ക്ഷണക്കത്ത്

ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ഒരിക്കല്‍ പറ്റിയ അബദ്ധത്തിന്‍റെ പേരില്‍ ഇപ്പോളും നിങ്ങള്‍ കളിയാക്കലുകള്‍ കേള്‍ക്കാരുണ്ടോ? എന്നാല്‍ അങ്ങനെ ഒരു സംഭവം പറയാം. 

ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോളാണെന്ന് തോന്നുന്നു. മലയാളം അക്ഷരമാലയിലെ കട്ടി കൂടിയ അക്ഷരങ്ങള്‍ പഠിച്ചു വരുന്ന സമയം. കണക്കൊഴികെ ബാക്കി എല്ലാ വിഷയത്തിലും നല്ല മാര്‍ക്ക് വാങ്ങുന്ന കുട്ടി. കണക്കു മാത്രം ഇപ്പോളും ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. ആമുഖം നീട്ടി വലിക്കാതെ നമുക്ക് കഥയിലേക്ക്‌ കടക്കാം. അന്ന് ടെലിവിഷനും ദൂരദര്‍ശനും ഒക്കെ ഒരു അദ്ഭുതമായിരുന്ന കാലം. വളരെ കുറച്ചു വീടുകളിലെ ടെലിവിഷന്‍ എന്ന വിഡ്ഢിപ്പെട്ടി ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. ഞായറാഴ്ചകളില്‍ വൈകുന്നേരമാവുമ്പോള്‍ വീടൊരു സിനിമ കൊട്ടകയായി മാറും. ആഴ്ചയുടെ കാത്തിരിപ്പിനൊടുവില്‍ ഒരു സിനിമ കാണാന്‍ പറ്റുന്നത് അന്നാണ്. ഇന്നിപ്പോ നൂറു ചാനലുകള്‍, ദിവസം മുഴുവനും സിനിമകള്‍ . പതിവ് പോലെ അന്നും വൈകുന്നേരമായപ്പോള്‍ ഒരു ഉത്സവ പ്രതീതി. വീട് നിറയെ ആള്‍ക്കാര്‍., അയല്‍പക്കക്കാരും വീട്ടില്‍ പണിക്കു വരുന്ന കാര്‍ത്തുപെലിയും കുടുംബവും അങ്ങനെ ആകെ ഒരു ബഹളമയം. ഞാനാണെങ്കില്‍ ഭയങ്കര ഉത്സാഹത്തിലും.

അകത്തെ കട്ടിലില്‍ വിസ്തരിച്ചിരുന്നു കാണുകയാണ്. സിനിമ തുടങ്ങുന്നു. മിക്കവാറും സിനിമയുടെ പേര് സ്ക്രീനില്‍ എഴുതി കാണിക്കുമ്പോള്‍ അത് നാലാള്‍ കേള്‍ക്കെ ഉറക്കെ വിളിച്ചു കൂവുന്ന ഒരു സ്വഭാവം എനിക്കുണ്ട്. കാണാന്‍ ഇരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വായിക്കാന്‍ അറിയില്ലെങ്കില്‍ ഒരു സഹായമായിക്കോട്ടെ എന്ന് കരുതി(എനിക്ക് വായിക്കാനറിയാം എന്ന് നാലാളെ കേള്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു എന്നതാണ് സത്യം!). 

അതാ...സിനിമയുടെ പേര് സ്ക്രീനില്‍ തെളിഞ്ഞു വരുന്നു.... ഞാന്‍ ഒന്നേ നോക്കിയുള്ളൂ. ആഹാ...ഇത്രെയുള്ളോ...ഇതെനിക്കറിയാവുന്നതല്ലേ. വളരെയധികം ആത്മവിശ്വാസത്തോടെ തന്നെ ഉറക്കെ അനൌണ്‍സ് ചെയ്തു.

"കഷണക്കത്ത് "!!! 

പെട്ടെന്ന് ഒരു കൂട്ടച്ചിരി. അതിനിടയില്‍ ആരൊക്കെയോ ചോദിക്കുന്നു, "അതെന്തു കത്താ മോളെ?" എനിക്കൊന്നും മനസ്സിലായില്ല. ഇതെന്തു കഥ?? ഇതിലിത്ര ചിരിക്കാനെന്തിരിക്കുന്നു?? പക്ഷെ എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലായി. അതുകൊണ്ട് മിണ്ടാതെ ഇരുന്നു. അമ്മ വന്നു പറഞ്ഞു തന്നപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്‌. കഷണക്കത്തല്ല, ക്ഷണക്കത്താണ് എന്ന്. "ക്ഷ " എന്നത് അന്നെനിക്കത്ര പിടിയില്ലായിരുന്നു. "ക" യും "ഷ" യും കണ്ട പാടെ ഒന്നും നോക്കാതെ എടുത്തു ചാടിയതിന്‍റെ ഫലം!ഇപ്പോളും ഇതും പറഞ്ഞു കളിയാക്കലുകള്‍ കേള്‍ക്കാറുണ്ട്. അന്ന് ചമ്മിയതിന്‍റെ ഇരട്ടി ചമ്മല്‍ ഇപ്പോളാണ് എന്ന് തോന്നുന്നു..

Comments

Popular posts from this blog

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1

Why am I against religion?