തിരുപ്പതികാരം
കഴിഞ്ഞ തവണ തിരുപ്പതി പോകാൻ ബാഗ് വരെ റെഡി ആക്കി വെച്ചതിൻ്റെ, തലേന്നാണ് വല്യമ്മാവൻ മരിച്ചതും ആ യാത്ര മുടങ്ങിയതും. അതിനു മുൻപും ഇതുപോലെ ഒരു മുടക്കമുണ്ടായിട്ടുണ്ട്. എൺപതുകളുടെ തുമ്പത്ത് ഊഞ്ഞാലാടി നിൽക്കുന്ന മുത്തശ്ശിക്ക് ഇതൊരു ലാസ്റ്റ് ചാൻസ് ആണെന്ന് വേണമെങ്കിൽ പറയാം. വയസ്സ് ഇത്രയും ആയെങ്കിലും പുള്ളിക്കാരി ഒരു ജഗജില്ലി ആണേ. ഒരു കൊച്ചു മമ്മൂട്ടി! പ്രായത്തിൻ്റേതായ ചെറിയ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ പ്രത്യേകിച്ച് ഒരു കുഴപ്പവും മുത്തശ്ശിക്കില്ല തന്നെ. മക്കളും കൊച്ചുമക്കളും ഒക്കെ അങ്ങ് ഇന്ത്യക്ക് പുറത്താണെങ്കിലും എല്ലാവരും ഇടക്കൊക്കെ വന്നു സ്നേഹാന്വേഷണം നടത്തുന്ന ഒരു വാത്സല്യം കുടുംബമാണ് മുത്തശ്ശിയുടേത്. മുത്തശ്ശി അവരുടെ മമ്മൂട്ടിയും. അങ്ങനെയിരിക്കുമ്പോളാണ് ദുബായിലുള്ള മകളും കുടുംബവും അവധിക്ക് നാട്ടിൽ വരുന്നത്. അവർക്കും തിരുപ്പതി പോകണമെന്ന കഠിനമായ ആഗ്രഹം. അങ്ങനെ ഒരു തവണയെങ്കിലും വെങ്കടാചലപതിയെ നേരിട്ട് കാണണമെന്നുള്ള അത്യുൽക്കടമായ മോഹത്തിൽപ്പെട്ട് ഉഴലുന്ന മുത്തശ്ശിക്ക് അതിനുള്ള വഴി ഇതാ ഒത്തു വന്നിരിക്കുന്നു. ദൈവങ്ങൾ വിചാരിച്ചാൽ മാത്രമേ അവരെ കാണാൻ ചെല്ലാനുള്ള ഭാഗ്യം ഉണ്ടാവുള്ളൂ എന്നാണല്ലോ വിശ്വാസം. മുത...