ഒരു ബാങ്ക് ടെസ്റ്റിന്റെ ഇര

ഈ ബോധം എന്ന് പറയുന്ന സാധനം കുറച്ചു കുറഞ്ഞു പോയതിന്റെ പേരിൽ ഞാൻ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ചില്ലറയൊന്നുമല്ല. അതിൽ ഒരെണ്ണം തത്കാലം ഇവിടെ അവതരിപ്പിക്കാം.

വായനയുടെയും സിനിമയുടെയും ലോകത്ത്‌ നോക്കി പകച്ചു പോയൊരു ബാല്യം ആയിരുന്നു എന്റേത്. അന്ന് മുതലേ പകുതി സ്വപ്ന ലോകത്താണ് ജീവിതം. പറഞ്ഞ കാര്യങ്ങൾ തന്നെയും പിന്നെയും പറഞ്ഞു 'അമ്മ വശം കെട്ടു. ഏതു നേരവും ഇവൾക്ക് ചിന്തയാണല്ലോ... എന്താടി നിനക്കിത്ര ചിന്തിക്കാൻ? ബോംബിടാനുള്ള വല്ല ആലോചനയും...?? എന്നമ്മ! ഈ മറവി എന്ന് പറയുന്ന മാറാരോഗം അന്നേ ഇതിന്റെ കൂടെ free കിട്ടീതാ... അങ്ങനെ പല പല വിലപ്പെട്ട സാധങ്ങൾ (അതൊന്നും ഇപ്പോ പറയുന്നില്ല, വെറുതെ വീട്ടുകാർക്ക് ഹാർട് അറ്റാക്ക് വരുത്തണ്ടല്ലോ) മറന്നു കൊണ്ട് എന്റെ ബോധമില്ലായ്മ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട്, ഞാൻ വളർന്നു വന്നു.

കല്യാണം കഴിഞ്ഞാലെങ്കിലും ഈയുള്ളവൾക്ക് ബോധമുദിക്കും എന്നിവരെല്ലാം കിനാവ് കണ്ടു. അതൊക്കെ കാറ്റിൽ പറത്തി കെട്ടിയവന്റെന്നു കണക്കിന് ചീത്ത വിളി വാങ്ങിക്കൂട്ടിക്കൊണ്ട് ഞാൻ മുന്നേറിക്കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് രണ്ടാമത്തവനെ വയറ്റിൽ കൊണ്ട് നടക്കുന്ന സമയം. 2-3 മാസം ആയിട്ടുണ്ടാവും. ജോലിയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുന്ന സമയം. ഭർത്താവിനും വീട്ടുകാർക്കും ഒരു ഐഡിയ. എന്തായാലും ഇവളിവിടെ വെറുതെ മൊബൈലും കുത്തി ഇരിപ്പല്ലേ എന്നാ പിന്നെ വല്ല ബാങ്ക് ടെസ്റ്റ്, PSC ഇതിനൊക്കെ പഠിച്ചു എഴുതിക്കൂടെ ? സർക്കാർ ജോലിയെക്കാൾ സുഖമുള്ള ജോലി വേറെന്തുണ്ട്.

ഇനി ഒരു കാര്യം പറയാം. എനിക്ക് ഇഷ്ടമില്ലാത്ത ഒരു വിധത്തിലും എന്നെക്കൊണ്ട്  കടന്നു കയറാൻ പറ്റാത്ത രണ്ടു ലച്ചുകേറാമലകളുണ്ട്. അതിൽ ഒന്ന് കണക്ക്. രണ്ടാമത്തേത് പിന്നീട് പറയാം. ഈ ബാങ്ക് ടെസ്റ്റ് എഴുതണേൽ കണക്ക് അറിയണ്ടേ ...! കൂട്ടാനും കുറക്കാനും വരെ ഇപ്പളും കയ്യും കാലും എടുക്കുന്ന എന്നോടാ ഈ പറയണേന്ന് ഇവരുണ്ടോ അറിയുന്നു. പണ്ടേ ഞാൻ കണക്കിന് കൊട്ടക്കണക്കിനു വീക്ക് വാങ്ങികൂട്ടീട്ടുള്ളതാ. എന്നോട് കണക്കു പറയരുത് വേറെന്തു വേണേൽ പറഞ്ഞോളൂ എന്ന് ഞാൻ. നിന്നോട് കണക്കു മാത്രമേ പറയൂ എന്ന് വീട്ടുകാരും ടീച്ചർമാരും. ബാക്കി എല്ലാത്തിനും ഫുൾ മാർക്ക് ഇണ്ടല്ലോടീ പിന്നെ ഈ കണക്കെന്താ രണ്ടാം കെട്ടിലിണ്ടായതാണോ? രണ്ടാം കെട്ടാണോ മൂന്നാം കെട്ടാണോ എന്നെനിക്കറീല്ല പക്ഷെ ഈ കണക്കിന്റെ കെട്ടഴിക്കാൻ ഞാൻ പെടണ പാട് അതെനിക്കല്ലേ അറിയൂ! 

എന്തായാലും ഭർത്താവിന്റേം  വീട്ടുകാരുടേം മുന്നിൽ നാണം കെടരുതല്ലോ. എന്നെ ഇവർ ശരിക്കും മനസ്സിലാക്കി വരുന്നതേയുള്ളു. ധൈര്യമായി ഏറ്റെടുത്തു. ബുക്ക് വാങ്ങുന്നു, പഠിക്കുന്നു, എഴുതുന്നു... മരുമകളുടെ പഠിത്തത്തിൽ അഭിമാനം കൊണ്ട് അച്ഛനും അമ്മയും ധൃതംഗപുളകിതരാകുന്നു... ഒരൊറ്റ കണക്കിന്റെ ഉത്തരം പോലും എനിക്ക് കിട്ടീട്ടില്ല എന്നുള്ള പരമ സത്യം ഞാൻ ആരോടും പറഞ്ഞില്ല! എന്തൊരു പരീക്ഷണം. സെലക്ഷൻ ആയില്ലെങ്കിൽ ഉള്ള നാണക്കേട് വേറെ. എങ്ങനെ ഇവരുടെ ഒക്കെ മുഖത്ത് നോക്കും. എംബിഎക്കാരി ആണത്രേ എംബിഎ! ഛെ! അങ്ങനെ കാത്തു കാത്തിരുന്നു എക്സാം ഇങ്ങെത്തി. അതും കസിന്റെ കല്യാണത്തിന്റെ അന്ന് തന്നെ. ടെസ്റ്റ് ഇനീം വരുമല്ലോ പക്ഷേ അവനിനീം കെട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു കെട്ടിയോനെ ഇമോഷണൽ അത്യാചാർ ചെയ്തു നോക്കി. രക്ഷയില്ല. ഈ ടെസ്റ്റ് കഴിഞ്ഞിട്ടേ ഉള്ളു കല്യാണോം പേര് വിളീം ഒക്കെ എന്ന് പുള്ളി.

വികാരമില്ലാത്ത മനുഷ്യൻ. സ്വന്തം അനിയനല്ലെടോ കെട്ടാൻ പോണേ, ചേട്ടനാണത്രെ ചേട്ടൻ! എന്നൊക്കെ ചോദിയ്ക്കാൻ വന്നെങ്കിലും ചോദിച്ചില്ല. വെറുതെ എന്തിനാല്ലേ... എന്റെ സൈക്കിളോടിക്കൽ ഇടപാടുകൾ സൈക്കിളോടിച്ചങ്ങു പോയി. അങ്ങേരു പറഞ്ഞ പറഞ്ഞതാ... ഒരിഞ്ചു അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. അതോണ്ട് എല്ലാം വിധിയെന്ന് സമാധാനിച്ചു രാത്രി കിടന്നു. പിറ്റേന്നത്തെ ടെസ്റ്റിന് കൊണ്ടുപോവാനുള്ളതൊക്കെ ഫയലിൽ റെഡി ആക്കി വെച്ചോടി എന്ന കെട്ട്യോന്റെ ചോദ്യം കേട്ടതും ചാടി എണീറ്റ് കൈയിൽ കിട്ടിയതൊക്കെ ഫയലിലാക്കി വീണ്ടും വന്നു കിടന്നു. എങ്ങനേലും നാളത്തെ ടെസ്റ്റ് ഒന്ന് മുടക്കി തരണേന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു. രാവിലെ കല്യാണത്തിന് പോകാൻ പറ്റാത്തതിലുള്ള മനോവിഷമവും ഉള്ളിലേറ്റി എങ്ങനെ ഈ ബാങ്ക് ടെസ്റ്റ് എന്ന കടമ്പ കടക്കും എന്ന അടുത്ത വേദനയിൽ ഞാൻ എങ്ങനൊക്കെയോ ഒരുങ്ങി ഇറങ്ങി. കൂടെ മെന്റൽ സപ്പോർട്ടിന് സഹധർമ്മണനും.

സാരിയുമുടുത്തു ബസിൽ വലിഞ്ഞു കേറി. മനസ്സിൽ മുഴുവനും കണക്ക് ചോദ്യങ്ങൾ വട്ടമിട്ടു പറക്കുന്നു. ഒന്നിനെ പോലും ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം പോലുമില്ല. ഇടപ്പള്ളി എത്തിക്കാണും. പെട്ടെന്നാണ് എന്തോ ഒരു മിന്നായം പോലെ ഓർമ വന്നത്. വേഗം ഫയൽ തുറന്നു തപ്പാൻ തുടങ്ങി. ഇല്ല... ബാഗിൽ ഉണ്ടാവുമോ... ബാഗു മുഴുവനും അരിച്ചു പെറുക്കി. ദൈവമേ നീ എന്റെ പ്രാർത്ഥന ശരിക്കും കേട്ടാ???!!
എന്റെ മാതാവേ.... നീയീ സാധനം എവിടെകൊണ്ടു ഒളിപ്പിച്ചു വെച്ച്?? ഇന്നലെ രാത്രി ഞാൻ എല്ലാം എടുത്തു വെച്ചതല്ലാർന്നോ! ഇന്നെന്റെ പതിനാറെടുക്കും തീർച്ച! അങ്ങേരോടിനി ഇതെങ്ങനെ പറഞ്ഞൊപ്പിയ്ക്കും?

ബസിലെ പുറകു സീറ്റിലിരിക്കുന്ന കെട്ടിയവനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. "അതേ ... ഹാൾ ടിക്കറ്റ് എടുത്തിട്ടില്ല!" പിന്നെ അവിടെ എന്താണ് നടന്നതെന്ന് എനിക്ക് തീരെ ഓർമയില്ല അല്ലെങ്കിൽ സൗകര്യപൂർവം ഞാനതങ്ങു മറന്നു എന്ന് പറയുന്നതാവും ശരി. എന്നാലും ഓർമയിലുള്ളത് പറയാം. ബസ് അടുത്ത സ്റ്റോപ്പിൽ നിന്നതും എന്നെയും കൊണ്ട് ചാടിയിറങ്ങി നടുറോഡിൽ കണ്ണ് പൊട്ടണ ചീത്ത. അടുത്ത ബസ് പിടിച്ചു തിരിച്ചു വീട്ടിലേക്ക്. മുന്നിൽ കേറാൻ പോയ എന്നോട്, വേണ്ടാ നീ എന്റെ കൂടെ പിന്നിൽ തന്നെ ഇരുന്നാ മതീന്ന്. എന്തിനാ? വീടെത്തും വരെ ബാക്കി ചീത്ത കൂടി പറയണ്ടേ...  ഇത്രേം പഠിച്ചിട്ടു ഒരു ടെസ്റ്റ് വെറുതെ കളഞ്ഞില്ലേ എന്നൊക്കെ! എത്രേം പഠിച്ചിട്ടു?!! ആ ടെസ്റ്റ് എങ്ങാനും എഴുതിയിരുന്നേൽ എന്റെ മാനം കപ്പല് കേറിയേനെ. ദൈവമേ, നീ ഹാൾ ടിക്കറ്റ് മാറ്റി വെച്ചത് (സത്യായിട്ടും ഞാൻ മറന്നതല്ല, ഇതിലെന്തോ കള്ളക്കളിണ്ട്. ഞാൻ എല്ലാം എടുത്തു വെച്ചതാണെന്നേ) എത്ര നന്നായി.

ഒരു മാസത്തേക്ക് ഞാൻ ചെവി പൊട്ടണ ചീത്ത കേൾക്കണം എന്നല്ലേയുള്ളു. അത് ഞാനങ്ങു സഹിച്ചു. ബസിലുള്ളവർ കണ്ണുരുട്ടുന്നു, ഇവനേതാടാ ഒരു പെണ്ണിനെ ബസിൽ പുറകിലിരുത്തി ചീത്ത വിളിച്ചു കരയിപ്പിക്കുന്നവൻ! അപ്പൊ ദേ അങ്ങേര്, "ഇനി കരയണ്ട, പോട്ടെ കഴിഞ്ഞത് കഴിഞ്ഞു." 
ഹൊ! ആശ്വാസമായി എന്ന് ദീർഘനിശ്വാസം വിടാനൊരുങ്ങുമ്പോൾ പറയണ് "ബസ് ആയോണ്ടാ, ബാക്കി വീട്ടിൽ ചെന്നിട്ടാവാം" എന്ന്.
ശ്ശെടാ... വീടെത്തല്ലേ മാതാവേ എന്ന് ഞാനും! വീട്ടിൽ ചെന്നിട്ടുള്ള പൊങ്കാല വേറെ. വീട്ടുകാരുടേം നാട്ടുകാരുടേം വക! അതിനിപ്പോ പറഞ്ഞു എന്നെ വീണ്ടും വിഷമിപ്പിക്കുന്നില്ല, നിങ്ങളങ്ങു ഊഹിച്ചോളൂ...
എന്നാലും ദൈവമേ, നീ എന്റെ പ്രാർത്ഥന കേട്ട് ടെസ്റ്റ് മുടക്കിച്ചു. വേറെന്തെല്ലാം വഴിയുണ്ടാർന്ന് ഇത് മുടക്കാൻ. ഹർത്താൽ, കനത്ത മഴ അങ്ങനെ ചേതമില്ലാത്ത എത്ര വഴികൾ... അതൊന്നും പറ്റാഞ്ഞിട്ട് എന്റെ പെടലിക്ക് തന്നെ വെച്ച്. ഇത് വല്ലാത്തൊരു സഹായമായിപ്പോയെന്റെ ദൈവമേ!

ഇതൊക്കെ പോട്ടെ, വന്നു വന്നു ഇപ്പൊഴുള്ള ആരോപണം ആ ടെസ്റ്റ് എഴുതാതിരിക്കാൻ വേണ്ടി ഞാൻ മനഃപൂർവം ഹാൾടിക്കറ്റ് എടുത്തു വെച്ചില്ല എന്നതാണ്. സത്യായിട്ടും മനഃപൂർവം ഞാൻ ഒന്നും മറക്കാറില്ലന്നേ. മനസാ വാചാ കർമണാ ഞാൻ അറിയാത്ത കാര്യോണ്. മാതാവേ... എന്റെ ഗുരുവായൂരപ്പാ എല്ലാരും കൂടെ ഇങ്ങനെയൊക്കെ അങ്ങ് സഹായിക്കാൻ പോയാലോ! ഇതിന്റെ ബാക്കി പത്രമായി പിന്നീടുള്ള കുറച്ചു മാസങ്ങൾ വലിയ വയറുമായി P S C കോച്ചിങ് ക്ലാസ്സിൽ ഉറങ്ങി തീർത്തു.

Comments

Popular posts from this blog

Why am I against religion?

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1