ഷർമിള - Characterisation of an extra ordinary women

ഷർമിള, അവളൊരു സിനിമാ ഭ്രാന്തി ! അതായിരുന്നു അവളുടെ മേൽ ആരോപിച്ചിരുന്ന ഏറ്റവും വലിയ കുറ്റം. വേറെയും കുറ്റങ്ങൾ ഇഷ്ടം പോലെ ഉണ്ടായിരുന്നെങ്കിലും ഇതിനു പ്രത്യേകം ചീത്ത വിളികൾ കേൾക്കാറാണ് പതിവ്. പലപ്പോഴും ചോദിക്കണമെന്ന് കരുതിയിട്ടുണ്ട് ഈ പറയുന്ന ആളുകൾ സിനിമാ ഭ്രാന്തു കേറിയിട്ടല്ലേ ഇഷ്ടപെട്ട നടിയുടെ പേര് തന്നെ മകൾക്ക് ഇട്ട് കൊടുത്തത് എന്ന് ! അച്ഛൻ കടുത്ത ഷർമിള ടാഗോർ ഫാൻ ... മാത്രമല്ല , വീടിനടുത്ത് തെക്ക് ഭാഗത്തും വടക്ക് ഭാഗത്തും ആയി 1980 കളിലെ ഓല മേഞ്ഞ സിനിമ കൊട്ടകകൾ. എല്ലാ വെള്ളിയാഴ്ചകളിലും കൃത്യനിഷ്ഠയോടു കൂടി പള്ളിയിൽ പോകുന്ന പോലെ സകുടുംബം നടന്നു പോയി കാണുന്ന വെള്ളിത്തിരയിലെ ഓരോ ചിത്രങ്ങളും അവളെ ഭ്രമിപ്പിചിരുന്നു.  

മറ്റുള്ളവർ സിനിമ കാണുമ്പോൾ അവൾ മാത്രം സിനിമ അനുഭവിച്ചു വളർന്നു. കഥാപാത്രങ്ങൾക്കൊപ്പം അവളും കരഞ്ഞു... ചിരിച്ചു മറിഞ്ഞു... മറ്റുള്ളവർ കളിയാക്കി ചിരിച്ചപ്പോൾ അവൾ നേരിയ ചമ്മലോടെ അരണ്ട വെളിച്ചത്തിൽ കണ്ണുകൾ തുടച്ചു. ഓരോ സിനിമ കഴിഞ്ഞു അടുത്ത സിനിമ വരേയ്ക്കും അവൾ ആ സിനിമയിൽ ജീവിച്ചു കൊണ്ടിരുന്നു. കണ്ണാടിയിൽ നോക്കി കഥാപാത്രങ്ങളായി മാറാൻ ശ്രമിച്ചു. ഈ സിനിമകൾ എങ്ങനെയായിരിക്കും എടുക്കുക എന്ന് അമ്പരന്നു ! ഒരു ഷൂട്ടിംഗ് എങ്കിലും തന്റെ വീടിനടുത്ത് വരണമേ എന്ന് പ്രാർഥിച്ചു. ഓരോ പുതിയ സിനിമകൾ ഇറങ്ങുമ്പോളും അതിലെ പാട്ടുകൾ കഷ്ടപ്പെട്ട് എഴുതിയെടുത്തോ അല്ലെങ്കിൽ അപ്പൂപ്പനെ സോപ്പിട്ടു സിനിമ ഗാനങ്ങളുടെ ബുക്ക്‌ വാങ്ങിയോ അവൾ പഠിച്ചു, സ്വയം പാടി നടന്നു. എല്ലാ ആഴ്ചയും സിനിമ വണ്ടിയിൽ പുതിയ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പോകുന്ന ഒച്ച കേൾക്കുന്പോളെക്കും ഒരൊറ്റ ഓട്ടമാണ് ...  അടുത്ത വീട്ടിലെ ആണ്‍പിള്ളേരെ ഇടിച്ചിട്ട്‌ ഏറ്റവും കൂടുതൽ എണ്ണം കൈക്കലാക്കുന്നത് ഒരു വല്യ സംഭവം തന്നെയായിരുന്നു. 

ഇതൊക്കെയാണെങ്കിലും ഷർമി പഠിക്കുന്ന കുട്ടിയാണ്, എല്ലാവർക്കും ഇഷ്ടമുള്ള കുട്ടി. പക്ഷേ, അങ്ങനെയുള്ള ഒരു കുട്ടിക്ക് സിനിമാ ഭ്രാന്ത് ഒരപവാദം തന്നെയായിരുന്നു. പതുക്കെ പതുക്കെ അവളുടെ ചിന്തകളും വിചാരങ്ങളും എഴുത്തിലൂടെ ആയി. ആരും കാണാതെ കുറിച്ച് കൂട്ടിയതെല്ലാം അലമാരയിൽ ഉടുപ്പിന്റെ ഇടയിലും ഇതുവരെ ഉപയോഗിക്കാത്ത പുതു മണമുള്ള നോട്ട് ബൂക്കുകൾക്കിടയിലും ഒളിപ്പിച്ചു വച്ചു. കണ്ടുപിടിച്ചാൽ നാണക്കേടാണ്‌. അങ്ങനെ ഇരിക്കുമ്പോളാണ്  ദൈവം വിളി കേട്ടെന്ന പോലെ തൊട്ടടുത്ത ഒരു തറവാട്ടിൽ ഷൂട്ടിംഗ് ! വല്ല്യമാമന്റെ കൂട്ടുകാരനാണത്രേ സിനിമ പിടിക്കുന്നത്‌. ഇങ്ങനെ ഒരു കൂട്ടുകാരൻ ഉണ്ടെന്ന്  ഇതുവരെ ഇവിടെ പറഞ്ഞു കേട്ടിട്ടില്ല. അവർക്ക്  ഡാൻസ്, പാട്ട് ഒക്കെ അറിയാവുന്ന കുറച്ചു കുട്ടികളെ വേണമത്രേ അഭിനയിക്കാൻ... വല്യമാമൻ അമ്മയോട് അനുവാദം ചോദിക്കുന്നു , തന്നെ വിടുമോ എന്ന്. കേട്ടതും ഉള്ളിൽ ഒരു കിളി പറന്നു ... കാത്തു കാത്തിരുന്നു വന്ന സൗഭാഗ്യം ! അഭിനയിച്ചില്ലെങ്കിലും വേണ്ടില്ല ഷൂട്ടിംഗ് കണ്ടാൽ മാത്രം മതിയാരുന്നു. അമ്മ സമ്മതം മൂളി...അച്ഛനും ... 

ജീവിതത്തിൽ ആദ്യത്തെയും അവസാനത്തെയും അവസരമാണ്. ഇനിയുണ്ടാവുമെന്ന്  തോന്നുന്നില്ല. അങ്ങനെ അണിഞ്ഞൊരുങ്ങി ഓഡിഷനു പോയി. അവിടെ ചെല്ലുമ്പോൾ ആദ്യമായി നേരിട്ട് കാണുന്ന സിനിമാ നടൻ ! ദിലീപ് ...! ദിലീപ് അന്ന് അത്ര വല്ല്യ നടൻ ഒന്നുമല്ല... പച്ച പിടിച്ചു വരുന്നതെയുള്ളൂ. പിന്നെ M .S തൃപ്പൂണിത്തുറ എന്ന മഹാ നടൻ. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ മന്ത്രവാദിയെ കണ്ടു ഭയന്ന് വിറച്ചിട്ടുണ്ട്  ചെറുപ്പത്തിൽ. ആരാധനയോടെ നോക്കി നിന്നു കുറെ നേരം. ഷൂട്ടിംഗ് ദിവസം കാണാം എന്ന് പറഞ്ഞിറങ്ങി. യോഗമില്ലെന്നു വേണം പറയാൻ ... ഷൂട്ടിംഗ്  പറഞ്ഞുറപ്പിച്ച ദിവസം internal exams ! എന്തൊരു കഷ്ടമാണെന്ന് നോക്കണേ ... പരീക്ഷാ ഭവനെയും സ്കൂൾ അധികൃതരെയും ശപിച്ചു കൊണ്ട് ആ സ്വപ്നവും സ്വപ്നം മാത്രമായി അവൾ അവസാനിപ്പിച്ചു.  പരീക്ഷകളും കൂട്ടുകാരും പ്രണയങ്ങളും കണ്ണുനീരും ഒക്കെയായി കാലം കടന്നു പോയി. 

ഷർമിയുടെ ഉള്ളിലെ തീ അപ്പോളും കെട്ടിട്ടില്ല ... ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ചു വച്ചിരുന്ന സിനിമ എന്ന കനവിന് കൂട്ടായി വേറൊരു ഭ്രാന്തും കൂടെ കൂടിയെന്ന്  പറഞ്ഞാ മതിയല്ലോ... യാത്രകൾ... പോരാത്തതിന്  എഴുത്തും തെളിഞ്ഞു തുടങ്ങി !  ഓരോ ചെറിയ യാത്രകളും ആസ്വദിക്കാൻ തുടങ്ങി. കൊച്ചിയിൽ നിന്നും തൃശൂർ ലേക്കുള്ള വല്ല്യമ്മയുടെ വീട്ടിലേക്കുള്ള ബസ്‌ യാത്രകളിൽ ജനാലക്കരികിലുള്ള സീറ്റിൽ ഉറച്ചിരിക്കുമ്പോൾ ഓരോ കാഴ്ചയും പുതിയതാണെന്നും താൻ ദൂരെ ഏതോ കാണാത്ത നാട്ടിലേക്ക്  പോവുകയാണെന്ന മട്ടിൽ ഒരു കൊച്ചു കുട്ടിയുടെ അത്ഭുതത്തോടെ കണ്ണു ചിമ്മാതെ നോക്കിയിരുന്നു. ഓരോ യാത്രകളിലും പുതിയ മുഖങ്ങൾ നിരീക്ഷിക്കുക ഒരു ഹോബി ആയി. അതിൽ ചിലരോടൊക്കെ ഒരു പരിചയക്കാരിയെ പോലെ സംസാരിച്ചു .  ഷർമി  വളരുന്നതോടൊപ്പം ഷർമിയുടെ സ്വപ്നങ്ങൾക്കും വലുപ്പം കൂടി കൂടി വന്നു... പക്ഷേ, അതൊന്നും പുറത്തു പറയാനുള്ള ധൈര്യമില്ലായിരുന്നു. ഒരു പെണ്‍കുട്ടി ചെയ്യാൻ പാടില്ലാത്ത പലതുമാണ് താൻ ചെയ്യാനാഗ്രഹിക്കുന്നതെന്നും അത്  മറ്റുള്ളവർക്ക്  ഒട്ടും സ്വീകാര്യമയിരിക്കില്ല എന്നുമുള്ള തിരിച്ചറിവിൽ അവൾ സ്വയം ഉൾവലിഞ്ഞു.  

വർഷങ്ങളായി ഉള്ളിൽ മിനുക്കിയെടുത്ത കഥകളും കഥാപാത്രങ്ങളും പുറത്തു വരാൻ വീർപ്പു മുട്ടുമ്പോൾ അവൾ പേനയെടുക്കും. കണ്ടുമുട്ടുന്ന ഓരോരുത്തരും ഓരോ ജീവനുള്ള കഥാപാത്രങ്ങൾ ആണെന്ന് തോന്നും അവൾക്ക്. അതെല്ലാം എഴുതി വരുമ്പോൾ പലർക്കും അവൾ ചതുർഥിയായി. ഓരോ പുതിയ സിനിമ റിലീസ് ആവുമ്പോളും കാണാൻ കൊതിക്കും പക്ഷേ, അച്ഛന്റെ മരണശേഷം സിനിമക്ക് പോകുന്നതും അവസാനിച്ചു. വീട്ടിൽ ആർക്കും വല്ല്യ താല്പര്യമില്ല. ഓണത്തിനും വിഷുവിനും ടീവിയിൽ പുതിയ സിനിമകൾ വരാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കും. അതായിരുന്നു ഏക ആശ്വാസം. ജോലി കിട്ടിയതോടെ ഷർമിയുടെ സ്വപ്നങ്ങൾക്കും നിറം വെച്ച് തുടങ്ങി. നാട് വിട്ടു ദൂരെ പോകുന്നതിൽ അവൾ സന്തോഷിച്ചു. കിട്ടുന്ന അവസരങ്ങളിലൊക്കെ ഒറ്റയ്ക്ക് യാത്രകൾ ... ചിലപ്പോൾ ആരെങ്കിലും കൂട്ട് കാണും. ട്രെയിൻ യാത്രകളാണ് അധികവും. അപ്പോഴും സിനിമ എന്ന മൂന്നക്ഷരത്തിന്റെ മുന്നിൽ അമ്പരന്നു നിൽക്കുന്ന പഴയ ആ കുട്ടി തന്നെയായിരുന്നു അവൾ. 

Horror movies കണ്ടു ദിവസങ്ങളോളം ഉറങ്ങാതെ കട്ടിലിൽ ഭയപ്പാടോടെ പുതച്ചു മൂടി കിടന്നു. കൂടെ കിടന്നിരുന്ന പ്രിയ കൂട്ടുകാരി രാത്രിയുടെ അന്ത്യ യാമങ്ങളിൽ ചവിട്ടേറ്റ് താഴെ വീഴുന്നത്  അതിന്റെ ബാക്കിപത്രം !  പക്ഷേ, യാത്രകൾ... സിനിമകൾ... ഹരമായപ്പോൾ പലതും നഷ്ടപെടുത്തേണ്ടി വന്നു. ജോലി, ബന്ധുക്കൾ ... അന്നേവരെ ആരോടും നോ പറയാൻ അറിയാത്ത... സമൂഹത്തെ ഭയന്ന പാവം കുട്ടി ഇന്ന് എന്തിനും ചങ്കൂറ്റമുള്ള പെണ്‍കുട്ടിയായി. ട്രെയിൻ യാത്രകൾ മാത്രമല്ല ലോങ്ങ്‌  ബൈക്ക്  റൈഡ്സ് ... ഷർമിക്ക് എല്ലാം അറിയണമായിരുന്നു ...എല്ലാം അനുഭവിച്ചറിയണം എന്നവൾ ആഗ്രഹിച്ചു. മദ്യം, സിഗരറ്റ് , കഞ്ചാവ് എല്ലാം രുചിച്ചു നോക്കി. പക്ഷേ ഒന്നിനും addicted ആയിരുന്നില്ല. Live  life to the fullest അതായിരുന്നു പോളിസി. ചിലർ അവളെ അഹങ്കാരി എന്ന് വിളിച്ചു, മറ്റു ചിലർ feminist എന്ന് മുദ്ര കുത്തി. പുരുഷന്മാരോട് പുരുഷന്മാരെ പോലെ തന്നെ സംസാരിച്ചു... 
യാതൊരു മടിയും കൂടാതെ എന്തും തുറന്നു പറയുന്ന പെണ്ണ് ! 

ചില ആണുങ്ങൾ അതിനെ മറ്റൊരു രീതിയിൽ കണ്ടപ്പോൾ പലപ്പോഴും അവൾക്കു ശക്തമായി പ്രതികരിക്കേണ്ടി വന്നു. പക്ഷേ, അതിഷ്ടപ്പെടാത്തവർ അവളെപ്പറ്റി അപവാദങ്ങൾ പറഞ്ഞു പരത്തി. അനുഭവങ്ങളുടെ പൊള്ളുന്ന ചൂടിൽ അവൾ അവളെത്തന്നെ ഉടച്ചു വാർത്തെടുത്തു. ഇതിനിടയിൽ നഷ്ടപ്രണയങ്ങൾ പലത് ... അനുവാദമില്ലാതെ തന്നെ വലിച്ചു കീറിയവർ ... അങ്ങനെ പലരോടും നന്ദി പറഞ്ഞു കൊണ്ട് ഷർമി അത്യാവശ്യം അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആയിത്തീർന്നിരുന്നു. ഷർമിയുടെ എഴുത്തുകൾക്ക് ശക്തമായ സാഹിത്യ ഭാഷയല്ല, പകരം സാധാരണക്കാരന്റെ ഭാഷയായിരുന്നു. അതുകൊണ്ട് തന്നെ അവാർഡുകൾക്ക് പകരം അവളെ തേടിയെത്തിയത് സ്നേഹവും സൗഹൃദങ്ങളും ആയിരുന്നു. ഏതൊരു പെണ്‍കുട്ടിക്കെന്ന പോലെ ഷർമിക്കും തുടങ്ങി കല്യാണ ആലോചനകൾ. പക്ഷേ, ഷർമി വിവാഹം എന്ന സിസ്റ്റത്തിൽ വിശ്വസിച്ചിരുന്നില്ല. പ്രണയിച്ചോളൂ പക്ഷേ കല്യാണം കഴിച്ചു ആ പ്രണയം നഷ്ടപെടുത്തരുത് . അഡ്ജസ്റ്റ്മെന്റ് ചെയ്യാൻ മനസ്സുള്ളവർ മാത്രം വിവാഹം കഴിക്കുക അല്ലാത്തവർ അതിന് തുനിയരുത് എന്നാണ് അവളുടെ ഭാഷ്യം. തനിക്കെന്തായാലും കല്യാണത്തെക്കാൾ പ്രധാനമായ പലതും ചെയ്തു തീർക്കാനുണ്ടെന്ന തോന്നൽ !   

ഒരാണിനു കല്യാണം അത്ര തടസ്സമായിരിക്കില്ല സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാൻ... പക്ഷേ, ഒരു പെണ്ണിന് അതൊരു സാധാരണ challenge അല്ല. അവളുടെ സ്വപ്നങ്ങളും അവളുടെ വിജയങ്ങളും മറ്റു പലരെയും ആശ്രയിച്ചിരിക്കുന്നു, ഒരു കുടുംബം മുഴുവനും അവളെ ചുറ്റിയാണ്‌ മുന്നോട്ടു പോകുന്നത്. അപ്പോൾ, അവളുടെ സ്വപ്‌നങ്ങൾ അവരെ ഒരിക്കലും നെഗറ്റീവ് ആയി ബാധിക്കരുത്. 

അങ്ങനെ ദിവസങ്ങൾ കഴിയുംതോറും ഷർമി മെലിഞ്ഞു മെലിഞ്ഞു വന്നു. വേറെ അസുഖങ്ങൾ ഒന്നും പുറമേ കാണാനില്ല. ഒന്ന് രണ്ടു തവണ ഡോക്ടറെ കണ്ടെങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ കണ്ടുപിടിച്ചില്ല. നന്നാവാനുള്ള പല പല മരുന്നുകൾ മാറി മാറി കഴിച്ചു. യാത്രകളും മറ്റുമായിരിക്കണം ക്ഷീണ കാരണം എന്നവൾക്കും തോന്നി. പിന്നീട് തലവേദന തുടങ്ങി. തലയുടെ ഒരു ഭാഗത്ത്‌ നിന്ന് തുടങ്ങുന്ന വേദന ആദ്യമാദ്യം അത്ര കാര്യമാക്കിയില്ല. പിന്നീട് യാത്രകൾക്കും എഴുത്തിനും ഒരു തടസ്സമാവാൻ തുടങ്ങിയപ്പോൾ അവൾക്കു കൂടുതൽ ചിന്തിക്കേണ്ടി വന്നു. ഇന്ന് പതിനാറാമത്തെ കീമോക്ക് കാത്തു ഈ ഹോസ്പിറ്റൽ മുറിയിൽ കിടക്കുന്പോൾ അവൾക്കിനി യാതൊരു സംശയവും ഇല്ല. എഴുതി പകുതിയാക്കിയ തിരക്കഥ പൂർത്തിയാക്കണം. എന്നെങ്കിലും ഒരു സിനിമ ചെയുന്നുണ്ടെങ്കിൽ അത് വെറുതെ ഒരു സിനിമയാകരുത് എന്നവൾക്ക് നിർബന്ധമുണ്ടായിരുന്നു. അത് തന്നെയാണ് ഇത്രയും വൈകിച്ചതും. പക്ഷെ, ഇനിയും വൈകിച്ചാൽ ഇനി ഒരിക്കലും നടന്നില്ലെങ്കിലോ എന്ന ഭയമുണ്ട് ഇപ്പോൾ.  ഈ കീമോയും കൂടെ കഴിഞ്ഞാൽ ഏകദേശം കുറച്ചു നാളത്തേക്ക് വല്ല്യ പ്രശ്നങ്ങൾ കാണില്ലെന്ന് വിശ്വസിക്കുന്നു. സ്വന്തം ജീവിതം സിനിമയിൽ പകർത്താൻ ഒരുപാട് സമയം ചോദിക്കുന്നില്ല. തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും സിനിമ എന്ന സ്വപ്നം! അതിന് ഒരു 3 മാസം... കൂടിയാൽ 4. അതിൽക്കൂടുതൽ ആഗ്രഹിക്കുന്നില്ല...ആവശ്യപ്പെ നഴ്സ് വരുന്നു. റേഡിയേഷൻ റൂമിലേക്ക്‌ പോകാൻ സമയം ആയിരിക്കുന്നു. എഴുതി പകുതിയാക്കിയ തന്റെ കടലാസ് കഷ്ണങ്ങളിലേക്ക് ഒരു നോക്ക്... 

തിരിച്ചു വരുന്പോൾ കാണാമെന്ന ഉറപ്പിൽ അവൾ നടന്നകന്നു ...  അവൾ വരും... കാരണം അവൾക്കു നിറമുള്ള സ്വപ്നങ്ങളുണ്ട്... തീവ്രമായ ചിന്തകളുണ്ട്... അതെല്ലാം പറഞ്ഞു തീർക്കാതെ ഷർമിക്ക് ഇനിയൊരു യാത്രയില്ല . അതേ... സ്വപ്‌നങ്ങൾ മരിക്കുന്നില്ല ...സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിപ്പിക്കുന്നത്‌ !

Comments

Popular posts from this blog

Why am I against religion?

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1