ഡേയ്ഫി ചേട്ടൻ

കാറിൽ കയറിയിരുന്നപ്പോ മുതല് തുടങ്ങിയതാണ്‌ ലൈറ. U.K.G യിലേ ആയിട്ടുള്ളൂ എങ്കിലും ചെറിയ വായിൽ വലിയ വർത്തമാനമേ വരൂ. ഈ ചേട്ടൻ വല്യ സംഭവാണെന്നാണ് അവള് പറയണത്. ഭയങ്കര ഇടിക്കാരനാണത്രെ! അങ്ങേരോട് പറഞ്ഞ് അവളെ വഴക്ക് പറയണവരേം തല്ലണവരേം ഒക്കെ ഇടിച്ചു പപ്പടമാക്കും എന്നാണു ഭീഷണി. കേട്ടിരുന്ന എനിക്കും വീട്ടുകാർക്കും ഇയാളെതാണാവോ എന്നായി ചിന്ത.

"മോളേ... ആരാടി നിന്റെ ഈ ഇടിയൻ ചേട്ടൻ ? പേരെന്താ? പറ..."
"അയ്യേ ...നിങ്ങൾക്കറിയില്ലേ ഈ ചേട്ടനെ ?!! ഡേയ്ഫി ചേട്ടനെ അറിയൂല്ലേ??" അവളുടെ കണ്ണുകളിൽ പുച്ഛം.

ഇതെതാപ്പോ ഈ പുതിയ അവതാരം. ഞങ്ങടെ അറിവിൽ ഇങ്ങനൊരാൾ ഇവിടൊന്നുമില്ല. ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി. ഏയ്... ഇങ്ങനൊരു പേരുള്ള ചെക്കന്മാരൊന്നും നമ്മുടെ അടുത്തില്ല.

"എവിടാടി ഈ ഡേയ്ഫി ചേട്ടന്റെ വീട്? നിനക്കെങ്ങനെ അറിയാം അയാളെ??" ചോദ്യങ്ങൾ ഉയർന്നു.
"വീടെവിടാന്നൊന്നും എനിക്കറിയൂല്ല. പക്ഷേ ഭയങ്കര ഇടിക്കാരനാ...തൊപ്പിയൊക്കെണ്ട്..." അവളുടെ കണ്ണുകളിൽ തിളക്കം.
"എന്റെ ഗുരുവായൂരപ്പാ ... ആരൊക്കെയാണോ എന്തോ! കൊച്ചിനെ പരിചയമില്ലാത്തോരുടെ അടുത്ത് വിടരുതെന്ന് പറഞ്ഞിട്ടില്ലേ...ഇനി ആ പൈലി മാപ്പിളേടെ മോൻ വല്ലോം ആണോടി? അതിന്റെ പേര് ഇതുപോലെ വായിൽക്കൊള്ളാത്ത എന്തോ ഒന്നാ..." എന്ന് അമ്മ!

പെട്ടെന്ന് എന്തോ കണ്ടിട്ടെന്ന പോലെ കാറിലിരുന്നവൾ ഉറക്കെ ആർത്തു വിളിക്കാൻ തുടങ്ങി. "ദേ... ഡേയ്ഫി ചേട്ടൻ ...ദേ...ദേ..." കാർ സ്ലോ ചെയ്തു ഞങ്ങൾ അവൾ ചൂണ്ടിയ ഇടത്തേക്ക് കണ്ണും മിഴിച്ചു നോക്കി. ആ ചേട്ടനെ ഒരു നോക്കു കാണാൻ... ഡേയ്ഫി ചേട്ടനെ കണ്ട ഞങ്ങൾ ഒരു നിമിഷത്തേക്ക് തരിച്ചിരുന്നു പോയി! വഴിയിലെ മതിലുകളിൽ നിരത്തി ഒട്ടിച്ചു വച്ചിരിക്കുന്നു ചേട്ടന്റെ പേര്... DYFI!!! തൊട്ടരികിൽ തൊപ്പി വച്ചു നില്ക്കുന്ന ചെഗുവേരയുടെ മുഖം, കൂടെ ചുരുട്ടിയ മുഷ്ടിയും!!! പിന്നെ കാറിൽ ഉയർന്നതൊരു കൂട്ടച്ചിരിയായിരുന്നു.

Comments

Popular posts from this blog

ചിലന്തി മനുഷ്യർ

Little Stories Of Love

A souvenir of love - Chapter 1