ഒരു വാതിൽ പൊളിച്ച കഥ

അച്ചിങ്ങ നന്നാക്കാൻ ഇരിക്കുന്നത് വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒരാഘോഷമാണ്. പിറ്റേന്ന് ഉലത്താനുള്ള അച്ചിങ്ങ തലേന്ന് നന്നാക്കി വൃത്തിയാക്കി വെക്കും. രാവിലെ മരുമകളുടെ പണി എളുപ്പമായിക്കോട്ടെ എന്ന് കരുതി ചെയ്യുന്ന വലിയ ഒരു സഹായമാണ് അത്. അങ്ങനെ ഒരു ദിവസം കാര്യമായി നന്നാക്കുന്നതിനിടയിൽ പേരക്കുട്ടികളും കൂടി സഹായത്തിന്. ലൈറ കാര്യമായി തന്നെ സഹായിക്കുന്നുണ്ട്.

പെട്ടെന്ന് സഹായിക്കാനെന്ന വ്യാജേന വന്ന ചെറിയ സന്തതി രണ്ടര വയസ്സുകാരൻ ആദിയുടെ "വാതില് പൊളിച്ചു താ... വാതില് പൊളിച്ചു താ..." എന്ന ഉറക്കെയുള്ള നിലവിളി എല്ലാവരെയും ഒന്ന് ഞെട്ടിച്ചു. പൊതുവേ എല്ലാം പൊളിച്ചെടുക്കുന്ന സ്വഭാവക്കാരനായോണ്ട്, ഏതു മുറീടെ വാതിലാണാവോ ഇവൻ പൊളിക്കാൻ പോണേന്നുള്ള വെപ്രാളത്തോടെ അച്ഛനും അമ്മയും ഓടി വന്നപ്പോൾ കണ്ടതോ...??!! അച്ചിങ്ങ പൊളിക്കാൻ കഷ്ടപ്പെടുന്ന കൊച്ചുമോനെ!! 

ഹോ... അച്ചിങ്ങേടെ വാതില് പൊളിക്കണ കാര്യമാണാ ഇവനീ കൂവിയത്?!! എത്ര ശ്രമിച്ചിട്ടും പൊളിയാത്ത അച്ചിങ്ങയുമായി നിൽക്കുന്ന ആദി. എല്ലാവരും പൊളിക്കുമ്പോ തനിക്കു മാത്രം ഇതിന്റെ വാതില് പൊളിക്കാൻ കഴിയാത്തതിന്റെ സങ്കടം മുഖത്ത്. അച്ഛനും അമ്മയ്ക്കും ചിരിയടക്കാൻ കഴിഞ്ഞില്ല. ഇത് കേട്ട് ചേച്ചിയായ ലൈറക്ക് ദേഷ്യം അടക്കാനായില്ല.

"ഡാ, പൊട്ടാ... അത് വാതിലല്ലടാ... ദേ, ദിതാണ് വാതില്" എന്ന് വാതില് തൊട്ടു കാണിച്ചു തിരുത്താനും സഹോദരി മടിച്ചില്ല.  

Comments

Popular posts from this blog

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1

Why am I against religion?