ഞാൻ മരണത്തെ ഭയക്കുന്നില്ല. അങ്ങനെ ഒരു ഭയം ഈ നിമിഷം വരെ തോന്നിയിട്ടില്ല. മരണാനന്തര ലോകത്തെ കുറിച്ചും ജീവിതത്തെക്കുറിച്ചും പലപ്പോഴും ആകാംക്ഷയോടെ ചിന്തിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള പേടി കൊണ്ട് അതിനൊരിക്കലും തുനിഞ്ഞിട്ടില്ല. ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും ജീവിതം മടുത്തു മരിക്കാനാഗ്രഹിച്ചു നടക്കുന്ന ഒരാളാണ് ഞാനെന്ന്. എങ്കിൽ തെറ്റി. ഒരു ജിജ്ഞാസയിൽ കവിഞ്ഞു മറ്റൊരു കാരണവും അതിനില്ല തന്നെ. നമുക്ക് മുന്നേ ആ വഴിയിൽ നടന്നു പോയവരെ ഒന്ന് കാണാനുള്ള ആഗ്രഹം.
ഹോസ്പിറ്റൽ ഗന്ധം നിറഞ്ഞു നില്ക്കുന്ന ഈ ചില്ല് മുറിയിലെ മേശക്കു മുകളിൽ കുറെ വയലറ്റ് പൂക്കൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്. ബിരുദ പഠന കാലത്ത് ഹോസ്റ്റലിൽ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. വിഷാദം ഉറ്റു നില്കുന്ന കണ്ണുകളുള്ള അവൾ നന്നായി കവിത എഴുതുമായിരുന്നു. അവൾ പറയാറുണ്ട്, മരണത്തിന് ഈറൻ വയലറ്റ് പൂക്കളുടെ ഗന്ധമാണെന്ന്. അതെത്ര ശരിയാണ്. അല്ലെങ്കിൽ പിന്നെ ഇപ്പോൾ ഇവിടെ വന്നിരുന്നു എന്നെ നോക്കി ചിരിക്കേണ്ട കാര്യം അവയ്ക്കുണ്ടോ?
ഇവിടെയുള്ള വെള്ളയുടുപ്പിട്ട ഓരോ മാലാഖമാരുടെയും കണ്ണുകളിൽ എന്നോടുള്ള സഹതാപം നിറഞ്ഞു നില്ക്കുന്നു. മരിക്കാൻ കിടക്കുന്നവരോട് എന്തിനാണിത്ര സഹതാപം?! എനിക്കുള്ളിൽ ചിരിയാണ് വരുന്നത്. ഉറക്കെ ഉറക്കെ പറയണമെന്ന് തോന്നി, "എനിക്കൊരു ഭയവുമില്ല. ഞാൻ മരണത്തെ ഒട്ടും ഭയക്കുന്നില്ല. ഈ സൂചിയും കുഴലുകളും ദേഹത്ത് നിന്നും ഒന്ന് മാറ്റി തന്നാൽ സ്വസ്ഥമായി മരിക്കാമായിരുന്നു. ഈ വേദനയാണ് സഹിക്കാൻ പറ്റാത്തത്." പക്ഷെ നാവനങ്ങുന്നില്ല. ഞാൻ പറയാൻ ശ്രമിക്കുന്നതൊന്നും ഇവർക്ക് മനസ്സിലാവുന്നതെയില്ല. ഇവരുടെ സംസാരത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യം എന്തെന്നാൽ ഞാൻ ദിവസങ്ങളായി അബോധാവസ്ഥയിൽ ആണെന്നതാണ്. അല്ലെന്ന് എനിക്കല്ലേ അറിയൂ. എന്റെ പേരോ, എനിക്കെന്തു സംഭവിച്ചു എന്നുള്ളതൊന്നും എനിക്കോർമ്മയില്ല എന്നുള്ളത് ശരി തന്നെ. പക്ഷെ, എന്റെ ബാല്യകാലത്തിലെ മധുരതരമായ ഓരോ അനുഭവങ്ങളും ഇപ്പോൾ എന്റെ കണ്മുന്നിൽ തെളിഞ്ഞു നില്ക്കുന്നുണ്ട്. അതിനർത്ഥം എനിക്ക് നല്ല ബോധം ഉണ്ടെന്നല്ലേ? അല്ലെങ്കിൽ പിന്നെ സ്ഥലകാല ബോധമില്ലാത്തവൾ എന്ന് പണ്ടാരോ എന്നെ വിളിക്കാറുള്ളത് പോലെ നിങ്ങൾക്കും വിളിക്കാം.
മരണം കാത്തു ആശുപത്രി കിടക്കയിൽ നിശ്ചലാവസ്ഥയിൽ കിടക്കുന്ന ഒരു വയസ്സി തള്ളയാണ് ഞാൻ എന്ന് നിങ്ങൾ കരുതിയോ? വയസ്സെത്രയെന്ന് കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും ഞാനൊരു ചെറുപ്പക്കാരിയാണെന്ന് എനിക്കറിയാം. അതിൽക്കൂടുതലൊന്നും ഈയുള്ളവൾക്കറിയില്ല എന്നതാണ് സത്യം. പക്ഷേ, ഇപ്പോൾ എന്റെ ഓർമയിൽ തെളിയുന്ന ഓരോ കാര്യങ്ങളും കേട്ടാൽ നിങ്ങളാരും തന്നെ പറയില്ല ഞാൻ അബോധാവസ്ഥയിലാണെന്ന്. എനിക്കെല്ലാം ഓർമയുണ്ട്...എല്ലാവരെയും! "സ്മൃതിപഥങ്ങളിൽ തെളിയുന്നതൊക്കെയും മധുരിക്കും ഓർമ്മകളാവട്ടെ" എന്ന് കലാലയത്തിലെ ഓട്ടോഗ്രാഫിൽ ഏതോ ഒരു കൂട്ടുകാരൻ കുറിച്ചിട്ട വാക്കുകൾ സത്യമാവട്ടെ!
എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ഒരു അനിയൻ വാവയെ എന്റെ കൈയിലേക്ക് തന്നിട്ട് അമ്മ ആകാശത്തൊരു നക്ഷത്രമായി മാറിയത്. അന്ന് മുതൽ പാമായാണ് ഞങ്ങൾക്കമ്മ. പാമ എന്ന പാളയമ്മ. അവരുടെ ശരിയായ പേര് ആരും ഓർത്തിരുന്നു പോലുമില്ല. 'ദാക്ഷായണി' എന്നോ മറ്റോ ആയിരുന്നെന്നു തോന്നുന്നു. മുത്തശ്ശിയുടെ വകയിലൊരു ബന്ധുവാണ്. കല്യാണം കഴിച്ചിട്ടില്ല, സ്വന്തമായി വീടില്ല. വേറെ ബന്ധുക്കളാരും ഇവരെ അടുപ്പിക്കുകയുമില്ല (ഒരു ബാധ്യതയാവും എന്ന് കരുതിയാവും). അതുകൊണ്ട് തറവാടായ ഞങ്ങളുടെ വീട്ടിലാണ് പണ്ട് മുതൽക്കേ. എവിടെ പോകുമ്പോഴും പാമയുടെ കൈയ്യിൽ ചെത്തി മിനുക്കി ഭംഗിയാക്കിയ ഒരു പാള കാണും, മഴയത്തും വെയിലത്തും അവർക്ക് കുടയായി. അങ്ങനെ ആളുകൾ അവരെ പാളയമ്മ എന്ന് വിളിക്കാൻ തുടങ്ങി. പാളയമ്മ ലോപിച്ച് പാളേമ്മയായി. പിന്നെയും ലോപിച്ച് പാമയായി. പാമക്കറിയാത്ത കഥകളില്ല. ഏതു ചോദ്യത്തിനും പാമയുടെ കൈയ്യിൽ ഉത്തരമുണ്ട്. ഒരു യുണിവേഴ്സൽ എൻസയ്ക്ലൊപീഡിയയാണ് പാമ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. പാമ പറഞ്ഞു തന്നതിൽ വച്ച് ഏറ്റവും ഓമനത്തം നിറഞ്ഞ ഒരറിവുണ്ട്. ഒരു മിത്ത്! അതിപ്പോഴും മായാതെ മനസ്സിനുള്ളിൽ പതിഞ്ഞു കിടക്കുന്നു.
എന്റെ കുഞ്ഞനിയൻ ഉറക്കത്തിൽ ഇടയ്ക്കിടെ കരയുകയും ചിരിക്കുകയും ചെയ്യുമായിരുന്നു. പാമയാണ് അതിന്റെ രഹസ്യം പറഞ്ഞു തന്നത്. അതായത്, കുഞ്ഞു വാവകൾ ഉറങ്ങുമ്പോൾ സ്വപ്നത്തിൽ വരുന്ന ഒരാളുണ്ടാത്രേ... 'ഇല്ലിക്കൽ മുത്തി'. മുത്തിക്ക് കുഞ്ഞു വാവകൾക്ക് ഇങ്ക് കൊടുക്കാൻ വലിയ ആഗ്രഹമാണ്. പക്ഷെ കുഞ്ഞു വാവകൾക്ക് അവരുടെ അമ്മയുണ്ടല്ലോ ഇങ്ക് കൊടുക്കാൻ. അപ്പോൾ മുത്തി ഒരു സൂത്രം ഒപ്പിക്കും. ഉറക്കത്തിൽ വന്നു വാവയോടു പറയും, "നിന്റെ അമ്മ ചത്തു പോയി."
അത് വിശ്വസിച്ചു കുഞ്ഞുങ്ങൾ തന്റെ ഇങ്ക് കുടിക്കുമെന്നാണ് മുത്തിയുടെ വിചാരം. പക്ഷെ കുഞ്ഞുവാവകളുണ്ടോ ഇത് വിശ്വസിക്കുന്നു. അവർ ചിരിച്ചുകൊണ്ട് പറയുമത്രേ, "ഞാൻ ഇപ്പൊ അമ്മേടെ ഇങ്ക് കുടിച്ചതല്ലേ ഉള്ളു. എന്നെ പറ്റിക്കാൻ നോക്കണ്ട ..." അപ്പോൾ മുത്തിക്ക് ദേഷ്യം ഇരട്ടിക്കും. എന്നിട്ട് പറയും, "നിന്റെ അച്ഛൻ ചത്തു പോയല്ലോ." അമ്മയെപ്പോലെ അച്ഛനെ എപ്പോഴും അടുത്ത് കാണുന്നില്ലല്ലോ കുഞ്ഞുങ്ങൾ. അതുകൊണ്ട് മുത്തി പറയുന്നത് സത്യമാണെന്ന് വിശ്വസിച്ചു അവർ കരയാൻ തുടങ്ങും. ഇതാണ് കഥ. കുഞ്ഞുങ്ങളെ ഇങ്ങനെ പറ്റിക്കാമോ? ഒരു പക്ഷേ, എന്റെ അനിയന്റെ കാര്യത്തിൽ മുത്തിക്ക് പിഴച്ചു കാണില്ല. അവന് ഇങ്ക് കൊടുക്കാൻ അമ്മയില്ലല്ലോ.
അങ്ങനെ എത്ര എത്ര കഥകൾ! പാമ പറയാറുണ്ട്, അമ്മക്ക് പകരം വെക്കാൻ അമ്മ മാത്രം മോളേ! നടുവേദന, കാലുവേദന, തലവേദന ഇങ്ങനെയുള്ള സകല വേദനകളും അടുപ്പിൽ പുകച്ചില്ലാതെയാക്കാനുള്ള വിദ്യ അമ്മക്ക് മാത്രമേ അറിയൂ എന്ന്. മക്കളെ ഒരുപാട് സ്നേഹിക്കുന്ന അമ്മമാരാണ് ആകാശത്തെ നക്ഷത്രങ്ങളായി മാറുന്നതെന്നാണ് പാമ പറയാറ്. അവരുടെ അനുഗ്രഹം ഏറ്റവും കൂടുതൽ കിട്ടുന്നത് ഞങ്ങളെപ്പോലുള്ള അമ്മയില്ലാത്ത കുട്ടികൾക്കാണത്രെ. അതുകൊണ്ടാണ് ഞങ്ങളുടെ അമ്മ നിലാവെളിച്ചത്തിൽ ഒളിച്ചിരുന്ന് ഞങ്ങളെ സ്നേഹിക്കുന്നതത്രെ. പാമയും പാമയുടെ മിനുസമാർന്ന പാളക്കുടയും ഒരു താളത്തിൽ നടന്നു മറയുന്നത് ജനാലയുടെ വിരികൾക്കിടയിലൂടെ എനിക്ക് വ്യക്തമായി കാണാം. അവരിപ്പോ എങ്ങോട്ടാണാവോ പോക്ക്... കുഞ്ഞമ്മാമയുടെ വീട്ടിലേക്കായിരിക്കണം. കൊയ്‌ത്തു കഴിഞ്ഞതല്ലേ. പാമയുടെ കഥകൾക്ക് മരണമില്ല. ഇന്നും എന്നെപ്പോലെ പാമയുടെ കഥകൾ ആരെങ്കിലുമൊക്കെ ഓർക്കുന്നുണ്ടാവും, പറയുന്നുണ്ടാവും. പാമയുടെ കഥകളിലൂടെ, സ്നേഹത്തിലൂടെ അവരിന്നും ജീവിക്കുന്നു!
കഥകൾ പറയാനുള്ളതാണ്. അവ ഒരാൾക്കും സ്വന്തമല്ല. ഏതോ ഒരു കൊറിയൻ നാടോടിക്കഥയുണ്ട്, കാണുന്നവരോടൊക്കെ കഥ ചോദിച്ചു നടന്ന ഒരു കുട്ടിയുടെ കഥ. കേട്ട കഥകളെയെല്ലാം അവൻ മറ്റാരും കേൾക്കാതെ ഒരു സഞ്ചിയിലിട്ടു പൂട്ടി കൊണ്ടുനടന്ന കഥ. സഞ്ചിക്കുള്ളിൽ തിക്കിലും തിരക്കിലും ശ്വാസം മുട്ടി മരിക്കാറായ കഥാപാത്രങ്ങളുടെ കഥ. പറയാതെ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന കഥകൾ ചെകുത്താന്മാരെ പോലെയാണ്. അവ നിങ്ങളെ കൊന്നു കൊണ്ടിരിക്കും...ഇഞ്ചിഞ്ചായി...
അത് പറഞ്ഞപ്പോഴാണ് ഓർത്തത്... ഇല്ലിക്കൽ മുത്തിയെപ്പോലെ കുട്ടികളെ പേടിപ്പിക്കുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.'കരിച്ചില പെലയൻ.' ആ പേരിനു പുറകിലെ കഥയൊന്നും അറിയില്ല. ആളെ കണ്ടാൽ ഒരു ദുർമന്ത്രവാദിയെപ്പൊലെ തോന്നും. മുട്ട് വരെ കയറ്റിയുടുത്ത കറുത്ത ഒറ്റ മുണ്ട്. മേല്മുണ്ടിനു പകരം കുറ്റിതലമുടിയുള്ള തലയിലൂടെ മുഖം പാതി മറച്ചു കൊണ്ട് നീണ്ടിറങ്ങുന്ന ഒരു കറുത്ത തോർത്ത് മുണ്ട്. വയസ്സൊരുപാടായിരിക്കുന്നു. അതിന്റെ ക്ഷീണം കാലുകളെ ശരിക്കും ബാധിച്ചിട്ടുണ്ട്. കുത്തിപ്പിടിച്ചു നടക്കാൻ ഒരു നീളൻ വടിയും കാണും കൈയ്യിൽ. മുറുക്കി മുറുക്കി കറ പിടിച്ച പല്ലുകൾ. ഉണ്ടകണ്ണുകൾക്കും നാക്കിനും ഒരേ നിറം -ചുവപ്പ്! ഒറ്റ നോട്ടത്തിൽ ഏതു കുട്ടിയും കണ്ടാൽ പേടിക്കും. വീടായ വീടുകൾ കയറിയിറങ്ങി കുട്ടികളെ പേടിപ്പിക്കുകയും അതിനുള്ള കൂലിയെന്ന പോലെ വീട്ടുകാരിൽ നിന്ന് രണ്ടും അഞ്ചും രൂപ ഇരന്നു വാങ്ങി, കള്ളും കുടിച്ചു ഏതെങ്കിലും കടത്തിണ്ണയിൽ സമാധിയാവുകയുമാണ് ടിയാന്റെ പ്രധാന കലാപരിപാടികൾ.
നാട്ടിലുള്ള മാമുണ്ണാക്കുട്ടികളെ സമയത്ത് തീറ്റിക്കാനും, ചട്ടമ്പിസ്വാമിമാരായ വിരുതന്മാരെ വരുതിക്ക് നിർത്തുവാനും ഒരൊറ്റ പേര് മതി - കരിച്ചില പെലയൻ. പലപ്പോഴും ചുവന്ന മണ്ണ് മൂടിയ മുറ്റത്ത് മണ്ണപ്പം ചുട്ടു കളിക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കുമ്പോൾ എന്നെ തുറിച്ചു നോക്കുന്നത് ആ ചോരകണ്ണുകളായിരിക്കും. കറ പിടിച്ച പല്ലുകൾ പുറത്തു കാണിച്ച് എന്നെ ഭയപ്പെടുത്തുവാനായി എന്തൊക്കെയോ അംഗവിക്ഷേപങ്ങൾ കാണിക്കും. അതും പോരാഞ്ഞ്, തൊണ്ടയിലെ ഞരമ്പുകൾ വലിച്ചു മുറുക്കി ഒരു തരം ശബ്ദമുണ്ടാക്കും. ഞാനുറക്കെ "അമ്മേ..." എന്ന് കരഞ്ഞു കൊണ്ട് അകത്തേക്കോടുമ്പോൾ ഒരു വിജയിയെപ്പോലെ പുച്ഛവും പരിഹാസവും കലർന്ന അയാളുടെ ഉച്ചത്തിലുള്ള ചിരി (ചിരിയല്ല,അട്ടഹാസം) കേൾക്കാം.
അപ്പോഴേക്കും അടുക്കളയിൽ നിന്ന് അച്ഛമ്മ അയാളെ ശകാരിച്ചു കൊണ്ട് ഉമ്മറത്തെത്തും.
"വെറുതേ കുട്ട്യോളെ പേടിപ്പിക്ക്യാ? ഇനി മേലാ കൊച്ചിനെ പേടിപ്പിച്ചാലുണ്ടല്ലോ... ങ്ഹാാ..."
അയാൾ പിന്നെയും ചിരിക്കും. തല ചൊറിഞ്ഞു കൊണ്ട് കൈ നീട്ടും, "ഒരഞ്ചു രൂപ താ അമ്മാളുവമ്മേ"
എന്തൊക്കെയോ പതം പറഞ്ഞു കൊണ്ട് അച്ഛമ്മ മുണ്ടിനിടയിൽ നിന്നും അഞ്ചു രൂപയുടെ മുഷിഞ്ഞ നോട്ടെടുത്ത് നീട്ടും. അയാളും മരിച്ചു മണ്ണടിഞ്ഞു കാണും. അപ്പോൾ അയാളും കാണില്ലേ അവിടെ...ആ ലോകത്തിൽ...!
മരണാനന്തരം മനുഷ്യർ നല്ലവരാകുമായിരിക്കും, മാലാഖമാരെപ്പോലെ... എന്റെ മുത്തശനെ പോലെ... മുത്തശനെ പോലെ സ്നേഹനിധിയും ക്ഷമാശീലനും ആയ ഒരാളെ കണ്ടു കിട്ടാൻ പ്രയാസമായിരിക്കും. മുത്തശൻ ഒരിക്കൽ പോലും മക്കളെയോ പേരക്കുട്ടികളെയോ അനാവശ്യമായി ശാസിക്കുന്നതോ അടിക്കുന്നതോ ഞാൻ കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. ക്ഷമയോടെ അടുത്ത് വന്നിരുന്നു തെറ്റുകൾ പറഞ്ഞു മനസ്സിലാക്കി തന്ന് അത് തിരുത്തുമായിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കാതെ ഓരോ കാര്യങ്ങളും ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എത്ര ശ്രദ്ധിച്ചിട്ടെന്താ... പലർക്കും അദ്ധേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞില്ല, മരിച്ചു മണ്ണടിഞ്ഞിട്ടു പോലും. അതുകൊണ്ടായിരിക്കും മരണം പോലും ഒട്ടും വേദനിപ്പിക്കാതെ അദ്ധേഹത്തെ കൂട്ടിക്കൊണ്ടു പോയതും. സ്നേഹം! അത് കൊടുക്കുന്നവന് കൈയും കണക്കുമില്ല, വാങ്ങുന്നവനോ പുല്ലിന്റെ വില പോലുമില്ല. അങ്ങനെയാണ് പലരുടെയും അവസ്ഥ. ചുറുചുറുക്കോടെ ഓടി നടന്നിരുന്ന അദ്ദേഹം ഒരു ദിവസം ഞങ്ങളെയൊക്കെ ഞെട്ടിപ്പിച്ചു കൊണ്ട് ഒരു ഹൃദയസ്തംഭനത്തിന്റെ മറവിൽ അപ്രത്യക്ഷനായി.
മുത്തശനെപറ്റിയുണ്ട് കുറെ നല്ല ഓർമ്മകൾ. അദ്ധേഹത്തിന്റെ മുറുക്കാൻ ചെല്ലം തുറക്കാൻ നോക്കിയിരിക്കുമായിരുന്നു ഞാൻ. എന്തിനാണെന്നോ? എനിക്കൊരു ശീലം ഉണ്ടായിരുന്നു ചെറുപ്പത്തിൽ. മുത്തശൻ മുറുക്കുമ്പോൾ ചാരുകസേരയുടെ ഒരു കൈവരിയിൽ ഞാനും ഇരിക്കും. വെറ്റിലയിൽ ചുണ്ണാമ്പ് തേച്ചു തുടങ്ങുമ്പോൾ, അതുപോലെ ഒരു നുള്ള് ചുണ്ണാമ്പ് എന്റെ കൊച്ചു തുടയിലും തേയ്ക്കണം എന്ന് പറഞ്ഞു വാശി പിടിക്കും. അങ്ങനെ എന്നും ഒരു കുഞ്ഞു നുള്ള് ചുണ്ണാമ്പ് എന്റെ കൊച്ചു തുടയിൽ തൊട്ടു വച്ചു തരുമായിരുന്നു മുത്തശൻ. എന്തൊക്കെയോ നിധി കിട്ടിയ സന്തോഷമായിരുന്നു എനിക്ക്...
പിന്നീട് മുറുക്കാന്റെ രസം ഒന്നറിയണം എന്നായി വാശി. അതിനും അദ്ദേഹം വഴി കണ്ടു. ഒരു തുണ്ട് വെറ്റിലക്കുള്ളിൽ ഒരു ചെറിയ കഷ്ണം അടക്കയും വച്ച് പൊതിഞ്ഞു വായിൽ വച്ചു തരും. അതു വായിലിട്ടു ചവക്കുമ്പോൾ ഒരു തൊണ്ണൂറു വയസ്സായ അമ്മൂമ്മയുടെ ഭാവമാണ് എനിക്ക് എന്ന് പറഞ്ഞു അദ്ദേഹം എന്നെ കളിയാക്കുമായിരുന്നു. അങ്ങനെ മുറുക്കിച്ചുവപ്പിച്ചിരിക്കുമ്പോൾ വെറ്റിലക്കുറിഞ്ഞിയുടെയും അടയ്ക്കാക്കുറിഞ്ഞിയുടെയും ചുണ്ണാമ്പുകുറിഞ്ഞിയുടെയും പുകലക്കുറിഞ്ഞിയുടെയും കഥകളുടെ കെട്ടഴിയും. പിന്നെ സമയം പോകുന്നതറിയുകയെയില്ല.
എന്തായാലും അദ്ദേഹം ഭാഗ്യവാനാണ്. ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ ഒരു 'ഭാഗ്യ മരണ'ത്തിലൂടെ മോക്ഷം കിട്ടിയവരുടെ കൂട്ടത്തിൽ അദ്ദേഹവും ഉണ്ടാകും. എത്രയോ പേരാണ് കിടന്നു നരകിച്ചു മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിച്ചു മരിക്കാനിടയാകുന്നത്. ഈ പറയുന്ന ഞാൻ ഏതു വിഭാഗത്തിൽ പെടുമോ എന്തോ? എന്തായാലും ആദ്യത്തെ കൂട്ടത്തിലല്ല.
പറഞ്ഞു പറഞ്ഞു ഞാൻ കാട് കയറുന്നുണ്ടോ? ചിലപ്പോളിങ്ങനെയാണ്. ഒരു ബന്ധവുമില്ലാത്ത പലതും ഏതോ അദൃശ്യമായ ചങ്ങല കൊണ്ട് ബന്ധിച്ചിട്ടുണ്ടെന്നു തോന്നും. എല്ലാം എല്ലാത്തിനോടും ബന്ധപ്പെട്ടിരിക്കുന്നു!
ഹോ!എന്തൊരു വേദന. കണ്‍പോളകൾക്ക് മേൽ കരിങ്കല്ല് കയറ്റി വച്ചത് പോലെ. കരിങ്കല്ലല്ലാ...അതവനാണ്! എന്റെ ജോ, ജോൺ എന്ന ജോ.
പ്രണയത്തെയും വിവാഹത്തെയും ഒക്കെ പുച്ഛിച്ചിരുന്ന എന്നെ മറിച്ചു ചിന്തിപ്പിച്ചത് ജോയാണ്. മരണം ഒരിക്കലേയുള്ളു, പക്ഷേ പ്രണയം പലപ്പോഴായി വന്ന് നമ്മെ കൊന്നു കൊണ്ടിരിക്കും എന്ന് പഠിപ്പിച്ചതും അവൻ തന്നെ. ഓരോ വരിയിലും എന്നെ എഴുതി എഴുതി വച്ച് ഒടുവിൽ എന്നെ ഞാനല്ലാതെയാക്കി. ഞാൻ അവന്റെ എഴുത്തുകളിൽ മാത്രമായി ജീവിച്ചു പോന്നു.
"നീയെന്നെ സ്നേഹിക്കുന്നില്ലെന്ന് പറഞ്ഞാൽ ഞാൻ സഹിക്കും. പക്ഷേ, നീയെനിക്കായ് എഴുതാതിരുന്നാൽ അതെന്നെ കൊല്ലുന്നതിന് തുല്യമാണ്!" എന്ന് എന്നെക്കൊണ്ടെഴുതിച്ചിട്ട് ഒരു ദിവസം അവന്റെ എഴുത്തുകളിൽ നിന്നും എന്നെ അവൻ മായ്ച്ചു കളഞ്ഞു. എന്നെ കൊന്നു, അവൻ എന്നെ കൊന്നു... എവിടെയോ നഷ്ടപ്പെട്ട എന്നെ തിരഞ്ഞു കണ്ടുപിടിക്കാൻ ഞാൻ ഒരുപാട് വലഞ്ഞു. പല വഴികൾ നടന്നു നോക്കി. നീയുമില്ല ഞാനുമില്ല. എല്ലാ വഴികളും നിന്നിൽ അവസാനിച്ചിരുന്നെങ്കിൽ മരിക്കും വരെ ഞാൻ തളരാതെ നടന്നേനെ...ജോ!
ഒരിക്കൽ മാത്രം എനിക്കെഴുതി... അവസാനമായി. "നീയില്ലാതാവാതെയിരിക്കാനായിരുന്നു നിന്നിൽ നിന്നും എന്നെ ഇല്ലാതാക്കിയത് " എന്ന് . ആ എഴുത്തിന്റെ ഭാരം താങ്ങാനാവാതെ ഞാൻ ഓരോ നിമിഷവും ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണെന്ന് ഒരു പക്ഷേ ജോ അറിഞ്ഞു കാണില്ല. നീ കൂടെയില്ല എന്നതാണെന്റെ മരണം എന്ന് നിനക്കറിയാത്തതാണോ? അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്ത പോലെ...!
പിന്നീട് നാളുകൾക്കിപ്പുറം വീണ്ടും പ്രണയം ശരത്തിന്റെ രൂപത്തിൽ തിരിച്ചു വന്നു. കാണാതെ പോയ എന്നെ ഞാൻ ശരത്തിന്റെ കണ്ണുകളിൽ കണ്ടെത്തി. ജോ... നീയറിയണം, നീയില്ലായിടങ്ങളിൽ നിന്നാണ് ഞാൻ എന്നെ കണ്ടെടുത്തത്.
പ്രണയത്തിന്റെ വിജയം വിവാഹമാണെന്ന് തെറ്റിദ്ധരിച്ചു ഞങ്ങൾ വിവാഹിതരായി. വിവാഹത്തിന് മുൻപുള്ള പ്രണയവും ശേഷമുള്ള പ്രണയവും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാൻ കുറച്ചു വൈകി. പലപ്പോഴും വാക്കുകൾക്ക് കടുപ്പമേറി. ഹൃദയം കീറി മുറിക്കാൻ നിങ്ങൾ നല്ലൊരു സർജൻ ആവണമെന്നില്ല, അത്യാവശ്യം മൂർച്ചയുള്ള നാവുണ്ടായാൽ മതി. അങ്ങനെ കീറി മുറിച്ച ഹൃദയങ്ങളും തുന്നിക്കെട്ടി 3 വർഷങ്ങൾ! ഓരോ തവണയും മൗനം ജയിക്കുമ്പോൾ ഞങ്ങൾ തോറ്റു. ആരുടേയും തെറ്റല്ല. പ്രണയത്തിന്റെ കുറ്റമാണ്. പ്രണയത്തിന്റെ വഴികൾ എപ്പോഴും ഇങ്ങനെയാണ്. അല്ലെങ്കിലും പ്രണയത്തിന്റെ ആഴം കൂടും തോറും കാഴ്ച മങ്ങുന്നു. മഞ്ഞു വന്നു മൂടുന്ന പോലെ... അങ്ങനെ മൗനത്തെ തോൽപ്പിക്കാനായ് ഒരു ദിവസം ഉച്ചക്ക് സ്പെഷ്യൽ വിഭവങ്ങളുമായി ശരത്തിനെ ഞെട്ടിക്കാൻ തീരുമാനിച്ച എനിക്ക് അതിലും വലിയ സർപ്രൈസ് തന്നു അവൻ. കൈയിൽ കിട്ടിയ ഡിവോഴ്സ് നോട്ടീസ് രണ്ടാമതൊന്നു കൂടെ നോക്കി, അതൊരു പ്രണയലേഖനം ആണെങ്കിലോ എന്ന് മനസ്സ് വെറുതേ വെറുതേ പറഞ്ഞു കൊതിപ്പിച്ചു. അതെ, എന്റെയും നിന്റെയും സ്വപ്നങ്ങളിൽ മാത്രം ജീവിക്കുന്ന ചില നമ്മളുണ്ട്. അവർ ആകാശത്തെ നക്ഷത്രങ്ങളെ പോലെയാണ്. ഒരിക്കലും സ്വപ്നങ്ങളിൽ നിന്നും പുറത്തിറങ്ങാതെ ആകാശത്തിരുന്നു നമ്മെ സ്നേഹിച്ചു കൊതിപ്പിക്കും...
"ശരത്, നീ പറയാറില്ലേ, ഞാനൊരു ഹൃദയമില്ലാത്തവളാണെന്ന്. ശരിയാണ്, പണ്ടേതോ വഴിയിൽ കളഞ്ഞു പോയ ഹൃദയം തിരിച്ചു കിട്ടാത്തത് കൊണ്ട് പിന്നീടങ്ങോട്ട് ഹൃദയമില്ലാത്തവളായി... പിന്നെ ഹൃദയശൂന്യത കൊണ്ട് തല തിരിഞ്ഞവളും. എനിക്കറിയാവുന്നതിൽ നിന്നും ഒരു സൂചിമുനയോളം നീ മാറിയിട്ടില്ലെങ്കിലും, ഒരു കുന്നോളം മാറി നീയല്ലാതായതായി നീ അഭിനയിക്കുന്നു, അതിലും നന്നായി ഞാനും! നിന്റെ സ്നേഹം എന്നെ വീർപ്പുമുട്ടിക്കുമ്പോളാണ് എനിക്ക് എന്നെ നഷ്ടപ്പെടുന്നതെന്ന് എനിക്ക് തോന്നിത്തുടങ്ങിയിടത്തു നിന്നാവണം എല്ലാം തുടങ്ങിയത്. നീയെന്ന ലോകത്തിനപ്പുറം ഞാനെന്നൊരു വ്യക്തി ഉണ്ടെന്ന് നീയെന്തേ ഓർക്കാത്തത്? ഒരു പക്ഷേ, ഈ പ്രണയവും വിവാഹവും ഒന്നും എനിക്ക് പറഞ്ഞിട്ടുണ്ടാവില്ല. വിവാഹത്തിന് മുൻപുള്ള ഞാനും ശേഷമുള്ള ഞാനും തമ്മിൽ ഒരു ചാന്ദ്രദൂരമുണ്ട് ശരത്. ഇത്രയും അഭിനയിക്കാൻ ഞാൻ പഠിച്ചിട്ടില്ല. എന്റെ പ്രണയം ഭയപ്പെടുത്തുന്ന കൊടുങ്കാറ്റ് പോലെയാണ്. ഏറ്റവുമധികം ശക്തിയോടെ വന്നു അത് നിങ്ങളെ മുഴുവനോടെ കശക്കിയെറിഞ്ഞു പതിയെ ഇല്ലാതാവും. അത് താങ്ങാനാവാത്തതിനാലാവാം എന്റെ പ്രണയങ്ങളൊന്നും വെളിച്ചം കാണാതെ പോയത്. അതുകൊണ്ട്, ഇനിയുമൊരു കൊടുങ്കാറ്റടിക്കാതിരിക്കാൻ നിന്നിലവസാനിപ്പിക്കട്ടെ എന്റെ പ്രണയം. നീ വരുമെന്ന പ്രതീക്ഷയിൽ എന്റെ പുലരികൾ അസ്തമിക്കുന്നു." അവസാനമായി ഞാൻ ശരത്തിന് വേണ്ടി കുറിച്ചിട്ട വാക്കുകൾ.
വീട്ടിൽ നിന്നിറങ്ങുമ്പോൾ എങ്ങോട്ടെന്നറിയില്ലായിരുന്നു. മരിക്കണം എന്നും കരുതിയിട്ടില്ല. പക്ഷേ പ്രണയവും മരണവും എപ്പോഴും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്ത വഴികളിൽ ഒളിഞ്ഞിരിപ്പുണ്ടാവും. ഇടവഴി തിരിഞ്ഞതും എതിരേ വന്ന കാറിൽ ഇത് രണ്ടും എന്നെ തേടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഡ്രൈവിംഗ് സീറ്റിൽ കണ്ട ജോയുടെ മുഖം ഒരു മിന്നായം പോലെയേ കണ്ടുള്ളൂ. നീയെനിക്ക് തരുന്ന ഏറ്റവും മികച്ച സമ്മാനമാവട്ടെ ഇത്. പ്രണയം നമ്മളെ കൊല്ലുന്നു എന്നുള്ളത് നീ അർത്ഥവത്താക്കിയിരിക്കുന്നു. മതി! ഇനി ഞാനും എന്റെ അമ്മയെ പോലെ ആകാശത്തെ നക്ഷത്രമായി...
ദൈവമേ...വേണ്ടായിരുന്നു. എല്ലാം എല്ലാം ഇപ്പോൾ ഓർക്കുന്നു. എനിക്കീ ഓർമ്മകൾ തിരിച്ചു തരണ്ടായിരുന്നു... ശരീരത്തിനിപ്പോൾ ഒട്ടും തന്നെ ഭാരം തോന്നുന്നില്ല. കാഴ്ച മങ്ങി തുടങ്ങിയിരിക്കുന്നു. ഇതാണോ മരണം?
ഇനിയൊരു മറുപടിക്കായി കാത്തു നിൽക്കാതെ, നിന്നോട് കയർക്കാതെ, സ്നേഹം...സ്നേഹം മാത്രം നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഈ ആശുപത്രി മുറിയിൽ നിന്നും എന്നെന്നേക്കുമായി നിനക്ക് വിട...! മരണം മുന്നിൽ കാണുമ്പോഴാണ് നമ്മളെല്ലാം അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന തിരിച്ചറിവിൽ കണ്ണീരൊഴുക്കുന്നത്. നമുക്കാരോടും ദേഷ്യമില്ല, ആരും മരിക്കണമെന്നും ആഗ്രഹിക്കുന്നില്ല. പക്ഷേ, അത് തിരിച്ചറിയണമെങ്കിൽ മരണം മുന്നിൽ വന്നു നിൽക്കണം.
കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ അവ്യക്തമായ ഒരു ചിത്രം തെളിയുന്നുണ്ട്...
വയലറ്റ് പൂക്കൾ മാത്രം വിരിഞ്ഞു നില്ക്കുന്ന താഴ്വര...അതിന്റെ ഒരറ്റത്ത് ഞാൻ. മറ്റേ അറ്റത്ത് കുറെ പരിചിത മുഖങ്ങൾ.
അതവരല്ലേ ...?? മുത്തശൻ,പാമ,അമ്മ,കരിച്ചില പെലയൻ!! അവരുടെയെല്ലാം മുഖത്ത് ഉദിച്ചു നില്ക്കുന്ന സമാധാനത്തിന്റെ പുഞ്ചിരി എനിക്ക് വ്യക്തമായി കാണാം. പാമയുടെ പാളക്കുടയും, നിലാവെളിച്ചത്തിലെ അമ്മനക്ഷത്രത്തിളക്കവും, കരിച്ചില പെലയന്റെ കറ പിടിച്ച പല്ലു കാട്ടിയുള്ള ചിരിയും, മുത്തശ്ശന്റെ വെറ്റിലക്കുള്ളിലെ നിറഞ്ഞ വാത്സല്യവും ഇപ്പോൾ എനിക്ക് കൃത്യമായും കാണാനാവുന്നുണ്ട്.
ഒന്നിനും കൊള്ളാത്തൊരെന്നെ ഞാനിനി, ഒന്നിനും കാണാത്തൊരിടത്തേക്കയക്കട്ടെ...!
ഇതെന്റെ യാത്രാമൊഴി... ആരോടെന്നില്ലാതെ ഒരു അവസാന വിട പറയലിനായി വാക്കുകൾ തിരയുമ്പോൾ എവിടെ നിന്നോ ഒരു ചലച്ചിത്ര ഗാനം ഒഴുകിയെത്തുന്നു...
"മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ..."
Subscribe to:
Post Comments (Atom)
Little Stories Of Love
The Room of Happiness Teacher taking class about types of houses. Teacher: We have living room, dining room, kitchen, bedroom and bathroom i...

-
I usually write blogs in my native language Malayalam because I feel emotionally connected to that more than any other. There is a comfort...
-
Once upon a time there lived a monster named Cancer. And you all know rest of the story. Many of us would have seen it's worst faces. I ...
-
Sale...Sale..Flat 50%. Buy one get two free! Oops! Sorry... I was time traveling to my old PG days. I was roaming on the roads of 'Comme...

No comments:
Post a Comment