കാണാലോകത്തെ കാണാക്കാഴ്ചകൾ

"അല്ലാ... ഇതാരാ! നീയെങ്ങനെ ഇവിടെ എത്തി?" പെൻസിൽ റബ്ബറിനോട് ചോദിച്ചു.

"ആ...എത്തി. പക്ഷെ, നീ... നീ പെൻസിൽ ബോക്സിൽ അടങ്ങി ഒതുങ്ങി ഇരുന്നവനല്ലേ..? ഇവിടെ..!?"

"എന്ത് പറയാനാ... അമ്മിണിക്കുട്ടി ക്ലാസ്സിൽ വച്ച് എഴുതി കഴിഞ്ഞു എന്നെ മേശപ്പുറത്തു ഇട്ടേച്ചും പോയി. കുറെ കഴിഞ്ഞു നോക്കുമ്പോളുണ്ട് ന്നെ കാണാനില്ല! അന്ന് മുതല് ഇവിട്ണ്ട്. നീയോ??"

"ഏതാണ്ടിതു പോലെ തന്നെ. അമ്മിണിക്കുട്ടിക്ക് ദേഷ്യം വന്നപ്പളേ കയ്യിലിരുന്ന ന്നെ വലിച്ചൊരേറ്... പിന്നെ കണ്ടിട്ടില്ല. ഇങ്ങു പോന്നു. മ്മള് രണ്ടാളും മാത്രേ ഉള്ളോ ഇവ്ടെ?" പെൻസിലിന് ചിരി വന്നു.

അവൻ മറ്റൊരിടത്തേക്ക് മുന ചൂണ്ടിക്കൊണ്ടു പറഞ്ഞു, "ഹ ഹ ഹ...! നല്ല കാര്യായി. ദേ...അങ്ങോട്ട് നോക്കിക്കേ... അമ്മിണിക്കുട്ടീടെ കുട്ടിയുടുപ്പ്, സ്വർണക്കമ്മലിന്റെ ചങ്കീരി, വെള്ളിക്കൊലുസ്, മുത്തുമാലേടെ 4 മുത്തുകൾ എന്ന് വേണ്ട അവൾടെ കാണാതായ കുട്ടിയാന വരെണ്ട്!"

"കുട്ടിയാനയോ!!??"

"ആ...കളിപ്പാട്ടം. ഒരു സൂക്ഷ്മം ഇല്ലാത്ത കുട്ടി. ന്നാലും നിക്കിഷ്ടാട്ടോ"

"അപ്പൊ കാണാണ്ടാവണതൊക്കെ ഇവിട് ണ്ടാവോ?" റബ്ബറിന് അത്ഭുതമായി.

"പിന്നേ... ഇതാണ് കാണാതായവരുടെ ലോകം!"

"അപ്പൊ മ്മളിനി അമ്മിണിക്കുട്ടീടെ അടുത്ത് പോവില്ലേ?"

"ചിലര് പോവും, ചിലര് പോവില്യ...കുറെ നാൾ കഴിഞ്ഞു അമ്മിണിക്കുട്ടി വലുതാവുമ്പോ ചിലപ്പോ മ്മളെ കണ്ടുപിടിച്ചാൽ! അന്നൊരു പക്ഷേ അമ്മിണിക്കുട്ടി മ്മളെ മറന്നിട്ട്ണ്ടാവും! അമ്മിണിക്കുട്ടി എന്നും കുട്ടിയായിരിക്കില്ലല്ലോ..." പെൻസിൽ ഒരു ദീർഘനിശ്വാസത്തിൽ പറഞ്ഞു നിർത്തി.

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ