ഈറന്‍ വയലറ്റ് പൂക്കള്‍
ഈറന്‍ വയലറ്റ് പൂക്കളുടെ താഴ്‌വരയിൽ നിന്ന്
ഞാന്‍ ഇറങ്ങി വന്നത് നിന്‍റെ കണ്ണുകളിലേക്കാണ്
ഈറന്‍ വയലറ്റ് പൂക്കളും കടലാസ് പൂക്കളും
മാത്രം വിരിഞ്ഞിരുന്ന എന്‍റെ വീഥികളില്‍
അന്നാദ്യമായി ഗുല്‍മോഹര്‍ പൂക്കളും
ചുവന്ന പനിനീര്‍ പൂക്കളും മഴയായ് പൊഴിഞ്ഞു ..
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്‌വാരങ്ങളിലേക്കെന്നെ നീ കൈ പിടിച്ചു നടത്തി
എന്‍റെ മിഴികളില്‍ നിന്നുതിര്‍ന്ന നേര്‍ത്ത
പളുങ്ക് മണികള്‍ താഴെ വീഴാതെ
നീ നിന്‍റെ ഹൃദയത്തിലെ ചിപ്പിക്കുള്ളില്‍ സൂക്ഷിച്ചു വച്ചു...
മരണത്തിന്‍റെ ഗന്ധമുള്ള എന്‍റെ ഈറന്‍ വയലറ്റ് പൂക്കള്‍
ജീവന്‍റെ ഗന്ധമുള്ള നിന്‍റെ നീലക്കുറിഞ്ഞികളെ
സ്നേഹിച്ചുതുടങ്ങിയപ്പോഴേക്കും
ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നു മൂടി തുടങ്ങിയിരുന്നു...
ആകാശത്ത് നിന്നും കണ്ണുനീര്‍ത്തുള്ളികള്‍
ഭൂമിയില്‍ മഴയായ് പതിക്കുമ്പോള്‍
നിന്‍റെ കൈകള്‍ അയയുന്നത് വേദനയോടെ ഞാനറിഞ്ഞു!
കോരി ചൊരിയുന്ന മഴയത്ത്എന്നെ
തനിച്ചാക്കി നീ എവിടേക്ക് പോയി?
പെയ്തു തോര്‍ന്ന മഴവഴികളിലൂടെ ദിക്കറിയാതെ ...
ഞാനും എന്‍റെ മൗനവും മാത്രം....
പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടൊരു
പൂവിന്‍റെ തേങ്ങലുകള്‍ ഉള്ളിലൊതുക്കി
ഞാന്‍ എങ്ങോട്ടോ നടന്നകലുന്നു,
മരണത്തിന്‍റെ ചിറകടികള്‍ക്കുമപ്പുറം
ഈറന്‍ വയലറ്റ് പൂക്കളുടെ താഴ്‌വരയിൽ നിന്നെയും കാത്തു ഞാനുണ്ടാവും..
എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയില്‍
ഞാന്‍ കാത്തിരിക്കുന്നുണ്ടാവും..
തണുത്തു മരവിച്ച എന്‍റെ കവിളുകളില്‍ നിന്‍റെ
കൈകള്‍ തൊടുമ്പോള്‍ ഒരു പക്ഷെ,
ഞാനറിയുന്നുണ്ടാവില്ല, നിനക്ക് എത്തിപെടാന്‍
കഴിയുന്നതിലേറെ ദൂരത്തെങ്ങോ ഞാന്‍ മാഞ്ഞു പോയെന്ന്..
എങ്കിലും ഈ കാത്തിരിപ്പിന് നിന്‍റെ സ്നേഹത്തിന്‍റെ ഗന്ധമാണ്,
ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ്!!......!!!!.....!
Comments
Post a Comment