ജോണിക്കുട്ടനും ഫുട്ബാളും

"എന്താ ആനിടീച്ചറെ ഒരു ആലോചന? കയ്യില് പൈസ വന്നു കാണും. ഇനി അതെവിടെകൊണ്ട് ഇൻവെസ്റ്റ്‌  ചെയ്യും എന്നായിരിക്കും ആലോചിക്കണേ ല്ലേ?"

"ഇതെന്നാ...? ഞാനൊരു തമാശ പറഞ്ഞിട്ടും ടീച്ചരൊരുമാതിരി... എന്നാ പറ്റി?"

"ഓ...ഒന്നൂല ഷീല ടീച്ചറെ"

"അല്ല, എന്തോ ഉണ്ട്. എന്താന്നു വച്ച പറ. നമുക്ക്  പരിഹരിക്കാം." ക്ലാസ്സ്‌ തീർന്നു ടീച്ചേർസ് റൂമിലേക്ക്‌ കേറിയ അബുസാറും വന്നു.

"എന്താ പ്രശ്നം? ആകെ ഒരു മൂകത?" അവസാനം ആനി ടീച്ചർ സംഭവം അവതരിപ്പിച്ചു. നിങ്ങളീ കഥയൊന്നു കേൾക്കു... എന്നിട്ട്  ഇതിനൊരു പരിഹാരം ഉണ്ടെങ്കിൽ പറയ്‌...

രണ്ടാഴ്ച മുൻപാണ്‌, ജോണിക്കുട്ടന് ഒരേ വാശി. സ്കൂളിലെ ഫുട്ബാൾ ടീമിൽ ചേരണമെന്ന്. അവനോടു ഞാൻ ആവുന്നതും പറഞ്ഞു നോക്കി. "എടാ ചെക്കാ..ഇത് നിനക്ക് പറ്റില്ല. കുറച്ചു കഴിയുമ്പോ ഡാൻസ് ക്ലാസ്സിൽ പോയ പോലെ ഇതും നീ ഇട്ടെചിങ്ങ് പോരും." ചെക്കൻ കേൾക്കണ ലക്ഷണമൊന്നുമില്ല. ശല്യം സഹിക്ക വയ്യാതെ ഞാനങ്ങു സമ്മതിച്ചു. ഹോ! ആദ്യത്തെ ഒരാഴ്ച എന്നാ ഒക്കെ ആയിരുന്നു കസർത്ത്..!! രാവിലെ 5 മണിക്ക് എണീക്കുന്നു (ഇന്നേ വരെ സൂര്യൻ ഉദിക്കുന്നത് കണ്ടിട്ടില്ലാതവനാ), എക്സെർസ്യ്സ് എന്ന് പറഞ്ഞു കുറെ എന്തൊക്കെയോ... അത് കഴിഞ്ഞു ഏത്തപ്പഴം, മുട്ട, പാല് ഇത്യാദി കഷ്ടപ്പെട്ട് കുത്തി കേറ്റുന്നു. ഭക്ഷണത്തോട്  അലർജി ഉള്ള എന്റെ പുന്നാര മോൻ ഇതൊക്കെ വാരി വലിച്ചു കഴിക്കുന്ന കണ്ടു മാതാവായ ഞാൻ ആനന്ദാശ്രു പൊഴിച്ചു.

എന്നാൽ അടുത്ത ആഴ്ച മുതൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഒരു ദിവസം സ്കൂൾ വിട്ടു വന്നവൻ ആകെ കരച്ചിലും പിഴിച്ചിലും. "എന്നതാടാ കാര്യം പറ...."

"ഇനി മുതല്  ഞാൻ ഫുട്ബാൾ കളിയ്ക്കാൻ പോണില്ല. ബോബിസാറ് എന്നോട് ഇനി വരണ്ടാന്നു പറഞ്ഞു." എന്നിലെ മാതൃത്വം തിളച്ചു. ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞിനോട്  അങ്ങേരു ചെയ്തത് ശെരിയാണോ?

ഇതൊന്നരിഞ്ഞിട്ടു തന്നെ കാര്യം. പിറ്റേന്ന് ഞാൻ ബോബിസാറിനെ കണ്ടു കാര്യങ്ങൾ തിരക്കി. അങ്ങേരു പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ വായും പൊളിച്ചിരുന്നു പോയി. ഞാൻ നേരെ വീട്ടിൽ വന്നു അവനെ വിളിച്ചിരുത്തി സാറ് പറഞ്ഞ കാര്യങ്ങളെപറ്റി ചോദിച്ചു. "എടാ... സാറ് പറഞ്ഞതൊക്കെ സത്യമാണോ? എന്താ നിന്റെ പ്രശ്നം? എന്നോട് പറ?"

അവൻ ഒരു ഉളുപ്പും കൂടാതെ പ്രശ്നം പറഞ്ഞു തീർത്തു. "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശെരി, ബാൾ പാസ്‌ ചെയ്യാൻ എനിക്ക് മേലാ.... എനിക്കതിഷ്ടമല്ലെന്നെ... ഇനിയിപ്പോ അങ്ങേരു വന്നെന്റെ കാലു പിടിച്ചാലും ആ ടീമിൽ ഞാൻ ചേരൂലാ... ഈ നാട്ടിൽ വേറെ ഫുട്ബാൾ ടീമുണ്ടോന്നു ഞാനൊന്നു നോക്കട്ടെ."

ഷീല ടീച്ചറും അബു സാറും മുഖത്തോട് മുഖം നോക്കി വായും പൊളിച്ചിരുന്നു പോയി...!!

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ