അതിർത്തികൾ


റഷീദ് രണ്ടും കല്പിച്ചു താക്കോലെടുത്തിറങ്ങാൻ നില്ക്കുമ്പോളാണ് അഴകപ്പന്റെ വക മുന്നറിയിപ്പെത്തിയത് .

"ഡേയ്, എങ്ക പോറേ? സുമ്മാ അടി വാങ്ക പോറേ നീ. നെയ്‌ത് താ അന്ത പോലീസ്കാരൻ സൊന്നെല്ലേ? അപ്പോ എതുക്ക്!"

"എത്ര ദിവസംന്ന് തെരിയാമേ ഞാൻ എന്ന ചെയ്യറുത്? വീട്ടില് കാശ് അയക്കണ്ടേ? വാടക കൊടുക്കണ്ടേ?"

"അതെല്ലാം സരി താ. ആനാ കൊഞ്ചം കൂടെ വെയിറ്റ് പണ്ണുങ്കോ മാപ്പിളെ. എല്ലാം സരിയായിടും."

റഷീദിന്റെ ഉൾക്കണ്ണിൽ മറ്റൊന്നും കാണാൻ സാധിക്കാത്ത വിധം അവർ നാലുപേർ മാത്രം നിറഞ്ഞു നിന്നു, നാട്ടിലുള്ള ഭാര്യയും കുട്ടികളും വയസ്സായ ഉമ്മിച്ചിയും. പട്ടിണി കിടന്നു മരിക്കണോ അതോ അസുഖം ബാധിച്ചു മരിക്കണോ എന്ന് തീരുമാനമെടുക്കേണ്ടത് അയാളാണ്, അയാൾ മാത്രം. ഇല്ല, ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെയെല്ലാം ഞാൻ തന്നെ പോറ്റും. ഞാനുള്ളിടത്തോളം അവരാരും പട്ടിണി കിടക്കൂലാ എന്നയാൾ തീരുമാനിച്ചു. കാലുകളിൽ ആരോ കയറ് കെട്ടി വലിച്ചു പുറത്തേക്ക് കൊണ്ട് പോകുന്നത് പോലെയുള്ള അയാളുടെ പോക്ക് കണ്ട് അഴകപ്പൻ ഒരു നിമിഷം പകച്ചു നോക്കി.

രണ്ടു രണ്ടര വർഷമായി നാടും വിട്ട് അന്യനാട്ടിൽ ഈ ചെറിയ പച്ചക്കറി കടയും തുറന്ന് വച്ച് ജീവിക്കുന്നു. ചന്ദാപുരയിലെ മലയാളികൾക്കിടയിൽ നാട്ടിലെ നല്ല ഫ്രഷ് പച്ചക്കറിയും മറ്റു സാധനങ്ങളും കിട്ടണമെങ്കിൽ റഷീദിക്കാന്റെ കടയിലേക്ക് പോയാ മതിയെന്നൊരു സംസാരമുണ്ടേ. കൊറോണക്കാലം വന്നതിൽ പിന്നെ എല്ലാം വെള്ളത്തിൽ വരച്ച വര പോലായി. കട തുറന്നിട്ടിപ്പോ ആഴ്ചകളായി. ഇടക്ക് വല്ലപ്പോഴും തുറന്നാൽ തന്നെ കച്ചവടവുമില്ല. പച്ചക്കറിയും പഴയ പോലെ വരുന്നില്ല. ചരക്കു വണ്ടികൾ കുറവാണ്. വലിയ സൂപ്പർ മാർക്കറ്റുകാരും ഓൺലൈൻ കച്ചവടക്കാരും എടുത്തിട്ട് ബാക്കി വന്നാലായി. അയാൾക്ക് സ്ഥിരമായി ചരക്ക് കൊണ്ടുവന്നിരുന്ന വണ്ടിക്കാരൻ വല്ലപ്പോഴുമാണ് എത്തുന്നത്. അതിർത്തികളിലെ കർശന നിയമങ്ങളും രോഗഭയവും എല്ലാം ഒരു കാരണം തന്നെ.

പക്ഷേ, തനിക്കങ്ങനെ പേടിച്ചിരിക്കാൻ പറ്റില്ലല്ലോ. ജീവിക്കണ്ടേ... ഇന്നലെ കട തുറന്നു വച്ച് ഒരു മണിക്കൂറിനുള്ളിൽ വടിപ്രയോഗവുമായി പോലീസെത്തി.

"ഷോപ് ക്ലോസ് മാടി. ഗൊത്തിൽവാ നിമഗേ?" എന്നയാൾ അലറിയതും റഷീദ് കൈ കൂപ്പി കടയുടെ മുന്നിലെത്തി അപേക്ഷിച്ചു നോക്കി.

ഒരു വിധത്തിലും ഏമാന്മാർ അനുവദിക്കുന്ന ലക്ഷണമില്ല. അടി കിട്ടുമെന്ന് തോന്നിയ അവസരത്തിലാണ് മനസ്സില്ലാ മനസ്സോടെ അയാൾ കടയടച്ചത്. അന്നേരം കടയിലുണ്ടായിരുന്ന സുനിൽ ചാടി പുറത്തിറങ്ങി. സുനിൽ ക്യാബ് ഡ്രൈവറാണ്. ഇടയ്ക്കിടെ കടയിൽ വരും. സാധനങ്ങൾ വാങ്ങിക്കാൻ മാത്രമല്ല നാട്ടുവിശേഷങ്ങൾ പറയാനും കൂടെ. റഷീദ് സുനിലിന്റെ കണ്ണുകളിൽ ഒരു നിമിഷം നിസ്സഹായതയോടെ നോക്കിയതും ഒരു ഞെട്ടലോടെ അയാൾ കണ്ണുകൾ പിൻവലിച്ചു. സുനിലിന്റെ കണ്ണുകളിലും താൻ കാണുന്നത് തന്നെ തന്നെയാണ്! അതയാളെ ഒന്ന് കൂടെ മരവിപ്പിച്ചു.

കടയടച്ചിറങ്ങുമ്പോൾ കൂടെ സുനിലുമുണ്ടായിരുന്നു. രണ്ടു പ്രേതാത്മാക്കളെ പോലെ അവരങ്ങനെ ഇടവഴിയിലൂടെ ഇഴഞ്ഞു നീങ്ങി.

"റഷീദേ, നിനക്ക് അടക്കാൻ ഒരു കടയെങ്കിലുമുണ്ടല്ലോ. എന്റെ ദിവസക്കൂലി മുട്ടിയിട്ട് മാസങ്ങളായി. ഈ ടാക്സി വാങ്ങാൻ ഭാര്യേടെ കെട്ടുതാലി പണയം വച്ച്, ലോണും എടുത്തേക്കാണ്. ഞാനെങ്ങനെ അത് തിരിച്ചടക്കും. എന്റെ കഞ്ഞി കുടി മുട്ടിയെടാ...ഒന്നുകില് എത്രേം പെട്ടെന്ന് ഈ പണ്ടാരം അസുഖം വന്ന് ചാവണം, ഇല്ലെങ്കില് ലോകം പഴേ പടിയാവണം. ഇതില് രണ്ടിനും ഇടേല് ഇങ്ങനെ ജീവിക്കാനെക്കൊണ്ടാവൂല റഷീദേ..."

റഷീദിന് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ഓക്കാനം വന്നു. കഴിഞ്ഞ ആഴ്ച അടുത്തുള്ള ഏതോ ഫ്‌ളാറ്റിലെ രണ്ടു സ്ത്രീകൾ കടയിൽ വന്നതോർത്തു. അവർക്ക് വീട്ടിൽ ജോലിക്കാരിയില്ലാത്തത് കൊണ്ട് വീട്ടുപണികൾ എല്ലാം ചെയ്യേണ്ടി വരുന്നതും അപാർട്മെന്റ് കോമ്പൗണ്ടിൽ തെരുവ് നായ്ക്കൾ കയറി ശല്യമുണ്ടാക്കുന്നതും പാലും പച്ചക്കറികളും ഡോറിന് മുന്നിൽ എത്തിക്കാത്തതും കുട്ടികൾ വീട്ടിനുള്ളിൽ അടങ്ങി ഇരിക്കാത്തതും തുടങ്ങി പല പല പ്രശ്നങ്ങളായിരുന്നു ഉന്നയിക്കാനുണ്ടായിരുന്നത്. അന്നത് കേട്ടപ്പോൾ ഇവരെത്ര ഭാഗ്യം ചെയ്തവർ എന്ന് തോന്നിയിരുന്നു അയാൾക്ക്. ഇന്നൊരു പക്ഷേ, സുനിലിന് തന്നോട് തോന്നുന്നതും അതേ വികാരമായിരിക്കാം.'ഭാഗ്യവാൻ!'

ഇന്ന് വീണ്ടും രണ്ടും കല്പിച്ചു കട തുറന്നു വച്ചു അയാൾ. അടിക്കണമെങ്കിൽ അടിക്കട്ടെ. ജീവിക്കാതെ വേറെ വഴിയില്ലല്ലോ. കാസർഗോഡ്ന്ന് അയാളുടെ ഭാര്യ എന്നും വിളിക്കും. ഉമ്മിച്ചിക്ക് വൈറസ്സിന്റെ അസുഖമാണ്. അതോണ്ട് അവർക്ക് വീട്ടിനു വെളിയിലേക്കിറങ്ങാൻ പോലുമാവൂലാ. സമൂഹ അടുക്കള ഉള്ളത് കൊണ്ട് കുറച്ചു ദിവസായിട്ട് രണ്ടു നേരം ഭക്ഷണം കിട്ടുന്നുണ്ട്. ഉമ്മിച്ചിക്ക് പ്രായമുണ്ട്. എല്ലാരും പറേണത് വയസ്സന്മാർക്ക് ഇത് വന്നാ പ്രശ്നാണെന്നാ. പക്ഷേ, എന്തോ ഉമ്മിച്ചിക്കിതുവരെ മറ്റാരോഗ്യ പ്രശ്നങ്ങളൊന്നൂല്യ, മനോബലമാണെങ്കിൽ അങ്ങേയറ്റം. അവരിത് മറികടക്കുമെന്ന് തന്നെയാണ് റഷീദിന്റെ ഉറച്ച വിശ്വാസം. അല്ലാഹ് അത്ര ക്രൂരനല്ല, നാലു നേരം നിസ്കരിക്കണ തന്റെ ഉമ്മിച്ചിയെ കഷ്ടപ്പെടുത്താൻ എന്നവൻ ഉറച്ചു വിശ്വസിച്ചു. ഇതൊക്കെ അള്ളാഹുവിന്റെ പരീക്ഷണങ്ങളാണ്!

ആലോചിച്ചു കാടു കയറിയിരിക്കുമ്പോളാണ് ജയ് വിളികളുമായി സ്ഥലത്തെ പ്രധാനി എത്തിയത്. അടുത്തുള്ള വീടുകളിൽ സൗജന്യമായി പാലും അരിയും മറ്റും എത്തിക്കുകയാണ് ഉദ്ദേശം. ഓരോ കിറ്റ് കൊടുക്കുമ്പോഴും അയാൾ തൊട്ടടുത്ത ക്യാമറയിൽ നോക്കി അഭിമാനപൂർവം ചിരിക്കുവാനും മറന്നില്ല. ഇതിനിടയിൽ തൊട്ടടുത്ത ചേരിയിൽ നിന്നുള്ള കുറച്ചു പേർ കടന്നു കയറിയതും അവരെ അയാളുടെ കൂട്ടാളികൾ തള്ളി മാറ്റിയതും അവിടെ ആകെ സംഘർഷ ഭരിതമാക്കി. മാസ്‌ക്കുകൾ ഉപയോഗിക്കണമെന്നുള്ളതും സാമൂഹിക അകലം പാലിക്കണമെന്നുള്ളതൊക്കെ ഇവിടെ കാറ്റിൽ പറന്നു. എന്താണെന്നറിയാൻ കടയുടെ വെളിയിലിറങ്ങി ഒരുത്തനോട് കാര്യം തിരക്കി.

ഓഹോ! അപ്പൊ അതാണ് കഥ. അയാൾ അയാൾക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം സാധനങ്ങൾ പങ്കിട്ടു കൊടുക്കുന്നു. ചേരിയിലെ പാവങ്ങൾ ഇന്നും പട്ടിണി. എവിടെയും കാശുള്ളവൻ തിന്നും, പാവപ്പെട്ടവനെന്നും പട്ടിണി. അത് കോറോണയായാലും കോളറയായാലും.

ദിവസക്കൂലിക്കാർ എങ്ങനെ ജീവിക്കുന്നെന്ന് ഏതെങ്കിലും മന്ത്രിയോ രാജാവോ ഇവിടെ വന്നന്വേഷിക്കുന്നുണ്ടോ? നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയാൽ മാത്രം പോരാ അത് നടപ്പാക്കുന്നുണ്ടോ എന്ന് കൂടെ അന്വേഷിക്കേണ്ടത് നിങ്ങടെ കടമയല്ലേ? എന്നൊക്കെ ഉറക്കെ വിളിച്ചു കൂവണമെന്ന് തോന്നി അയാൾക്ക്. എന്നാൽ, രാജ്യദ്രോഹി എന്ന് മുദ്ര കുത്തി തന്നെ കല്ലെറിയുന്ന രംഗം ആലോചിച്ചപ്പോൾ അയാൾ അത് വേണ്ടെന്നു വച്ചു. താനൊക്കെ ന്യൂനപക്ഷമായത് കൊണ്ട് ഒരു പക്ഷേ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും. അതിനാൽ മൗനമാണ് വിഡ്ഢികൾക്കും ഭൂഷണം.

വാടക ചോദിച്ചു ഇന്നലെയും ആ ഷെട്ടി വിളിച്ചിരുന്നു. അയാളൊരു ഹൃദയമുള്ളവനായത് കൊണ്ട് ഒരു മാസത്തെ വാടക വേണ്ടെന്ന് പറഞ്ഞുവെങ്കിലും എല്ലാ മാസവും അത് നടക്കില്ലല്ലോ. അയാൾക്കും കുടുംബമില്ലേ. ഇവിടന്നൊന്ന് നാട്ടിലേക്ക് പോകാമെന്നു വെച്ചാൽ അതിർത്തികളെല്ലാം മണ്ണിട്ട് മൂടിയില്ലേ...

അങ്ങനെ ഓരോന്നാലോചിച്ചു കടത്തിണ്ണയിൽ പോലീസിന്റെ അടിയും കാത്തിരിക്കുമ്പോഴാണ് നാട്ടിൽ നിന്ന് വിളി വന്നത്.

"ഇക്കാ, ഇവര് ആസ്പത്രിക്ക് പൂവാൻ കടത്തി വിടണില്ലിക്കാ. ഉമ്മിച്ചിക്ക് തീരെ വയ്യ. മംഗലാപുരത്തിക്ക് കൊണ്ടോണംന്നാ ഡോക്ടറ് പറഞ്ഞെ. പക്ഷേങ്കില് ഇവരങ്ങോട്ടു വിടണില്ലിക്കാ. ഒന്ന് പറ ഇവരോട് ഇങ്ങള് പറ..." ഭാര്യയാണ്. റഷീദ് ഐസ് പോലെ തണുക്കാൻ തുടങ്ങി.

വിറങ്ങലിച്ച കൈകൾക്കുള്ളിലെ ഫോണിലൂടെ അയാൾ കെഞ്ചി, "ഒന്ന് കടത്തി വിടൂ...പ്ലീസ്. വയസ്സായവരാണ്. ദയവ് ചെയ്ത് അവരെ വിടൂ. ഒരു തവണത്തേക്ക്..." അയാളുടെ കണ്ണുകളിൽ നിന്നൊഴുകിയ ഉപ്പു വെള്ളത്തിൽ വാക്കുകൾ മുങ്ങിത്താണു. അയാളുടെ വാക്കുകൾ ആരും കേട്ടില്ല. അവ പല പല ബഹളങ്ങളിൽ വായുവിലൂടെ കാറ്റത്ത് പറന്നു മറ്റെങ്ങോ പോയി. അര മണിക്കൂറിനുള്ളിൽ കൂടെ ഉമ്മിച്ചിയും...

ഓരോ മനുഷ്യരെ പോലെ ഓരോ സംസ്ഥാനങ്ങളും ജില്ലകളും എന്തിന് കോളനികൾ പോലും സ്വാർത്ഥതയുടെ മണ്ണിട്ട് മൂടിയിരിക്കുന്നു. ഈ വൃത്തികെട്ട വൈറസ് ലോകത്തെ മുഴുവനും മണിച്ചിത്രത്താഴിട്ടു പൂട്ടിയിരിക്കുന്നു. ഇതിനുള്ളിൽ എത്ര പേർ പേടിച്ചും പട്ടിണി കിടന്നും അസുഖം ബാധിച്ചും മരിക്കുന്നെന്ന കണക്കുകളും നമ്മൾ മണ്ണിട്ട് മൂടും. ആശുപത്രികൾക്ക് പകരം അമ്പലങ്ങളും പള്ളികളും പണി തീർക്കും. എന്നിട്ട് നമ്മൾ മതങ്ങളെയും ദൈവങ്ങളേയും രാഷ്ട്രീയ നേതാക്കളെയും പൂവിട്ട് പൂജിക്കും. വീണ്ടും അടുത്ത മഹാമാരിക്ക് വേണ്ടി ലോക രാഷ്ട്രങ്ങൾ കാത്തിരിക്കും, ഒന്നിനു പിറകെ ഒന്നായി നമ്മളെയെല്ലാം മണ്ണിട്ട് മൂടും. പക്ഷേ, അതുവരെ ജീവിക്കണമല്ലോ എന്നോർത്ത് അയാൾ വീണ്ടും കണ്ണീരു പൊഴിച്ചു.

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ