വീണ്ടും ഒരു വെള്ളിയാഴ്ച... വെള്ളിയാഴ്ചകള്‍ ഞങ്ങള്‍ക്ക് എന്നും ഒരു ആഘോഷമായിരുന്നു. ഓഫീസിലെ മടുക്കുന്ന ജോലികളില്‍ നിന്നും, കണ്ടു മടുത്ത മുഖങ്ങളില്‍ നിന്നും ഒരു ചെറിയ മോചനം ലഭിക്കുന്ന ആഴ്ചയിലെ ആദ്യ ദിവസം. അതുകൊണ്ട് തന്നെ അന്നത്തെ ദിവസം ഉറങ്ങാതെ കത്തി വെച്ചും ടി.വി കണ്ടും നേരം വെളുപ്പിക്കുകയാണ് അഞ്ചു പേരടങ്ങുന്ന ഞങ്ങളുടെ പി.ജി യിലെ പെണ്‍പടയുടെ സ്ഥിരം പരിപാടി. അന്ന് ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു. ബാക്കി രണ്ടു പേര്‍ക്ക് നൈറ്റ് ഷിഫ്റ്റ് ആയതു കാരണം ഒരു സംഭവ ബഹുലമായ രാത്രി അവര്‍ക്ക് നഷ്ടപെട്ടു എന്ന് വേണമെങ്കില്‍ പറയാം.
പതിവ് പോലെ രാത്രി മുഴുവനും നീണ്ടു നിന്നു ചര്‍ച്ചകള്‍.... ടീമിലെ പരസ്യമായ രഹസ്യങ്ങളെ കുറിച്ചും, പൊട്ടിപ്പോയ പ്രേമങ്ങളെ പറ്റിയും, റിയാലിറ്റി ഷോയിലെ ഔട്ട് ആയിപ്പോയ കുട്ടിയെ പറ്റിയും എന്ന് വേണ്ട ചന്ദ്രനില്‍ പോകുന്നത് വരെ എത്തി കാര്യങ്ങള്‍.... അങ്ങനെ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ സമയം നോക്കുമ്പോള്‍ 3.30 a.m. വിശക്കുന്നുണ്ട് ചെറുതായിട്ട്. അപ്പോളാണ് എന്റെ പ്രിയ സുഹൃത്തിന്റെ തലയില്‍ ഒരു ചെറിയ ഐഡിയ. ബാച്ചിലേഴ്സിന്റെ സമീകൃതാഹരമായ മാഗ്ഗിയും കട്ടന്‍ചായയും ആയാലോ.. ആഹാ...ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു... മൂന്നു പേരും അടുക്കളയിലേക്കു ഓടി. പിന്നെ ചര്‍ച്ചകള്‍ അവിടെ വെച്ചായി. അങ്ങനെ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ തന്നെ മാഗ്ഗിയും കട്ടന്‍ ചായയും റെഡി. എല്ലാവരും ഓരോ പാത്രങ്ങളുമായി തിരികെ പഴയ സ്ഥാനങ്ങളില്‍ തിരിച്ചെത്തി. ഇതിനിടയിലാണ് ഒരു സുഹൃത്ത് മൊബൈല്‍ അന്വേഷിച്ചത്. സോഫയില്‍ ഇട്ടിരുന്നതാണല്ലോ.
ഞാന്‍ പറഞ്ഞു, "ഇവിടെ തന്നെ കാണുമേന്നേ..ഒരു കാര്യം ചെയ്യാം. ഞാന്‍ എന്റെ മൊബൈലില്‍ നിന്നും വിളിച്ചു നോക്കാം.റിംഗ് ചെയ്യുമ്പോ അറിയാലോ.."
"അയ്യോ..ഇവിടെ വെച്ചിരുന്നതാണല്ലോ....എന്റെ മൊബൈല്‍ എന്തിയേ.....കാണാനില്ലല്ലോ.." എന്റെ ഒച്ച കേട്ട് അടുത്ത ആളും തപ്പാന്‍ തുടങ്ങി. ശരിയാണ്, സോഫയില്‍ കിടന്നിരുന്ന രണ്ടു മൊബൈലുകളും കാണുന്നില്ല!
അപ്പോളാണ് അടുത്ത നിലവിളി....."എന്റെ പേഴ്സും കാണാനില്ലടി....ശോ..." ദൈവമേ...ഈ അടുക്കളയില്‍ പോയ കുറച്ചു സമയം കൊണ്ട് വീടിനകത്ത് നിന്നും ആരാ ഇതെല്ലം എടുത്തോണ്ട് പോണേ.. ഇനി വല്ല കുട്ടിച്ചാത്തനും ആണോ..? സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു.. പെട്ടെന്നാണ് മെയിന്‍ ഡോര്‍ പകുതി തുറന്നു കിടക്കുന്നത് കാണുന്നത്.
"ദേ...വാതില്‍ തുറന്നു കിടക്കുന്നല്ലോടെയ്..നീയിതു അടച്ചില്ലാരുന്നോ? കൊള്ളം...എന്നാ വല്ല കള്ളന്മാരുമായിരിക്കും. ഒറപ്പാ..." ഇനി ഞങ്ങളുടെ പി.ജി യുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഒന്നറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. പുറമേ നിന്ന് നോക്കിയാല്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ച ഒരു അടിപൊളി വീട്. രണ്ടു ഗേറ്റ് ഉണ്ട്. ഒന്ന് വലുതും മറ്റേതു ചെറുതും. ചെറുതാണ് ഞങ്ങളുടെ പി.ജി യുടെ ഗേറ്റ്. കാണുന്നവര്‍ കരുതും ഓ! ഇത്രയും നല്ലൊരു പി.ജി യോ? പക്ഷെ അകത്തു കയറുമ്പോള്‍ നിങ്ങള്‍ക്കു കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവും. പി.ജി ബേസ്മെന്ടിലാണ്. പുറത്തു നിന്ന് കാണുന്നതല്ല അകത്ത്....അയ്യപ്പാസിന്റെ പരസ്യം പോലെ. നേരെ തിരിച്ചാണെന്നു മാത്രം!
വെള്ളിയാഴ്ചകളിലെ ആഘോഷങ്ങള്‍ക്കിടയില്‍ പലപ്പോളും വാതില്‍ കുറ്റിയിടാന്‍ മറക്കുക സാധാരണം. അതൊരു റെസിഡെന്‍ഷ്യല്‍ ഏരിയ ആണെന്നതും ടൌണിന്റെ മധ്യ ഭാഗത്താണെന്നതും ഈ അശ്രദ്ധക്ക് ഒരു കാരണം ആയിരുന്നു. അത് മാത്രമല്ല, അവിടെ അടുത്തെങ്ങും ഇതുവരെ ഒരു കളവു നടന്നതായി അറിവില്ല. എന്തായാലും പോയത് പോയി. ഇനിയെന്താ ചെയ്യുക എന്നായി. അങ്ങനെ അങ്ങ് വിട്ടാല്‍ ശെരിയാവുമോ? മുകളില്‍ ഓണറും കുടുംബവും ഇല്ല. നമുക്ക് പോലീസിനെ വിളിക്കാം. കള്ളന്റെ കയ്യില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെട്ട മൂന്നാമത്തെ മൊബൈല്‍ മുറിയില്‍ നിന്നും വന്നു. കാണാതെ പോയ മൊബൈലുകളിലേക്ക് ഒന്ന് വിളിച്ചു നോക്കി. സ്വിച്ച്ട് ഓഫ് ആണ്. പോലീസിനെ വിളിക്കാം. പക്ഷെ കന്നഡ ആര്‍ക്കും അറിയില്ല. ഹിന്ദി വച്ച് അഡ്ജസ്റ്റ് ചെയ്യാം. ഹിന്ദിയില്‍ കില്ലാടി ആയ ഒരു സുഹൃത്തിനെ കൊണ്ട് 100 ഡയല് ചെയ്യിച്ചു. കാര്യങ്ങള്‍ ഒരു കണക്കിന് അവതരിപ്പിച്ചു. നൈറ്റ് പെട്രോളിങ്ങിലുള്ള രണ്ടു പോലീസുകാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പുള്ളിപ്പുലി ബൈക്കില്‍ പാഞ്ഞെത്തി. വിശദമായ തിരച്ചിലുകള്‍ നടത്തി. തൊട്ടടുത്ത ഒഴിഞ്ഞ പറമ്പില്‍ കിടന്നിരുന്ന ജോലിക്കാരെ വിളിച്ചുണര്‍ത്തി ചോദ്യം ചെയ്തു. എന്തായാലും രാവിലെ പോലീസ് സ്റ്റേഷനില്‍ വന്നു ഒരു പരാതി എഴുതികൊടുക്കാന്‍ പറഞ്ഞു അവര്‍ പോയി.
കള്ളന് കയറിയ നടുക്കത്തില്‍ എല്ലാവരും കുറെ നേരം നിശബ്ദരായി മുഖത്തോട് മുഖം നോക്കിയിരുന്നു. നേരം പരാ പരാ വെളുക്കുന്നു. രാത്രിയുടെ ഉറക്ക ക്ഷീണം നന്നായി മുഖത്ത് കാണാം. ഉറങ്ങിയാല്‍ പിന്നെ എണീക്കില്ല. അതുകൊണ്ട് ആദ്യം പോലീസ് സ്റ്റേഷനില്‍ പോയി പരാതി എഴുതി കൊടുത്തിട്ട് മതി ഉറക്കം എന്ന് തീരുമാനിച്ചു. കള്ളന്റെ ധൈര്യത്തെ പറ്റിയും വാതിലടക്കാതെ ഇരുന്നതിലുള്ള അശ്രദ്ധയെ പറ്റിയും ഒക്കെ വീണ്ടും വീണ്ടും പരസ്പരം പറഞ്ഞു നേരം വെളുപ്പിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു പോലീസ് സ്റ്റേഷനില്‍ കയറുന്നത്. മൂന്ന് പേര് പോയാല്‍ ശെരിയാവില്ലെന്നു കരുതി ഞങ്ങള്‍ രണ്ടു പേരാണ് പോയത്. വലതു കാല് വെച്ച് തന്നെ കയറി. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള പോലീസ് സ്റ്റേഷന്.....!
കണ്ടിട്ട് ഒരു പഞ്ചായത്ത് ഓഫീസ് പോലെയാണ് തോന്നിയത്. എല്ലാവരും യുണിഫോം ഇട്ടിട്ടുണ്ടെന്ന് മാത്രം. പലരും എന്തൊക്കെയോ ഫയലുകളില്‍ മുഴുകി ഇരിക്കുന്നു. ഒന്ന് രണ്ടു പോലീസുകാര്‍ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. നേരെ ഇരിക്കുന്ന ഒരു 50 വയസ്സ് പ്രായം തോന്നിക്കുന്ന പോലീസുകാരനാണ് കണ്ണില്‍ ഉടക്കിയത്. ഇയാളോട് തന്നെ അവതരിപ്പിക്കാം. ഒരു വിധത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞൊപ്പിച്ചു. അയാള്‍ക്ക് ഹിന്ദി അത്ര പിടിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി, അവിടെ ആര്‍ക്കും ഹിന്ദിയും ഇംഗ്ലീഷും അത്ര വശമില്ല! പെട്ടെന്നാണ് ഓര്‍ത്തത്......തമിഴ്! എനിക്ക് തമിഴ് അറിയാമല്ലോ.. അകത്തുള്ള വല്ല്യ ഓഫീസിര്‍ക്ക് തമിഴ് അറിയാമെന്ന് ഒരു പോലീസുകാരന് പറഞ്ഞപ്പോ ആശ്വാസമായി... നേരെ അവിടെ ചെന്ന് തമിഴില്‍ കാര്യങ്ങള്‍ വിവരിച്ചു. അദ്ദേഹം തന്നെ അത് കന്നടയില്‍ പരാതിയായി എഴുതി രജിസ്റ്റര്‍ ചെയ്തു. മൊബൈലും പേഴ്സും കിട്ടിയാലും ഇല്ലെങ്കിലും എന്തെങ്കിലും ഒക്കെ ചെയ്തല്ലോ എന്ന ആശ്വാസത്തില്‍ ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കും പോന്നു.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്ന ഞങ്ങളുടെ സുഹൃത്തുക്കളോട് ഇന്നലത്തെ സംഭവ ബഹുലവും സാഹസികവുമായ രാത്രിയെ പറ്റി പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ലായിരുന്നു. എന്തായാലും ഇതോടു കൂടി ആ ഭാഗത്തുള്ള കള്ളന്മാര്ക്ക് ഒരു പ്രചോദനവും ആത്മവിശ്വാസവും ഒക്കെ ആയി എന്ന് തോന്നുന്നു. തുടര്‍ച്ചയായി അടുത്തുള്ള പി.ജി കളില്‍ നിന്നും അവര്‍ മൊബൈലുകളും പെഴ്സുകളും എന്ന് വേണ്ടാ... ലാപ്ടോപ് വരെ അടിച്ചു മാറ്റി. ഇതിനിടയില്‍ രണ്ടു തവണ ഞങ്ങളുടെ പി.ജി യിലും ഒന്ന് എത്തി നോക്കി. പെട്രോളിങ്ങിനു വരുന്ന പോലീസുകാര്‍ക്ക് ഇപ്പോള്‍ ഞങ്ങളെ നല്ല പരിചയമായിരിക്കുന്നു! ഈ അഡ്രസ് അവര്‍ക്ക് കാണാപാഠം...
പിന്നീടെപ്പോളോ ഒരിക്കല്‍ അറിഞ്ഞു കള്ളനെ പിടിച്ചു എന്ന്. എങ്കിലും ഞങ്ങളുടെ മൊബൈലുകളും പേഴ്സും മാത്രം തിരിച്ചു വന്നില്ല....കുറച്ചു നാളെങ്കിലും ഞങ്ങളെ വിറപ്പിച്ച, സംഭവ ബഹുലമായ ഒരു രാത്രിയുടെ ഓര്‍മ്മകള്‍ സമ്മാനിച്ച കള്ളാ...നിനക്ക് സലാം...ഇനി നീ വരുമ്പോള്‍ ഒരു പക്ഷെ ഈ പി.ജി യിലെ മുഖങ്ങള്‍ മാറിയിരിക്കാം. അന്നൊരു പക്ഷെ ഈ കഥയും വേറൊന്നായെക്കാം...!
Subscribe to:
Post Comments (Atom)
Mission Impossible : The Maid Hunt
Yes! This is an impossible mission to achieve. Getting that perfect maid in your dreams! In case anyone has made this 'Mission Maid'...
-
Sale...Sale..Flat 50%. Buy one get two free! Oops! Sorry... I was time traveling to my old PG days. I was roaming on the roads of 'Comme...
-
വിവാഹത്തിന്റെ മൂന്നാം വാർഷികത്തിന്റെ അന്നാണ് ആദ്യമായി ആ വീട്ടിലെ രണ്ടു ചുമരുകൾ ചുംബിക്കുന്ന മൂലയിൽ മഞ്ഞവെയിൽ തട്ടി ഒരു തിളക്കം ദത്തയുടെ കണ്ണ...
-
Yes! This is an impossible mission to achieve. Getting that perfect maid in your dreams! In case anyone has made this 'Mission Maid'...
Relived those moments again! What an adventurous night it was😍❤
ReplyDeleteനന്നായി അവതരിപ്പിച്ചു ..പക്ഷെ അവസാനഭാഗം സത്യമാണെങ്കിലും ഒരു പൂര്‍ണ്ണത കൈവന്നില്ല. ഇതുപോലുള്ള കേസുകളില്‍ പോലീസ് ആ മൊബൈല്‍ കൈവശമാക്കിയ ശേഷം പരാതികള്‍ ഒന്നുമില്ല എന്ന് എഴുതി വാങ്ങുകയാണ് പതിവ്. എന്നിട്ട് ആ മൊബൈലില്‍ ഉള്ള എല്ലാം നഷ്ടപ്പെടും എന്നുള്ള ഭീഷണിയും. ഇതില്‍ നിന്നും രക്ഷപ്പെടുമ്പോഴാണ് ആന്റി ക്ലൈമാക്സ് രൂപപ്പെടുക. എന്തായാലും എഴുത്തിനു അഭിനന്ദനങ്ങള്‍ ..
ReplyDelete