ലൈറയുടെ ക്ലോക്ക്

ഭക്ഷണം കഴിക്കാൻ കുട്ടിക്കാളിക്ക് ഒരു മണിക്കൂർ വേണം. ഒന്നും വേഗത്തിൽ ചെയ്യുന്ന ഏർപ്പാട് നമ്മക്കില്ല. പിന്നെ ഭക്ഷണമാണേൽ അലർജിയും. ഇളയവനാണെങ്കിൽ ചേച്ചിക്ക് വേണ്ടാത്തതൊക്കെ എന്റെ പ്ലേറ്റിലോട്ടിട്ടോമ്മേ എന്നും പറഞ്ഞിരിക്കുന്ന തീറ്റകേശവനും. എന്നും രാവിലെ സ്ക്കൂളിൽ പോകുന്നത് വരെ ആകപ്പാടെ ഒരു പെരളിയാണ്. വേഗം... വേഗം എന്ന് രാഗം പാടി ഇവളുടെ പിറകേ നടക്കണം. 24മണിക്കൂറും കീരീം പാമ്പും ആണേലും കഴിക്കാൻ വന്നിരിക്കുമ്പോ രണ്ടു പേരും അടേം ചക്കരേമാണ്. അവളുടെ പ്ലേറ്റീന്ന് ഐറ്റംസ് കുറയുകയും കേശവന്റെ പ്ലേറ്റിൽ ഐറ്റംസ് കൂടിവരികയും ചെയ്തു. രണ്ടുപേരും ഹാപ്പി. ഐറ്റംസ് പ്ലേറ്റിൽ നിന്ന് പ്ലേറ്റിലേക്ക് പറക്കുന്നത് കണ്ടുപിടിക്കാൻ എനിക്ക് രണ്ടു കണ്ണുകൾ പോരാതെ വന്നു തുടങ്ങി. എന്നിട്ടും ഇവളുടെ കഴിച്ചു തീരുന്നില്ല! ഒരു ദിവസം സഹികെട്ട് ഞാനങ്ങ് ക്ലോക്ക് 10 മിനിറ്റ് മുന്നോട്ടാക്കി വച്ചു. എന്നാലെങ്കിലും സമയത്തിനിറങ്ങൂലോ. എവിടന്ന്! ഇതിനിടയിൽ ഞാൻ ക്ലോക്ക് ഫാസ്റ്റ് ആക്കി വെച്ച കാര്യം നമ്മുടെ നായിക എങ്ങനോ മണത്തറിഞ്ഞ്.

പിറ്റേന്ന് പതിവു പോലെ 'വേഗം...വേഗം' രാഗം പാടാനെത്തിയ എന്നെ നോക്കി കുട്ടിക്കാളി ചീറി. "അമ്മാ... അമ്മയെന്തിനാ ഇത്രേം ഫാസ്റ്റ് ക്ലോക്ക് വാങ്ങി വച്ചേക്കണേ? അതോണ്ടല്ലേ നമ്മക്ക് ഒന്നിനും സമയോല്ല്യാത്തേ...? ഒരു സ്ലോ ക്ലോക്ക് വാങ്ങിച്ചൂടേ... അതാവുമ്പോ പതുക്കെല്ലേ കറങ്ങുള്ളൂ... അപ്പോ ഇഷ്ടം പോലെ ടൈമും കിട്ടും." എന്റമ്മോ! എന്തൊരു ഫുദ്ധി! ലോകത്തെല്ലാ ക്ലോക്കുകളും ഒരു സമയമാണെന്നും ഒരേ വേഗതയാണെന്നും പറഞ്ഞിട്ട് ഈ ലുട്ടാപ്പി എന്ത് ചെയ്താ സമ്മയ്ക്കൂലാ... ഈ പോത്തുംകുട്ടീനെ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കും...നിങ്ങള് പറ...!

Comments

Popular posts from this blog

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1

Why am I against religion?