പ്രണയത്തിന്റെ കാണാവഴികൾ

" പണ്ടു നമ്മൾ ചെറുപ്പത്തിൽ മണലു വാരി കളിച്ചപ്പോൾ  അന്ന് നമ്മൾ പറഞ്ഞത് മറന്നു പോയോ ..." L .P  സ്കൂളിലെ കുട്ടികളുടെ നിഷ്കളങ്കതയിൽ കുതിർന്ന ഈ പാട്ടിലാണ് ഞാൻ ആദ്യമായി പ്രണയം കണ്ടത്. പ്രണയം എന്ന് പറയാമോ? 

ഇഷ്ടം...സ്നേഹം...പ്രേമം ഇങ്ങനെ പല പേരുകളുണ്ട് എങ്കിലും, ഉള്ളിലുള്ള വികാരം ഒന്ന് തന്നെ ! ഒരിക്കലെങ്കിലും ആ വികാരം തോന്നാത്തവർ ഉണ്ടെങ്കിൽ അവർ മനുഷ്യരല്ല എന്ന് ഞാൻ പറയും.  രണ്ടാം ക്ലാസ്സിലെ ആദ്യത്തെ ബഞ്ചിൽ ഇരുന്നു മാഗ്ഗി ടീച്ചറുടെ കൈയിലെ ചൂരലിൽ കണ്ണ് നട്ടിരിക്കുമ്പോൾ അതാ വാതിലിൽ ഒരു പുതിയ മുഖം! ഇവനേതടാ? സായിപ്പോ ? വെളുത്തു തുടുത്തു... ഒരു ആമീർ ഖാൻ ലുക്ക്‌. പുതിയ അഡ്മിഷൻ ആണ്. കുവൈറ്റിൽ നിന്നുള്ള ഇറക്കുമതിയാണ്. അവൻ ക്ലാസ്സിലേക്ക് കടന്നതും എല്ലാവരുടെയും രണ്ടു കണ്ണുകളും അവന്റെ ചുറ്റും കിടന്നു കറങ്ങിക്കൊണ്ടെയിരുന്നു. 

ഓഹോ...അപ്പൊ ഞാൻ മാത്രമല്ല വായും പൊളിച്ചിരിക്കുന്നത് !  മാഗ്ഗി ടീച്ചർ പുതുമുഖത്തെ പരിചയപ്പെടുത്തി. പേര് : വാൾ കോട്ട് ! ഇത് ശരിക്കും സായിപ്പ് തന്നെ. ഒറപ്പിച്ചു. സായിപ്പ് നടന്നു വരുന്നത് നമ്മുടെ അടുത്തേക്കാണല്ലോ... എന്റെ തൊട്ടടുത്ത്‌ വന്നു ആസനസ്ഥനായി. ഉറ്റസുഹൃത്ത് മീനുവിനു അത് തീരെ പിടിച്ചിട്ടില്ല. കാര്യം അവളെന്റെ ഒന്നാം ക്ലാസ്സ്‌ മുതലുള്ള ആത്മാർത്ഥ സുഹൃത്ത് ആണെങ്കിലും അത്യാവശ്യത്തിനു കുശുമ്പും അസൂയയും ഇല്ലാതില്ല. മീനുവിന്റെ അമ്മ ഞങ്ങളുടെ സ്കൂളിലെ ടീച്ചർ ആണ്. അതിന്റെ ഒരു അഹങ്കാരം ഉണ്ട് താനും. അവൾക്കു ഊണിലും ഉറക്കത്തിലും ഞാൻ വേണം എന്ന അവസ്ഥയാണ്. പക്ഷെ എനിക്കങ്ങനെ ഒന്നുമില്ല. പിന്നെ പാവത്തിനെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി കൂടെ നടക്കും. ഈ തലക്കനം കാരണം വേറാരും അവളോട്‌ കൂട്ട് കൂടാനും ചെല്ലാറില്ല. അവളെ പേടിച്ചു എന്നോടും ആരും അധികം കൂട്ട് കൂടാൻ വരാറില്ല. വന്നാൽ തന്നെ അവൾ എങ്ങനെയെങ്കിലും കക്ഷിയെ അടിച്ചൊതുക്കും. 

 അങ്ങനെ ഇരിക്കുമ്പോളാണ് വാൾ കോട്ട് എന്ന കഥാപാത്രം ഞങ്ങളുടെ ഇടയിലേക്ക് കടന്നു വരുന്നത്. കഷ്ട കാലം എന്ന് പറയട്ടെ, ഞങ്ങൾ രണ്ടിനും സായിപ്പ് കുട്ടിയോട് വല്ലാത്ത ഇഷ്ടം. എഴുതാൻ സ്ലൈറ്റ് പെൻസിൽ കൊടുക്കുന്നു, വളപ്പൊട്ട്‌, കുന്നിക്കുരു ഇത്യാദി  കൊടുക്കുന്നു. സായിപ്പ് കുട്ടിയാണെങ്കിൽ ആരോടും അധികം മിണ്ടുന്നുമില്ല. മലയാളം അത്രക്കങ്ങോട്ടു വശമില്ല എന്നതാണ് പ്രശ്നം. മീനുവും ഞാനും മാറി മാറി ട്രൈ ചെയുന്നുണ്ടെങ്കിലും അവൻ വിഷാദ ഭാവത്തിൽ തന്നെ! പലപ്പോഴും അവന്റെ പേരിൽ ഞാനും മീനുവും വഴക്ക് വരെ ഇട്ടു. കൂടിപ്പോയാൽ 1 മാസം... സായിപ്പ് കുട്ടിയെ ഒരു ദിവസം അച്ഛൻ വന്നു കൂട്ടിക്കൊണ്ടു പോയി. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആ ദുഷ്ടൻ പോയപ്പോൾ വെറുതെ ഏതോ ഒരുത്തന് വേണ്ടി വഴക്കിട്ടല്ലോ എന്നോർത്ത് ഞാനും മീനുവും കൈ കൊടുത്തു. അങ്ങനെ ആദ്യത്തെ ഇഷ്ടം ഒരു മുത്തശ്ശി കഥയിലെ രാജകുമാരനെ പോലെ, ദേ വന്നു... ദാ പോയി. 

 പിന്നത്തെ ഇഷ്ടം, മൂന്നാം ക്ലാസ്സിൽ വച്ചായിരുന്നു. ബോണി... ഞാനും ക്ലാസ്സ്‌ ലീഡർ, അവനും.  കണ്ണിൽ  കണ്ണിൽ നോക്കി ചിരിച്ച്  മൂന്നാം തവണയും 'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ', സ്കൂളിലെ temporary സിനിമ ഹാളിലിരുന്ന്  കാണുമ്പോൾ സ്വപ്നത്തിൽ പോലും ഞാൻ കരിതിയിരുന്നില്ല ഇതിന്റെ അവസാനം ഇങ്ങനെ ആയിരിക്കും എന്ന്. അതായത്, ഒരു ദിവസം ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു ആദ്യത്തെ പീരീഡ്‌ ആണ് സംഭവം. ഇരിപ്പ് ഇപ്പോളും ഫസ്റ്റ് ബഞ്ചിൽ തന്നെ. ബെല്ലടിച്ചു, ടീച്ചർ വരാറാവുന്നു. അപ്പോളാണ് ഒരു മൂത്ര ശങ്ക! എന്ത് ചെയും? ടീച്ചർ അതാ വന്നു കഴിഞ്ഞു. ഒരു രക്ഷയുമില്ല. control എല്ലാം വിട്ടു. കാലിലൂടെ നനവ്‌ താഴേക്കിറങ്ങുമ്പോൾ ടീച്ചറുടെ കൈകൾ എന്റെ കണ്ണുകളിലെ നനവ്‌ തുടക്കുന്നുണ്ടായിരുന്നു. നാണക്കേട്‌ കൊണ്ട് മുഖം പൊത്തി കരയുമ്പോഴും കൈപ്പത്തികളുടെ വിടവിൽ കൂടി അവന്റെ ചിരിക്കുന്ന മുഖം എനിക്ക് കാണാമായിരുന്നു.  

ഇതിനു പുറകെയാണ് അടുത്തത്. സ്കൂള് വിട്ടു വരുന്ന വഴിയിലാണ് അവന്റെ വീട്. അവന്റെ വീട്ടിൽ പട്ടിയുണ്ട്. എനിക്കാണെങ്കിൽ പട്ടിയെ പേടി കലശലായി ഉണ്ട്. ഈ പട്ടിയെ സാധാരണ കെട്ടിയിടാറില്ല. നാലാം ക്ലാസ്സിലെ ചേച്ചിമാരുടെ കൂടെ ആടി പാടി നടന്നാണ് ഞാൻ സ്കൂളിൽ പോകുന്നതും വരുന്നതും. എന്നത്തേയും പോലെ കല്ലും പൊട്ടും പെറുക്കി നടന്നു വരുമ്പോളുണ്ട്...പട്ടി ദാ...റോഡിൻറെ ഒരു സൈഡിൽ! പട്ടിയെ കണ്ടതും ഞാൻ പതുക്കെ സൈഡ് മാറ്റി. പട്ടി അത് ശ്രദ്ധിച്ചു എന്ന് തോന്നുന്നു. പിന്നെ എന്റെ മുഖത്തെ കള്ള ലക്ഷണവും! പട്ടി പതുക്കെ എണീറ്റ്‌ അതാ എന്റെ സൈഡിലേക്ക് നീങ്ങുന്നു. അത് കണ്ട ഞാൻ മറ്റേ സൈഡിലേക്ക്. അങ്ങനെ കുറച്ചു നേരത്തെ സൈഡുവലിവിന് ശേഷം പട്ടി പതുക്കെ സ്പീഡ് കൂട്ടാൻ തുടങ്ങി. അത് മനസ്സിലാക്കിയ ഞാനും പതുക്കെ നടത്തത്തിനു വേഗത കൂട്ടി. അങ്ങനെ അതൊരു ഓട്ട മത്സരമായി തീർന്നത് പെട്ടെന്നായിരുന്നു. അലറി വിളിച്ചു കൊണ്ട് ഞാൻ ഓടുകയാണ്. ബോണിയുടെ വീടിന് മുന്നിൽ എത്തിയപ്പോൾ എന്റെ ആംബുലൻസ് നാദം കേട്ട് പേടിച്ചു ഭാവി അമ്മായി അമ്മ എന്ന് ഞാൻ കരുതുന്ന അവന്റെ അമ്മ അതാ ഓടി വരുന്നു. ആ വരവിൽ അമ്മായി അമ്മയുടെ നെഞ്ചത്ത് തന്നെ ഗേറ്റ് വന്നൊരിടി ! അതും കഴിഞ്ഞു ഞാൻ ഓടി ഓടി ആരുടെയോ മുന്നിൽ ചെന്ന് പെട്ടു. ഹോ...രക്ഷകർ എത്തി എന്നാശ്വസിച്ചു കൊണ്ട് നോക്കിയപ്പോൾ... ബോണിയും അവന്റെ അച്ഛനും! അവരെ കണ്ടതും പട്ടി പട്ടിയുടെ പാട്ടിനു പോയി. നാണവും മാനവും കെട്ടത് ഞാൻ ! അവന്റെ മുഖത്ത് വീണ്ടും ചിരിയുടെ പൊടി പൂരം. 


ഈശ്വരാ...എന്തിനാണിങ്ങനെ ഇവന്റെ മുന്നിൽ എന്നെ വീണ്ടും വീണ്ടും നാണം കെടുത്തുന്നത് ? പിറ്റേന്ന് സ്കൂളിൽ 'പട്ടിയും ഞാനും' എന്ന കഥ അറിയാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല. ദൈവമേ...ഇനി എന്നെ കെട്ടാൻ ഏതെങ്കിലും ചെക്കന്മാർ ഈ നാട്ടീന്ന് വരുമോ എന്നൊക്കെ പറഞ്ഞു ഞാനും, ഈ നാട്ടിൽ മാത്രമല്ലല്ലോ വേറെ നാട്ടിലും ഉണ്ടല്ലോ ആണ്‍കുട്ടികൾ എന്നാശ്വസിപ്പിച്ചു കൊണ്ട് മീനുവും മുഖത്തോട് മുഖം നോക്കി ഇരുന്നു. അതോടെ ബോണി എപ്പിസോഡിന് തിരശ്ശീല വീണു. ഇതുകൊണ്ടൊന്നും നമ്മൾ തളർന്നില്ല. പൂർവാധികം ശക്തിയോടെ അഞ്ചാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും ഒക്കെ ചെറിയ ചെറിയ ഇഷ്ടങ്ങളോടെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ദൈവം സഹായിച്ചു ഒന്നും വെളിച്ചം കണ്ടില്ല. എല്ലാത്തിലും ഉള്ള ഒരു ട്വിസ്റ്റ്‌ എന്താണെന്ന് വച്ചാൽ എന്റെയും മീനുവിന്റെയും ഇഷ്ടം എപ്പോഴും ഒന്നായിരിക്കും. അതിന്റെ പേരിൽ പലപ്പോഴും വഴക്കിട്ടെങ്കിലും, ഞങ്ങളുടെ കൂട്ടുകെട്ടിന് ഒരു മാറ്റവും വന്നില്ല...അത് കാലങ്ങളോളം തുടർന്നു. അന്ന് മനസ്സിലായ ഒരു കാര്യമാണ്... പ്രേമവും പ്രണയവും ഒക്കെ വരും പോവും. പക്ഷെ വന്നാൽ പിന്നെ ഒരിക്കലും പോവാത്ത ഒന്ന് സുഹൃത്തുക്കൾ മാത്രമാണ് ! 

അങ്ങനെ ഈ പ്രണയത്തിൽ ഒന്നും ഒരു ചുക്കുമില്ല എന്ന് പറഞ്ഞിരിക്കുന്ന കാലത്താണ് ഞാൻ ബുർഖ ഖാലിദിനെ പരിചയപ്പെടുന്നത്. ആത്മാർഥമായ പ്രണയം! അഗാധമായ പ്രണയം ! എന്നൊക്കെ കേട്ടിട്ടില്ലേ? അതായിരുന്നു അവൾ... ഇങ്ങനെയും പ്രണയമുണ്ടോ എന്ന് ഞാൻ അതിശയിച്ചു. ദീപക് എന്നായിരുന്നു ആ ഭാഗ്യവാന്റെ പേര്. മതങ്ങൾക്കതീതമായി ഒരു പ്രണയം കണ്ടതിൽ ഞാൻ സന്തോഷിച്ചു. രണ്ടു പേർക്കും നല്ല ജോലി, സാമ്പത്തികം... എല്ലാം കൊണ്ടും രണ്ടു പേരും നല്ല ചേർച്ച. പക്ഷേ, മതം...അതൊരു കീറാമുട്ടി തന്നെ. എന്തൊക്കെ വന്നാലും ഇവർ കെട്ടും എന്ന് ഞങ്ങൾ ഓഫീസിൽ ഉള്ളവർ ഉറപ്പിച്ചു. ഇനി അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ ധൈര്യമായി ഇറങ്ങി പോന്നോ, ഞങ്ങൾ നടത്തി തരാം എന്ന് സുഹൃത്തുക്കളായ ഞങ്ങൾ തറപ്പിച്ചു പറഞ്ഞു. 1-2 വർഷങ്ങൾക്കുള്ളിൽ എല്ലാവരും പല വഴി പിരിഞ്ഞു. പിന്നെ ഞാൻ ബുർഖയെ കാണുന്നത് വർഷങ്ങൾക്കു ശേഷം ആണ്. കൂടെ അവളുടെ കുട്ടിയും ഉണ്ടായിരുന്നു. സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു. സംസാരിക്കുന്നതിനിടയിലാണ് ദീപകിനെ ഞാൻ അന്വേഷിച്ചു പോലുമില്ലല്ലോ എന്നോർത്തത്. "എവിടെ ? നിന്റെ നായകൻ... ദീപക്?" : ഞാൻ അവളുടെ മുഖം മങ്ങി. കണ്ണുകൾ താഴേക്കു വലിച്ചു കൊണ്ട് പറഞ്ഞു, "ഞാൻ ദീപകിനെ അല്ല വിവാഹം കഴിച്ചത് !" ഞാൻ വല്ലാത്ത ഒരു ഞെട്ടലോടെയാണ് അത് കേട്ടത്. വേറെ ആര് കെട്ടിയില്ലെങ്കിലും ശരി ഇവർ കെട്ടും എന്നുറപ്പിച്ചതാണ്. എന്റെ വിശ്വാസങ്ങൾക്ക് പിന്നെയും മങ്ങലേറ്റിരിക്കുന്നു. എനിക്ക് ദേഷ്യവും സങ്കടവും ഇരച്ചു വന്നു. 

ഞാൻ അവളെ മാറ്റി നിർത്തി ചോദിച്ചു. "പിന്നെ നിങ്ങൾ എന്തിനാണ് സ്നേഹിച്ചത് ? ലോകം മുഴുവനും അറിഞ്ഞതല്ലേ നിങ്ങളുടെ ആത്മാർത്ഥ പ്രണയം...എന്തൊക്കെയായിരുന്നു...എന്നിട്ട് വേറെ കെട്ടി സുഖമായി ജീവിക്കുന്നു. നാണമില്ലേടി  നിനക്ക് ? " 

 "നീ പറഞ്ഞോളു ...എന്ത് വേണമെങ്കിലും പറഞ്ഞോളു. പക്ഷെ ഞങ്ങൾ ചെയ്തതാണ് ശരി. സ്നേഹിക്കുന്നവർ എല്ലാം കല്യാണം കഴിക്കണം എന്നുണ്ടോ? കല്യാണം കഴിക്കാൻ വേണ്ടി മാത്രമാണോ സ്നേഹിക്കുന്നത് ? ദീപകും ഞാനും തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ മതം തന്നെയായിരുന്നു പ്രശ്നം. ഈ ലോകത്ത് ആരൊക്കെ എന്തൊക്കെ പ്രസംഗിച്ചാലും, ജാതിയും മതവും കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി എന്തും. ജനനം മുതൽ മരണം വരെ മനുഷ്യൻ ജീവിക്കുന്നത് ജാതിക്കും മതത്തിനും വേണ്ടി മാത്രമാണ്. അറിയാതെ ആണെങ്കിൽ പോലും ജാതിയും മതവും കാട്ടിത്തരുന്ന വഴികളിലൂടെയാണ്‌ അവൻ സഞ്ചരിക്കുന്നത്. ഞങ്ങളുടെ കാര്യത്തിലും അതിനു മാറ്റമൊന്നും ഉണ്ടായില്ല." 

"പക്ഷേ , അത് നമ്മൾ നേരത്തെ പ്രതീക്ഷിച്ചിരുന്നതല്ലേ ? നിങ്ങൾക്ക് ഞങ്ങളെ ഒന്ന് വിളിക്കാമായിരുന്നില്ലേ ? ഓടി വരുമായിരുന്നില്ലേ ഞങ്ങൾ ?" 

"ഉം.... ശരിയാണ്. എല്ലാം പ്രതീക്ഷിച്ചിരുന്നത് തന്നെ. എന്നാൽ പ്രതീക്ഷിക്കാത്ത ഒന്ന് എന്താണെന്ന് വച്ചാൽ... ദീപകിന്റെ അച്ഛൻ ഒരു ഹൃദ്രോഗിയാണ്‌ എന്ന വിവരം അവർ അവനിൽ നിന്നും മറച്ചു വച്ചു എന്നതാണ്. അതവന് ഒരു ഷോക്ക്‌ ആയിരുന്നു. ഞങ്ങളുടെ ബന്ധം അവന്റെ വീട്ടിൽ അറിഞ്ഞ അന്ന് അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി. അന്ന് രാത്രി ഫ്ലൈറ്റ് കയറിയതാണ് ദീപക്. തിരിച്ചു വീട്ടിൽ വന്നു അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാം എന്ന് അവൻ പറഞ്ഞിരുന്നു. വീട്ടിൽ അമ്മയോടും ചേച്ചിയോടും ഇന്നേ വരെ എതിർത്ത് പറയാത്ത അവൻ എനിക്ക് വേണ്ടി അവിടെ ഒറ്റക്ക് യുദ്ധം ചെയ്തു. പിറ്റേന്ന് എനിക്കൊരു ഫോണ്‍ വന്നു. അവന്റെ അമ്മ... അവരെന്നോട് വളരെ അധികം സ്നേഹത്തോടെയാണ് സംസാരിച്ചത്. അവസാനം എന്നോട് ഒരേ ഒരു കാര്യം മാത്രമാണ് അവർ ആവശ്യപെട്ടത്‌. അവരുടെ ഭർത്താവിന്റെ ജീവൻ ! എനിക്ക് മാത്രമേ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയൂ, ഞാൻ ഇതിൽ നിന്നും പിന്മാറിയാൽ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടും. വീട്ടുകാരെ ധിക്കരിച്ചു ഞങ്ങൾ പോയാൽ...അവർക്ക്  നഷ്ടപ്പെടുന്നത് അവരുടെ ഭർത്താവിനെയാണ് . എന്റെ കാലു പിടിക്കാം എന്ന് വരെ പറഞ്ഞു. ഞാൻ ഇത്രയേ ചെയ്തുള്ളൂ...അവരുടെ ഭാഗത്ത്‌ നിന്ന് ഒന്ന് ചിന്തിച്ചു നോക്കി. ദീപകിന് അങ്ങനെ ഒന്ന് സംഭവിക്കുന്നത്‌ എനിക്കാലോചിക്കാൻ പോലും ആവുന്നില്ല. ആ അമ്മ ഞാൻ കാരണം വിധവയായിട്ട് എനിക്കെങ്ങനെ ദീപകിനൊപ്പം സന്തോഷമായി ജീവിക്കാൻ കഴിയും? അതുകൊണ്ട്, ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. എന്റെയും വീട്ടുകാരുടെയും ഇടയിൽ ആരെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനാവാതെ വിഷമിക്കുന്ന ദീപകിനും ഇതൊരു ആശ്വാസമാവട്ടെ. ഇതിനൊരവസാനം ഞാൻ തന്നെ കണ്ടു പിടിക്കണം. അതുകൊണ്ട് ഞാൻ ഇതിൽ നിന്നും പിന്മാറുകയാണ് എന്ന് ഞാൻ അവനോടു പറഞ്ഞു. ഞങ്ങൾ രണ്ടു പേർക്കും അത് അസംഭവ്യമായ ഒരു കാര്യമായിരുന്നു. ചിലപ്പോൾ... സാഹചര്യങ്ങൾ നമ്മളെക്കൊണ്ട് എന്തും ചെയിപ്പിക്കും! " 

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു ചെറു നോവിന്റെ തിളക്കം കണ്ടെങ്കിലും, ഞാൻ കണ്ടില്ലെന്നു നടിച്ചു. "ബുർഖ ...നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. പ്രണയത്തിന് ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് ഞാൻ ആദ്യമായാണ്‌ അറിയുന്നത്. " 

"ഇപ്പോൾ ഞാനും ദീപകും ലോകത്തിന്റെ രണ്ടറ്റത്ത്... രണ്ടു വ്യത്യസ്ത ജീവിതങ്ങൾ... രണ്ടു പേരും ഇന്ന് അവരവരുടെ ലോകത്ത് സന്തുഷ്ടരുമാണ്. അവന്റെ അമ്മ എന്നെ ഇപ്പോഴും ഇടക്കിടെ വിളിക്കും. അവരുടെ വിശേഷങ്ങൾ പറയും. എനിക്ക് നല്ലത് വരട്ടെ എന്ന് അനുഗ്രഹിക്കും. അന്ന് ഞാൻ അവർക്ക് തിരിച്ചു കൊടുത്ത അവരുടെ ജീവിതത്തിന് പകരം എനിക്ക് തരുന്ന നന്ദിയാവും അത് ! എന്തായാലും, ഇപ്പോൾ ഞങ്ങൾ രണ്ടു പേരും സന്തോഷമായി ജീവിക്കുന്നു. അതാണല്ലോ വേണ്ടതും ? എല്ലാ പ്രണയവും കല്യാണത്തിൽ എത്തണം എന്നില്ല. അങ്ങനെ കഴിച്ചാലും അവരുടെ പ്രണയം പ്രണയമായി തന്നെ നിലനിൽക്കണം എന്നുമില്ല. അപ്പോൾ പിന്നെ ഇത് തന്നെയല്ലേ ഭേദം? കല്യാണത്തിൽ എത്തി ചേരുന്ന പ്രണയങ്ങൾ മാത്രമേ വിജയിച്ചു എന്ന് നമ്മൾ പറയാറുള്ളൂ... പക്ഷേ, എനിക്കിത്  ഒരർത്ഥത്തിൽ ഞങ്ങളുടെ പ്രണയത്തിന്റെ വിജയമാണ്. " 

അവളുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് വ്യക്തമായ ഒരുത്തരം കണ്ടെത്താനാവുന്നില്ല. എങ്കിലും ഒന്നറിയാം...അവൾ ചെയ്തതാണ് ശരി. പ്രണയത്തിനു കണ്ണും മൂക്കും ഇല്ല, പ്രണയത്തിൽ തെറ്റും ശരിയും ഇല്ല എന്നൊക്കെ പറയുന്നത് വെറുതെ... ബുർഖ എന്നെ പഠിപ്പിക്കുന്നത്‌ മറ്റൊന്നാണ്. ഞാൻ ഇതുവരെ അറിയാത്ത പ്രണയത്തിന്റെ കാണാവഴികൾ... !

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ