" താന തിന്ത തന്താനെ ..."

പുതിയ ഡാൻസ് ടീച്ചർ വരുന്നെന്ന് പാട്രിക് സിസ്റ്റർ ക്ലാസ്സിൽ പറഞ്ഞപ്പോൾ മുതൽ ലക്ഷ്മിക്കുട്ടി ആകാംക്ഷയിലാണ്. എങ്ങനെയാവും ഈ ടീച്ചർ? സുന്ദരിയായിരിക്ക്യോ?! പൊതുവെ ഡാൻസ് ടീച്ചർമാർ സുന്ദരികളായിരിക്കും എന്നൊരു ധാരണ നമുക്കുണ്ടാവുമല്ലോ. ലക്ഷ്മിക്കുട്ടിയെ ആദ്യമായി ഡാൻസ് പഠിപ്പിക്കുന്നത് അംഗനാവാടിയിലെ ഭാനു ടീച്ചർ ആണ്. ഇതിപ്പോ സ്കൂളിലെ ആനിവേഴ്സറിക്ക്  കളിക്കാനുള്ള ഗ്രൂപ്പ് ഡാൻസ് പഠിപ്പിക്കാനാണ് പുതിയ ടീച്ചർ ഒന്നാം ക്ലാസിൽ വരാൻ പോകുന്നത്.

അങ്ങനെ കാത്തു കാത്തിരുന്ന ആ നിമിഷം വന്നെത്തി. ഷാലി എന്ന പുതിയ ഡാൻസ് ടീച്ചർ ക്ലാസ്സിലേക്ക് കടന്നു വരുന്നു. ഹായ്!! എന്തൊരു സുന്ദരി ടീച്ചർ! ലക്ഷ്മിക്കുട്ടി അറിയാതെ വാ പൊളിച്ചിരുന്നു പോയി. ഇത്രേം സുന്ദരിയായ ടീച്ചറോ! കുട്ടികൾ വെള്ള കടലാസിൽ കര കുര വരച്ച പോലെ കറുത്ത് ചുരുണ്ട മുടി. അതങ്ങനെ നല്ല ഭംഗിയിൽ ഒതുക്കി മെടഞ്ഞിട്ടിരിക്കുന്നു. ചുരുണ്ട മുടി ഇത്ര അനുസരണയോടെ ഇരിക്കുന്നത് ആദ്യമായാണ്‌ കാണുന്നത്. മുൻവശത്തെ കുറച്ചു മുടി ഒരു ആർച് പോലെ ഒപ്പം വെട്ടി നിർത്തിയിരിക്കുന്നു. വെളുത്തു കൊലുന്നനെയുള്ള ശരീരം. കൈകളിലേക്ക് നോക്കിയപ്പോളാണ് കണ്ടത്, നീണ്ടു മെലിഞ്ഞ വിരലുകൾ. നീട്ടി വളർത്തിയിരിക്കുന്ന നഖങ്ങളിൽ നെയിൽ പോളിഷിന്റെ കൃത്രിമത്വമില്ല. പകരം, മൈലാഞ്ചിയുടെ എണ്ണ ചുവപ്പ് മാത്രം. അത് ആ  കൈകളുടെ സൌന്ദര്യം ഇരട്ടിപ്പിച്ചു.

ഇടതൂർന്ന കണ്‍പീലികൾക്കിടയിലൂടെ കാണാം തവിട്ടു കൃഷ്ണമണികളുടെ തിളക്കം. ചുണ്ടുകളിൽ ചുവന്ന ചായം തേച്ചതാണോ അതോ...?  എന്തായാലും ആകെ മൊത്തം ഒരു സൗന്ദര്യതിളക്കം. ലക്ഷ്മിക്കുട്ടി ഷാലി ടീച്ചറുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്നു. അങ്ങനെ ഉച്ച ഭക്ഷണം കഴിഞ്ഞുള്ള ആദ്യത്തെ പീരീഡ്‌ തന്നെ തുടങ്ങി നൃത്ത പഠനം. സാരിയുടെ ഒരറ്റം പതുക്കെ അരയിലേക്ക് കയറ്റി കുത്തി ടീച്ചർ ഓരോരോ ചുവടുകൾ വച്ച് തുടങ്ങി. ആ കാലുകളുടെ ചന്തം കണ്ടിട്ട് ലക്ഷ്മിക്കുട്ടിയുടെ വാ വീണ്ടും പൊളിഞ്ഞു. അവിടെയും മൈലാഞ്ചി തന്നെ താരം. കാലിലെ കൊലുസ് ഇതുവരെ എങ്ങും കാണാത്ത പുതിയ തരം. നിറയെ തൊങ്ങലുകളും അലുത്തുകളും ഉള്ളത്. കഥകളിൽ മാത്രം കേട്ടിട്ടുള്ള ഏതോ രാജകുമാരിയെ പോലുണ്ട്. ടീച്ചറുടെ അടുത്ത് കൂടി വിശേഷം പറയാനും, അറിയാത്ത ഭാവത്തിൽ ആ സാരിയിലും, പിന്നെ അവരുടെ കൈകളിലും ഒക്കെ ഒന്ന് തൊടാനും ഓരോ കുട്ടികളും മത്സരിച്ചു.

കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ലക്ഷ്മികുട്ടി ഷാലി ടീച്ചറുടെ ഫേവറിറ്റ് ആയി മാറി. ഡാൻസ് പരിശീലനം പൊടി പൊടിക്കുന്നു. "കതിര് കതിര് കതിര് കൊണ്ട് വായോ...കറ്റ  കെട്ടി കൊയ്ത്തു കൂട്ടി വായോ..." അങ്ങനെ ഒരു ദിവസം പുതിയ ഒരു സ്റ്റെപ് പഠിപ്പിക്കാൻ തുടങ്ങി. അവിടന്ന് തുടങ്ങുന്നു പ്രശ്നങ്ങൾ. "താന തിന്ത തന്താനെ...താന തിന്ത തന്താനെ...."  ലക്ഷ്മികുട്ടി എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഷാലി ടീച്ചർ ഹാപ്പി അല്ല. അവസാനത്തെ 'തന്താനെ'ക്ക്  അത്രക്കും പൊന്തണ്ട എന്നാണ് പറയുന്നത്. പക്ഷെ ടീച്ചർ പൊന്തുന്നുണ്ടല്ലോ! ടീച്ചർ കളിക്കുന്നത് പോലെ തന്നെ കളിക്കണ്ടേ? എത്ര ചെയ്തിട്ടും ശരിയാവുന്നില്ല.

ഡാൻസിന്റെ എ ബി സി ഡി പോലും അറിയാത്ത നിത വരെ തകർത്ത് കളിക്കുന്നു. ലക്ഷ്മിക്കുട്ടിക്കു സഹിച്ചില്ല. ഇത്രയും നാളത്തെ കലാജീവിതത്തിനിടയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു സംഭവം. കലാജീവിതം എന്ന് പറയുന്നത് അംഗനവാടി മുതൽ ഇപ്പോൾ ഒന്നാം ക്ലാസ്സ്‌ വരെയുള്ള കാലമാണ് കേട്ടോ. പക്ഷെ ഈ ചുരുങ്ങിയ കാലം കൊണ്ട് ലക്ഷ്മികുട്ടി കൈ വെക്കാത്ത മേഖലകളില്ല. ഡാൻസ്, പാട്ട്, കഥ പറച്ചിൽ, നുണ പറച്ചിൽ എന്ന് വേണ്ട സകലമാന ഐറ്റത്തിനും ലക്ഷ്മികുട്ടി ഉണ്ടാവും. സ്കൂളിലും, അമ്പലത്തിലെ ഉത്സവങ്ങൾക്കും എല്ലാം ലക്ഷ്മിക്കുട്ടിയുടെ പരിപാടി ഇല്ലാതെ വയ്യെന്നായിരിക്കുന്നു. പങ്കെടുക്കുക മാത്രമല്ലട്ടോ സമ്മാനവും വാങ്ങും. അപ്പോൾ പിന്നെ കലാജീവിതം എന്ന് പറയുന്നതിൽ തെറ്റില്ല അല്ലെ?

അങ്ങനെ ഈ 'തന്താനെ' നെ എങ്ങനെ മെരുക്കും എന്ന വിഷമത്തിൽ ഇരിക്കുമ്പോളാണ് ഷാലി ടീച്ചർ ഈ കഥ പാട്രിക് സിസ്റ്ററിനോട് അവതരിപ്പിക്കുന്നത്‌. പാട്രിക് സിസ്റ്റർ സ്കൂൾ ഹെഡ് മിസ്ട്രെസ്സും ഒന്നാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറും ആണ്. സിസ്റ്ററിന് ലക്ഷ്മികുട്ടിയോടും കൂട്ടുകാരിയായ നിതയോടും അല്പം സ്നേഹക്കൂടുതലുണ്ട്. എന്തൊക്കെ കുറുമ്പ് കാണിച്ചാലും സിസ്റ്റർ അതൊക്കെ കണ്ടില്ലെന്നു നടിക്കും. പക്ഷെ ഇത്തവണ സിസ്റ്ററിന്റെ ക്ഷമ പരീക്ഷണം വിജയിച്ചില്ല. ലക്ഷ്മിക്കുട്ടിയെ സ്റ്റെപ് പഠിപ്പിക്കാൻ അവസാനം പതിനെട്ടാമത്തെ അടവും സിസ്റ്റർ പയറ്റി നോക്കി. വലിയ ലോഹയും തലയിൽ തട്ടവും ഇട്ടു സിസ്റ്റർ തന്നെ തന്താനെ കളിച്ചു നോക്കി. എന്നിട്ടും രക്ഷയില്ല എന്ന് കണ്ടു പത്തൊൻപതാമത്തെ അടവ് പരീക്ഷിക്കാൻ ഉറപ്പിച്ചു. കൈയിലെ ചൂരൽ വടി പതുക്കെ പുറത്തെടുത്തു. ആ വടി അങ്ങനെ ഇങ്ങനെ ഒന്നും പുറത്തെടുക്കാറില്ല. പക്ഷെ എടുത്താൽ അടി ഉറപ്പ്. ലക്ഷ്മികുട്ടിയുടെ കണ്ണുകൾ നിറഞൊഴുകാൻ തുടങ്ങി. ഒരടി കാലിന്റെ കണ്ണക്ക് കിട്ടിയതോർമയുണ്ട്. ഇത്രയും എളുപ്പമുള്ള ഒരു സ്റെപ്പിനു വേണ്ടി എത്ര സമയം പാഴാക്കി. അടിയും കൊണ്ടു. ശരി, ഇനി ടീച്ചർ  കാണിക്കുന്നത് പോലെയല്ല്ല, തന്റെ സ്വന്തം ഇഷ്ടത്തിന് ഈ സ്റ്റെപ് ഒന്ന് കളിച്ചു നോക്കാൻ തന്നെ അവൾ തീരുമാനിച്ചു. ഇനിയിപ്പോ ടീച്ചർ കളിക്കുന്നത് പോലെയല്ല താൻ കളിക്കുന്നത് എന്നും പറഞ്ഞാവുമോ അടുത്ത അടി? രണ്ടും കല്പിച്ചു കളിക്കാം.

ഇത്തവണ 'തന്താനെ' കളിച്ചതും ഷാലി ടീച്ചറുടെയും പാട്രിക് സിസ്റ്ററിന്റെയും മുഖം സന്തോഷം കൊണ്ട് ചുവക്കുന്നത് അവൾ കണ്ടു. ഏതോ വലിയ പരീക്ഷയിൽ ജയിച്ചത്‌ പോലെ രണ്ടു പേരും ആശ്ലേഷിച്ചു കൊണ്ട് പരസ്പരം അഭിനന്ദിച്ചു. ഹോ! ലക്ഷ്മിക്കുട്ടിയുടെ ശ്വാസം നേരെ വീണു. പിന്നീട് ആ ഡാൻസ് എത്രയെത്ര സ്റ്റേജുകൾ കയറിയെന്നോ....! എവിടെയൊക്കെ പോയോ അവിടെ നിന്നൊക്കെ ഒന്നാം സമ്മാനവുമായാണ് മടങ്ങിയത്. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ കളിച്ച ഗ്രൂപ്പ് ഡാൻസ്, അതിന്റെ ഓർമ്മകൾ, അതിന്നും ഓർക്കുമ്പോൾ മധുരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം സുന്ദരിയായ അല്ല അതീവ സുന്ദരിയായ എന്റെ ഷാലി ടീച്ചറും പിന്നെ പാവം പാട്രിക് സിസ്റ്ററും മാത്രമാണ്.

Comments

Popular posts from this blog

Why am I against religion?

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1