ഒരു സർദാർജി(ണി) കഥ.

വീണ്ടും ഒരു പി.ജി കഥ കൂടി. കുറച്ചൊന്നു പുറകിലേക്ക് പോയാൽ, എന്റെ "കള്ളൻ കയറിയ രാത്രി " എന്ന കഥ വായിച്ചവർക്ക് ഈ പി.ജി യെ പറ്റി ഒരു ഐഡിയ കാണും. അതുകൊണ്ട്  അതിനെപറ്റി വീണ്ടും ഞാൻ വിവരിക്കുന്നില്ല. ഞങ്ങളുടെ പി.ജി യിലെ പുതിയ അന്തേവാസി ഒരു പഞ്ജാബി ആണ്. ഒരു അസ്സൽ സർദാർണി എന്ന് പറയാം. ആണുങ്ങളെ സർദാർജി എന്ന് വിളിക്കുമ്പോൾ പെണ്ണുങ്ങളെ സർദാർണി എന്നല്ലേ വിളിക്കുക? അല്ലെ? അതെ...

നേരത്തെ പരിചയമുള്ള കുട്ടിയാണ്. ഇടയ്ക്കിടെ ഇവിടെ വരാറുള്ളതാണ്. അതുകൊണ്ട് തന്നെ യാതൊരു പരിചയക്കുറവും കൂടാതെ തന്നെ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാവാൻ വലിയ താമസം ഒന്നും ഉണ്ടായില്ല. പേര്  പേൾ. പേര് പോലെ തന്നെ ആളും. ഒരു നല്ല പേൾ മുത്ത്‌ പോലെ വെളുത്ത് ഉരുണ്ട്... ഏതായാലും അതിൽപിന്നെ വീട്ടിൽ സർദാർജി തമാശകളുടെ കാലം ആരംഭിച്ചു. അതിലൊരെണ്ണം ഞാൻ ഇപ്പോൾ പറയാം.

കുറച്ചു ദിവസമായി ഞങ്ങളുടെ പി.ജി യിൽ വല്ലാത്ത കൊതുക് ശല്യം. ഞാനും കൂട്ടുകാരും പോയി "ആൾ ഔട്ട്‌", "ഗുഡ്നയ്റ്റ്" തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി വീട്ടിലെത്തിയപ്പോൾ ഒരാൾ കൊതുകുതിരിയൊക്കെ പിടിച്ചു നില്ക്കുന്നു. ആളാരാണെന്ന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ? ഈ ആധുനിക ഉപകരണങ്ങളെക്കാളൊക്കെ ഫലപ്രദം വട്ടത്തിൽ കത്തിയെരിയുന്ന ആ കൊതുകുതിരി ആണെന്ന അറിവ് ഞങ്ങളെയെല്ലാം ഒന്ന് ഞെട്ടിച്ചു. വൈകുന്നേരമായപ്പോൾ പി.ജി യിൽ ഒരു പൂജ നടക്കുന്ന പ്രതീതി. കൊതുകുതിരിയും കയ്യിൽ പിടിച്ചു മുറികൾ കയറിയിറങ്ങുന്ന നമ്മുടെ സർദാർണി. കൊതുകിനെ തേടിപിടിച്ചു പുറകെ നടന്നു പുകച്ചു പുറത്തു ചാടിച്ചിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചുറപ്പിച്ചു ഇറങ്ങിയിരിക്കുകയാണ്.

എന്തായാലും ഇന്നിവിടെ ഒരു കൊതുക് കൂട്ടക്കൊല കാണേണ്ടി വരും എന്ന് ഞങ്ങളും ഉറപ്പിച്ചു. ഓരോരുത്തരും അവരവരുടെ പണിയിൽ മുഴുകി. കുറച്ചു നേരമായി സർദാർണിയുടെ അനക്കമൊന്നുമില്ല. എന്ത് പറ്റിയെന്നറിയാൻ ചെന്ന് നോക്കുമ്പോളുണ്ട്, വിസിറ്റിംഗ് ഹാളിലെ വലിയ കണ്ണാടിക്കു മുന്നിൽ കയ്യിൽ ധൂപവുമായി പ്രതിമ കണക്കെ നില്ക്കുന്നു സർദാർണി. ഇതെന്താ ഇങ്ങനെ? ഈശ്വരാ... കൊതുകിനെ പിടിച്ചു വട്ടായോ? കാര്യം തിരക്കിയപ്പോൾ ഉടനെ വന്നു ഇൻസ്റ്റന്റ് മറുപടി. നല്ല പഞ്ചാബി കലർന്ന ഹിന്ദിയിലാണ് പറഞ്ഞതെങ്കിലും നിങ്ങൾക്ക് വേണ്ടി ഞാനത്  മാതൃഭാഷയിലേക്ക് തർജ്ജമ ചെയ്യാം.

"അതായത്, കൊതുകുകളെ പറ്റിക്കാനാണ് മക്കളെ ഈ കളി. ഇങ്ങോട്ട് നോക്ക്... എന്റെ കയ്യിൽ ഇപ്പോൾ എത്ര കൊതുകുതിരിയുണ്ട്? ഒന്നല്ലേ? ഇനി കണ്ണാടിയിലേക്ക് നോക്ക്... ഇപ്പൊ രണ്ടായില്ലേ? കൊതുക് നോക്കുമ്പോളുണ്ട് രണ്ടു കൊതുകുതിരികൾ കത്തിച്ചു വച്ചിരിക്കുന്നു. അത് അപ്പോളെ പേടിച്ചു സ്ഥലം വിടും മക്കളേ....എന്തൊരു എഫക്റ്റ് അല്ലെ? ഹ ഹ ഹ!"

ഞങ്ങളെല്ലാം ഒരു നിമിഷത്തേക്ക് മുഖത്തോട് മുഖം നോക്കി. സർദാർണിയുടെ ബുദ്ധിയെ വാനോളം പുകഴ്ത്തി. ശേഷം മുറിയിൽ വന്നു തല തല്ലി ചിരിച്ചു. ഇതിൽ കൂടുതലൊന്നും നമ്മളെകൊണ്ടാവൂലാ മക്കളേ...

Comments

Popular posts from this blog

Why am I against religion?

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1