മാണിക്യം
"ഈ കള്ളന്മാർ കഴിക്കണ അപ്പാണോ അച്ഛമ്മേ കള്ളപ്പം?"
ആറ് വയസുകാരി പാപ്പുവിൻ്റെ ചോദ്യം കേട്ട് അച്ഛമ്മക്ക് ചിരി പൊട്ടിയെങ്കിലും, പൊട്ടിയ ചിരി പുറത്തേക്ക് ചാടാതെ വായ്ക്കുള്ളിലേക്ക് തന്നെ തിരിച്ചിട്ടു കൊണ്ട് അവർ പറഞ്ഞു.
"ഓരോരോ പൊട്ട ചോദ്യം ചോയ്ക്കാണ്ട് പോയി കള്ള് വാങ്ങീട്ട് വാ ക്ടാവേ..."
പാപ്പുവിന് കള്ളന്മാരെ പേടിയാണ്. കള്ളന്മാർ എന്ന് വച്ചാൽ കള്ള് കുടിക്കുന്നവർ എന്നാണ് അവളുടെ അർത്ഥശാസ്ത്രം. പക്ഷേ കള്ളന്മാരെ നേരിട്ടു കാണാനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല, അച്ഛമ്മ കള്ള് വാങ്ങാൻ ആദ്യമായി കള്ളുഷാപ്പിൽ കൂടെ കൊണ്ടു പോയ ദിവസം വരെ. ഇപ്പോ വീട്ടില് കള്ളപ്പം ഉണ്ടാക്കണമെങ്കിൽ പാപ്പു വേണം. പൊക്കത്തുള്ള വീടിൻ്റെ ഇറക്കത്തിൽ തന്നെയാണ് റോഡ് സൈഡിലെ ഓടിട്ട ആ കൊച്ചു കള്ളുഷാപ്പ്. ഗേറ്റ് വഴി പുറത്ത് കടക്കാതെ തന്നെ കമ്മ്യൂണിസ്റ്റ് പച്ചയേയും ചേമ്പിലകളെയും വകഞ്ഞു മാറ്റി, കുഞ്ഞു മുക്കുറ്റികളെ ചവിട്ടിയരച്ചു കൊണ്ട് പറമ്പിൻ്റെ ഒരറ്റം ചേർന്ന് നടന്ന് കുട്ടൻ പെലയൻ കെട്ടിയ വേലി ചാടി കടന്നാൽ എളുപ്പത്തിൽ കള്ള്ഷാപ്പിൽ ചെന്നു കേറാം. പാപ്പുവിനെ എല്ലാവർക്കും പരിചയമാണ് അവിടെ. കള്ളുഷാപ്പിൽ പോയി തുടങ്ങിയപ്പോളല്ലേ മനസ്സിലായത്, കള്ള് കുടിക്കുന്നവരൊക്കെ സ്നേഹനിധികളും കരുണാകരന്മാരും ഒക്കെ ആണെന്ന്. തന്നോട് എത്ര സ്നേഹത്തോടെയാണ് മിണ്ടുക. ചിലരൊക്കെ നാരങ്ങ മിഠായിയും തരും. അപ്പോ പിന്നെ ഇവര് കള്ളൻമാരാവില്ല, അവൾ ഉറപ്പിച്ചു.
അമ്മ പറഞ്ഞിരിക്കുന്നത് കള്ളു ഷാപ്പിൽ ചെന്ന് ആരോടും മിണ്ടാനൊന്നും നിൽക്കണ്ടെന്നാണ്. പക്ഷേ, നാരങ്ങാ മിഠായി തരുന്ന മിഠായി അപ്പൂപ്പനും, കറുത്ത തൊപ്പി വച്ച പട്ടാളക്കാരനെ പോലെ തോന്നിക്കുന്ന പട്ടാളം അപ്പൂപ്പനും പിന്നെ എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന ചിരിമാമനും ഒക്കെ അവളോട് വിശേഷം ചോദിക്കുമ്പോൾ എങ്ങനെയാണ് തിരിച്ചു മിണ്ടാതിരിക്കുക.
ഷാപ്പിലെ മെലിഞ്ഞു കൂനി നടക്കുന്ന മൊട്ടത്തലയുള്ള അപ്പൂപ്പൻ ഒരു കുടത്തിൽ നിന്ന് അവളുടെ വെള്ളിനിറമുള്ള തൂക്കു പാത്രത്തിലേക്ക് കള്ള് പകർന്നു കൊടുത്തു. കള്ള് കുടിച്ചു കൊണ്ടിരുന്ന ചില അമ്മാവന്മാർ അവളെ നോക്കി വാത്സല്യത്തോടെ തലയാട്ടി പല്ലിളിച്ചു കാണിച്ചു. അവളും വെളുക്കെ ചിരിച്ചു കാണിച്ചു . തിരിച്ചു നടക്കുമ്പോൾ കള്ളിൻ്റെ പുളിച്ച രുചി ഓർത്ത് അവളുടെ വായിൽ വെള്ളമൂറി. ചുമ്മാതൊന്നുമല്ല അവളീ സഹായം ചെയ്യുന്നത്. വാങ്ങിക്കൊണ്ടു വരുന്ന കള്ളിൽ നിന്ന് ഒരു കവിൾ അമ്മ കാണാതെ അച്ഛമ്മ അവൾക്ക് രുചി നോക്കാൻ കൊടുക്കും. അതിനു വേണ്ടി മാത്രമാണ് ഈ പരസഹായം. ബാക്കിയുള്ള കള്ളിൻ്റെ ഒരു ഭാഗം കള്ളപ്പത്തിനും ഒരു ഭാഗം മുത്തപ്പനും. മുത്തപ്പന് കള്ളിൻ്റെ കൂടെ പൊടിയാണ് ഇഷ്ടം. മുത്തപ്പൻ കുടിച്ച് ബാക്കിയുള്ള കള്ളും പൊടിയും നമുക്കെടുക്കാം. അപ്പോ അതിൽ നിന്നും കിട്ടും വീണ്ടും ഒരു കവിൾ. ഒരിച്ചിരി കള്ള് കുടിച്ചെന്ന് വച്ച് ക്ടാങ്ങൾക്ക് ഒന്നും പറ്റാൻ പോണില്ലെന്ന് അച്ഛമ്മ പറയും.
തൂക്കു പാത്രവും തൂക്കി വീടിൻ്റെ മുന്നിലെത്തിയതും പരിചയമില്ലാത്ത ഒരു കറുത്തിരുണ്ട രൂപത്തെ കണ്ട് പാപ്പു സ്വിച്ചിട്ട പോലെ നിന്നു. കണ്ടിട്ട് കള്ളനെ പോലുണ്ട്. പകല് വരോ ഈ കള്ളന്മാർ? കള്ളിമുണ്ടാണ് വേഷം. അതയാൾ മടക്കിക്കുത്തിയിരുന്നു. ഒരു മുഷിഞ്ഞ ചുവന്ന തോർത്ത് അരയിൽ കെട്ടിയിട്ടുണ്ട്. അയാൾ നിലത്ത് കുന്തിച്ച് കുത്തിയിരിപ്പാണ്. ചെറുപ്പക്കാരനാണ്. ഇനി പുഷ്കരനെങ്ങാനും ആണോ? പുഷ്കരനെ അറിയില്ലേ? നാട്ടിലെ പ്രധാന കള്ളനാണ്. നീട്ടി വളർത്തിയ ഒറ്റ നഖത്തിനിടയിൽ ബ്ലേഡ് ഒളിപ്പിച്ചു വയ്ക്കും. അതെങ്ങനെയാണെന്ന് ഇന്നേ വരെ ഒരു പിടിത്തവും കിട്ടിയിട്ടില്ല. എന്നിട്ട് ബസ്സിൽ ഒരു യാത്രക്കാരനെ പോലെ അയാൾ കയറും. ഒരു വിദഗ്ധനായ സർജൻ എത്ര മാത്രം സൂക്ഷ്മതയോടെ രോഗിയുടെ ശരീരം കീറിമുറിക്കുന്നുവോ അത്രമേൽ സൂക്ഷ്മതയോടെ അയാൾ ആളുകളുടെ പേഴ്സും ബാഗും ഒക്കെ കീറിമുറിച്ച് അതിനുള്ളിലെ പൈസയും സ്വർണ്ണപണ്ടങ്ങളും ഒക്കെ സ്വന്തമാക്കി അടുത്ത സ്റ്റോപ്പിൽ അയാൾ ഒന്നുമറിയാത്തത് പോലെ ഇറങ്ങി പോകും. അങ്ങനെ വീട്ടിലും നാട്ടിലും ആകെ പറഞ്ഞു കേട്ടിട്ടുള്ള, പാപ്പുവിന് ആകെ അറിയാവുന്ന കുപ്രസിദ്ധനായ ഒരേ ഒരു കള്ളനാണ് പുഷ്ക്കരൻ.
പക്ഷേ, ഈ ഇരിക്കുന്ന ആളുടെ വിരലുകളിൽ ഒന്നിലും നീണ്ട നഖങ്ങളില്ല. അപ്പോ ഇയാൾ അയാളല്ല. ഒരു കൊച്ചു നെടുവീർപ്പ് കുഞ്ഞു ചുണ്ടുകളിൽ കൂടി പറന്നു പോയി. ഇയാളുടെ കൈകാലുകൾക്കൊക്കെ ഒക്കെ എന്തൊരു മസിലാണ്! ഉരുണ്ടുരുണ്ട്. ആകെ ഒരു മസിലാമണി തന്നെ! രാത്രിയുടെ ഇരുട്ട് മുഴുവനും ദേഹത്ത് വാരി തേച്ചത് പോലുണ്ട്. വടക്കെപ്പുറത്ത് നിക്കണ ഗമണ്ടൻ കരിവീട്ടി മരം പോലെയോ, അമ്പലത്തിലെ കൽവിഗ്രഹം പോലെയോ ഒക്കെ തോന്നി അവൾക്ക്. മേലാകെ മിനുങ്ങുന്ന ഇരുട്ടിനിടയിലും തിളങ്ങുന്ന രണ്ടു കണ്ണുകൾ എന്നും രാത്രിയിൽ ആകാശത്ത് കാണാറുള്ള നക്ഷത്രങ്ങളെ ഓർമ്മിപ്പിച്ചു. അവളെ കണ്ടതും അയാൾ ഒന്നു ചിരിച്ചു. ആഹാ... നല്ല നിരയൊത്ത പല്ലുകൾ മുറുക്കി ചുവപ്പിച്ചിട്ടുണ്ട്. ആ ചിരിക്കൊരു വേറെ ഭംഗി. പൊക്കം കുറഞ്ഞ് കുറച്ചൊന്ന് ഉരുണ്ടിട്ടാണ്. മൊത്തത്തിൽ ഒരു കറുത്ത കൊമ്പനാന മുറുക്കി ചുവപ്പിച്ച് നിൽക്കുന്നത് പോലെയുണ്ട്. ഒരാനചന്തം.
അവളങ്ങനെ നിൽക്കുമ്പോളുണ്ട് വല്യച്ഛനും അച്ഛമ്മയും കലപില കൂട്ടി പുറത്തേക്ക് വന്നു.
അച്ഛമ്മ അയാളെ കണ്ടതും ഒരു ആശ്ചര്യഭാവം കൈക്കൊണ്ടു.
"തത്തേയ്!! നീയോ മാണിക്യാ!!"
അവൾ ഓടി അകത്ത് കയറി വാതിലിന് പുറകിൽ ഒളിച്ചു നിന്നു കാര്യങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ചു. അറിയണമല്ലോ ആരാണ് പോർക്കളത്തിൽ ഒരു പുതിയ ഭടൻ എന്ന്. അവരുടെ സംഭാഷണങ്ങൾ ഒന്നും തന്നെ അവൾക്ക് മനസ്സിലാകുന്നതേ അല്ലായിരുന്നു. കുറെയേറെ പരിശ്രമിച്ചിട്ടും പ്രത്യേകിച്ച് ഒന്നും തന്നെ പിടികിട്ടിയില്ല. അയാളുടെ പേര് മാണിക്യൻ എന്നാണെന്നും, അയാളിനി ഇവിടൊക്കെ തന്നെ കാണുമെന്നും മാത്രം അവൾക്ക് തിരിഞ്ഞു. അല്ലെങ്കിലും ഈ വല്യോർ വല്യോരുമായി സംസാരിക്കുമ്പോൾ ഒരു പ്രത്യേക ഭാഷയാണ് സംസാരിക്കണേന്ന് തോന്നും. ക്ടാങ്ങളോട് വേറെ ഭാഷയും. അതോണ്ടാണ് വലിയോരു പറയണത് പലതും മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിയാത്തത്.
എന്തായാലും അന്ന് മുതൽ വീട്ടിലെ ഒരംഗത്തെ പോലെയായി മാണിക്യൻ. വർഷങ്ങൾക്ക് ശേഷം ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ വല്യച്ഛൻ്റെ സന്തത സഹചാരിയായി അയാൾ മാറി. എങ്ങോട്ട് പോവുമ്പോഴും കുടുകുടാ ബുള്ളറ്റിന് പുറകിൽ അയാളുണ്ടാവും, ഒരു കരിംപൂച്ചയെ പോലെ. കണ്ടിട്ടില്ലേ, വല്യ വല്യ ആൾക്കാരെ ഒക്കെ കള്ളന്മാർ പിടിക്കാതെ ഇരിക്കാൻ കൂടെ നടക്കുന്ന തടിമാടൻമാരെ. അതുപോലെ തോന്നും പാപ്പുവിന് മാണിക്യനെ കാണുമ്പോൾ. ഗൾഫിൻ്റെ പുതുമണം മാറാത്ത, കല്യാണം കഴിക്കാത്ത, സുന്ദരനായ വല്യച്ഛനെ സംരക്ഷിക്കുന്നത് മാണിക്യനാണ്, അയാളുടെ കറുത്തുരുണ്ട മസിലുകളാണ് എന്നവൾ വിശ്വസിച്ചു പോന്നു. അയാളുടെ കറുത്ത് തഴമ്പിച്ച കൈകളിൽ വല്യച്ഛൻ സുരക്ഷിതനാണ്.
ഇത്രയൊക്കെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അയാൾ അനാവശ്യമായി വീടിനകത്ത് കയറാറില്ല. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാറില്ല. കുട്ടികളോടും അനാവശ്യമായി ഒരു സംസാരത്തിനും വരില്ല. എന്നാലും പാപ്പുവിനെ കാണുമ്പോൾ മുറുക്കി ചുവന്ന പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് വിശേഷം ചോദിക്കും. അത്ര തന്നെ. പറമ്പിലെ പണികളിൽ എല്ലാം മാണിക്യൻ്റെ കൈകളുണ്ടാവും. എന്തു പണിയും ഒരു മടിയും കൂടാതെ ചെയ്യും അയാൾ.
ഇതെല്ലാം ശെരി. പാപ്പുവിന് പിടി കിട്ടാത്ത ഒരു കാര്യമുണ്ട്. മാണിക്യൻ്റെ വീടെവിടെയാണ്? അല്ലെങ്കിൽ അയാൾ എവിടെയാണ് കിടന്നുറങ്ങുന്നത്? രാത്രി പാപ്പു ഉറക്കം പിടിക്കുമ്പോൾ അയാൾ അവിടെയൊക്കെ തന്നെ കാണും. രാവിലെ എണീറ്റ് പല്ല് തേക്കാൻ പുറത്തേക്കിറങ്ങിയാൽ ദാണ്ടേ ആളവിടെ ഹാജർ. ഒരിക്കൽ അച്ഛമ്മയോട് ചോദിച്ചു, അപ്പോ പറഞ്ഞു, "അവനോ? അവന് അവനി തന്നെ വീട്" എന്ന്. അവൾക്കൊന്നും മനസ്സിലായുമില്ല. പറഞ്ഞില്ലേ, ഈ വല്യോരുടെ ഒരു ഭാഷ! ഒരു വക തിരിയില്ല. പാപ്പുവിന് തോന്നീട്ടുള്ളത് മാണിക്യൻ ആകാശത്തൂന്ന് പൊട്ടി വീണതാണെന്നാണ്. എവിടന്നു വന്നു, എപ്പോൾ വന്നു, എന്തിന് വന്നു, എങ്ങോട്ട് പോകുന്നു...ഇതിനൊന്നും ഉത്തരമില്ല.
ആർക്കുമറിയാത്ത ഒരാൾ, എവിടുന്നോ വന്ന ഒരാൾ. അയാൾക്ക് എന്തൊക്കെയോ നിഗൂഢ ലക്ഷ്യങ്ങൾ ഉണ്ടാവണം. അയാളെപറ്റി കൂടുതൽ അറിയണം.
രാത്രികളിൽ വീട്ടിൽ എല്ലാവരും ഉറക്കം പിടിച്ചാൽ അയാൾ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് ഒരു മിന്നായം പോലെ പറന്നു പോകുന്നത് അവൾ മനസ്സിൽ കണ്ടു. അവളുടെ സ്വപ്നങ്ങളിൽ അയാൾ ഒരു മായാജാലക്കാരനായും മന്ത്രവാദിയായും നക്ഷത്രമായും ഒക്കെ വന്നു പോയി. അയാൾക്കു ചുറ്റും ഒരു നിഗൂഢത പടർന്നു പന്തലിക്കുന്നത് പോലെ, അന്നാട്ടിലെ കുറ്റിക്കാടുകളെല്ലാം പതിവിലും കൂടുതൽ പടർന്നു പന്തലിച്ചതായി അവൾക്കു തോന്നി.
ഈ മാണിക്യൻ്റെ വീട് എവിടെയാന്ന് കണ്ടു പിടിക്കണം. കുറെ നാളായി വിചാരിക്കുന്നതാണ്. അപ്പുറത്തെ വീട്ടിലെ രാരിയുമായി ഇതിനെ പറ്റി കൂലങ്കുഷമായ ചർച്ചകൾക്ക് ശേഷമാണ് അന്ന് വൈകുന്നേരം പണി കഴിഞ്ഞ് പോകുന്ന മാണിക്യൻ്റെ പിറകേ പോകാനുള്ള തീരുമാനമായത്. ആരും കാണാതെ വേണം. വൈകുന്നേരം വിളക്ക് കൊളുത്തുന്നതിന് മുന്നേ തിരിച്ചു വരാം. ചില ദിവസങ്ങളിൽ അയാൾ നേരത്തേ പണി കഴിഞ്ഞിറങ്ങും. അങ്ങനെയുള്ള ഒരു ദിവസമായിരുന്നു അത്. രണ്ടു പേരും കളിക്കാനെന്ന വ്യാജേന പറമ്പിലേക്കിറങ്ങി. മാണിക്യൻ പടി കടന്നിറങ്ങിയതും, ഉമ്മറത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തി രണ്ടു പേരും ഒരൊറ്റ ഓട്ടത്തിന് പടിക്കു പുറത്തെത്തി. ടാറിട്ട മെയിൻ റോഡിൽ നിന്നും കുറച്ച് മുൻപോട്ട് നടന്നാൽ ഇടത് വശത്തെ പ്ലാവിൻ്റെ അരികിലൂടെ ഒരു മണ്ണിട്ട ഇടവഴിയുണ്ട്. അയാൾ അങ്ങോട്ട് തിരിഞ്ഞു. മുന്നിൽ നീട്ടി വലിച്ചു നടന്നു പോകുന്ന ആ ആനച്ചന്തത്തിനു പിറകേ കുഞ്ഞു കാലുകൾ ഏന്തി വലിഞ്ഞു നടക്കാൻ ബുദ്ധിമുട്ടി.
ഇടവഴി തീരുന്നിടത്ത് രണ്ടു ചാലുകൾ പോലെ പിരിഞ്ഞു പോകുന്ന കൊച്ചു ചെമ്മൺ പാതകളാണ്. ഇടത്തോട്ട് പോയാൽ പാപ്പുവിൻ്റെ ക്ലാസിലെ അമലയുടെ വീടെത്താം. പാപ്പു പോയിട്ടുണ്ട് പല തവണ. വലത്തോട്ടുള്ള വഴി പക്ഷേ ഒരു പരിചയമില്ല. അമ്മ പറഞ്ഞിട്ടുണ്ട് ആ വഴി പോകരുത്, അവിടെയാണ് കരിച്ചില പെലയനുള്ളതത്രേ. കരിച്ചില പെലെയനെ അറിയില്ലേ? അയ്യോ! കണ്ടാലേ പേടിയാവും. വയസ്സനാ. കുട്ടികളെ പേടിപ്പിക്കലാണ് അയാളുടെ സ്ഥിരം വിനോദം. കാലിൻ്റെ കണങ്കാലിന് മുകളിൽ നിൽക്കുന്ന കറുത്ത മുണ്ട്. കണ്ണുകൾ രാക്ഷസൻ്റേത് പോലെ ചുവന്നിരിക്കും. വായിൽ എപ്പോ നോക്കിയാലും മുറുക്കാനാണ്. കൂനിക്കൂടി ഒരു വടിയും കുത്തി വേച്ചു വേച്ചു നടന്നു വരും. തോളിൽ ഒരു ഭാണ്ഡക്കെട്ട്. അതില് അയാൾ മയക്കി പിടിച്ചുകൊണ്ട് പോണ കുട്ടികളാണത്രേ! അച്ഛമ്മയുടെ അടുത്ത് വന്നിരുന്ന് എന്തെങ്കിലും ഒക്കെ പറയും. പാപ്പുവിനെ കണ്ടാൽ പിന്നെ മുരടനക്കി ഒരു വല്ലാത്ത ഒച്ചയുണ്ടാക്കും. എന്നിട്ട് കണ്ണുരുട്ടി അവളെ പിടിക്കാൻ വരുന്നത് പോലെ കൈകൾ നീട്ടും. അതു കാണുന്നതും പാപ്പു വലിയ വായിൽ കരഞ്ഞു കൊണ്ട് ഓടും. അപ്പോ അച്ഛമ്മ കരിച്ചില പെലയനെ ശകാരിച്ചു കൊണ്ട് പറയും,
"ഔ! ക്ടാവിനെ പേടിപ്പിക്കാണ്ടിരിക്കൊന്ന്".
അയാൾ അപ്പോൾ ഉറക്കെ കാറി ചിരിക്കും. അതവളെ ഒന്നൂടെ ഭീതിപ്പെടുത്തും. കുഞ്ഞു വാ കൂടുതൽ ഉറക്കെ കരയും. ഒരു ദിവസം അവളെയും ആ ഭാണ്ഡക്കെട്ടിൽ അയാൾ പിടിച്ചിടും എന്നവളുടെ കുഞ്ഞുമനസ്സ് ഉറച്ചു വിശ്വസിച്ചു പോന്നു. അച്ഛമ്മ എന്തിനാണ് ഇങ്ങനെയുള്ളവരെയൊക്കെ വീട്ടിലേക്ക് കേറ്റണേ ആവോ! അവൾക്ക് തീരെ പിടി കിട്ടുന്നില്ല ഈ വലിയവരെ.
വലത്തോട്ടുള്ള ആ വഴിയിലേക്കാണ് മാണിക്യൻ പോകുന്നത്. ഇനിയങ്ങോട്ട് പിറകേ പോകണോ അതോ തിരിച്ചു വീട്ടിൽ പോകണോ എന്നറിയാതെ പാപ്പുവും രാരിയും കുറച്ചു നേരം മിഴിച്ചു നിന്നു. പിന്നെ രണ്ടു പേരും കൈകൾ കോർത്തു പിടിച്ചു കൊണ്ട് വലത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഏതായാലും നനഞ്ഞു, ഇനിപ്പോ കുളിച്ചു കേറാം എന്നു പറഞ്ഞ പോലെ രണ്ടു പേരും വെച്ചടി വെച്ചടി നടന്നു. ഇടവഴിയുടെ ഇരു ഭാഗത്തും വേലികളിൽകൂടി ഇലപ്പടർപ്പുകൾ കാട് പോലെ ഭ്രാന്തമായി പടർന്നു പിടിച്ചിരിക്കുന്നു. പാപ്പു പറമ്പിലൊന്നും ഇതുവരെ കാണാത്ത ഏതൊക്കെയോ ചെടികൾ. ചുറ്റും ഭയപ്പെടുത്തുന്ന ഒരു ഇരുട്ട് പടർന്നിരിക്കുന്നു. എന്തൊക്കെയോ മന്ത്രോച്ചാരണങ്ങൾ പോലെയും മണിയടിയുടെയും ശബ്ദങ്ങൾ അടുത്തടുത്തു വന്നു. അല്പം മുന്നോട്ട് നടന്നതും വേലിക്കെട്ടിനകത്ത് കുറച്ചു കുടിലുകൾ കാണാറായി. എല്ലാം അടുത്തടുത്ത്. അതിന് ഒത്ത നടുക്ക് എന്തൊക്കെയോ പൂജകൾ നടക്കുന്നുണ്ട്. മാണിക്യൻ എവിടെ? അയാൾ അതാ അപ്രത്യക്ഷനായിരിക്കുന്നു. പാപ്പു രാരിയുടെ മുഖത്തേക്ക് നോക്കി, 'ഞാൻ പറഞ്ഞില്ലേ...' എന്ന ഭാവത്തിൽ. വേലിക്ക് പുറത്ത് ചെടികൾക്കിടയിൽ ഒളിച്ചു നിന്നു നിരീക്ഷിക്കാൻ അവർ തീരുമാനിച്ചു.
ഒരു വല്ലാത്ത രീതിയിൽ ചൊല്ലിപ്പോകുന്ന മന്ത്രോച്ചാരണങ്ങൾക്കിടയിലൂടെ, ഒത്ത നടുക്ക് പൂജകൾ ചെയ്യുന്ന രണ്ടു ചുവന്ന കണ്ണുകൾ. അയാളുടെ കൈയിൽ ഒരു കൊച്ചു കുഞ്ഞ് തളർന്നു കിടക്കുന്നു. പെട്ടെന്ന് ആ ചുവന്ന കണ്ണുകൾ അവളെ തറപ്പിച്ചു നോക്കി. അവൾ രാരിയുടെ കൈകൾ ഇറുക്കിപ്പിടിച്ചു കൊണ്ട് വിറയാർന്ന ശബ്ദത്തിൽ പതുക്കെ പറഞ്ഞു, "കരിച്ചിലപെലയൻ!". അയാൾ അവരെ കണ്ടിട്ടുണ്ട്, ഉറപ്പ്. അയാൾ തട്ടിക്കൊണ്ടു വന്ന കുഞ്ഞുങ്ങളിൽ ഒന്നായിരിക്കണം അത്. അതിനെ അയാൾ കൊല്ലും. ചിലപ്പോൾ നമ്മളെയും! മാണിക്യനെവിടെ? ബഹളങ്ങൾക്കിടയിലൂടെ അയാൾ മാണിക്യനെ വിളിക്കുന്നത് കേൾക്കാം. ഏതോ ഒരു കൂരയിൽ നിന്ന് മാണിക്യൻ അവിടെ പ്രത്യക്ഷനായി.
"എടാ, ക്ടാങ്ങള് ഒറ്റക്ക് ഇരുട്ടത്ത് വന്നേക്കാ. ഒറ്റയ്ക്ക് വിടണ്ടാ." രാക്ഷസൻ പറഞ്ഞു.
"അയ്യോ! നമ്മളെ പിടിക്കാനാ. മാണിക്യനും അയാൾടെ ആളാ. ബാ... ഓടിക്കോ. ഇല്ലെങ്കി നമ്മളേം കൊല്ലും അയാള്." രാരി അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് വന്ന വഴിയേ തിരിഞ്ഞോടാൻ തുടങ്ങി. മാണിക്യൻ പിറകെയും.
ഏത് പണ്ടാരടങ്ങിയ നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്. അമ്മയെ കാണണം. അയ്യോ! അതിനു മുന്നേ ഇവർ നമ്മളെ കൊന്നാലോ! പാപ്പു വലിയ വായിൽ കരഞ്ഞു. മാണിക്യൻ ഉറക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. "നിക്ക് നിക്ക്... ഒറ്റക്ക് പോണ്ടാ" എന്നോ മറ്റോ. നമ്മളെ പിടിക്കാനുള്ള സൂത്രമാണ്. നിൽക്കരുത്. ഓടിക്കൊണ്ടേയിരിക്കുക. മനസ്സ് പറഞ്ഞു. എത്ര ഓടിയിട്ടും മണ്ണിട്ട ഇടവഴി തീരാത്ത പോലെ. ഒടുവിൽ അതാ ടാറിട്ട റോഡ് കാണാം, ദൂരെ. എങ്ങനെയെങ്കിലും അവിടേക്കെത്തണം. തിരിഞ്ഞു നോക്കാതെ വലിയ വായിൽ മിടിക്കുന്ന ഹൃദയവും കൊണ്ട് ഓടിയോടി, കാലുകൾ ടാറിൻ്റെ പരുപരുത്ത പ്രതലത്തിൽ തട്ടിയപ്പോളാണ് ചെരുപ്പൊക്കെ ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ടിരിക്കുന്നു എന്ന കാര്യം അവളറിഞ്ഞത്. ഇന്ന് അടി ഉറപ്പിച്ചു. നേരം വൈകിയതിനും, ചെരുപ്പ് കളഞ്ഞതിനും ഒക്കെക്കൂടി. പക്ഷേ, പാപ്പു കണ്ട് പിടിച്ച സത്യങ്ങൾ കേൾക്കുമ്പോൾ അവരെല്ലാം ഞെട്ടും. അതോടെ ചിലപ്പോൾ അടി ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.
റോഡിലൂടെ അതിവേഗത്തിൽ പോകുന്ന ഒരു ടിപ്പർ ലോറിയേയും കടന്ന് തിരിഞ്ഞു നോക്കാതെ, ഓടുമ്പോൾ പുറകിൽ എന്തൊക്കെയോ ബഹളങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. കുത്തനെ ഇറക്കമുള്ള ചരൽമണ്ണ് പാകിയ, വേലി കെട്ടി തിരിച്ച, ഇല്ലാത്ത ഗേറ്റും കടന്ന് വീടിൻ്റെ മുറ്റത്തെത്തിയതും ഉമ്മറത്ത് വിളക്ക് കൊളുത്തി, കാലും നീട്ടി നാമം ജപിക്കുന്ന അച്ഛമ്മ ഒരൊറ്റ ചീറ്റൽ.
"സുധേ... ദേ ക്ടാങ്ങള് വന്നൂട്ടാ. ആ പുളിവാറിങ്ങെടുത്തോ. നേരം പോയ നേരത്ത്ണ്ട് അവള് തുള്ളാൻ പോയേക്കണ്."
ഇത് പ്രതീക്ഷിച്ചതാണ്. പക്ഷേ, അമ്മ വടിയും കൊണ്ട് എത്തിയതും അവിടെ മറ്റു ചില സംഭവങ്ങൾ നടന്നിരുന്നു. റോഡിലൂടെ പോയ ആരോ അച്ഛമ്മയോട് ഉറക്കെ ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
" അമ്മാളുചോത്തീ... മ്മടെ മാണിക്യൻ പോയീ..."
അമ്മ കേട്ട പാതി കേൾക്കാത്ത പാതി "എൻ്റെ ദൈവേ..!" എന്നുറക്കെ പറഞ്ഞുകൊണ്ട് നെഞ്ചത്ത് കൈ വച്ചു. അച്ഛമ്മ വെപ്രാളപ്പെട്ട് ചുമരിൽ കൈ താങ്ങി എണീക്കാൻ പാടുപെട്ടു. ആരൊക്കെയോ വന്ന് അച്ഛമ്മയെ പിടിച്ചെണീപ്പിച്ചു.
"അമ്മാളുചോത്തി ഇപ്പൊ അങ്ങ്ട് പോണ്ട. ലോറി ഇടിച്ചതാ. ആളറിയാൻ പറ്റാത്ത സ്ഥിതിയാ. തലച്ചോറൊക്കെ ചിതറി..."
"ദൈവേ... കൊച്ചിന് വയ്യാത്തോണ്ട് നേരത്തെ പോട്ടെന്നും പറഞ്ഞു ഇവിടന്ന് പോയതേയുള്ളൂ." അച്ഛമ്മ വീണ്ടും താഴേക്കിരുന്നു. അവർ കരയുകയാണ്. പാപ്പു ഇന്നേവരെ കണ്ടിട്ടില്ല അങ്ങനൊരു കാഴ്ച. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് മാണിക്യന്. എന്തായാലും തല്ലു കൊള്ളാതെ രക്ഷപെട്ടു. എന്നാലും എന്താണീ തലച്ചോറ്? അങ്ങനൊരു ചോറിനെപ്പറ്റി കേട്ടിട്ടില്ല. തലക്കകത്ത് ചോറുണ്ടാവോ?
പാപ്പു അമ്മയെ തോണ്ടി, " എന്താമ്മേ ഈ തലച്ചോറ്?"
കരച്ചിലിനിടയിലൂടെ അവർ മകളെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു, "മാണിക്യൻ പോയി പാപ്പു. ഇനി വരില്ല."
രാരിയും പാപ്പുവും മുഖത്തോട് മുഖം നോക്കി. പാപ്പു അടക്കം പറഞ്ഞു, " ഞാൻ അപ്പോളേ പറഞ്ഞില്ലേ, അയാള് ആകാശത്തൂന്ന് പൊട്ടി വീണതാണ്ന്ന്. ഇനി വരൂലാ. അല്ലാണ്ട് പിന്നെ, തലക്കകത്ത് ആർക്കെങ്കിലും ചോറുണ്ടാവോ? മായാജാലക്കാരനാ അയാള്."
Comments
Post a Comment