കള്ളൻ നായകനായ കഥ !

ഫിലോ ടീച്ചറുടെ ഒറ്റ നിർബന്ധം കാരണമാണ് കുട്ടാപ്പു നാടകത്തിനു ചേരാൻ സമ്മതിച്ചത്. അതും ഇംഗ്ലീഷ് നാടകം! ഫിലോ ടീച്ചർ ആറാം ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചറാണ്. ടീച്ചർക്ക്‌ കുട്ടാപ്പുവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ടീച്ചറുടെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മാത്രമേ പറയാവു എന്നാണ്‌. പക്ഷെ,ടീച്ചർ ആ നിയമം ഒരിക്കലും കുട്ടികളിൽ അടിച്ചേൽപ്പിക്കാറില്ല. കുട്ടികൾ അറിയാതെ തന്നെ ഇംഗ്ലീഷ് സംസാരിച്ചു പോകും ടീച്ചറുടെ ക്ലാസ്സുകളിൽ. അതാണവരുടെ വിജയവും. ഇപ്പൊ ആനിവേഴ്സറിക്കുള്ള നാടകമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിൽ ഒരു കള്ളന്റെ വേഷമാണ് കുട്ടാപ്പുവിന്. താൻ ജീവിതത്തിൽ ഇന്നേ വരെ സ്റ്റേജിൽ കയറിയിട്ടില്ല എന്നുള്ള പരമസത്യം അവൻ ടീച്ചറോട് പല തവണ ഇംഗ്ലീഷിൽ പറഞ്ഞു നോക്കി. ഇനി ഇംഗ്ലിഷിന്റെ  കുഴപ്പമാണോ അതോ തന്റെ കുഴപ്പമാണോ എന്നവനു മനസ്സിലായില്ല, ടീച്ചർ കേട്ട ഭാവമില്ല. അങ്ങനെ രണ്ടും കല്പിച്ചു കള്ളനെങ്കിൽ കള്ളൻ എന്ന് പരിതപിച്ചു കൊണ്ട് റിഹേഴ്സലുകൾ പൊടി പൊടിച്ചു.

കള്ളനാണെങ്കിലും വിശപ്പ് സഹിക്കാൻ കഴിയാതെ കള്ളനായതാണ് ട്ടോ. ഒരു പ്രൊഫസ്സറുടെ വീട്ടിൽ നിന്നും ഭക്ഷണം കട്ട് കഴിക്കുന്ന കള്ളനായിട്ടാണ് തട്ടകത്തിൽ കയറേണ്ടത്. അങ്ങനെ കാത്തിരുന്ന ആ സുദിനം വന്നെത്തി. കുട്ടാപ്പുവിനു നല്ല ഉൾഭയം ഉണ്ടായിരുന്നെങ്കിലും പുറത്തേക്കു "ഇതൊക്കെ എന്ത്" എന്ന മട്ടായിരുന്നു. പിന്നെ വേറൊരു വിശേഷം ഉള്ളത്, ഓരോ കഥാപാത്രങ്ങളും അവനവനു ഇടാനുള്ള കോസ്റ്യും സ്വന്തമായി ഒപ്പിക്കണം. കള്ളനായത് കൊണ്ട് അതിനു അത്ര വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അച്ഛന്റെ ഉപയോഗിക്കാതെ വച്ചിരുന്ന ഒരു 'പുതിയ' പാന്റ്സ് അമ്മയുടെ കൈയും കാലും പിടിച്ചു വെട്ടിയും കീറിയും ശരിയാക്കി. പിന്നെ ഒരു പഴയ ബനിയനും. അതുപോലെ കള്ളനു കട്ട് തിന്നാനുള്ള ഭക്ഷണവും കള്ളൻ തന്നെ കൊണ്ട് വരണം. ബ്രഡും ജാമും മതി. അതാവുന്പോ എടുക്കാനും തിന്നാനും എളുപ്പമാണല്ലോ. അങ്ങനെ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയാണ് രാവിലെ വന്നിരിക്കുന്നത്.

ഓരോ പരിപാടികൾ കഴിയുന്പോഴും അടുത്തത് നാടകമാണെന്ന വിചാരത്തിൽ എല്ലാവരും കാത്തിരുന്നു. ഫിലോ ടീച്ചർ ഇടക്കിടെ വന്നു ആശ്വസിപ്പിച്ചിട്ടു പോകുന്നുണ്ട്. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു നേരം വൈകുന്നേരമായി. നാടകക്കാരൊക്കെ ക്ഷീണിച്ചു അവശതയായി. അങ്ങനെ അവസാനം നാടകം തുടങ്ങാനുള്ള ബെൽ അടിച്ചു! ഓരോ സീൻ കഴിയുമ്പോഴും കുട്ടാപ്പുവിന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അടുത്ത സീൻ ആണ് തന്റെ. പ്രൊഫസ്സർ ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുന്നു. മേശപ്പുറത്തു ബ്രഡും ജാമും. ഇടക്ക് വച്ച് എണീറ്റ്‌ പോകുന്ന പ്രൊഫസ്സർ. അപ്പോളാണ് കള്ളൻ രംഗത്ത് വരുന്നത്. കുട്ടാപ്പു മേശപ്പുറത്തിരുന്ന ബ്രഡ് എടുക്കുന്നു. വിശപ്പിന്റെ കാഠിന്യം കാണിക്കുന്ന വിധത്തിൽ കുത്തിക്കേറ്റി വേണം കഴിക്കാൻ. രാവിലെ മുതൽ തട്ടകത്ത് കേറാൻ കാത്തിരിക്കുന്ന ബ്രഡ് അല്ലേ... കാഠിന്യം ഇത്തിരി കൂടുതലാണ്. ഉണങ്ങി ഒരു പരുവമായ ബ്രഡ്‌! അത് അഭിനയ പരകോടിയുടെ ആവേശത്തിൽ വായിൽ കുത്തിക്കയറ്റി കഴിഞ്ഞപ്പോളാണ് പണി കിട്ടിയെന്നു കുട്ടാപ്പുവിനു മനസ്സിലായത്‌. തൊണ്ടയിൽ നിന്നും സാധനം താഴോട്ടിറങ്ങുന്നില്ല. അപ്പോളത്തെ പരവേശം ഒന്ന് കാണേണ്ടത് തന്നെ. കൊളമായല്ലോ ദൈവം തമ്പുരാനേ എന്ന് വിചാരിച്ചു നിൽക്കുമ്പോളുണ്ട്...സദസ്സിലിരിക്കുന്ന മാന്യ മഹാജനങ്ങൾ കൈയടിച്ചു തകർക്കുന്നു. ചിലരൊക്കെ എണീറ്റ്‌ നിന്ന് കൈയടിക്കുന്നു. ഇതൊക്കെ കണ്ടു കണ്ണ് നിറഞ്ഞു പോയി കുട്ടാപ്പുവിന്! തന്നെ ഇത്രയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന കാണികളെ താനായിട്ട് നിരാശപ്പെടുത്തരുത്. കുട്ടാപ്പു പിന്നെയും ബ്രഡ് വലിച്ചു വാരി തിന്നു. ഹോ!ഒരു ഗ്ലാസ്‌ വെള്ളം കിട്ടിയിരുന്നെങ്കിൽ!

അതാ,പ്രൊഫസ്സർ തിരിച്ചു വരുന്നു. ഇനി തനിക്ക് കുറച്ചു സമയമുണ്ട്. നേരെ മേശയുടെ അടിയിൽ കയറി ഒളിക്കുന്ന കള്ളൻ. ആശ്വാസമായി! വായിലുള്ള ബ്രഡ് മുഴുവനും ഒരു കണക്കിനു പുറത്തേക്കു വലിച്ചിട്ടു. സമാധാനത്തോടെ കുറച്ചു നേരം ഇരുന്നു. വീണ്ടും തന്റെ സമയം അടുത്തു. കള്ളനെ പിടി കൂടുന്ന സീൻ. മേശയുടെ അടിയിൽ നിന്നും പിടികൂടുന്ന കള്ളന്റെ വായിൽ നിറയെ ബ്രഡ് വേണം. ബാക്കിയുള്ള ബ്രഡും കൂടെ വീണ്ടും കുത്തിക്കയറ്റി. താൻ ഇത്രേം വല്യ സംഭവം ആണെന്ന് കാണികളുടെ കൈയടിയിൽ നിന്നും മനസ്സിലായ കള്ളനു കുളിര് കോരി. കുട്ടാപ്പു അഭിനയിച്ചു തകർക്കുകയാണ്. അങ്ങനെ മരണവെപ്രാളം പിടിച്ചു ഭക്ഷണം തിന്നുന്ന കള്ളന്റെ വേഷം ഇത്രയും സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിച്ച കുട്ടാപ്പുവിനു ഏറ്റവും മികച്ച നടനുള്ള ട്രോഫി കിട്ടി! ലാലേട്ടനും മമ്മൂക്കയും നിന്റെ മുൻപിൽ ഒന്നുമല്ലടെയ് എന്ന് വരെ ചില ആത്മാർത്ഥ സുഹൃത്തുക്കൾ പറഞ്ഞു. നീയൊരു സിനിമാനടനാവുമെന്നു ചിലർ! അഭിനയിച്ചതല്ല,ശ്വാസം കിട്ടാതെ ചാവാൻ പോകുമ്പോഴുള്ള മരണ വെപ്രാളം ആയിരുന്നു അതൊക്കെ എന്ന് കുട്ടാപ്പുവിനു മാത്രം അറിയാം. പക്ഷെ,കുട്ടാപ്പു ആ പരമ രഹസ്യമായ സത്യം പത്താം ക്ലാസ്സ്‌ വരെ ഒരീച്ച പോലും അറിയാതെ മനസ്സിൽ സൂക്ഷിച്ചു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞപ്പോൾ ഫിലോ ടീച്ചറോട് തന്നെ ആദ്യം തുറന്നു പറഞ്ഞു. അത് കേട്ട് ടീച്ചർ ചിരിച്ചു മറിഞ്ഞു. എന്തായാലും, അത് കുട്ടാപ്പുവിന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കലാപ്രകടനമായിരുന്നു. ഇന്ന് കുട്ടാപ്പു കംപ്യുട്ടറുകളുമായി മല്ലിട്ട് ജീവിതം തള്ളി നീക്കുന്നു. നമ്മുടെയെല്ലാം ജീവിതത്തിൽ ഇതുപോലുള്ള ഒരുപാട് കുട്ടാപ്പുമാരുണ്ടായിരുന്നില്ലേ? ഇടക്ക് അതൊക്കെ ഒന്ന് അയവിറക്കൂ... ഒരു ചെറിയ മധുരം നാവിൻ തുമ്പത്ത് ഇനിക്കുന്നില്ലേ?

Comments

Popular posts from this blog

Why am I against religion?

A souvenir of love - Chapter 1

ചിലന്തി മനുഷ്യർ