ലൈറാനന്ദ സ്വാമികൾ വീണ്ടും...

ഇത്തവണ കഥ നടക്കുന്നത് ഒരമ്പലത്തിലാണ്. വളരെ നല്ല കുട്ടിയായി ഞങ്ങളെയെല്ലാം അതിശയിപ്പിച്ചു കൊണ്ട്  പ്രാർത്ഥിച്ച് തകർക്കുന്നതിനിടക്കാണ് സംഭവം കഥാനായികയുടെ കണ്ണിലുടക്കുന്നത്. സാക്ഷാൽ വിഘ്നേശ്വരന്റെ മുന്നിൽ നല്ല വലിപ്പത്തിൽ പരന്നിരിക്കുന്ന ഒരു വലിയ കല്ല്.

പ്രാർത്ഥന പകുതിക്കു വച്ചു നിർത്തി തൊട്ടടുത്തു നിന്ന അച്ഛനോട് (ഇത്തവണ അച്ഛനാണ് ഇര) ചോദിച്ച്, "അതെന്താച്ഛാ?" 

"അത് ഗണപതിക്ക് തേങ്ങ ഉടക്കുന്ന കല്ലാ..." ഉടനെ വന്നു മറുവാക്ക്. "ഓ...ഗണപതിക്കും തേങ്ങ വല്യ ഇഷ്ടാല്ലേ...? യ്യോ! അപ്പോ ഗണപതീടെ കല്യാണത്തിന് ഭയങ്കര മഴയായിരിക്കൂലോ...!"

പ്ലിങ്ങസ്യാ നിൽക്കുന്ന ഭർത്താവിന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു, "നന്നായിപ്പോയി".

തേങ്ങാപീര തിന്നുമ്പോളൊക്കെ കല്യാണത്തിന് മഴ പെയ്യുമെടീന്ന് പറഞ്ഞ് പിള്ളാരെ പറ്റിക്കണത് പുള്ളീടെ ഏർപ്പാടാണേ... മാത്രവുമല്ല, സ്വന്തം സഹോദരിയെ ഉദാഹരിക്കാനും മറക്കാറില്ല.

"നിന്റെ അമ്പിളി അമ്മായിണ്ടല്ലോ ഉള്ള പീര മുഴുവനും കട്ടു തിന്നിട്ടേ കല്യാണത്തിനേ പെരുംമഴയാർന്നു...നിനക്കോർമ്മയില്ലേ..?"

അമേരിക്കയിലിരിക്കുന്ന അമ്പിളി അമ്മായി ഇത് വല്ലോം അറിയുന്നുണ്ടോ? വീട്ടിലെ തേങ്ങ മുഴുവനും തിന്നു തീർത്തത് അമ്പിളി അമ്മായിയാണെന്നു വരെ കിംവദന്തി പരന്നിട്ടുണ്ട്...എത്രയും പെട്ടെന്ന് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു!

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ