ഓർമയിൽ ഒരു കൂട്ടുകാരി

ഡിഗ്രിക്ക് പഠിക്കുമ്പോളാണ് അവളെ പരിചയപെടുന്നത്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ റൂംമേറ്റ് /ക്ലാസ്സ് മേറ്റ് എന്ന നിലയിലാണ്  അവളെ ആദ്യം പരിചയപെടുന്നത്. എന്റെ കൂട്ടുകാരിയെ കാണാൻ അവളുടെ റൂമിൽ ഓരോ തവണ പോകുമ്പോളും ഈ പുതിയ കഥാപാത്രത്തെ ഞാൻ ശ്രദ്ധിച്ചിരുന്നു, അവൾ എന്നെയും.

അവൾ കവിതകൾ എഴുതുമത്രേ. അതെനിക്കൊരു പുതിയ അറിവായിരുന്നു. ഞാൻ പാടും എന്നത് അവൾക്കും പുതിയ അറിവായിരുന്നു. അന്ന് മുതൽ വൈകുന്നേരങ്ങളിൽ അവൾ എന്നെ കൊണ്ട് പാട്ടുകൾ പാടിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു പക്ഷെ ഞാൻ പാടിതെളിഞ്ഞത് ആ മൂന്നു വർഷം കൊണ്ടായിരിക്കണം.

"പൂങ്കാറ്റിനോടും പുഴകളോടും...", " പാതിരാമഴയേതോ..." അങ്ങനെ കൂടുതലും റൊമാന്റിക്‌ മെലോടീസ്. അതിൽ ഏറ്റവും കൂടുതൽ പാടിയത് യാതൊരു സംശയവുമില്ല, "പാതിരാമഴയേതോ..." തന്നെ.

ഓരോ തവണ ഞാൻ ആ പാട്ട് പാടുമ്പോളും അവൾ കണ്ണടച്ചിരിക്കും. ആ പാട്ടിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ... പിന്നെ പതുക്കെ ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങും. ഒരിക്കൽ പോലും ഞാൻ ചോദിച്ചിട്ടില്ല, എന്തിനാണ് നീ കരയുന്നതെന്ന്? അവൾ പറഞ്ഞതുമില്ല. അവളുടെ ഉള്ളിൽ ഏതോ ഒരു കനലെരിയുന്നത് ഞാൻ അറിഞ്ഞിരുന്നു. ഒരു പക്ഷെ, ഏതോ നഷ്ട പ്രണയമായിരിക്കാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും. അവളുടെ കവിതകളിൽ വേദനയുണ്ടായിരുന്നു, നഷ്ടബോധവും... അവളുടെ വാക്കുകൾക്കു കൂരമ്പുകളുടെ മൂർച്ചയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഹൃദയത്തിൽ തറച്ചു കൊള്ളുന്ന പോലെ...

കോളേജിലെ കവിത, കഥ മത്സരങ്ങളിൽ അവൾ എന്നും ഒന്നാമതായിരുന്നു. തൊട്ടു പുറകിൽ ഞാനും. എന്റെ ഭാഷ പോലെ അത്ര ലളിതമല്ല അവളുടെ സാഹിത്യ ഭാഷ. നല്ല ഭാഷാപ്രാവീണ്യം. അത് തന്നെയാണ് അവളെ ഒന്നാമതെത്തിചിരുന്നതും. ഡിഗ്രി ജീവിതം കഴിഞ്ഞതോടെ ആ സൗഹൃദവും മുറിഞ്ഞു. എങ്കിലും അവൾ എന്നും ഒരോർമ്മയായി മനസ്സിനുള്ളിൽ കിടന്നിരുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം അവളെ ഫെയ്സ് ബുക്കിൽ കണ്ടു മുട്ടുമ്പോൾ വല്ലാത്ത സന്തോഷം തോന്നി. എന്നിട്ടും ഒരു സ്നേഹാന്വേഷണത്തിനപ്പുറം അത് പോയില്ല. അവളുടെ ബ്ലോഗ്ഗിൽ കയറി ഇടയ്ക്കു ഓരോ ലൈക്സ്, കമന്റ്സ്. തിരിച്ചു ഇങ്ങോട്ടും അത്ര തന്നെ. ചില ബന്ധങ്ങൾ അങ്ങനെയാണ്, നമുക്ക് പോലും അജ്ഞാതമായ എന്തോ ഒന്ന് ദൈവം അതിൽ ചേർക്കും. അതുകൊണ്ട് തന്നെയാണല്ലോ എനിക്ക് അവളെ പറ്റി ഇത്രയും എഴുതാൻ തോന്നിയതും.

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ