ചെമ്മരിയാടും ഞാനും

അന്ന് പതിവിലും താമസിച്ചാണ് ഓഫീസിൽ നിന്നും ഇറങ്ങാൻ സാധിച്ചത്. ബാംഗ്ലൂർ നഗരത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഫ്ലാറ്റിൽ തിരിച്ചെത്തി.വിരലുകൾ യാന്ത്രികമായി കാളിംഗ് ബെല്ലിലമർന്നു. വാതിൽ തുറക്കുമ്പോൾ ചെറുപുഞ്ചിരിയോടെ അമ്മ, ഓടി വന്നു കെട്ടിപ്പിടിക്കുന്ന രണ്ടര വയസ്സായ മകൾ. ഭർത്താവ് കമ്പ്യുട്ടറിൽ ജോലിതിരക്കിലാണ്. ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മനസ്സിനും ശരീരത്തിനും ഒരുപോലെ ക്ഷീണം തോന്നി.ഭക്ഷണം കഴിച്ചെന്നു വരുത്തി,ഒരാഴ്ചയുടെ ക്ഷീണം മുഴുവനും തീർക്കാനെന്ന പോലെ കിടക്കയിലേക്ക് വീണതും ഉറങ്ങിപോയതറിഞ്ഞില്ല. ഉറക്കത്തിന്റെ ആഴങ്ങളിലെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഒരു കരച്ചിൽ...! ഉറക്കച്ചടവിന്റെ ആലസ്യത്തിൽ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടുവാൻ വൃഥാ ഒരു ശ്രമം നടത്തി. സാധിച്ചില്ല,വീണ്ടും ആ കരച്ചിൽ എന്നെ അലോസരപെടുതിക്കൊണ്ടിരുന്നു. ഞാൻ എഴുന്നേറ്റു ജനലിനരികിലേക്ക് നീങ്ങി. തണുത്ത കാറ്റിന്റെ അദൃശ്യ ഹസ്തങ്ങൾ എന്നെ തലോടുന്നത് പോലെ. അരണ്ട വെളിച്ചത്തിൽ ക്ലോക്കിലെ സൂചി വ്യക്തമായി കാണാം. സമയം അതിരാവിലെ നാലര മണി. തിരികെ പോകാൻ മടിച്ചു നില്ക്കുന്നത് പോലെ തോന്നി, അപ്പോഴും ആകാശത്ത് തിളങ്ങി നില്ക്കുന്ന പൌർണമിയെയും നക്ഷത്രക്കൂട്ടങ്ങളെയും കണ്ടപ്പോൾ... താഴെ ചേരികളിൽ നിന്നും പ്രകാശത്തിന്റെ കിരണങ്ങൾ പുറത്തേക്കു അരിചെത്തുന്നു. നഗരം ഉണരുന്നതിന്റെ കാലൊച്ചകൾ...

ഇപ്പോഴും ആ കരച്ചിൽ കേൾക്കാം. ജനലഴികളിൽ മുഖമമർത്തി ഞാൻ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. എന്റെ മുഖത്തിപ്പോൾ രണ്ടു ഭാവങ്ങളെ ഉള്ളു, ആകാംഷയും ആശങ്കയും മാത്രം. എന്തിനായിരിക്കും അതിങ്ങനെ കരയുന്നതാവോ? രണ്ടു ദിവസമായി അത് വന്നിട്ട്. വന്നത് മുതലുള്ള കരച്ചിലാണ്. എന്താണെന്ന് ആലോചിക്കുന്നുണ്ടാവും നിങ്ങള്‍ അല്ലെ? ഒരു ആട്..! ബഷീറിന്‍റെ കഥയിലെ പാത്തുമ്മയുടെ ആടിനെ പോലെ...മേരിയുടെ കുഞ്ഞാടിനെ പോലെ... പുതിയ കാലഘട്ടത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ബെന്യാമിന്റെ ആടിനെ പോലെ,[വേറെ ആർക്കൊക്കെ ആടുണ്ടെന്നു ശരിയായി ഓർമ കിട്ടുന്നില്ല. ഇല്ലെങ്കിൽ അതും കൂടി ഇവിടെ ചേർക്കാമായിരുന്നു.] ഇതും ഒരു ആട്... ഒരു പാവം ചെമ്മരിയാട്...!

ആടിനെ ശരിക്കും അടുത്ത് കണ്ട ഓർമ കിട്ടണമെങ്കിൽ എത്ര കൊല്ലം പുറകിലേക്ക് സഞ്ചരിക്കണം? കൃത്യമായി അറിയില്ല. എന്നാലും,കുട്ടിക്കാലത്തെ ഓർമകളിൽ എപ്പോഴും തറവാട്ടിലെ ആടും പശുവും പട്ടിയും ഒക്കെ ഉണ്ടായിരുന്നു. അച്ഛമ്മയുടെ പിറകെ "മേ.. മേ.." എന്ന് കൊഞ്ചി നടക്കുന്ന നിഷ്കളങ്കമായ മുഖമുള്ള, മാലാഖയെ പോലെ വെളുത്ത ആ ആടിനെ തന്നെയായിരുന്നു എനിക്കതിൽ ഏറ്റവും ഇഷ്ടം. അച്ഛമ്മയുടെ ദീനവും മക്കളുടെ ജോലി തിരക്കും എല്ലാത്തിനും ഒരവസാനമുണ്ടാക്കി. പിന്നീടെപ്പോഴോ ഞാനും നഗരത്തിലേക്ക് പറിച്ചു നടപ്പെട്ടു. തിരക്കുള്ള നഗരജീവിതത്തിന്റെ പ്രതിച്ചായയായി മാറി. ബാംഗ്ലൂരിലെ പേര് കേട്ട സോഫ്ട്വെയർ കമ്പനിയിലെ ഉദ്യോഗ തിരക്കിനിടയിൽ നാടും നാട്ടുകാരും കൂട്ടത്തിൽ ഓർമകളിലെ ആ ആടും എല്ലാം അന്യമായി. ഇപ്പോൾ ഈ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും കുറച്ചെങ്കിലും മാറി ഒരു ഫ്ലാറ്റ് കിട്ടിയത് തന്നെ ഭാഗ്യം! ബാൽകണിയിൽ നിന്ന് നോക്കിയാൽ തൊട്ടപ്പുറത്ത് ഒരു ചെറിയ ചേരി പോലെ അടുത്തടുത്ത്‌ കുറെ കുഞ്ഞു വീടുകൾ. ഫ്ലാറ്റുകളിൽ പണിക്കു വരുന്ന മിക്ക സ്ത്രീകളുടെയും കുടുംബങ്ങൾ അവിടെയാണ്. തീർത്തും താഴെക്കിടയിലുള്ള ജനങളുടെ ഒരു ഏരിയ. മിക്കവാറും വൈകുന്നേരങ്ങളിൽ കള്ള് കുടിച്ചു വരുന്ന ആണുങ്ങളുടെ കന്നടയിലുള്ള ചീത്ത വിളികൾ കേൾക്കാം. ഏതു നാടായാലെന്താ... ഈ ഒരു രംഗത്തിന് മാത്രം ഒരു വ്യത്യാസവും ഇല്ല!

ആ ചേരിയിലെ ഏറ്റവും ഇങ്ങേ അറ്റത്ത്‌ കാണുന്ന വീട്ടിലാണ് അച്ഛമ്മയെ ഓർമപെടുത്തുന്ന ഒരു കഥാപാത്രം. പശുവിനെയും പട്ടിയെയും കോഴിയെയും ഒക്കെ ഓമനിച്ചു വളർത്തുന്ന ഒരമ്മൂമ്മ. എന്നും മകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ദൈവത്തിനു ഞാൻ നന്ദി പറയും, ഇങ്ങനെയൊരു വീട് തൊട്ടടുതുള്ളതിന്. കാരണം, അവളെ ഭക്ഷണം കഴിപ്പിക്കുന്നത് ഇവിടത്തെ ഈ കാഴ്ചകൾ കാണിച്ചാണ്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതിന്റെ പാട് അമ്മമാർക്കല്ലേ അറിയൂ... ഈ വീട്ടിലേക്കാണ് രണ്ടു ദിവസം മുൻപ് അതിഥിയായി ഈ പറഞ്ഞ ആട് എത്തുന്നത്‌. സ്ഥലം മാറിയിട്ടാവണം അതിങ്ങനെ നിർത്താതെ കരയുന്നത്. കാണാൻ വെളുത്ത് മാലാഖയെ പോലെ ഒന്നുമല്ലെങ്കിലും പഞ്ഞിക്കെട്ടു പോലുള്ള ആ ഉരുണ്ട ജീവിയോടു എനിക്കെന്തെന്നില്ലാത്ത ഒരു സ്നേഹം. കുട്ടിക്കാലത്തെ ഓർമ്മകൾ കണ്മുന്നിൽ മിന്നുന്നത് പോലെ.ആ ഓർമ്മകൾ അതിനോടുള്ള സ്നേഹം ഇരട്ടിപ്പിച്ചു എന്ന് വേണമെങ്കിൽ പറയാം. അതിന്റെ കരച്ചിൽ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തന്നെയാണ്. അവിടെ വരുന്നവരും പോകുന്നവരും ഒക്കെ അതിനെ നോക്കി അഭിപ്രായങ്ങൾ പാസ്സാക്കുന്നുണ്ട്‌. നമ്മുടെ വീട്ടിലും അഭിപ്രായങ്ങൾക്ക് ക്ഷാമം ഒന്നുമുണ്ടായില്ല. രാവിലെ എണീറ്റപ്പോൾ ഭർത്താവിന്റെ അരിശം പൂണ്ട വാക്കുകൾ, "ഈ ആടിനെന്തിന്‍റെ കേടാ..? എന്തൊരു കരച്ചിലാണിത്..ചെവിതല കേള്‍പ്പിക്കില്ലല്ലോ..."

അതു കേട്ടു അമ്മ പറഞ്ഞു, "അതിനു സ്ഥലം മാറിയിട്ടാവും.ചിലപ്പോ വല്ല പരിപാടിക്കും വെട്ടാന്‍ കൊണ്ട് വന്നതാവാനും മതി..." ഓഹ്! അതു കേട്ടപ്പോള്‍ നെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെ. സത്യം പറഞ്ഞാൽ,നാല് നേരവും അതിനെ ഒന്ന് ചെന്ന് നോക്കിയില്ലെങ്കിൽ ഉറക്കം വരില്ലെന്ന അവസ്ഥയായിരുന്നു. അപ്പോഴാണ്‌ ഇങ്ങനെ ഒരു അഭിപ്രായം. ഇതിത്തിരി കൂടിപോയില്ലേ എന്ന് അമ്മയോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ,രണ്ടു പേരും കൂടെ കൂടുതൽ അഭിപ്രായങ്ങൾ മെനഞ്ഞെടുക്കാൻ അത് വഴി ഒരുക്കിയാലോ എന്നോർത്ത് അത് വേണ്ടെന്നു വച്ചു. അതിനെ വളർത്താൻ തന്നെ കൊണ്ട് വന്നതായിരിക്കും എന്ന് മനസ്സ് തറപ്പിച്ചു പറഞ്ഞു. അന്ന് മുഴുവനും ഇടയ്ക്കിടെ ബാൽകണിയിൽ ചെന്ന് എത്തി നോക്കിക്കൊണ്ടിരുന്നു,അതവിടെ തന്നെ ഉണ്ടോ എന്ന്. ചിലപ്പോളൊക്കെ ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി നമ്മുടെ മനസ്സ് ആധി പിടിക്കാറില്ലെ അത് പോലെ...

പിറ്റേന്ന് ഒരു ഉച്ചയായപ്പോൾ മുതൽ ആടിന്റെ കരച്ചിലൊന്നും കേൾക്കുന്നില്ല. ചെന്ന് നോക്കുമ്പോൾ അതിനെ അവിടെയെങ്ങും കാണുന്നുമില്ല. ഞാൻ അവരുടെ വീടിനുള്ളിലേക്ക് എത്തി വലിഞ്ഞു നോക്കി. വീടിന്റെ മുന്നിലെ വലിയ ഗുൽമോഹർ മരം എന്റെ കാഴ്ച്ചയെ മറക്കുന്നുണ്ട്‌. എങ്കിലും,എനിക്ക് കാണാം. വീട്ടിൽ സാധാരണയിൽ അധികം ആളുകൾ, ബഹളങ്ങൾ... എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിക്കുകയാണ്. ഞാൻ കഷ്ടപ്പെട്ട് ബാൽകണിയിലെ കൈവരിയിലെ ആദ്യത്തെ കമ്പിയിൽ തൂങ്ങി നിന്ന് വീണ്ടും ശ്രദ്ധിച്ചു നോക്കി. നല്ല മസാലയുടെ മണം വരുന്നുണ്ട്. ഒരു വലിയ ചരുവത്തിൽ കഴിക്കാനുള്ള എന്തോ വച്ചിട്ടുണ്ട്. അമ്മ പറഞ്ഞത് പോലെ,ഈശ്വരാ..!അവരതിനെ കശാപ്പു ചെയ്തു തിന്നുകയാണോ? മനസ്സിൽ നിന്നും അച്ഛമ്മയുടെ പ്രതിരൂപവും മാലാഖയെ പോലുള്ള ആടും എല്ലാം ഒഴുകി ഒലിച്ചു പോകുന്നു.

എന്നിട്ടും ആശയുടെ ഒരു കൊച്ചു തരിമ്പു അപ്പോഴും ഉള്ളിലുണ്ടായിരുന്നു. വൈകീട്ടായിട്ടും അതിനെ കാണാതായപ്പോൾ ഉറപ്പിച്ചു. അവർ കൊന്നത് തന്നെയായിരിക്കും. കശ്മലന്മാർ...! മനസ്സ് അറിയാതെ തേങ്ങി. രണ്ടര വയസ്സായ എന്റെ മകൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു, "അമ്മേ... ആട്ടുമ്പ എന്തിയേ...?? കാണാനില്ലല്ലാ...." അവളുടെ മുഖത്തെ നിഷ്കളങ്കതയില്‍ പൊതിഞ്ഞ വേവലാതി എനിക്കു മനസ്സിലാവുന്നു. നിനക്കെന്തു മറുപടിയാണ് ഞാൻ തരേണ്ടത്‌? അന്ന് രാത്രി  മുഴുവനും ഉറക്കമില്ലാത്ത എന്റെ മനസ്സും കണ്ണുകളും എന്നെ അലട്ടിക്കൊണ്ടെയിരുന്നു. പിറ്റേന്ന് രാവിലെ 9 മണി ആയിക്കാണും. ദാ,ഒരു കരച്ചിൽ! പക്ഷെ ഇത് ആ പഴയ കരച്ചിലല്ല. എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഓടിച്ചെന്നു നോക്കുമ്പോൾ കണ്ട കാഴ്ച!! എന്റെ മനസ്സപ്പോൾ സന്തോഷവും ആശ്വാസവും അത്ഭുതവും എല്ലാം കൂടിക്കുഴഞ്ഞ ഒരു അവസ്ഥയിലെത്തിയിരുന്നു. ഞാനെന്റെ മകളെ വിളിച്ചു കൊണ്ട് വന്നു,ആ കാഴ്ച കാണിക്കാൻ...

അവളുടെ കൊച്ചു കൈകൾ കൂട്ടിയടിച്ചു കൊണ്ടു അവള്‍ പറഞ്ഞു, "അമ്മേ...ദേ...ഒരു കുഞ്ഞാട്ടുമ്പ....ബാ..ബാ..ബ്ലാശീപ്...." കുഞ്ഞു ചുണ്ടുകള്‍ പാടിത്തുടങ്ങി... കൂടെ എന്‍റെ കൊച്ചു മനസ്സും....!

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ