്ഞിരുന്നതു്. അന്ന് sanitory pads ഉണ്ടോ? ഇല്ലല്ലോ...ഇന്നിപ്പോ അങ്ങനെയാണോ? നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിനനുസരിച്ചു വേണ്ടേ കാര്യങ്ങൾ ചെയ്യാൻ? ആ ദിവസങ്ങളിൽ സ്ത്രീ unclean and impure ആണെന്ന് പറയുന്നു. ആ ദിവസങ്ങളിൽ അവൾക്കു പെയിൻ ഉണ്ടാവും, അന്നേരം ഒരു റെസ്റ്റ് കൊടുക്കാൻ വേണ്ടിയാണ് എന്ന് പറയുന്നവരും ഉണ്ട്. It's all about perception and personal preferences. These are just taboos. ചെങ്ങന്നൂരിലെ ദേവിക്കും, കാമാഖ്യ പുരത്തെ ദേവിക്കും തൃപ്പൂത്താവാമെങ്കിൽ ഈ ദേവിക്കും ആവാം. റെസ്റ്റ് കൊടുക്കുന്നത്‌ നല്ലതാണ്, പക്ഷെ അത് ഒരു ശിക്ഷ അല്ലെങ്കിൽ ഒരു നിയമമായി അടിച്ചേൽപ്പിക്കരുത്. Scietifically it's proven that there is nothing impure or unclean if you are keeping your body clean. ദൈവത്തെ പ്രാർത്ഥിക്കുന്നതിന് പ്രത്യേകം സമയമോ സ്ഥലമോ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ദൈവത്തിന് എല്ലാവരും ഒരുപോലെ അല്ലേ? പിന്നെന്തിനാണീ വിവേചനം? ഈ പൂജാക്രമങ്ങളും രീതികളും ഉണ്ടാക്കിയത് നമ്മൾ തന്നെയല്ലേ അല്ലാതെ ദൈവമല്ലല്ലോ! നമ്മുടെ സമൂഹത്തിലെ പല കാര്യങ്ങളും ഇതുപോലെയാണ്. കുറേ taboos കെട്ടിപ്പിടിച്ചാണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത്."

"ഹൊ!നീ ഇതിനെപ്പറ്റി ഇത്രേം ഗവേഷണം ഒക്കെ നടത്തിയോ? ഈ ഗവേഷണം നീ വേറെ വല്ലയിടത്തും നടത്തിയിരുന്നെങ്കിൽ വല്ല scientist-ഉം ആയെനെല്ലോ"

"നിനക്ക് തമാശ. You know...നമ്മുടെ പല customs-ഉം ഇതുപോലെ ഉണ്ടായവയാണ്. ജാതി,മതം,വിശ്വാസങ്ങൾ എല്ലാം...മനുഷ്യർക്ക്‌ പരസ്പരം തിരിച്ചറിയാനാണ് ഗോത്രങ്ങളും ജാതികളും ഉണ്ടാക്കിയതെന്ന് ഏതെങ്കിലും ദൈവമോ അല്ലെങ്കിൽ വേദപുസ്തകമോ പറയുന്നുണ്ടെങ്കിൽ ഞാനാ ദൈവത്തിലും പുസ്തകത്തിലും വിശ്വസിക്കുന്നില്ല. ഞാൻ വിശ്വസിക്കുന്ന ദൈവത്തിനു മക്കളെ തിരിച്ചറിയാൻ...മനുഷ്യർക്ക്‌ സ്വന്തം സഹോദരങ്ങളെ തിരിച്ചറിയാൻ വേണ്ടത് ജാതിയും മതവുമല്ല...സ്നേഹമാണ്!! എല്ലാവർക്കും ഇതറിയാം, പക്ഷേ പ്രവൃത്തിയിൽ ഇതൊന്നും ഉണ്ടാവില്ല. അവിടെയാണ് പ്രശ്നം."

"എന്റെ ദേവി...നീയിങ്ങനെ ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നത് കേട്ടിട്ട് എനിക്ക് പേടിയാവുന്നു. നിനക്ക് ചെറുതായി വട്ടുണ്ടോ എന്നാണെന്റെ സംശയം!" സേതു തല ചൊറിഞ്ഞു.

"അതെ...ഉള്ള കാര്യങ്ങൾ പറയുമ്പോൾ...മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുമ്പോൾ അങ്ങനെയുള്ളവർക്ക് വട്ടാണെന്നാണല്ലോ നമ്മൾ പൊതുവെ പറയുന്നത്. ശരിക്കും പറഞ്ഞാൽ നമ്മുടെ സമൂഹത്തിനാണ് വട്ട് . വട്ടില്ലാത്തവർ വളരെ ചുരുക്കം. അങ്ങനെയുള്ളവർക്ക് സമൂഹത്തിൽ ജീവിക്കാൻ നന്നേ ബുദ്ധിമുട്ടേണ്ടി വരും." 

ഈ സംസാരം ഇവിടെ അവസാനിപ്പിച്ചില്ലെങ്കിൽ ഇതും പറഞ്ഞ്  ഇവൾ ഒരാഴ്ച തന്നെ ചെവിതല കേൾപ്പിക്കില്ലല്ലോ എന്നോർത്ത് സേതു പതുക്കെ toilet -ലേക്ക് വലിഞ്ഞു. പൈപ്പ് തുറന്നിട്ടാൽ പിന്നെ പറയുന്നതൊന്നും കേൾക്കണ്ടല്ലോ. വാഷ്ബേസിന്റെ മുന്നിലെ ചുവന്ന ഫ്രെയിമുള്ള കണ്ണാടിയിൽ മുഖം നോക്കിയപ്പോൾ എന്തോ ഒരു പന്തികേട്‌! തനിക്കു വട്ടുണ്ടോ...? അവൾ പറഞ്ഞതിൽ കുറച്ചു കാര്യമില്ലേ? അങ്ങനെ നോക്കിയാൽ തനിക്കു വട്ടുണ്ട്...ഉണ്ട്! സേതു കണ്ണാടിയിലെ പ്രതിബിംബത്തിൽ സൂക്ഷിച്ചു നോക്കി. കണ്ണ് കൊണ്ടും ചുണ്ട് കൊണ്ടും ഗോഷ്ടികൾ കാട്ടി നോക്കി. ഉം....തനിക്കു വട്ടുണ്ട്. ഉറപ്പിച്ചു.

അയാൾ toilet -ൽ നിന്നും ധൃതിയിൽ പുറത്തേക്കിറങ്ങി. അവൾ നനഞ്ഞ മുടി ഉണക്കിക്കൊണ്ടിരിക്കുന്നു. അവളുടെ നീണ്ട മുടിയിഴകളിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു...ഇന്ദ്രന്റെ പാപഭാരം കൊണ്ട് സ്ത്രീ ശരീരം ഉരുകുകയാണോ എന്നയാൾക്ക് തോന്നി. അങ്ങനെ ഒരാളുടെ പാപത്തിന്റെ ഒരംശത്തെ ആണെങ്കിൽ പോലും, മനസ്സോടെ ഏറ്റെടുക്കണമെങ്കിൽ സ്ത്രീ ദേവി തന്നെ! ബ്രഹ്മഹത്യാപാപത്തിന്റെ ഓരോ പങ്കും ഏറ്റെടുത്തിട്ടും ഭൂമിയെയും മരങ്ങളെയും വെള്ളത്തിനെയും...സ്ത്രീകളെയും നമ്മൾ വീണ്ടും വീണ്ടും ഉപദ്രവിക്കുന്നു, നശിപ്പിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിച്ചും ഭൂമിയും വെള്ളവും pollute ചെയ്തും നമ്മൾ എന്താണ് നേടുന്നത്?

സേതു എന്തോ ആലോചിച്ചിട്ടെന്ന പോലെ ഇട്ടിരുന്ന ഡ്രസ്സ്‌ മാറി, തേച്ചു വച്ചിരുന്ന മുണ്ടും ഷർട്ടും എടുത്തിട്ടു. എന്നിട്ട് ദേവിയെ വിളിച്ചു.
"ദേവീ...വാ നമുക്ക് അമ്പലത്തിൽ പോവാം..."

ഒരു നിമിഷം, അവളുടെ കണ്ണുകളിൽ നിന്നുള്ള പ്രകാശവർഷത്തിൽ അന്ധനായി നിൽക്കുമ്പോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു. അതേ... ഇവൾ ദേവി തന്നെ!! 

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ